Tuesday 3 June 2014

Abril Despedaçado - Behind The Sun

Abril Despedaçado - Behind The Sun (Film : Brazil  2001)
Director : Walter Salles
Based on Broken April by Ismail Kadare
Starring : Rodrigo Santoro, Jose Dumond
Genre : Drama
Language : Portuguese
Running Time : 105 Minute



     2001ല്‍ വാള്‍ട്ടര്‍ സെല്ലെസ് സംവിധാനം ചെയ്ത പോര്‍ച്ചുഗീസ്‌ ഭാഷയിലുള്ള ബ്രസീല്‍ സിനിമയാണ് Behind The Sun. Broken April എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്ക്കാരം.വാള്‍ട്ടര്‍ സെല്ലസിന്‍റെ Motor Cycle Diaries എന്ന സിനിമയെ കുറിച്ച് മുന്‍പ് ഞാന്‍ പോസ്റ്റ്‌ ചെയ്തിരുന്നു.



   1910 കാലഘട്ടത്തിലെ ബ്രസീലിന്‍റെ വടക്ക്‌ പ്രദേശത്തെ ഒരു കാര്‍ഷിക ഗ്രാമമാണ് കഥ പശ്ചാത്തലം. 22 വയസ്സുള്ള ടോന്‍ഹൊ എന്ന യുവാവാണ് പ്രധാന കഥാപാത്രം. പഞ്ചസാരക്ക് വേണ്ടിയുള്ള കരിമ്പിന്‍ കൃഷി നടത്തുന്ന ടോന്‍ഹൊയുടെ കുടുംബവും ആ പ്രദേശത്തെ മറ്റൊരു കുടുംബവും കൃഷി ഭൂമിക്ക് വേണ്ടി പ്രതികാര ബുദ്ധിയോടെ വര്‍ഷങ്ങളായി നടത്തുന്ന പ്രതികാരത്തിന്‍റെ കഥയാണ് ഈ സിനിമ. കണ്ണിനു കണ്ണ്, ചോരക്കു ചോര എന്നതാണ് അവരുടെ രീതി. ഇതിന്‍റെ ഏറ്റവും അവസാന ഇരയായിരുന്നു ടോന്‍ഹൊയുടെ മൂത്ത സഹോദരന്‍. സഹോദരന്‍റെ ശവ സംസ്കാര ചടങ്ങുകളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്.



     കൊല്ലപ്പെട്ടയാളുടെ വസ്ത്രത്തിലെ ചോരയുടെ നിറം മഞ്ഞയാകുന്നത് വരെ അടുത്ത പ്രതികാരത്തിനായി കാത്തിരിക്കും അവര്‍. മനം മടുപ്പിക്കുന്ന ഈ പ്രതികാര രീതി അവസാനിക്കണമെന്ന ആഗ്രഹക്കാരനായിരുന്നു ടോന്‍ഹൊ. എന്നാല്‍ അച്ഛന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ടോന്‍ഹൊയും ചേട്ടന്‍റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്നു.തുടര്‍ന്ന് രണ്ടാഴ്ചക്കുള്ളില്‍ അവര്‍  പ്രത്യാക്രമണം നടത്തുമെന്നും അത്  തന്‍റെ ജീവന് വേണ്ടിയുള്ളതായിരിക്കും എന്ന് മനസ്സിലാക്കുന്ന ടോന്‍ഹൊയുടെ മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ് സിനിമ പറഞ്ഞു പോകുന്നത്. അച്ഛനും അമ്മയും ഇളയ സഹോദരനും അടങ്ങുന്നതാണ് ടോന്‍ഹൊയുടെ കുടുംബം. അതിനിടയില്‍ ടോന്‍ഹൊയുടെയും സഹോദരന്‍റെയും ജീവിതത്തിലേക്ക് കടന്നു വരുന്ന തെരുവ് സര്‍ക്കസ്‌ സംഘം അവരുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്നു.ടോന്‍ഹൊയും സഹോദരനും തമ്മിലുള്ള സ്നേഹബന്ധം പ്രേക്ഷകരുടെ മനസ്സില്‍ ഒരു ഗൃഹാതുരത്വം ഉണര്‍ത്തുന്നുണ്ട്. ഇളയ സഹോദരന്‍റെ വിവരണത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. 



      തികച്ചും ലളിതമായ ഒരു കഥ, വളരെ ചുരുക്കം കഥാപാത്രങ്ങളിലൂടെ മനോഹരമായ ഒരു ചലച്ചിത്ര കാവ്യമാക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ആ തികവ് സിനിമയുടെ എല്ലാ ഘടകങ്ങളിലും പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്. ചിത്രം അവശേഷിപ്പിക്കുന്ന നൊമ്പരം കുറച്ചു കാലത്തിനെങ്കിലും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കും.

Worth Watching...

Trailer :