സിനിമ...
ബാല്യത്തില്‍ കൗതുകമായിരുന്നു...
കൗമാരത്തില്‍ ആഘോഷമായി...
യൗവ്വനത്തില്‍ ചിന്തിപ്പിക്കാന്‍ തുടങ്ങി..
അന്ന് മുതല്‍ മനസ്സിലായി ഈ കലാരൂപത്തിന് ഭാഷയോ ദേശമോ ഒന്നും ഒരു തടസ്സമല്ലെന്ന്. അന്യ ദേശ ഭാഷാ സിനിമകളോട് ചങ്ങാത്തം കൂടിയത് അന്നാണ്. മനസ്സില്‍ പതിഞ്ഞത് ഇവിടെ കുറിക്കുന്നു. സലാം സിനിമ. (1995ല്‍ വിശ്വപ്രസിദ്ധ ഇറാനിയന്‍ സംവിധായകന് മൊഹ്സിന്‍ മഖ്ബാല്ബഫ് സംവിധാനം ചെയ്ത സിനിമയാണ് "സലാം സിനിമ")
ബിജാസ് അറക്കല്‍.
Denis Villeneuve, 2010ല്‍ സംവിധാനം ചെയ്ത കനേഡിയന്‍ ചിത്രമാണ് Incendies. ഇതേ പേരില്‍ തന്നെയുള്ള ഒരു നാടകത്തിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. അമ്മയുടെ മരണ ശേഷം ഇരട്ട സഹോദരങ്ങളായ മക്കള്‍ അമ്മയുടെ ഭൂത കാലം അന്വേഷിച്ചുള്ള യാത്രയാണ് ഈ സിനിമ. ഉദ്വേകജനകമായ ഒരു കഥാന്ത്യം പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്യും. ചലച്ചിത്ര നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപാട് പ്രശംസ ഏറ്റു വാങ്ങിയ സിനിമയാണിത്.
60 വയസ്സായ നവാല്‍ മര്‍വാന്‍ എന്ന മാതാവിന്‍റെ മരണത്തോടെയാണ് ഈ സിനിമ ആരംഭിക്കുന്നത്. ജീനെ മര്‍വാന്‍, സിമന്‍ മര്‍വാന്‍ എന്ന ഇരട്ടക്കുട്ടികളായിരുന്നു നവാലിനുണ്ടായിരുന്നത്. നവാലിന്‍റെ മരണ ശേഷം വക്കീല്‍, അവരുടെ വില്‍പത്രം മക്കളെ വായിച്ചു കേള്‍പ്പിക്കുന്നു. വളരെ വിചിത്രമായിരുന്നു ആ വില്‍പത്രം. ഈ വക്കീലിന്‍റെ സെക്രട്ടറി ആയിട്ടായിരുന്നു നവാല്‍ ജോലി ചെയ്തിരുന്നത്. നവാല്‍ വക്കീലിനെ ഏല്‍പ്പിച്ചിരുന്ന മൂന്നു കവറുകളില്‍ രണ്ടെണ്ണം മക്കളെ ഏല്‍പ്പിക്കുന്നു. അതില്‍ ഒന്ന് പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെ മരണപ്പെട്ടു പോയി എന്ന് അവര്‍ വിശ്വസിക്കുന്ന അവരുടെ അച്ഛനെക്കുറിച്ച് അന്വേഷിക്കുവാനും മറ്റൊന്ന് അവരില്‍ നിന്നും ആ അമ്മ മറച്ചു വെച്ച അവരുടെ മൂത്ത സഹോദരനെ കണ്ടെത്തുവാനും. ഈ രണ്ടു കത്തുകളും അവര്‍ക്ക് അവിചാരിതം ആയിരുന്നു. ഈ രണ്ടു അന്വേഷനങ്ങളുടെയും അവസാനം മൂന്നാമത്തെ കവര്‍ വായിക്കാമെന്നും അത് വരെ അവരുടെ കുഴിമാടത്തില്‍ കല്ലറകളോ പേരോ വെക്കാന്‍ പാടില്ലായെന്നും നവാല്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. സിമണിനു ഇതൊന്നും അംഗീകരിക്കാനാകുന്നതായിരുന്നില്ല. എന്നാല്‍ അമ്മയുടെ അന്ത്യാഭിലാഷം സാധിക്കുന്നതിനായി സഹോദരി ജീനെ പുറപ്പെടുന്നു.
ജീനെക്ക് അജ്ഞാതമായ ഒരു ഭൂതകാലത്തിലെക്കാണ് യാത്ര. അച്ഛനെയും തന്‍റെ അര്‍ദ്ധ സഹോദരനെയും അന്വേഷിച്ച്. യുദ്ധകലുഷിതമായ പശ്ചിമേഷ്യയിലെ ലെബനോനിലെക്കാണ് യാത്ര.അവര്‍ അത് വരെ അറിയാതിരുന്ന വരുടെ അമ്മയുടെ ഭൂതകാലം ജീനെയെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. പിന്നീട് ഈ യാത്രക്കിടയില്‍ സിമണും വക്കീലും ജീനെയുടെ ഒപ്പം കൂടുന്നു. ആ യാത്ര അവസാനിക്കുന്നത് ഒരു പക്ഷെ സിനിമാ ലോകം ഇന്ന് വരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു കഥാന്ത്യത്തിലെക്കായിരുന്നു.
ഭൂതകാലവും വര്‍ത്തമാന കാലവും സമന്വയിപ്പിച്ച് കൊണ്ട് വളരെ കൃത്യമായ രീതിയില്‍ പഴുതുകളില്ലാതെ ഈ സിനിമ സഞ്ചരിക്കുന്നു. ശക്തമായ തിരക്കഥയും സംവിധാന മികവും മറ്റു സാങ്കേതിക തികവും ഈ ചിത്രത്തെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നു. യുദ്ധമുഖരിതമായ ഒരു കാലഘട്ടത്തിന്‍റെ കഥ പറയുമ്പോള്‍ യുദ്ധത്തിന്‍റെ ക്രൂരസ്വഭാവം മറന്നു കൊണ്ട് പോകാന്‍ കഴിയില്ല. Villeneuve തന്‍റെ നിലപാടുകള്‍ അറിയിച്ചു കൊണ്ട് തന്നെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അമ്മയുടെ വേഷം അഭിനയിച്ച ബെല്‍ജിയന്‍ നടിയായ ലുബ്ന അസ്ബാലിന്‍റെ മികച്ച അഭിനയം കൂടുതല്‍ മിഴിവേകുന്നു.
wish to watch this movie
ReplyDeleteതീര്‍ച്ചയായും കാണുക...
Delete