Monday 18 May 2015

RABBIT PROOF FENCE

Rabbit Proof Fence

(Australia - 2002)

Directed by : Phillip Noyce

Based on "Follow the Rabbit-Proof Fence" by Doris Pilkington

Starring : Everlyn Sampi, Kenneth Branagh,David Gulpilil

Genre : Adventure / Biography / Drama

Language : Aboriginal, English

Running Time : 94 Mn



     ഒരു സംഭവകഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ ഫിലിപ്പ് നോയ്സേ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിലെ പ്രധാന കഥാപാത്രമായ മോളിയുടെ ജീവിതത്തിലെ അവിശ്വസനീയമായ ഒരു സംഭവം വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ മകള്‍  പുസ്തക രൂപേണ പുറത്തിറക്കുകയുണ്ടായി. ഈ പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം. 1931ല്‍ കിഴക്കന്‍ ആസ്ട്രേലിയയിലെ Moore River Settlement-ല്‍ നിന്നും രക്ഷപ്പെട്ട്, തിരികെ വീട്ടിലേക്ക് എത്താന്‍ ശ്രമിക്കുന്ന ഗോത്ര വര്‍ഗ്ഗക്കാരായ  3  കുട്ടികളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. 9 ആഴ്ചകളോളം, കാല്‍നടയായി 1500 മൈലുകള്‍ (2400കിമീ) Rabbit Foot Fence-ലൂടെ (Rabbit Foot Fence എന്നായിരുന്നു ആദ്യ നാമം) നദികളും മലകളും മരുഭൂമിയും താണ്ടി അവര്‍ സഞ്ചരിച്ചു.ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കമ്പി വേലികളില്‍ ഒന്നാണ്  Rabbit Foot Fence. കൃഷി സ്ഥലങ്ങളെ മുയലുകളില്‍ നിന്നും മറ്റും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ 1907ല്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ഫെന്‍സ്.


      ആസ്ട്രേലിയയുടെ ചരിത്രത്തിലെ കറുത്ത ഏടുകളില്‍ പ്രധാനപ്പെട്ട ഒന്നായ വംശീയതയാണ് ഈ ചിത്രത്തിന്‍റെ കഥാ പശ്ചാത്തലം. 14 വയസ്സുകാരി മോളി, സഹോദരി 8 വയസ്സുകാരി ഡെയ്സി, 10 വയസ്സായ അവരുടെ ബന്ധു  ഗ്രേസി; ഇവരുടെ ജീവിതമാണ് ഈ സിനിമ. പടിഞ്ഞാറന്‍ ആസ്ട്രേലിയയിലെ ജിഗലോങ്ങ് എന്ന സ്ഥലത്തെ ഗോത്ര വര്‍ഗ്ഗത്തില്‍ പെട്ടവരാണ് ഇവര്‍. Rabbit Proof Fence-നോട്‌ ചേര്‍ന്ന് കിടക്കുന്ന പ്രദേശം. അവിടെയുള്ള മിക്ക കുട്ടികളും വര്‍ണ്ണപരമായി മിശ്ര ജാതിയില്‍ പെട്ടവരായിരുന്നു. ഇവരുടെ ഉന്നമനം ലക്‌ഷ്യം വെച്ച്കൊണ്ട് വിദ്യാഭ്യാസപരമായും മറ്റും ഉയര്‍ന്ന നിലവാരം നല്‍കുക എന്ന പ്രചരണത്തോടെ തികച്ചും വംശീയലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന ഒരു സംരംഭമാണ് Moore River Settlement. ഇത്തരത്തില്‍പ്പെട്ട കുറെ ആദിവാസി കുട്ടികളെ പിടിച്ചെടുത്ത് അവിടെ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ ഇംഗ്ലീഷ് ഭാഷയും, കൃസ്ത്യന്‍ ആചാരങ്ങളും എല്ലാം പഠിപ്പിച്ച് വെളുത്ത വര്‍ഗ്ഗക്കാരുടെ വീടുകളിലും പണിയിടങ്ങളിലും പണിയെടുപ്പിക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം. 

     പ്രത്യേക ഉത്തരവ് പ്രകാരം മോളി, ഡെയ്സി, ഗ്രേസി എന്നിവരെയും ഈ ക്യാമ്പിലേക്ക് പിടിച്ചു കൊണ്ട് വരുന്നു. എന്നാല്‍ ആ ജീവിതം അസഹനീയമായതോടെ മൂത്തവളായ മോളി, മറ്റു രണ്ടു പേരെയും കൂട്ടി അവിടെ നിന്നും രക്ഷപ്പെടുന്നു. Rabbit Proof Fence-ന്‍റെ ഓരം പിടിച്ചു 1300 മൈലുകളോളം യാത്ര ചെയ്താലാണ് തങ്ങളുടെ അമ്മമാരുടെ അടുത്തെത്താന്‍ കഴിയുക എന്ന് മോളിക്കറിയാം. കാല്പാടുകളും മറ്റും നോക്കി ഇത്തരത്തില്‍ രക്ഷപ്പെട്ട കുട്ടികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക കഴിവുള്ള മൂഡോ എന്ന ഗോത്രവര്‍ഗ്ഗക്കാരന്‍ അവിടെ എല്ലാവരുടെയും പേടി സ്വപ്നമായിരുന്നു. അത് കൊണ്ട് തന്നെ, മഴയുള്ള ഒരു ദിവസം ആയിരുന്നു മോളി രക്ഷപ്പെടാന്‍ തിരഞ്ഞെടുത്തത്. പ്രകൃതിയുടെ തനതായ സ്വഭാവങ്ങള്‍ തിരിച്ചറിഞ്ഞാണ്‌ മിടുക്കിയായ മോളി ആ യാത്ര നയിക്കുന്നത്. അവര്‍ക്ക് പുറകെ ക്രൂരതയുടെ മുഖവുമായി മൂഡോ അവരെ പിന്തുടരുന്നുണ്ട്. അവരുടെ അതിജീവനത്തിന്റെ 9  ആഴ്ചകളാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. 1910നും  1970നും ഇടയിലായി ഒരു ലക്ഷത്തോളം ആദിവാസി കുട്ടികളെയാണ് ഇത്തരത്തില്‍ അവരുടെ രക്ഷിതാക്കളില്‍ നിന്നും പിടിച്ചു കൊണ്ട് പോയിട്ടുള്ളത്. വംശീയതയുടെ രാഷ്ട്രീയം ഈ ചിത്രം മുന്നോട്ടു വെക്കുന്നു. വര്‍ണ്ണ വിവേചനത്തിനു പേര് കേട്ട ആസ്ട്രേലിയയുടെ ചരിത്രത്തില്‍ അധികമാരും അറിയാതെ പോകുമായിരുന്ന ഈ സംഭവം വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.
  
      ഇത് പൂര്‍ണ്ണമായും ഒരു സംവിധായകന്റെ സിനിമയാണ്. മോളിയായി അഭിനയിച്ച Everlyn Sampi, മൂഡോ എന്ന കഥാ പാത്രത്തെ അവതരിപ്പിച്ച David Gulpil  എന്നിവരുടെ അഭിനയം ചിത്രത്തിന്റെ ഒരു മുതല്‍കൂട്ടാണ്. സംഗീതവും ക്യാമറ വിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നവര്‍ ഈ ചിത്രം മനോഹരമായ ഒരു അനുഭവമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.  
A heroic true story evocatively told...

Rabbit Proof Fence Trailer

Tuesday 5 May 2015

THE COLOR OF THE MOUNTAIN

Los colores de la montaña (The Color of the Mountain)
Columbia - 2010
Directed by : Carlose Cesar Arbelaes
Starring : Hernan Mouricio Ocampo, Nolberto Sanchez, Hernan Mendez
Genre : Drama
Language : Spanish
Running Time : 90 Minutes


      സ്വപ്ന തുല്യമായ ഒരു തുടക്കമാണ് Carlose Cesar Arbelaes എന്ന സംവിധായകന് തന്‍റെ ഈ കന്നി ചിത്രത്തിലൂടെ കിട്ടിയത്. അത്ര മാത്രം അംഗീകാരങ്ങളും പ്രേക്ഷക ശ്രദ്ധയും ഈ ചിത്രം പിടിച്ചു പറ്റി. ഒരു സാധാ ഉള്‍നാടന്‍ പ്രദേശത്തെ അസ്വസ്ഥമാക്കുന്ന രാഷ്ട്രീയ പ്രമേയം, മാനുവല്‍ എന്ന ഒരു ബാലന്‍റെ കഥ പറഞ്ഞു കൊണ്ട് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു സംവിധായകന്‍. 


     കൊളംബിയയിലെ ഒരു ഉള്‍നാടന്‍ പ്രദേശത്ത് ജീവിക്കുന്ന കര്‍ഷകരായ സാധാരണക്കാരുടെ ജീവിതം പറയുകയാണ്‌ ഈ സിനിമ. പര്‍വതങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ഒരു ഗ്രാമം. ഒരു വശത്ത് ഗറില്ല പോരാളികളും, മറു വശത്ത് ഇവരെ നേരിടുന്ന സൈന്യവും ഈ ജനങ്ങളുടെ ജീവിതം ഭയാനകരമാക്കി. തങ്ങളുടെ സംഘത്തില്‍ ചേരാനും മീറ്റിങ്ങുകളില്‍ പങ്കെടുക്കാനും ഗോറില്ലകള്‍ അവിടുത്തെ കര്‍ഷകരെ സ്ഥിരമായി നിര്‍ബന്ധിക്കുന്നു.സൈന്യത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഭവിഷ്യത്തുകള്‍ മൂലം പലരും ഇവരില്‍ നിന്നെല്ലാം ഒളിച്ചാണ് നടപ്പ്. ഭയം മൂലം പലരും വീടും കൃഷിയും എല്ലാം ഉപേക്ഷിച്ചു മറ്റു സ്ഥലങ്ങളിലേക്ക് പാലായനം ചെയ്യുന്നു. 


    
    ഒരു ഏകാധ്യാപക സ്കൂള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ജനങ്ങള്‍ ഒഴിഞ്ഞു പോകുന്നത് മൂലം കുട്ടികളുടെ എണ്ണം സ്കൂളില്‍ ദിനം പ്രതി കുറഞ്ഞു വരികയാണ്. അവിടെ പുതുതായി വരുന്ന ടീച്ചറിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. മാനുവലിന്റെ പ്രധാന ഹോബി ചിത്ര രചനയും, ഏറ്റവും അടുത്ത ചങ്ങാതിമാരായ ജൂലിയനോടും പൊക്ക ലൂസിനോടും മറ്റു കൂട്ടുകാരോടും ഒപ്പമുള്ള ഫുട്ബോള്‍ കളിയും ആയിരുന്നു. ജന്മദിന സമ്മാനമായി മാനുവലിന് അച്ഛന്‍ സമ്മാനിച്ച ഫുട്ബാളിന്റെ അമിതാഹ്ലാദം ഏറെ നേരം നീണ്ടു നിന്നില്ല. ആദ്യ ദിവസം തന്നെ കളിക്കിടയില്‍ ബോള്‍, മൈതാനത്തിന്റെ തൊട്ടടുത്തുള്ള മൈന്‍ പ്രദേശത്തേക്ക് തെറിച്ചു പോയി. ആ സമയം അത് വഴി പോയ ഒരു പന്നി മൈന്‍ പൊട്ടി മരണപ്പെടുകയും ചെയ്തതോടെ, മുതിര്‍ന്നവരും സ്കൂള്‍ ടീച്ചറും എല്ലാം, കുട്ടികളെ ബോള്‍ എടുക്കുന്നതില്‍ നിന്നും അവിടേക്ക് പോകുന്നതില്‍ നിന്നും വിലക്കുന്നു. എന്നാല്‍ മാനുവലും ജൂലിയാനും പൊക്ക ലൂസും കൂടി പന്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. കുട്ടികളുടെ ഈ ഒരു ഒത്തൊരുമയും കുസൃതികളും ആണ് ഈ സിനിമയുടെ ബാഹ്യ പ്രമേയം. 


       ഭരണകൂടത്തിനും വിമതര്‍ക്കും ഇടയില്‍, അപകടങ്ങളെയും മരണത്തെയും മുന്നില്‍ കണ്ട്, അവഗണന നേരിടുന്ന ലോകത്തിലെ എല്ലാ സാധാരണ ജന വിഭാഗത്തിന്റെയും പ്രതീകം തന്നെയാണ് മൈന്‍ പ്രദേശത്ത് അകപ്പെട്ട ആ ഫുട്ബോള്‍. അവഗണനയുടെയും അതിജീവനത്തിന്‍റെയും കൃത്യമായ രാഷ്ട്രീയം ഈ ചിത്രം മുന്നോട്ടു വെക്കുന്നു. 2009ലെ കണക്കു പ്രകാരം 4മില്ല്യന്‍ ജനങ്ങളാണ് ഇത്തരത്തില്‍ കൊളംബിയയില്‍ മാത്രം വീടും കൃഷിയും എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്തു പോയിട്ടുള്ളത് എന്നത് ഈ സിനിമയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. 

 
        ജൂലിയാന്‍ തന്‍റെ ചങ്ങാതി മാനുവലിന് തന്‍റെ കയ്യിലുള്ള ബുള്ളറ്റുകളുടെ ശേഖരം കാണിച്ചു കൊടുത്ത് കൊണ്ട്, ഓരോ ബുള്ളറ്റിന്റെയും ഉപയോഗത്തെ കുറിച്ച് പറയുന്ന രംഗം സംവിധായകന്‍ വളരെ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗൌരവമാര്‍ന്ന ഒരു സന്ദേശവും വളരെ പ്രധാനപ്പെട്ട ഈ രംഗം മുന്നോട്ടു വെക്കുന്നുണ്ട്.  പതിനാറാമത് കേരള ഫിലിം ഫെസ്റ്റിവലില്‍ Golden Pheasant ബഹുമതി നേടുകയുണ്ടായി ഈ ചിത്രം. മികച്ച അന്യഭാഷാ പുരസ്കാരത്തിനുള്ള കൊളംബിയയുടെ ഔദ്യോകിക ചിത്രം ആയിരുന്നു The Colors of Mountain (അവസാന റൌണ്ടില്‍ പുറത്താകുകയായിരുന്നു). കുട്ടികള്‍ കഥാപാത്രമായി വരുന്ന ഇത്തരത്തില്‍ പെട്ട ചിത്രങ്ങളുടെ പ്രധാന ആഘര്‍ഷണം പലപ്പോഴും ഈ കൊച്ചു കലാകാരന്മാരുടെ അഭിനയ മികവു തന്നെയാണ്. ആ തലത്തില്‍ ഈ ചിത്രവും വത്യസ്തമാകുന്നില്ല. മനോഹരമായ ദൃശ്യാനുഭവം നല്‍കുമ്പോളും സാങ്കേതികമായ ചില ന്യൂനതകള്‍ ചിലപ്പോഴെങ്കിലും രസം കൊല്ലിയാകുന്നുണ്ട്. എങ്കിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഒരു മനോഹര ചിത്രം തന്നെയാണ് The Colors of Mountain.
From the Minds of Children....