Rashomon (Film - Japan 1950)
Screenplay, Editing & Directed by : Akira Kurosawa
Based on "Rashomon" and "In a Grove" by Ryunosuke Akutagawa
Starring : Toshiro Mifune, Machiko Kyo, Masayuki Mori, Takashi Shimura
Genre : Drama
Language : Japanese
Running Time : 88 Minute
ക്ലാസ്സിക്കുകളായ ഒരുപാട് സിനിമകളും പുസ്തകങ്ങളും കാല,ഭാഷ ഭേദമന്യേ എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കും. അത്തരത്തില്‍പ്പെട്ട ഒരു ജാപനീസ് സിനിമയാണ് 1950ല്‍ അകിര കുറൊസവ സംവിധാനം ചെയ്ത "റാഷമോണ്‍". സിനിമ എന്ന കലാരൂപത്തെ ജനകീയനാക്കിയ സംവിധായകന്‍ കുറോസാവയുടെ മികച്ച സൃഷ്ട്ടികളില്‍ ഒന്ന്.
രണ്ടു ചെറു കഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ഒരു ചിത്രത്തെ സമീപിക്കുന്നതില്‍ നിന്നും മാറി, ഈ ചിത്രത്തിന്‍റെ നാടകീയ സംഭവ വികാസങ്ങളെ വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കേണ്ടതുണ്ട്. ഒരു കൊലപാതകത്തെ നാല് പേരുടെ കാഴ്ചപ്പാടില്‍ വിവരിക്കുന്നതാണ് ഈ സിനിമയുടെ പ്രമേയം. നാലും നാല് രീതിയില്‍ വ്യത്യസ്ഥമാണ്.
നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ഈ കഥ നടക്കുന്നത്. കോരിച്ചൊരിയുന്ന ഒരു മഴയത്ത് മൂന്നു വഴിയാത്രക്കാര്‍ "റാഷമോണ്‍" എന്ന നഗര കവാടത്തില്‍ താല്‍ക്കാലിക അഭയം പ്രാപിക്കുന്നു. പ്രകൃതി ദുരിതങ്ങളും യുദ്ധവും രോഗങ്ങളും മൂലം ജനങ്ങളെല്ലാം അസന്തുഷ്ടരായി കഴിഞ്ഞിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. നഗര കവാടത്തില്‍ ഉണ്ടായിരുന്ന പുരോഹിതനും മരം വെട്ടുകാരനും കൂടി, അവര്‍ സാക്ഷികളായ ഒരു കൊലപാതകത്തിന്‍റെ കോടതി വിചാരണയുടെ കഥ മൂന്നാമനോട് പറയുന്നു. ഒരു കാട്ടില്‍ വെച്ചാണ് കൊലപാതകം നടക്കുന്നത്. ഒരു വ്യാപാരിയും ഭാര്യയും കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു സാമുറായ് അവരെ ആക്രമിക്കുകയും ഭാര്യയെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് വ്യാപാരി കൊല്ലപ്പെടുന്നു. പിന്നീട് കോടതി വിചാരണക്കിടെ മോഷ്ടാവും, വ്യാപാരിയുടെ ഭാര്യയും, ഭാര്യയിലൂടെ വ്യാപാരിയുടെ ആത്മാവും, ദൃസ്സാക്ഷികളായ മരം വെട്ടു കാരനും അവരവരുടെ കാഴ്ചപ്പാടിലൂടെ കൊലപാതകം വിവരിക്കുന്നു. ഒരു സംഭവത്തെ വിവിധ ആളുകള്‍ അവരവരുടെ മാനസിക നിലയനുസരിച്ച് വിവിധ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന മനശാസ്ത്രപരമായ ഒരു സമീപനമാണ് ഈ ചിത്രം ഉയര്‍ത്തിക്കാണിക്കുന്നത്.
സാങ്കേതികപരമായി വിലയിരുത്തുമ്പോള്‍ ഈ ചിത്രത്തിന്‍റെ ക്യാമറ മികവിനെ എടുത്തു പറയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് കാടുകള്‍ക്കുള്ളിലെ ചിത്രീകരണം. വേഗതയില്‍ ചലിക്കുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം വളരെ അനായാസേന ചലിക്കുന്ന ക്യാമറ , ചിത്രീകരിച്ച കാലഘട്ടം കണക്കിലെടുക്കുമ്പോള്‍ അത്ഭുധമായി തോന്നി. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ പ്രകടനവും ഈ ബ്ലാക്ക് & വൈറ്റ് ചിത്രത്തെ കൂടുതല്‍ വര്‍ണ്ണനീയമാക്കി.
1951ലെ അക്കാദമി പുരസ്ക്കാരം അടക്കം ഒരുപിടി പുരസ്ക്കാരങ്ങള്‍ ആണ് ഈ ചിത്രത്തെയും കുറോസവയെയും തേടിയെത്തിയത്. ജാപ്പനീസ് സിനിമക്കും കുറോസവക്കും ലോക സിനിമയുടെ നെറുകയിലേക്കുള്ള ഒരു വാതായനമായിരുന്നു ഈ ചിത്രം. ഒപ്പം അകിര കുറൊസാവയുടെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നും. സിനിമ ക്ലാസിക്കുകളുടെ ലോകത്തെ മറ്റൊരു മാസ്റ്റര്‍ പീസായി "റാഷമോണ്‍" ഇടം പിടിച്ചു നില്‍ക്കുന്നു. കുറസോവയുടെ മറ്റൊരു ചിത്രമായ ദര്‍സു ഉസാലയെ കുറിച്ച് ബ്ലോഗില്‍ മുമ്പ് എഴുതിയിരുന്നു.
അവതരണം മനോഹരം ഭായ് .
ReplyDelete