Kes (Film - UK 1969)
Directed by Ken Loach
Based on "A Kestrel for a Knave" by Barry Hines
Starring : David Bradley, Freddie Fletcher, Colin Welland
Genre : Drama
Language : English
Running Time : 110 Min.
A Kestrel for a Knave എന്ന നോവലിനെ ആസ്പദമാക്കി 1969ല്‍ Ken Loach സംവിധാനം ചെയ്ത സിനിമയാണ് KES. നൂറ്റാണ്ടിലെ ഏറ്റവും മികച്ച 10 ബ്രിട്ടീഷ് സിനിമകളില്‍ ഒന്നായി ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്ത ചിത്രം. കുട്ടികള്‍ക്കായുള്ള മികച്ചൊരു ചിത്രമാണിത്. ഇംഗ്ലണ്ടിലെ യോര്‍ക്ക്‌വേര്‍ എന്ന പ്രദേശത്താണ് ഈ ചിത്രം നടക്കുന്നത്. പ്രാദേശിക ഭാഷ ഇംഗ്ലീഷ് തന്നെയാണെങ്കിലും ഉച്ചാരണ രീതിയില്‍ വെത്യാസമുണ്ട്. ആ ഭാഷയാണ് ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള സിനിമാനുഭവം ആദ്യമായാണ്.
1960 കാലഘട്ടത്തിലെ ബില്ലി കാസ്പര്‍ എന്ന പതിനാലുകാരന്‍റെ വിദ്യാലയ ജീവിതത്തിലെ അവസാനത്തെ ഏതാനും ആഴ്ചകളിലെ സംഭവ വികാസങ്ങളാണ് KES എന്ന ഈ ചലച്ചിത്രം പറയുന്നത്. വടക്കന്‍ ഇംഗ്ലണ്ടിലെ ഒറ്റപ്പെട്ട ഒരു യാഥാസ്ഥിതിക സാമൂഹിക വ്യവസ്ഥിതിയില്‍ ആണ് കാസ്പറും അമ്മയും ചേട്ടനും കൂടി താമസിക്കുന്നത്. അച്ചന്‍റെ അഭാവത്തില്‍ ചേട്ടനായിരുന്നു കുടുംബത്തിന്‍റെ ചിലവുകള്‍ മുഴുവനും നടത്തിയിരുന്നത്. അലസനും ദേഷ്യക്കാരനുമായ ചേട്ടന്‍റെ എല്ലാ ദേഷ്യവും കാസ്പറുടെ അടുത്താണ് തീര്‍ത്തിരുന്നത്. അമ്മയുമായി നിരന്തരം വഴക്കും. ഇത്തരം ചുറ്റുപാടില്‍ കാസ്പര്‍ തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. സ്കൂളിലും സ്ഥിതി മറിച്ചായിരുന്നില്ല. ആവശ്യത്തിനും അനാവശ്യത്തിനും പല അച്ചടക്ക രീതികളും പറഞ്ഞു ടീച്ചര്‍മാരുടെ അനിഷ്ട്ത്തിനു കാസ്പര്‍ പലപ്പോഴും പാത്രമാകുകയായിരുന്നു പതിവ്. അങ്ങനെയിരിക്കെ കാസ്പറിനു ഒരു ചെറിയ പരുന്തിനെ കിട്ടുന്നു. കെസ് എന്ന് അവനതിനു പേരിട്ടു. സ്വന്തമായി കാസ്പര്‍ പരുന്തിനു പറക്കാനും മറ്റും ട്രെയിനിംഗ് കൊടുക്കുന്നു. വിരസ നാളുകള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ അവന്‍റെ ജീവിതത്തില്‍ അങ്ങനെ കൈ വരുന്നു. ഇതാണ് ഈ ചിത്രത്തിന്‍റെ പ്രധാന പ്രമേയം. പക്ഷെ ഈ സിനിമയില്‍ ഒരു പ്രേക്ഷകനെ ഏറ്റവും കൂടുതല്‍ ആഘര്‍ഷിക്കുക തൊണ്ണൂറുകള്‍ വരെ ബാല്യം ആസ്വദിക്കാന്‍ കിട്ടിയവരുടെ പഴയ കാലത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് ആയിരിക്കും.
മനസ്സില്‍ ആ ബാല്യം വളരെ മനോഹരമായി ഓര്‍മ്മപ്പെടുത്തി തരുന്നു ഈ ചിത്രം. നാട്ടിട വഴികളിലൂടെ നടന്നു പോകുമ്പോള്‍ ഒരു കമ്പേടുത്ത് ചെടികളുടെ ഞെട്ടുകള്‍ വെട്ടി മാറ്റി നടക്കുന്നത് മുതല്‍ ബാല്യത്തില്‍ നമ്മള്‍ പറയുന്ന നിഷ്ക്കളങ്കമായ നുണകള്‍ വരെ ഓരോ ബാല്യ കാല കുസൃതികളും സൂക്ഷ്മതയോടെ അവതരിപ്പിച്ചിരിക്കുന്നു സംവിധായകന്‍. സിനിമയുടെ ലാളിത്യവും അത് നല്‍കുന്ന സന്ദേശവും ആണ് ഈ സിനിമയുടെ മനോഹാരിത. കായികാധ്യാപകന്‍ നടത്തുന്ന ഫുട്ബോള്‍ മത്സരം ഈ സിനിമയുടെ ഏറ്റവും രസകരമായ രംഗങ്ങളില്‍ ഒന്നാണ്. കാസ്പര്‍ ആയി അഭിനയിച്ച David Bradley എന്ന കുട്ടിയുടെ അഭിനയം ഈ ചിത്രത്തിന്‍റെ മുതല്‍കൂട്ടാണ്.
അത്തരത്തില്‍ നമ്മുടെയെല്ലാം ബാല്യത്തിലേക്കും വിദ്യാലയ ജീവിതത്തിലേക്കും മനസ്സിനെ കൊണ്ട് ചെന്നെത്തിക്കുന്നതില്‍ KES എന്ന സിനിമയും Ken Loach എന്ന സംവിധായകനും വിജയിച്ചു എന്ന് തന്നെ പറയാം. സ്കൂളുകളിലും മറ്റും നടത്തുന്ന കുട്ടികള്‍ക്കായുള്ള ചലച്ചിത്ര പ്രദര്‍ശനങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ചിത്രമാണിത്.
AWARDS:
Won 2 BAFTA Awards :
Most Promising Newcomer to Leading Film Roles : David Bradley
Best supporting Actor : Colin Welland
Another 3 awards & 4 nominations.
KES, when childhood is stolen..
Trailer :