Friday, 12 December 2014

WADJDA

Wadjda (Film - Soudi Arabia 2012)


Written & Directed By : Haifaa Al Mansour

Starring : Waad Mohammed, Reem Abdulla, Abdul Rahman Al Guhani

Genre : Drama

Language : Arabic

Running Time : 98 Minute




       സിനിമ പോലൊരു മാധ്യമത്തിന് വളരെയധികം പരിമിധികള്‍ ഉള്ള, തിയറ്ററുകള്‍ക്ക് പോലും അനുമതിയില്ലാത്ത സൗദി അറേബ്യ പോലൊരു രാജ്യത്ത് നിന്നും, അതിന്‍റെ പരിമിധികളില്‍ നിന്ന് കൊണ്ട്, എന്നാല്‍ അതത്ര ബാധിക്കാതെ ചിത്രീകരിച്ച മനോഹരമായ ഒരു ചിത്രം ആണ് Wadjda. സൗദി അറേബ്യയില്‍ മുഴുവനായും ചിത്രീകരിച്ച ആദ്യ സിനിമയാണിത്. അതും ഒരു സ്ത്രീ സംവിധായകയുടെ വിരുതില്‍. 2012ല്‍ ഹൈഫാ അല്‍ മന്‍സൂര്‍ സംവിധാനം ചെയ്ത ചിത്രം.


      സൗദി അറേബ്യയിലെ അറിയപ്പെടുന്ന ഫിലിം മേക്കറും   ആദ്യത്തെ വനിത സംവിധായകയും ആണ് ഹൈഫ. കൈറോയിലെ അമേരിക്കന്‍ യുണിവേഴ്സിറ്റിയിലെ പഠനത്തിനു ശേഷം സിഡ്നിയില്‍ ഫിലിം മേക്കിംഗ് പഠനം. പിന്നീട് സാമൂഹിക വിഷയങ്ങളില്‍ ഊന്നിയ അറബ് ഡോക്യുമെണ്ടറികളിലൂടെ പ്രശസ്തയായി. Wadjda, ഹഫയുടെ ആദ്യ സിനിമയായിരുന്നു. 



      കുട്ടികളുടെ ചിത്രം എന്ന പുറംമോടിയില്‍ നിന്ന് കൊണ്ട് ആ രാജ്യത്തെ ജനങ്ങളുടെ ജീവിത രീതിയും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും എടുത്തു പറയുന്നുണ്ട് ഈ ചിത്രം. വളരെ ലളിതമായൊരു കഥയെന്നു തോന്നാമെങ്കിലും ആ രാജ്യത്ത് ഈ കഥയുടെ പ്രസക്തി ചിത്രത്തെ ഗൌരവമേറിയതാക്കുന്നു. 10 വയസ്സുള്ള വജ്ദ (Wadjda) എന്ന കുട്ടിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. സൈക്കിള്‍ സവാരി വളരെയധികം ഇഷ്ട്പ്പെട്ടിരുന്ന കുട്ടിയാണ് വജ്ദ. സ്കൂളിലേക്ക് പോകുന്ന വഴിയിലെ കടയില്‍ നോക്കി വെച്ചിരിക്കുന്ന 800 സൗദി റിയാലോളം വിലയുള്ള സൈക്കിള്‍ സ്വന്തമാക്കുക എന്നതാണ് വജ്ദയുടെ ആഗ്രഹം. അവളുടെ കൂട്ടുകാരനായ അബ്ദുള്ളയുടെ ഇടക്കിടെയുള്ള വെല്ലുവിളികളും ഈ ആഗ്രഹത്തിന് പുറകിലുണ്ട്. പെണ്‍കുട്ടികള്‍ സൈക്കിള്‍ ഓടിക്കാന്‍ പാടില്ല എന്ന കാരണത്താല്‍ വജ്ദയുടെ ഉമ്മ ഈ ആവശ്യം നിരസിക്കുന്നു.



    അടുത്തൊരു സ്കൂളില്‍ ജോലി ചെയ്യുന്ന ഉമ്മയും ആഴ്ചയിലൊരിക്കല്‍ അകലെയുള്ള ജോലി സ്ഥലത്ത് നിന്നും വന്നു പോകുന്ന വജ്ദയുടെ വാപ്പയും സ്നേഹ നിധികള്‍ ആയിരുന്നു. വജ്ദ അവരുടെ ഏക മകള്‍ ആയിരുന്നു. സൈക്കിള്‍ വാങ്ങുന്നതിന് സ്വന്തമായി കാശ് ഉണ്ടാക്കുന്നതിനായി സ്വന്തമായി നെയ്തെടുക്കുന്ന ബ്രേസ് ലെറ്റുകള്‍ സ്കൂളിലെ കുട്ടികള്‍ക്ക് ആരും അറിയാതെ വില്‍പന നടത്തിയിരുന്നു വജ്ദ. കൂടാതെ ആരും അറിയാതെ, മറ്റു രാജ്യങ്ങളിലെ റേഡിയോ സ്റ്റേഷനുകള്‍ ട്യുന്‍ ചെയ്തു പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്ത് സ്വന്തമായി കവര്‍ ഡിസൈന്‍ ചെയ്തു ഒരു ഷോപ്പില്‍ വില്‍ക്കും അവള്‍. ആ കടയില്‍ തന്നെയാണ് വജ്ദ നോക്കി വെച്ചിരിക്കുന്ന സൈക്കിളും. 


   സ്കൂള്‍ പ്രിന്‍സിപ്പാളിന്‍റെ പ്രധാന നോട്ടപ്പുള്ളിയാണ് വജ്ദ. ശരിയായ രീതിയില്‍ സ്കാര്‍ഫ് ധരിക്കണമെന്ന പ്രിന്‍സിപ്പലിന്‍റെ സ്ഥിരമായ നിര്‍ദേശം പലപ്പോഴും വജ്ദ പാലിക്കാറില്ല. ആയിടെയാണ് 1000 റിയാല്‍ സമ്മാന തുക ലഭിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം ആ സ്കൂളില്‍ നടത്തപ്പെടുന്നത്. തന്‍റെ സൈക്കള്‍ വാങ്ങുന്നതിനുള്ള നല്ലൊരു അവസരമായി കണ്ട കൊണ്ട് വജ്ദ ഈ മത്സരത്തില്‍ പങ്കെടുക്കുന്നു. നല്ലൊരു ഗായിക കൂടിയായ വജ്ദയുടെ ഉമ്മ അതിനു സഹായിക്കുകയും ചെയ്യുന്നു.


    സൗദി അറേബ്യയില്‍ ചിത്രീകരിച്ച സിനിമ, വനിതാ സംവിധായക, തുടങ്ങീയുള്ള പ്രത്യേകതകള്‍ക്കിടയിലും ഈ സിനിമയുടെ പ്രധാന ആകര്‍ഷണം വജ്ദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വാദ് മുഹമ്മദ്‌ എന്ന കുട്ടിയാണ്. അഭിനയത്തില്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത സൗദി സ്വദേശിയായ ഈ കുട്ടിയുടെ അനായാസേനയുള്ള അഭിനയം ഈ ചിത്രത്തിനു നല്‍കിയിട്ടുള്ള ജീവന്‍ വളരെ വലുതാണ്‌. പലയിടങ്ങളിലും ചര്‍ച്ചകള്‍ക്ക് പാത്രമാകാറുള്ള ആ രാജ്യത്തെ സ്ത്രീകളുടെ ജീവിതം, നിയമ ചട്ടക്കൂടുകള്‍ എല്ലാം വിഷയമാക്കിയിട്ടുണ്ട് വജ്ദ എന്ന ഈ മനോഹര ചിത്രം. വജ്ദയുടെ അമ്മയായി അഭിനയിച്ചിട്ടുള്ള റീം അബ്ദുള്ള മാത്രമാണ് മുന്‍ പരിചയം ഉള്ള നടി. 


    ഈ ചിത്രത്തിന്‍റെ ചിത്രീകരണത്തിന് സംവിധായക ഒട്ടേറെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതു സ്ഥലങ്ങളിലെ ചിത്രീകരണ സമയത്ത് പലപ്പോഴും വാനിനുള്ളില്‍ ഇരുന്നു കൊണ്ട് മോണിട്ടറുകളുടെയും വാക്കി ടോക്കികളുടെയും സഹായത്തോടെയാണ് ചിത്രീകരിച്ചിരുന്നത്. പൊതു സ്ഥലങ്ങളില്‍ അന്യ പുരുഷന്മാരുമായി പരസ്യമായി സംസാരിക്കുന്നതിനുള്ള കര്‍ശനമായ വിലക്ക് സംവിധായകക്ക് ഉണ്ടായിരുന്നു. ഒരുപാട് ചലച്ചിത്ര മേളകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ചലച്ചിത്ര പ്രദര്‍ശനങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ചിത്രം. 


അംഗീകാരങ്ങള്‍ :
86-മത് ഓസ്ക്കാര്‍ അവാര്‍ഡിന് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള സൗദി അറേബ്യയില്‍ നിന്നുള്ള ആദ്യ എന്‍ട്രി നേടിയ ചിത്രം. (അവസാന തിരഞ്ഞെടുപ്പില്‍ പുറത്തായി).
Nominated for 1 BAFTA award. Another  21 wins and 22 nominations.

Brave and brilliant effort from Soudi Arabia's first female director Haifa Al Mansour. A simple yet delightful story about freedom. 

Trailer :

Tuesday, 2 December 2014

RASHOMON

Rashomon (Film - Japan 1950)

Screenplay, Editing & Directed by : Akira Kurosawa

Based on "Rashomon" and "In a Grove" by Ryunosuke Akutagawa

Starring : Toshiro Mifune, Machiko Kyo, Masayuki Mori, Takashi Shimura

Genre : Drama

Language : Japanese

Running Time : 88 Minute



    ക്ലാസ്സിക്കുകളായ ഒരുപാട് സിനിമകളും പുസ്തകങ്ങളും കാല,ഭാഷ ഭേദമന്യേ എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കും. അത്തരത്തില്‍പ്പെട്ട ഒരു ജാപനീസ് സിനിമയാണ് 1950ല്‍ അകിര കുറൊസവ സംവിധാനം ചെയ്ത "റാഷമോണ്‍". സിനിമ എന്ന കലാരൂപത്തെ ജനകീയനാക്കിയ സംവിധായകന്‍ കുറോസാവയുടെ മികച്ച സൃഷ്ട്ടികളില്‍ ഒന്ന്. 


    രണ്ടു ചെറു കഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ഒരു ചിത്രത്തെ സമീപിക്കുന്നതില്‍ നിന്നും മാറി, ഈ ചിത്രത്തിന്‍റെ നാടകീയ സംഭവ വികാസങ്ങളെ വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കേണ്ടതുണ്ട്. ഒരു കൊലപാതകത്തെ നാല് പേരുടെ കാഴ്ചപ്പാടില്‍ വിവരിക്കുന്നതാണ് ഈ സിനിമയുടെ പ്രമേയം. നാലും നാല് രീതിയില്‍ വ്യത്യസ്ഥമാണ്‌.


    നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ഈ കഥ നടക്കുന്നത്. കോരിച്ചൊരിയുന്ന ഒരു മഴയത്ത് മൂന്നു വഴിയാത്രക്കാര്‍ "റാഷമോണ്‍" എന്ന നഗര കവാടത്തില്‍ താല്‍ക്കാലിക അഭയം പ്രാപിക്കുന്നു. പ്രകൃതി ദുരിതങ്ങളും യുദ്ധവും രോഗങ്ങളും മൂലം ജനങ്ങളെല്ലാം അസന്തുഷ്ടരായി കഴിഞ്ഞിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. നഗര കവാടത്തില്‍ ഉണ്ടായിരുന്ന പുരോഹിതനും മരം വെട്ടുകാരനും കൂടി, അവര്‍ സാക്ഷികളായ ഒരു കൊലപാതകത്തിന്‍റെ കോടതി വിചാരണയുടെ കഥ മൂന്നാമനോട് പറയുന്നു. ഒരു കാട്ടില്‍ വെച്ചാണ് കൊലപാതകം നടക്കുന്നത്. ഒരു വ്യാപാരിയും ഭാര്യയും കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു സാമുറായ്‌ അവരെ ആക്രമിക്കുകയും ഭാര്യയെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് വ്യാപാരി കൊല്ലപ്പെടുന്നു. പിന്നീട് കോടതി വിചാരണക്കിടെ മോഷ്ടാവും, വ്യാപാരിയുടെ ഭാര്യയും, ഭാര്യയിലൂടെ വ്യാപാരിയുടെ ആത്മാവും, ദൃസ്സാക്ഷികളായ മരം വെട്ടു കാരനും അവരവരുടെ കാഴ്ചപ്പാടിലൂടെ കൊലപാതകം വിവരിക്കുന്നു. ഒരു സംഭവത്തെ വിവിധ ആളുകള്‍ അവരവരുടെ മാനസിക നിലയനുസരിച്ച് വിവിധ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന മനശാസ്ത്രപരമായ ഒരു സമീപനമാണ് ഈ ചിത്രം ഉയര്‍ത്തിക്കാണിക്കുന്നത്.


    സാങ്കേതികപരമായി വിലയിരുത്തുമ്പോള്‍ ഈ ചിത്രത്തിന്‍റെ ക്യാമറ മികവിനെ എടുത്തു പറയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് കാടുകള്‍ക്കുള്ളിലെ ചിത്രീകരണം. വേഗതയില്‍ ചലിക്കുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം വളരെ അനായാസേന ചലിക്കുന്ന ക്യാമറ , ചിത്രീകരിച്ച കാലഘട്ടം കണക്കിലെടുക്കുമ്പോള്‍ അത്ഭുധമായി തോന്നി. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ പ്രകടനവും ഈ ബ്ലാക്ക്‌ & വൈറ്റ് ചിത്രത്തെ കൂടുതല്‍ വര്‍ണ്ണനീയമാക്കി.


      1951ലെ അക്കാദമി പുരസ്ക്കാരം അടക്കം ഒരുപിടി പുരസ്ക്കാരങ്ങള്‍ ആണ് ഈ ചിത്രത്തെയും കുറോസവയെയും തേടിയെത്തിയത്. ജാപ്പനീസ് സിനിമക്കും കുറോസവക്കും ലോക സിനിമയുടെ  നെറുകയിലേക്കുള്ള ഒരു വാതായനമായിരുന്നു ഈ ചിത്രം. ഒപ്പം അകിര കുറൊസാവയുടെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നും. സിനിമ ക്ലാസിക്കുകളുടെ ലോകത്തെ മറ്റൊരു മാസ്റ്റര്‍ പീസായി "റാഷമോണ്‍" ഇടം പിടിച്ചു നില്‍ക്കുന്നു. കുറസോവയുടെ മറ്റൊരു ചിത്രമായ ദര്‍സു ഉസാലയെ കുറിച്ച് ബ്ലോഗില്‍ മുമ്പ് എഴുതിയിരുന്നു.

Masterclass Story telling.. Must watch..