Thursday 15 May 2014

THE FIRST GRADER

The First Grader (Film - UK,US and Kenya 2010)

Director : Justin Chadwick

Distribution : National Geographic Entertainer, BBC Film & UK Film Council

Starring : Oliver Litondo, Naomie Harris

Genre : Biography / Drama

Language : English

Running Time : 103 minute




    2010ല്‍ Justin Chadwick സംവിധാനം ചെയ്ത വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു സിനിമയാണ്  The First Grader. കിമാനി മറുഗെ എന്ന കെനിയന്‍ വിപ്ലവകാരിയുടെ 84-മത്തെ വയസ്സില്‍ നടന്ന മറ്റൊരു പോരാട്ടത്തിന്‍റെ ചലച്ചിത്രാവിഷ്ക്കാരം. ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരെ തന്‍റെ ജനതയ്ക്ക് വേണ്ടി യൗവ്വനം ത്യജിച്ച മറുഗെ, ജീവിത സായാഹ്നത്തില്‍ എഴുതാനും വായിക്കാനും പഠിക്കാന്‍ തനിക്ക് കിട്ടിയ അവസാന അവസരം പ്രയോജനപ്പെടുത്താന്‍ ഇറങ്ങുമ്പോള്‍ അത് മറ്റൊരു ചരിത്രം ആകുകയായിരുന്നു. വിദ്യാഭ്യാസത്തിന്‍റെ മൂല്ല്യം, നമുക്ക് വേണ്ടി നമുക്ക് മുന്നേ പോരാടിയവരുടെ ചരിത്രം എന്നിവയുടെ പ്രസക്തി ഈ ചിത്രം മുന്നോട്ട് വെക്കുന്നു.



Its Never Too Late to Dream.

      കെനിയയിലെ ഒരു ഉള്‍നാടന്‍ ഗ്രാമവും അവിടുത്തെ ഒരു പ്രൈമറി സ്കൂളുമാണ് കഥാപശ്ചാത്തലം. 2003ല്‍ എല്ലാവര്‍ക്കും സൗജന്യ പ്രൈമറി വിദ്യാഭ്യാസം എന്ന ഗവണ്മെന്‍റ് ഉത്തരവ്‌ പത്രങ്ങളിലൂടെയും റെഡിയോയിലൂടെയും ആണ് ആ ഗ്രാമവാസികള്‍ അറിയുന്നത്. 84 വയസ്സുള്ള മറുഗെയും എഴുത്തും വായനയും അഭ്യസിക്കുന്നതിനായി സ്കൂളിലെ പ്രധാന അധ്യാപിക ജയിനിനെ സമീപിക്കുന്നു. എന്നാല്‍ ചെറിയ കുട്ടികള്‍ക്കൊപ്പം മറുഗെയെ പഠിക്കാന്‍ സഹ അദ്ധ്യാപകന്‍ സമ്മതിക്കുന്നില്ല. പലപല കാരണങ്ങള്‍ പറഞ്ഞു അയാള്‍ മറുഗെയെ പറഞ്ഞു വിടുന്നു. പ്രസിഡണ്ടിന്‍റെ കയ്യില്‍ നിന്നും തനിക്ക് കിട്ടിയ ഒരു പ്രധാന കത്തിന്‍റെ പൂര്‍ണ്ണരൂപം സ്വന്തമായി വായിച്ചു മനസ്സിലാക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ഈ പോരാട്ടത്തിന് പിന്നിലുള്ള പ്രധാന ലക്ഷ്യം. തന്‍റെ ശക്തമായ ആഗ്രഹം ജയിനിനെ പറഞ്ഞു ബോധ്യപ്പെടുത്തി സ്കൂളില്‍ പഠിക്കുന്നതിനുള്ള സമ്മതം നേടിയെടുക്കുന്നു. അങ്ങനെ ബുക്കുകളും യൂണിഫോമും എല്ലാമായി മറുഗെ സ്കൂളില്‍ പോയിത്തുടങ്ങുന്നു. 



             വിശ്രമ വേളകളില്‍ സ്വാതന്ത്രത്തിന്‍റെ വില തന്‍റെ അനുഭവങ്ങളില്‍ നിന്നും മറുഗെ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുന്നു. എന്നാല്‍ പിന്നീട് രക്ഷിതാക്കള്‍ മറുഗെയുടെ സ്കൂള്‍ പ്രവേശനത്തിന്തിരെ തിരിയുന്നു. കാര്യങ്ങള്‍ വഷളാകുകയും മാധ്യമ ശ്രദ്ധ കൈവരികയും ചെയ്യുന്നു.ബ്രിട്ടീഷുകാര്‍ക്കെതിരെ മറുഗെ നടത്തിയ പോരാട്ടത്തിന്‍റെ വില മനസ്സിലാക്കിയ ജെയിന്‍, മറുഗെയുടെ അവകാശത്തിനു വേണ്ടി ഒപ്പം നില്‍ക്കുന്നു. ഇരുവരും പല പ്രതിസന്ധികളെയും നേരിടുന്നു. പേനയാണ് യഥാര്‍ത്ഥ ആയുധം എന്ന് മറുഗെ സമൂഹത്തോട് പ്രഖ്യാപിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ഥിയായി ഗിന്നസ്‌ ബുക്കില്‍ സ്ഥാനം പിടിച്ച മറുഗെ, പ്രത്യേക ക്ഷണിതാവായി വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് UNല്‍ പ്രസംഗിച്ചിട്ടുണ്ട്.



       വിദ്യാഭ്യാസത്തിന്‍റെ യഥാര്‍ത്ഥ മൂല്യം പ്രേക്ഷകനിലേക്ക്  ശരിക്കും പകര്‍ത്തിയെഴുതുന്നതില്‍  സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ഒരു ഡോക്യുമെണ്ടറിയുടെ ശൈലിയാണ് ഈ ചിത്രം സ്വീകരിച്ചിരിക്കുന്നത്. മറുഗെയെ അവതരിപ്പിച്ച ഒലിവര്‍ ലിറ്റാണ്ടോയുടെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്. പ്രധാന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നവോമി ഹാരിസ്‌, "Pirates of Caribbeans" സീരീസുകളിലൂടെ പ്രശസ്തി നേടിയ നടിയാണ്.അതെ പോലെ തന്നെ ഒരു സിനിമയോ ടെലിവിഷനോ പോലും കണ്ടിട്ടില്ലാത്ത കുട്ടികളാണ് ഇതിലെ സ്കൂള്‍ കുട്ടികളുടെ വേഷം വളരെ രസകരമായി അഭിനയിച്ചിരിക്കുന്നത്.



    വളരെ ഹൃദയസ്പര്‍ശിയായ   ഈ ചിത്രം അറിവ് നേടുന്നതിനു വേണ്ടി പോരാടുന്നവര്‍ക്ക് ഒരു പ്രചോദനമാണ്. ജീവിതത്തിലെ ഏറ്റവും മൂല്യമേറിയതിനെ എത്തിപ്പിടിക്കാന്‍ പ്രായവും കാലവും ഒരു തടസ്സമല്ല എന്ന് കാണിച്ചു തരുന്നു ഈ ചിത്രം.വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ആശയം മുന്നോട്ടു വെക്കുന്ന ഈ ചിത്രം കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്.

A Must Watch Film.

Trailer :


No comments:

Post a Comment