Friday, 29 November 2013

I've Loved You So Long

Il y a longtemps que je t'aime (Film 2008-France)


Writer & Director: Philippe Claudel
Genre: Drama
Language: France

Running Time: 117 minute. 



        2008ല്‍ ഫ്രഞ്ച് സംവിധായകനായ ഫിലിപ്‌ ക്ലോടെല്‍ എഴുതി സംവിധാനം ചെയ്ത ഫ്രഞ്ച് ചലച്ചിത്രമാണ് I’ve Loved So Long. ജൂലിയറ്റ്‌, ലിയ എന്നീ രണ്ടു സഹോദരിമാരുടെ കഥയാണ് ഈ സിനിമ.



A human story intelligently revealing itself


    സ്വന്തം മകനെ കൊലപ്പെടുത്തിയ കുറ്റത്തിന് 15 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം ജൂലിയറ്റ്‌ തന്‍റെ ശിക്ഷയുടെ പ്രൊബേഷന്‍ കാലയളവില്‍ ലോറൈന്‍ എന്ന സ്ഥലത്ത് താമസിക്കുന്ന തന്‍റെ സഹോദരി ലിയയുടെയും കുടുംബത്തിന്‍റെയും അടുത്തേക്ക് പോകുന്നു. ലിയയുടെ ക്ഷണ പ്രകാരമാണ് ഇത്.  ഭര്‍ത്താവും ദത്തെടുത്ത രണ്ടു പെണ്മക്കളും സംസാര ശേഷി നഷ്ട്ടപ്പെട്ട ഭര്‍ത്താവിന്റെ അച്ഛനും ആണ് ആ വീട്ടില്‍ ഉള്ളത്. ലിയ അവിടെയുള്ള ഒരു യൂണിവേര്‍സിറ്റിയിലെ സാഹിത്യ അധ്യാപികയാണ്. എല്ലാവരും ഒറ്റപ്പെടുത്തിയ ജയില്‍ വാസ കാലയളവ് ജൂലിയറ്റിനെ അന്തര്‍മുഖിയും തികഞ്ഞ ഏകാകിയും ആക്കി മാറ്റിയിരുന്നു. സ്വന്തം മകനെ കൊലപ്പെടുത്തി എന്നത് കൊണ്ട് തന്നെ മാതാപിതാക്കളും ജൂലിയറ്റിനെ ഉപേക്ഷിക്കുകയും ലിയയെ ജൂലിയറ്റില്‍ നിന്നും അകത്തി നിറുത്തുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ ലിയയുടെ ഭര്‍ത്താവായും കുട്ടികളായും ഇടപഴുകാന്‍ ജൂലിയറ്റിനു കഴിയുന്നില്ല. പ്രൊബേഷന്‍ സമയത്തെ എല്ലാ ആഴ്ചയിലും ജൂലിയറ്റിനു പോലിസ്‌ സ്റ്റേഷനില്‍ ചെന്ന് ഒപ്പ്‌ രേഖപ്പെടുത്തെണ്ടതുണ്ട്. ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ ഒരു ജോലിയും അത്യാവശ്യമായിരുന്നു.അതിനിടയില്‍ അച്ചന്‍ മരിച്ചു പോയ വിവരവും അമ്മ ഓര്‍മ്മ ശക്തി നഷ്ട്ടപ്പെട്ട് ആരെയും തിരിച്ചറിയാനാകാത്ത വിധം ഒരു ഹോസ്പിറ്റലില്‍ ഉണ്ടെന്നും ലിയ പറഞ്ഞു അറിയുന്നു. ദിവസങ്ങള്‍ കഴിയുന്തോറും വീട്ടുകാരുമായും അവരുടെ സുഹൃത്തുക്കളുമായും ജൂലിയറ്റ്‌ കൂടുതല്‍ അടുക്കുന്നു. അതിനിടയില്‍ ആണ് ലിയ ജൂലിയറ്റിന്‍റെ കൊലപാതകത്തിന്‍റെ കാരണം അറിയുന്നത്. പ്രേക്ഷകര്‍ ആകാംക്ഷപൂര്‍വ്വം കാത്തിരുന്ന ഒരു ക്ലൈമാക്സ്‌ ആയിരുന്നു അത്. 



   ജൂലിയറ്റിന്‍റെ കുറ്റകൃത്യത്തിന്‍റെ കാരണങ്ങളിലെക്കാണ് ഈ ചിത്രം പ്രേക്ഷകരെ സസ്പെന്‍സിന്‍റെ മുള്‍ മുനയില്‍ നിറുത്തി കൊണ്ട് പോകുന്നത്. ജയില്‍ വാസം 15 വര്‍ഷമായിരുന്നു എന്നും, അതൊരു കൊലപാതകം ആയിരുന്നു എന്നും, 6 വയസ്സുള്ള സ്വന്തം മകനെയാണ് കൊന്നത് എന്നും ഓരോര ഘട്ടങ്ങളില്‍ പ്രേക്ഷകരെ മനസ്സിലാക്കി കൊടുക്കുന്നു. അതിന്റെ കാരണം  വെളിപ്പെടുത്തുന്നതോടെ സിനിമ അവസാനിക്കുന്നു.




   ഈ സിനിമയുടെ പ്രധാന ആകര്‍ഷണം ജൂലിയറ്റ്‌ എന്ന കഥാ പാത്രത്തെ അവതരിപ്പിച്ച ക്രിസ്റ്റിന്‍ സ്കോട്ട് തോമസ്‌ എന്ന നടിയുടെ ഉജ്ജ്വല പ്രകടനം തന്നെയാണ്. മനസ്സിനെ ആഴത്തില്‍ സ്പര്‍ക്കുന്നതില്‍ ഈ സിനിമയെ ഈ നടിയുടെ പ്രകടനം നല്ലൊരു പങ്കാണ്‌ വഹിച്ചിരിക്കുന്നത്. ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഒരു പാട് അവാര്‍ഡുകള്‍ ഈ നടിക്ക് ലഭിക്കുകയുണ്ടായി. ലോക സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായി മാറി ജൂലിയറ്റ്‌. പശ്ചാത്തല സംഗീതവും ചായഗ്രഹണവും എടുത്തു പറയേണ്ട ഒന്നാണ്.


A powerful film with wonderful performances, a masterful screenplay, and near perfect direction by Claudel.

Trailer


Wednesday, 27 November 2013

Life Is Beautiful

La vita è bella (Film 1997-Italy)

Writer & Director: Roberto Benigni
Genre: Comedy / Drama / Romance
Language: Italian / German / English
Running Time: 116 minute



   മുമ്പ് പല ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ ഒരൊറ്റ ചിത്രം ലോക സിനിമ ചരിത്രത്തില്‍ രോബെര്‍ടോ ബെഞ്ചിനിക്ക് നേടിക്കൊടുത്ത പ്രശസ്തി ചെറുതൊന്നുമല്ല. അദ്ദേഹം ഇറ്റലിയില്‍ അറിയപ്പെടുന്ന എഴുത്തുകാരനും നല്ലൊരു കൊമേഡിയനും കൂടിയായിരുന്നു. റോബര്‍ട്ടോയുടെ അച്ചന്‍റെ അനുഭവങ്ങളില്‍ നിന്നാണ് അദ്ദേഹം ഈ കഥ രൂപപ്പെടുത്തിയെടുത്തത്.





A heartbreaking tale told with love

    1939ല്‍ ജൂവിഷ്‌ ഇറ്റലിയനായ ഗൈഡോ ഒരെഫിസ്‌ ഇറ്റലിയിലെ ആരെസോയില്‍ എത്തുന്നത് ഒരു ബുക്ക്‌ ഷോപ്പ് തുടങ്ങുന്നതിനു വേണ്ടിയാണ്. അതെ സമയം തന്നെ ഗൈഡോയുടെ അമ്മാവന്‍ ജോലി ചെയ്യുന്ന ഒരു ഹോട്ടലില്‍ ഒരു വെയ്റ്റരുടെ ജോലിയും ചെയ്യുന്നുണ്ട്. പട്ടണത്തില്‍ വെച്ച് ഇറ്റലിയിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായ ഡോറ എന്ന സ്കൂള്‍ ടീച്ചറുമായി അടുപ്പത്തിലാകുന്നു. ഗൈഡോയുടെ നിഷ്ക്കളങ്കതയും നര്‍മ്മ ബോധവും ആണ് മറ്റൊരാളുമായി കല്യാണം നിശ്ചയിച്ചിരുന്ന ഡോറയെ ഗൈഡോയുമായി അടുപ്പിക്കുന്നത്. വിവാഹിതരാകുന്ന ഗൈഡോക്കും ഡോറക്കും ഒരു മകന്‍ പിറക്കുന്നു ജോഷ്വ. ജോഷ്വക്ക് അഞ്ചു വയസ്സാകുമ്പോഴേക്കും രണ്ടാം ലോക മഹായുദ്ധം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരുന്നു. ജുവിഷ്ക്കാരനായതിനാല്‍ ഗൈഡോയെയും ജോഷ്വായെയും അമ്മാവനെയും ജര്‍മന്‍ പട്ടാളക്കാര്‍ ലേബര്‍ ക്യാമ്പിലേക്ക് കൊണ്ട് പോകുന്നു. അവരെ വിട്ടു പിരിയാനാകാത്ത ഡോറയും നിര്‍ബന്ധപൂര്‍വ്വം അവരുടെ കൂടെ പോകുന്നു. എന്നാല്‍ സ്ത്രീകളുടെ ക്യാമ്പിലാണ് ഡോറയെ താമസിപ്പിക്കുന്നത്. അവിടെ അവര്‍ക്ക് പരസ്പരം കണ്ടു മുട്ടാന്‍ കഴിയുന്നില്ല.പട്ടാളക്കാരുടെ ഈ ഭീകരതയില്‍ നിന്നും ജോഷ്വോയുടെ ശ്രദ്ധ തിരിക്കാനായി ഗൈഡോ, ഇവിടെ ഒരു മത്സരമാണ് നടക്കുന്നതെന്നും അതിന്‍റെ ഭാഗമായാണ് അവര്‍ അവിടെ താമസിക്കുന്നതെന്നും പറഞ്ഞു മനസ്സിലാക്കുന്നു. അവിടെ നടക്കുന്ന ഓരോ സംഭവങ്ങള്‍ക്കും ഓരോരോ പോയിന്റ്‌ ഉണ്ടെന്നും അത് നേടി വിജയിക്കുന്നവര്‍ക്ക് പട്ടാള ടാങ്ക് സമ്മാനമായി കിട്ടും എന്നും പറയുന്നു. ഡോറയെ കണ്ടെത്തി എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള തന്ത്രങ്ങളും ആലോചിക്കുന്നു ഗൈഡോ. ഇതാണ് ഈ സിനിമയുടെ കഥാ പശ്ചാത്തലം.


     അതി ഭാവുകത്വം നിറഞ്ഞ കോമെഡിയിലൂടെ ആണ് ഈ സിനിമ സഞ്ചരിക്കുന്നത്. പ്രേക്ഷകരെ മനസ്സ് നിറഞ്ഞു രസിപ്പിക്കുന്ന ബെഞ്ചിനിയുടെ അഭിനയ പാടവം അനിര്‍വചനീയമാണ്. ചിത്രത്തില്‍ ഡോറയായി അഭിനയിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ്. ആദ്യാവസാനം നര്‍മ്മത്തില്‍ നമ്മളെ ആനന്ദിപ്പിക്കുമ്പോളും മനസ്സില്‍ ഒരു തേങ്ങല്‍ ബാക്കി നിറുത്തിയാണ് ഈ സിനിമ അവസാനിക്കുന്നത്. അത് തന്നെയാണ് ഈ സിനിമയുടെ വിജയവും. 



       1999 ലെ മികച്ച വിദേശ ഭാഷാചിത്രം, മികച്ച നടന്‍ എന്നീ ഓസ്കാര്‍ അവാര്‍ഡ് ഉള്‍പടെ റോബര്‍ട്ടോ ബെഞ്ചിനിക്ക് നിരവധി പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത ചിത്രം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട സിനിമ എന്ന ഗണത്തിലേക്ക് ഈ സിനിമ പെട്ടതു ഈ സിനിമയുടെ ലാളിത്യം ഒന്ന് കൊണ്ട് തന്നെയാണ്.

A must see film - highly recommended.


Trailer



Tuesday, 26 November 2013

3 - Iron


Bin-Jip 


(Film 2004-South Korea / Japan)
Writer & Director: Kim Ki-duk
Genre: Drama / Romance
Language: Korean
Running Time: 88 minute.


കിം കി ഡുക് 



    അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലെ അനിഷേധ്യ സാന്നിധ്യം. നിരവധി ബഹുമതികള്‍ ലഭിച്ച കൊറിയന്‍ സംവിധായക പ്രതിഭ. പച്ചയായ ജീവിത യാഥാര്‍ത്യ ബോധത്തോടെയുള്ള സിനിമകളാണ് കിം കി ഡുക്കിന്‍റെതു. 2004ല്‍ അദ്ദേഹം സംവിധാനം ചെയ്ത സിനിമയാണ് 3-Iron. 


The beauty of silence..





       ഇതൊരു കൊറിയൻ ചിത്രമാണ്. തായ്‌ സുക് എന്ന യുവാവിന്റെയും ഭർത്താവിന്റെ ക്രൂരതകൾക്ക് ഇരയാകേണ്ടി വന്ന സൻഹവ എന്ന യുവതിയുടെയും പ്രണയമാണ് കഥയുടെ ഇതിവൃത്തം. വത്യസ്തമായ കഥാ പശ്ച്ചാത്തലവും വളരെ കുറച്ചു മാത്രം ഉള്ള സംഭാഷണവും ആണ് ഈ സിനിമയുടെ പ്രത്യേകത . 



    യാതൊരു ജീവിത ലക്ഷ്യങ്ങളുമില്ലാതെ അലഞ്ഞു നടക്കുന്ന നായകന്‍റെ പ്രധാന വിനോദം ആൾതാമസമില്ലാത്ത വീടുകൾ കുത്തിത്തുറന്ന് ഉടമസ്ഥൻ വരുന്നത് വരെ ആ വീട്ടിൽ തങ്ങുക എന്നത് മാത്രമാണ്. ഒന്നും മോഷ്ടിക്കാറില്ല. അവിടെയുള്ള ഭക്ഷണമെല്ലാം കഴിച്ചു സുഖമായി താമസിക്കുക. എന്നാൽ ഇതിനുള്ള പ്രതിഫലമായി ആ വീട് വൃത്തിയാക്കുകയും വസ്ത്രങ്ങൾ അലക്കുകയും കേടായ വീട്ടുപകരണങ്ങൾ നന്നാക്കുകയും എല്ലാം ചെയ്തു കൊടുക്കുന്നു. ഇതിനിടയിൽ ഒരു വീട്ടില് വെച്ച്, ഭർത്താവിന്റെ ക്രൂര മർദ്ദനങ്ങൾക്കു ഇരയാകേണ്ടി വന്ന ഒരു യുവതിയുമായി അടുക്കുന്നു. തിരിച്ചു വന്ന ഭര്ത്താവിനെ ആക്രമിച്ച ശേഷം അവർ രണ്ടു പേരും ഒളിച്ചോടുന്നു. പിന്നീട് രണ്ടു പേരും കൂടി പല പല വീടുകളിൽ താമസിക്കുന്നതിനിടയിൽ ഒരിക്കൽ പോലിസ് പിടിയിലാകുന്നു. തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് 3-Iron എന്ന പേരിലുള്ള ഈ കൊറിയൻ ചിത്രം. വളരെ കുറച്ചു മാത്രം സംഭാഷണങ്ങളെ ഉള്ളൂ ഈ ചിത്രത്തിൽ. നായകനും നായികയും പരസ്പരം പേര് പോലും ചോദിക്കുന്നില്ല. എന്നാൽ വളരെ മനോഹരമായി തന്നെ ഈ ചിത്രം ആസ്വദിക്കാനാകും. അഭിനേതാക്കളുടെയെല്ലാം അഭിനയത്തികവ് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.ഒപ്പം ഛായഗ്രഹണവും പശ്ചാത്തല സംഗീതവും.

    

     തീര്‍ച്ചയായും കണ്ടിരിക്കേണ്ട മികച്ച ഏഷ്യൻ ചിത്രങ്ങളുടെ ഗണത്തിൽ പെടുത്താം ഈ സിനിമയെ. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള ഒരുപാട് അവാര്‍ഡുകള്‍ ഈ സിനിമ നേടിയിട്ടുണ്ട്. നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ഈ സിനിമ. ഈ വരുന്ന ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത് തുടങ്ങുന്ന പതിനെട്ടാമത് അന്താരാഷ്‌ട്ര ചലചിത്ര മേളയില്‍ ഇദ്ദേഹം പങ്കെടുക്കുന്നുണ്ട്.

One of the best romantic movies where silence doses all the talking!


Trailer


Monday, 25 November 2013

Dersu Uzala

Dersu Uzala (1975-Soviet Union – Japan)
Direction: Akira Kurosawa
Genre: Adventure, Biography & Drama
Running Time: 141 minute.
Language: Russian


അകിര കുറൊസാവ



    ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ വിശേഷണം ആവശ്യമില്ലാത്ത ഒരു സംവിധായക പ്രതിഭ. ജാപ്പനീസ് സംവിധായകനായ ഇദ്ദേഹം മുപ്പതോളം ചിത്രങ്ങളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇവയെല്ലാം ലോക സിനിമ ചരിത്രത്തില്‍ ഇടം നേടിയവയും ഒരുപാട് ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായവയുമാണ്. അതുകൊണ്ടൊക്കെ തന്നെയാണ് അദ്ദേഹം ലോക സിനിമ ചരിത്രത്തിലെ സ്വാധീന ശക്തിയായി മാറിയതും “നൂറ്റാണ്ടിന്‍റെ ഏഷ്യക്കാരന്‍” എന്ന ബഹുമതിക്ക് അര്‍ഹാനായതും.

Haunting Work Of Art




    1975ല്‍ റഷ്യ-ജപ്പാന്‍ സംയുക്ത സംരഭമായാണ് “ദര്‍സു ഉസാല” എന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജപ്പാന്‍ ഇതര ഭാഷകളിലെ കുറോസാവയുടെ ആദ്യത്തെ ചിത്രമാണ്. 70mm ഫിലിമില്‍ അദ്ദേഹം ചെയ്ത ഏക ചിത്രവും. ഇതൊരു സംഭവ കഥയാണ്. 




    ദേശ പര്യവേഷകനായ മിലിട്ടറി ക്യാപ്ടന്‍ ആര്‍സിനിയോവ്‌ കാട്ടിനുള്ളിലെ ഒരു കുഴിമാടം അന്വേഷിച്ചു നടക്കുന്നിടത്ത് നിന്നാണ് സിനിമ ആരംഭിക്കുന്നത്. അവിടെ നിന്നും ഫ്ലാഷ് ബാക്കില്‍ ആണ് സിനിമ സഞ്ചരിക്കുന്നത്. 1902ല്‍ ഉസൂറി പ്രദേശത്തെ വനാന്തരങ്ങളില്‍ സര്‍വേയുമായി ബന്ധപ്പെട്ടു സഞ്ചരിക്കുന്ന പട്ടാള സംഘത്തിലെ നായകനാണ് ആര്‍സിനിയോവ്‌. കൊടും തണുപ്പിലെ ഒരു രാത്രിയിലെ വിശ്രമ സമയത്ത് വേട്ടക്കാരനായ ദര്‍സു ഉസാല ഇവരെ കണ്ടു മുട്ടുന്നു. പിന്നീട് ഇവരുടെ വഴികാട്ടിയായി ദര്‍സു ഇവരോടൊപ്പം സഞ്ചരിക്കുന്നു. കാടിനെയും പ്രകൃതിയെയും അടുത്തറിയുന്ന ദര്‍സുവിന്‍റെ പ്രവൃത്തികള്‍ ഈ സംഘത്തെ ആശ്ച്ചര്യപ്പെടുത്തുകയും ദര്‍സു, ആര്‍സിനിയോവുമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്യുന്നു. പല അപകട ഘട്ടങ്ങളിലും ദര്‍സുവിന്‍റെ സമയോചിതമായ ഇടപെടലുകള്‍ ഈ സംഘത്തെ രക്ഷപ്പെടുത്തുന്നു. ഇവരെ ഒരു റയില്‍വേ ട്രാക്കിന്‍റെ അടുത്ത് എത്തിച്ച ശേഷം ദര്‍സു യാത്ര പറഞ്ഞു പോകുന്നു.




   1907ല്‍ ആര്‍സിനിയോവ്‌ മറ്റൊരു സംഘവുമായി സര്‍വേയുമായി ബന്ധപ്പെട്ടു സഞ്ചരിക്കുന്നു. യാദൃശ്ചികമായി വീണ്ടും ദര്‍സുവിനെ കണ്ടുമുട്ടുന്നു. പ്രായം അപ്പോളേക്കും ദര്‍സുവിന്‍റെ വേട്ടയാടാനുള്ള കഴിവിനെ തളര്‍ത്തിയിരുന്നു. ഈ യാത്രയുടെ അവസാനം ദര്‍സുവിനെ സ്വന്തം വീട്ടിലേക്കു കൊണ്ട് പോകുകയും എന്നാല്‍ നാഗരികതയുടെ ശീലങ്ങലുമായി ഒത്തുചേരാനാകാതെ ദര്‍സു അവിടെ നിന്നും മടങ്ങുന്നു.

   1975ലെ മികച്ച അന്യഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ അടക്കം ഒരുപാട് അവാര്‍ഡുകള്‍ വാരിക്കൂട്ടി ഈ സിനിമ. മാക്സിം മുന്‍സുക് (ദര്‍സു ഉസാല), യുറി സോലോമിന്‍ (ആര്‍സിനിയോവ്‌) എന്നിവരാണ് പ്രധാന നടന്മാര്‍. ഇതിന്‍റെ തിരക്കഥ കുറോസവയുടെത് തന്നെയാണ്. 

   പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധത്തിന്‍റെ സുന്ദരമായ ഒരു ചലച്ചിത്രവിഷ്ക്കാരമാണ് ഈ ചിത്രം. പ്രകൃതിയെയും സിനിമയെയും പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് ഈ ചിത്രം ഉപകാരപ്പെടും.

Watching Dersu Uzala is almost contemplating perfection.


Trailer

A SEPARATION


Jodaeiye Nader az Simin (A SEPARATION)

Film -Iran 2010)

Producer, Writer and Director : Azghar Farhadi

Language : Persian

Running Time : 123 minute.


TRAILER : 




A Dramatic Master piece!

    ഇറാനിയന്‍ ചിത്രങ്ങള്‍ എന്‍റെ സിനിമാസ്വാദനത്തിന് എന്നും ഒരു മുതല്‍ കൂട്ടായിരുന്നു. മജീദി മജീദിയുടെ “Children Of Heaven” ഉം “Father”ഉം എല്ലാം മുന്നോട്ടു വെച്ച പ്രമേയങ്ങള്‍ മറ്റൊരു ഭാഷ ചിത്രങ്ങള്‍ക്കും അവകാശപ്പെടാനാകില്ല. പല കാരണങ്ങളാലും സങ്കീർണ്ണമായ ഒരു രാജ്യത്തില്‍, ഇത്രയും ഭാവനാ സമ്പന്നമായ ഒരു മേഖല ഒരു കോട്ടവും സംഭവിക്കാതെ തല ഉയർത്തി നില്ക്കുന്നു. അതിന്‍റെ ഒരു ഉദാഹരണം കൂടിയാണ് 2010ല്‍ ഇറങ്ങിയ അസ്ഘര്‍ ഫർഹൗദി എന്ന വിശ്വപ്രസിദ്ധ സംവിധായകന്റെ “A Seperation” എന്ന സിനിമ.




    ഈ സിനിമ മനുഷ്യ ബന്ധങ്ങളുടെ വിവിധ തലങ്ങളെ വളരെ ഭംഗിയായി നമുക്ക് മുന്നിലെക്കെത്തിച്ചിരിക്കുന്നു. ഭര്‍ത്താവും ഭാര്യയും, അച്ചനും മകനും, അമ്മയും മകളും, തുടങ്ങീ ബന്ധങ്ങളെ കുറിച്ച്, പാരമ്പര്യ ഇറാനിയന്‍ ജീവിത രീതികളെ കുറിച്ച്, അവിടുത്തെ നിയമ വ്യവസ്ഥിതിയെ കുറിച്ച് എല്ലാം വിവാഹ മോചനത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്ന നാദിര്‍-സിമിന്‍ ദമ്പതികളുടെ ജീവിത പശ്ചാത്തലതിലൂടെ ഈ സിനിമ സംവദിക്കുന്നു.അതിലെല്ലാം ഉപരി ജീവിത മൂല്യങ്ങളെ കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്നു.






  ടെഹ്‌റാനിൽ ജീവിക്കുന്ന നാദിറും സമിനും പതിനാലു വർഷങ്ങളായി വിവാഹിതരായിട്ട്. അവർക്ക് തെർമ എന്ന പതിനൊന്നു വയസ്സുള്ള പെൺകുട്ടിയുമുണ്ട്. അൾഷിമേഴ്‌സ് ബാധിച്ച നാദിറിന്‍റെ പിതാവും അവർക്കൊപ്പമാണ് താമസം. സിമിന് തന്‍റെ ഭർത്താവ് നാദെറും മകൾ തെർമെയുമായി ഇറാൻ വിടാൻ ആഗ്രഹമുണ്ട്. എന്നാൽ രോഗബാധിതനായ സ്വന്തം പിതാവിനെ ഉപേക്ഷിക്കാൻ നാദെർ തയ്യാറാകുന്നില്ല. സിമിൻ അയാളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു. എന്നാൽ കോടതി അനുവദിക്കുന്നില്ല. വിവാഹമോചനവും വീട്ടിലുണ്ടാകുന്ന വഴക്കുകളും കുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നു. പകൽ നേരങ്ങളിൽ പിതാവിനെ നോക്കാൻ റസിയ എന്ന സ്ത്രീയെ നാദിർ വാടകക്കെടുക്കുന്നു. അവർ ഗർഭിണിയും അഞ്ചുവയസ്സുള്ള പെൺകുട്ടിയുടെ മാതാവുമാണ്. ഒരിക്കൽ റസിയ വീട്ടിലാരുമില്ലാത്തപ്പോൾ നാദിറിന്‍റെ പിതാവിനെ കട്ടിലിൽ കെട്ടിയിട്ട ശേഷം പുറത്തു പോകുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയിൽ.




   സംവിധാന മികവിനൊപ്പം എടുത്തു പറയേണ്ടുന്ന ഒന്നാണ് ഇതിലെ അഭിനേതാക്കളുടെ പ്രകടനവും പശ്ചാത്തല സംഗീതവും. ലൈല ഹതാമി (സിമിൻ), പെമാൻ മുആദി (നാദെർ), സാറ ബയാത് (നാദിറ) എന്നിവരാണ് മുഖ്യ അഭിനേതാക്കൾ. തെർമേ എന്ന പതിനൊന്നുകാരിയെ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ മകൾ സരിന ഫർഹാദി ആണ് അവതരിപ്പിച്ചിട്ടുള്ളത്.




  

   'ആര്‍റ്റിസ്ട്ടും 'ഹ്യൂഗോ'യും അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഹോളിവുഡിലെ കൊഡാക് തിയേറ്ററില്‍ ചരിത്രം കുറിച്ചത് ഇറാനിയന്‍ ചിത്രം എ സെപറേഷനാണ്. മജീദ് മജീദിയുടെ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ കഴിഞ്ഞ് 12 വര്‍ഷത്തിനു ശേഷം ഓസ്‌കര്‍ നോമിനേഷന്‍ നേടിയെത്തിയ 'എ സെപറേഷന്‍' അവാര്‍ഡ്‌ നേടുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. ഒടുവില്‍ മികച്ച വിദേശ ഭാഷാ ചിത്രമായി 'എ സെപറേഷന്‍' തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത് ഓസ്‌കറില്‍ പുതിയൊരു ചരിത്രമായി. ഇതാദ്യമായാണ് ഒരു ഇറാനിയന്‍ ചിത്രം ഓസ്കാര്‍ നേടുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുന്ന ആദ്യ ഇറാനിയന്‍ സിനിമ, ബർലിൻ ഇണ്ടര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബെയര്‍ മികച്ച നടനും നടിക്കുമുള്ള സില്വിര്‍ ബെയര്‍ പുരസ്‌ക്കാരങ്ങള്‍, ബാഫ്ത പുരസ്‌കാരത്തിന് ആദ്യമായി നിര്‍ദേശിക്കപ്പെട്ട ഇറാനിയന്‍ ചിത്രം എന്നിങ്ങനെ നിരവധി ബഹുമതികളാണ് ഇതിനോടകം എ സെപറേഷന്‍ നേടിയത്.


   മനുഷ്യ ബന്ധങ്ങളുടെ കഥ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്ന ഈ സിനിമ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ്.


DEFINITELY WORTH WATCHING.