PAPILIO BUDDHA (Film 2013 India)
Director : Jayan K Cheriyan
Producers : Praksh Bare, Thampy Antony
Genre : Drama
Language : Malayalam
Running Time : 108 Minute
കേരളത്തില്‍ അവഗണന അനുഭവിക്കേണ്ടി വരുന്ന ദളിതരുടെയും സ്ത്രീകളുടെയും പരിസ്ഥിയുടെയും ചെറുത്തു നില്‍പ്പിന്‍റെ കഥയാണ് ജയന്‍ കെ ചെറിയാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത "പാപിലിയോ ബുദ്ധ". ജീവിക്കാനുള്ള സ്വാതന്ത്രത്തിനു വേണ്ടി, സവര്‍ണ്ണ മേധാവികളോടും ഭരണ കൂടത്തിനോടും ദളിതര്‍ നടത്തുന്ന പ്രക്ഷോഭത്തിന്‍റെ മറ്റൊരു മുഖമാണ് ഈ സിനിമ. ദളിത് സമൂഹം നേരിടുന്ന പ്രശ്നങ്ങളുടെ ശക്തമായ ഒരു ചലച്ചിത്രാവിഷ്കാരം.
പശ്ചിമ ഘട്ടത്തിലെ മേപ്പാറ എന്ന വനാതിര്‍ത്തിയില്‍, കുടിയൊഴിപ്പിക്കപ്പെട്ട ഒരു വിഭാഗം ജീവിക്കാനുള്ള ഭൂമിക്ക് വേണ്ടി സമരം നടത്തുന്നതാണ് സിനിമയുടെ കഥാ പശ്ചാത്തലം. കണ്ടല്‍ കറിയന്‍ എന്ന നേതാവാണ് സമരത്തിനു നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തിന്‍റെ മകനാണ് Jawaharlaal Nehru University യില്‍ നിന്നും ബിരുദദാരിയായ ശങ്കരന്‍. ഇ എം എസ്സിനോടുള്ള ആരാധന മൂലമാണ് കരിയന്‍ മകന് ശങ്കരന്‍ എന്ന പേരിട്ടത്. എന്നാല്‍ ശങ്കരന്‍ തന്‍റെ ചുറ്റുപാടുകളെ കുറിച്ച് ബോധവാനാകാതെ, ജാക്ക് എന്ന സ്വവര്‍ഗാനുരാഗിയായ അമേരിക്കന്‍ സ്വദേശിയുടെ സഹായിയായി നടക്കുന്നു. ജാക്കിന് വേണ്ടി പശ്ചിമ ഘട്ടത്തിലെ പ്രത്യേക തരം പൂമ്പാറ്റകളെ പിടിച്ചു കൊടുക്കുന്നത് ശങ്കരനാണ്. പ്രത്യേകിച്ച് പാപിലിയോ ബുദ്ധ എന്ന അപൂര്‍വ്വയിനം പൂമ്പാറ്റകളെ.
തുല്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ കമ്യൂണിസവും പരാജയപ്പെട്ടതില്‍ നിരാശനായി കഴിയുന്ന ഒരു കമ്യൂണിസ്റ്റുകാരന്‍ കൂടിയാണ് ശങ്കരന്‍റെ അച്ചന്‍. ഈ സമരമുഖത്തെ ശക്തമായ സ്ത്രീ സാനിധ്യമാണ് മഞ്ജുശ്രീ എന്ന ദളിത് യുവതി. ആണ്‍ കോയ്മയുടെ സമൂഹത്തില്‍ അവര്‍ക്കിടയില്‍ നിന്ന് പൊരുതി സ്വന്തമായി ഓട്ടോറിക്ഷ ഓടിച്ചു ഊരിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് മഞ്ജുശ്രീ.
ഒരിക്കല്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ശങ്കരന് മേല്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു പോലിസ് ക്രൂരമായി മര്‍ദ്ദിക്കുന്നു. ജയില്‍ മോചിതനായ ശങ്കരന്‍ തന്‍റെ വിഭാഗം അനുഭവിക്കുന്ന യാതനകളുടെ വ്യാപ്തിയും അതിലൂടെ പരിസ്ഥിതിയുടെ മേല്‍ ഭരണ കൂടം കടന്നാക്രമിക്കുന്നതും മനസ്സിലാക്കി പോരാട്ടത്തിനിറങ്ങുന്നു.
അയ്യങ്കാളിപ്പടയും ദളിത് മനുഷ്യാവകാശ പ്രവര്‍ത്തനവും ദളിത് സ്ത്രീ പീഠനങ്ങളും പറഞ്ഞു പോകുന്നുണ്ട് ഈ സിനിമ. ഒപ്പം ദളിതരുടെ പേരില്‍ നടത്തുന്ന ബുദ്ധി ജീവി-രാഷ്ട്രീയ-ഭരണകൂട കുതന്ത്രങ്ങളും. മഹാത്മ ഗാന്ധിയെ തരം താഴ്ത്തി കാണിച്ചു എന്ന പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് ഈ സിനിമ. ഒരു പ്രധാന സാമൂഹിക വിഷയം മുന്നോട്ടു വെക്കുമ്പോഴും വൈകാരികത കൂടുതലായി കടന്നു കൂടിയോ എന്ന് സംശയിക്കേണ്ടി വരുന്നുമുണ്ട് ചില ഭാഗങ്ങളില്‍. 17-മത് കേരള ചലച്ചിത്ര മേളയില്‍ അവസാന നിമിഷം പ്രദര്‍ശനാനുമതി നിഷേധിച്ചത് ഒരുപാട് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.
മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയും മെമ്മറീസ് എന്ന സിനിമയിലൂടെയും ശ്രദ്ധേയനായ ശ്രീകുമാര്‍ ആണ് ഇതിലെ ശങ്കരന്‍ എന്ന കഥ പാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രം അവഗണിക്കുന്നതിലൂടെ കാണാതെ പോകുന്നത് ഈ അഭിനേതാവിന്‍റെ അര്‍പ്പണ മനോഭാവം കൂടിയാണ്. കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ കല്ലേന്‍ പോക്കൂടന്‍ ആണ് ശങ്കരന്‍റെ അച്ഛനായ നേതാവിന്റെ അവതരിപ്പിച്ചിരിക്കുന്നത്. മഞ്ജുശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സരിത സുനില്‍ എന്ന നടിയുടെ അഭിനയവും എടുത്തു പറയേണ്ടത് തന്നെയാണ്. കൂടാതെ പദ്മപ്രിയയും നിര്‍മ്മാതാക്കള്‍ കൂടിയായ അശോക് ബാരിയും തമ്പി ആന്‍റണിയും ഇതില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച ദ്രിശ്യ ഭംഗി ഒപ്പിയെടുത്ത എം.ജെ.രാധാകൃഷ്ണനും അഭിനന്ദനം അര്‍ഹിക്കുന്നു.
2012ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സംവിധായകന് പ്രത്യേക ജ്യൂറി അവാര്‍ഡും മികച്ച നടി എന്ന നിലയില്‍ സരിത സുനിലിന് പ്രത്യേക ജ്യൂറി പരാമര്‍ശവും (അതിലും ഒരുപാട് ഏറെ അര്‍ഹിക്കുന്നുണ്ടെങ്കിലും) ലഭിക്കുകയുണ്ടായി. കൂടാതെ വിവിധ അന്താരാഷ്‌ട്ര ചലച്ചിത്രമേളകളില്‍ സാങ്കേതിക മികവിനടക്കം ഒരുപാട് ബഹുമതികള്‍ വാരിക്കൂട്ടി ഈ സിനിമ.
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് തുല്യ നീതി പരാജയപ്പെടുന്നതിനെ ചോദ്യം ചെയ്യുന്ന ഈ സിനിമ നമുക്ക് അഭിമാനത്തോടെ മുന്നോട്ടു വെക്കാം. സമൂഹത്തിനു നേരെ നമ്മള്‍ കണ്ണാടി തിരിക്കുമ്പോള്‍ കാണാതെ പോകുന്ന സത്യത്തിന്‍റെ വികൃതമായ മുഖത്തെ കാട്ടി തരുന്നു പാപ്പിലിയോ ബുദ്ധ.
Trailer
good review
ReplyDelete