Wednesday, 30 April 2014

THE ROCKET



The Rocket (Film - 2013 Australia)
Director : Kim  Mordaunt
Genre : Drama
Language : Lao
Running Time : 96 minute





       കിം മോഡന്‍റ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് 2013ൽ ഇറങ്ങിയ ആസ്ട്രേലിയൻ ചിത്രമാണ് "ദി റോക്കെറ്റ്‌". ലോകത്തെവിടെയും, ഭരണകൂടത്തിന്‍റെ അവഗണനയുടെ പ്രധാന ഇര സാധാരണ ജനങ്ങൾ മാത്രമാണ്. അത്തരത്തിൽ ഒരു പുതിയ ഡാം നിർമ്മിക്കുന്നതിന്‍റെ ഭാഗമായി കുടിയിറക്കപ്പെട്ട വനവാസികളുടെ രാഷ്ട്രീയമാണ് അഹലോ എന്ന ബാലനിലൂടെ ഈ ചിത്രം മുന്നോട്ടു വെക്കുന്നത്.



    ലാവോസ് എന്ന മനോഹര വനാന്തരത്തിൽ താമസിക്കുന്ന ഒരു ഗോത്രത്തെക്കുറിച്ചാണ് ഈ സിനിമ. അവരുടെ വിശ്വാസ രീതിയനുസരിച്ച് ഇരട്ടക്കുട്ടികളുണ്ടായാൽ ആദ്യത്തെ കുട്ടിയെ കൊല്ലണം. അല്ലെങ്കിൽ ആ കുട്ടി ആ കുടുംബത്തിനും ഗോത്രത്തിനും ശാപമാണ്. അവിടെ മാലി പ്രസവിക്കുന്ന ഇരട്ടക്കുട്ടികളിൽ ആദ്യത്തെ കുട്ടിയാണ് അഹലോ. എന്നാൽ പ്രസവത്തിൽ രണ്ടാമത്തെ കുട്ടി മരിച്ചതിനാൽ അഹലോയുടെ അമ്മ അവനെ കൊല്ലാൻ സമ്മതിക്കുന്നില്ല. അഹലോയുടെ അച്ചൻ പോലുമറിയാതെ രണ്ടാമത്തെ കുട്ടിയെ അമ്മയും മുത്തശ്ശിയും കൂടി കുഴിച്ചു മൂടുന്നു. വളരെ ചുറുചുറുക്കോടെ വളരുന്ന അഹലോയെ മുത്തശ്ശി എന്നും പേടിയോടെയാണ് കണ്ടിരുന്നത്‌.



    അവരുടെ വാസസ്ഥലത്തിനു അടുത്തായി പുതിയൊരു ഡാം വരുന്നതിനാൽ അവിടെയുള്ള എല്ലാവരെയും മറ്റൊരു സ്ഥലത്തേക്ക് സർക്കാർ മാറ്റി താമസിപ്പിക്കുന്നു. ആ പാലായനത്തിനിടെ ഒരു അപകടത്തിൽ പെട്ട് അഹലോയുടെ അമ്മ മരണപ്പെടുന്നു. അഹലോയുടെ ജന്മമാണ് അതിനു കാരണമെന്ന് മുത്തശ്ശി അച്ഛനോട് വെളിപ്പെടുത്തുന്നു.



   കൂടുതൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്തു സർക്കാർ നല്‍കിയ പുനരധിവാസ കേന്ദ്രം നരക തുല്യമായിരുന്നു. അവിടെ വെച്ച് അനാഥയായ കിയ എന്നൊരു കൂട്ടുകാരിയെ അഹലോക്ക് കിട്ടുന്നു. അവൾക്കൊരു അമ്മാവൻ മാത്രമേ ഉള്ളൂ. അവിടെ അഹലോ ചില പ്രശ്നങ്ങളിൽ ചെന്ന് ചാടുകയും, അഹലോക്കും അച്ഛനും മുത്തശ്ശിക്കും അവിടെ നിന്നും ഓടിപ്പോകേണ്ടതായും വരുന്നു. കിയയും അമ്മാവനും അവരോടൊപ്പം കൂടുന്നു. യാത്രക്കിടയിൽ റോക്കറ്റ് ഫെസ്റ്റിവൽ നടക്കുന്ന ഒരു ഗ്രാമത്തിൽ അവർ എത്തിപ്പെടുന്നു. മഴയ്ക്ക് വേണ്ടി, റോക്കറ്റ് നിർമ്മിച്ച്‌ വിക്ഷേപിക്കുന്ന ഒരു മത്സരമാണ് ഈ ഫെസ്റിവൽ. വലിയൊരു തുകയും വിജയികൾക്ക് ലഭിക്കും. അഹലോ അതിന്റെ ഭാഗമാകാൻ തയ്യാറെടുക്കുന്നു. അവന്‍റെ ജീവിതാവസ്ഥയും അനുഭവങ്ങളും പ്രകൃതിയുടെ ദാനങ്ങളും ഇഴ ചേർത്ത് അവൻ റോക്കെറ്റ്‌ നിർമ്മിക്കാൻ ആരംഭിക്കുന്നു. "ഭാഗ്യം കെട്ടവൻ" എന്ന പേരുദോഷം അവനു മാറ്റിയെടുക്കേണ്ടതുണ്ട്.



    ഈ സിനിമ കാണാതെ പോകരുത്, അത്ര മേൽ ലളിതമായ ദ്രിശ്യ ഭാഷയും, മനോഹരമായ ദ്രിശ്യ ഭംഗിയും ഈ സിനിമ സമ്മാനിക്കുന്നുണ്ട്. അഹലോയുടെയും കിയയുടെയും അനായാസകരമായ അഭിനയത്തികവ് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ മുതൽക്കൂട്ട്. അന്ധ വിശ്വാസം ഈ സിനിമയുടെ ഒരു വിഷയം ആണെങ്കിലും അതിനെ നിരാകരിക്കാനോ ന്യായീകരിക്കാനോ അല്ല സംവിധായകൻ ശ്രമിക്കുന്നത്. മറിച്ച് ഓരോ മനുഷ്യനും നേരിടുന്ന പൊതുവായ രാഷ്ട്രീയം തന്നെയാണ്. കുടിയൊഴിപ്പിക്കപ്പെടുന്നവന്‍റെയും, ഭരണകൂട അവഗണനകൾ മറി കടന്നു കുതിച്ചുയരാൻ ശ്രമിക്കുന്നവന്‍റെയും രാഷ്ട്രീയം.



    സംവിധായകന്റെ തന്നെ BOMB HARVEST എന്ന ഡോക്യുമെണ്ടറിയുടെ ചലച്ചിത്ര ഭാഷ്യമാണ് ഈ സിനിമ. 17-മത് കേരള ചലച്ചിത്രോത്സവത്തിൽ ഏറ്റവും അധികം ആളുകളെ ആഘർഷിച്ച ഒരു ചിത്രമായിരുന്നു ദി റോക്കറ്റ്. ആസ്ട്രേലിയൻ ചലച്ചിത്ര മേഖലക്ക് അഭിമാനപൂർവം ലോകത്തോട്‌ വിളിച്ചു പറയാവുന്ന ഒരു ചിത്രമാണിത്. പ്രദർശിപ്പിച്ച മേളകളിലെല്ലാം പ്രേക്ഷകരുടെ ഇഷ്ട്ട ചിത്രങ്ങളിലോന്നായിരുന്നു ദി റോക്കറ്റ്. ഒപ്പം ഒരുപാട് പുരസ്ക്കാരങ്ങളും ഈ ചിത്രം സ്വന്തമാക്കി.



The Rocket - Sleeping Tigers.

Trailer :

3 comments:

  1. but I don't like this film..so unnatural and propaganda nature

    ReplyDelete
  2. നന്നായി സിനിമ പറഞ്ഞ് തന്നു..............

    ReplyDelete
  3. ഇത് കഴിഞ്ഞ IFFK യുടെ ഏറ്റവും ദീപ്തമായ ഓര്‍മയാണ്. വളരെ നല്ല സിനിമ. പിന്നെ പയ്യന്‍റെ പേര് ahlo എന്നത് ആലോ എന്നാണ് ഉച്ചാരണം എന്നാണ് എന്റെ ഓര്‍മ്മ. :)

    ReplyDelete