Monday 5 May 2014

RAN 乱



Ran (Film - Japan / France 1985)
Writer & Director : Akira Kurosawa
Genre : Action / Drama / War
Language : Japanese
Running Time : 162 minute.





     ലോകം കണ്ട ഏറ്റവും മഹാനായ സംവിധായകൻ അകിര കുറൊസാവ 1985ൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത ജാപ്പനീസ് സിനിമയാണ് റാൻ. വില്ല്യം ഷെക്സ്പ്പിയറുടെ King Lear എന്ന രചനയെ ആസ്പദമാക്കിയാണ് കുറൊസാവ ഈ മനോഹര ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമർഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു




   ഇതൊരു ഇതിഹാസ കഥയാണ്. ഈ ഗണത്തിലെ കുറോസാവയുടെ അവസാന ചിത്രം കൂടിയാണ് റാൻ. ടോക്കിയോ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലാണ് ഈ ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്‌. മനോഹരമായ ദ്രിശ്യ ഭംഗിയും സാങ്കേതിക മികവും പശ്ചാത്തല സംഗീതവും എല്ലാം, കുറോസാവയുടെ സംവിധായക മികവിനൊപ്പം ഈ ചിത്രത്തെ ഒരവിസ്മരണീയ അനുഭവമാക്കി. അദ്ദേഹത്തിന്‍റെ Dersu Uzala എന്ന ചിത്രത്തെ കുറിച്ചുള്ള വിവരണം മുമ്പ്‌ പോസ്റ്റ്‌ ചെയ്തിരുന്നു.


A Masterpiece of War and Greed


     അധികാരത്തോടുള്ള ആർത്തിയും ദുരാഗ്രഹങ്ങളും പ്രതികാരവും എല്ലാമാണ് ഈ സിനിമയുടെ പ്രധാന പ്രമേയം. ഇച്ചിമൊഞ്ചി എന്ന ഗോത്രത്തിന്‍റെ ദൈവ തുല്യനായ തലവനാണ് ഹിടെതോര. അദ്ദേഹത്തിനു ടാരോ, ജിരോ, സബൗരൊ എന്നീ മൂന്നു ആണ്‍ മക്കളാണ് ഉള്ളത്. പ്രായാധിക്യം മൂലം ഹിടെതോര അധികാരം തന്‍റെ മക്കൾക്ക്‌ കൈമാറാൻ തീരുമാനിക്കുന്നു. ശേഷിക്കുന്ന കാലം എല്ലാ ബഹുമതികളോടും കൂടി പുത്രന്മാരോടും കുടുംബത്തിനോടുമൊപ്പം മാറിമാറി താമസിച്ചു മനസ്സമാധാനത്തോടെ മരിക്കണം എന്നതാണ് ഹിടെതോരയുടെ ആഗ്രഹം. മൂത്തവനായ ടാരോയെ ഗോത്രത്തിന്‍റെ അടുത്ത പരമാധികാരിയായി പ്രഖ്യാപിക്കുന്നു. ആയതിനാൽ പ്രധാന കൊട്ടാരവും വസ്തുവകകളും ടാരോക്കുള്ളതാണ്. മറ്റുള്ളവര്‍ക്ക് രണ്ടാമത്തെയും മൂന്നാമത്തെയും കൊട്ടാരങ്ങളുടെ ഉടമസ്ഥാവകാശം ലഭിക്കുന്നു. ഹിടെതോര രാജാവായി തന്നെ നില നില്‍ക്കുകയും ജിരോ, സബൗര എന്നിവർ ടാരോയുടെ പ്രധാന സഹായികളായി തുടരുകയും ചെയ്യും. ഇതിനെത്തുടർന്നുണ്ടാകുന്ന വാക്ക് തർക്കത്തിന്‍റെ പേരില്‍ ഇളയവനായ സബൗരയെയും ചങ്ങാതിയായ ടാങ്കോയെയും രാജാവ് പുറത്താക്കുന്നു. ഇവർക്ക്‌ സൈന്യാധിപതി ഫ്യുജിമാക്കി അഭയം നല്‍കുകയും മകളെ സബൗരക്കു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്യുന്നു.



   ടാരോയുടെ ഭാര്യ കയേതക്കു രാജാവിനോടുള്ള പൂർവ വൈരാഗ്യം വെച്ച് രാജ്യത്തെ പൂർണ്ണാധികാരവും രാജാവെന്ന പദവിയും ടാരോയിലേക്ക് എഴുതി വാങ്ങുന്നു. ക്ഷുഭിതനായ ഹിടെതോരയും പരിവാരങ്ങളും രണ്ടാമത്തെ മകൻ ജീരോയുടെ കൊട്ടാരത്തിലേക്ക് തിരിക്കുന്നു. ടാരോയുടെ സന്ദേശപ്രകാരം അച്ചനു മാത്രം കൊട്ടാരത്തിൽ താമസിക്കാമെന്ന ജീരോയുടെ നിർദേശം തള്ളിക്കളഞ്ഞു ഹിടെതോര കൂട്ടാളികളോടൊപ്പം അവിടെ നിന്നും പടിയിറങ്ങുന്നു. രാജ്യത്തെ ഭക്ഷ്യ ക്ഷാമം മൂലം അവർ ക്ഷീണിതരാകുമ്പോള്‍ സബൌരോയുടെ ചങ്ങാതി ടാങ്കോ അവരുടെ രക്ഷക്കെത്തുന്നു.



   അധികാര ദുരാഗ്രഹം മൂത്ത യുദ്ധത്തിനൊടുവില്‍ ടാരോ കൊല്ലപ്പെടുന്നു. ജീരോ അധികാരം ഏറ്റെടുക്കുന്നു. സ്വന്തം ഭര്‍ത്താവിന്‍റെ ഘാതകനാണെന്നറിഞ്ഞിട്ടും ചേട്ടന്‍റെ ഭാര്യയായ കയേത അധികാരത്തിനു വേണ്ടി ജീരോയോടൊപ്പം കൂടുകയും, ജീരോയുടെ ഭാര്യയെ കൊലപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്നു. രാജ്യത്തിന്‍റെയും മക്കളുടെയും അവസ്ഥ ഹിടോതോരയെ ഭ്രാന്തമായ അവസ്ഥയില്‍ എത്തിക്കുന്നു. ടാങ്കോയുടെയും വിദൂഷകയുടെയുംതണലില്‍ ഹിടോതോര ഒളിവില്‍ താമസിക്കുന്നു. ടാങ്കോ സബൌരയെ വിവരങ്ങള്‍ ധരിപ്പിക്കാനായി പോകുന്നു. അച്ഛനേയും രാജ്യത്തിനേയും രക്ഷിക്കാന്‍ സബൌരയും കൂട്ടാളികളും മുന്നിട്ടിറങ്ങുന്നു.



     അഭിനേതാക്കളുടെ അഭിനന്ദനീയമായ പ്രകടനം ഈ സിനിമയുടെ എടുത്തു പറയേണ്ട ഒരു ഘടകം ആണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രാലങ്കാരവും പശ്ചാത്തല സംഗീതവും എല്ലാം ഒരു ഐതിഹാസിക സിനിമക്ക് പാഠപുസ്തകമാണ്. സാങ്കേതിക വിഭാഗത്തിലെ ഒട്ടു മിക്ക പുരസ്കാരങ്ങള്‍ ആ കാലയളവില്‍ ഈ സിനിമ നേടിയെടുത്തു. കുറൊസാവ, മേഘങ്ങളെ ഒരു പ്രധാന ഘടകമായി ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. സമയ ക്രമങ്ങളുടെ മാറ്റം മാത്രമല്ല, ഓരോ രംഗത്തിന്‍റെയും ഭാവങ്ങള്‍ കൂടി നമ്മളെ കാണിച്ചു തരുന്നു മേഘങ്ങളുടെ വിവിധ രൂപത്തില്‍.



   ലോക സിനിമയിലെ മഹത്തായ സൃഷ്ടികളെ ആസ്വദിക്കുന്ന ഓരോരുത്തരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഇത്. പൂര്‍ണ്ണമായും ഒരു സംവിധായകന്‍റെ ചിത്രം.

Highly Recommended. 

Trailer :


No comments:

Post a Comment