Monday, 18 May 2015

RABBIT PROOF FENCE

Rabbit Proof Fence

(Australia - 2002)

Directed by : Phillip Noyce

Based on "Follow the Rabbit-Proof Fence" by Doris Pilkington

Starring : Everlyn Sampi, Kenneth Branagh,David Gulpilil

Genre : Adventure / Biography / Drama

Language : Aboriginal, English

Running Time : 94 Mn



     ഒരു സംഭവകഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ ഫിലിപ്പ് നോയ്സേ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിലെ പ്രധാന കഥാപാത്രമായ മോളിയുടെ ജീവിതത്തിലെ അവിശ്വസനീയമായ ഒരു സംഭവം വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ മകള്‍  പുസ്തക രൂപേണ പുറത്തിറക്കുകയുണ്ടായി. ഈ പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം. 1931ല്‍ കിഴക്കന്‍ ആസ്ട്രേലിയയിലെ Moore River Settlement-ല്‍ നിന്നും രക്ഷപ്പെട്ട്, തിരികെ വീട്ടിലേക്ക് എത്താന്‍ ശ്രമിക്കുന്ന ഗോത്ര വര്‍ഗ്ഗക്കാരായ  3  കുട്ടികളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. 9 ആഴ്ചകളോളം, കാല്‍നടയായി 1500 മൈലുകള്‍ (2400കിമീ) Rabbit Foot Fence-ലൂടെ (Rabbit Foot Fence എന്നായിരുന്നു ആദ്യ നാമം) നദികളും മലകളും മരുഭൂമിയും താണ്ടി അവര്‍ സഞ്ചരിച്ചു.ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കമ്പി വേലികളില്‍ ഒന്നാണ്  Rabbit Foot Fence. കൃഷി സ്ഥലങ്ങളെ മുയലുകളില്‍ നിന്നും മറ്റും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ 1907ല്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ഫെന്‍സ്.


      ആസ്ട്രേലിയയുടെ ചരിത്രത്തിലെ കറുത്ത ഏടുകളില്‍ പ്രധാനപ്പെട്ട ഒന്നായ വംശീയതയാണ് ഈ ചിത്രത്തിന്‍റെ കഥാ പശ്ചാത്തലം. 14 വയസ്സുകാരി മോളി, സഹോദരി 8 വയസ്സുകാരി ഡെയ്സി, 10 വയസ്സായ അവരുടെ ബന്ധു  ഗ്രേസി; ഇവരുടെ ജീവിതമാണ് ഈ സിനിമ. പടിഞ്ഞാറന്‍ ആസ്ട്രേലിയയിലെ ജിഗലോങ്ങ് എന്ന സ്ഥലത്തെ ഗോത്ര വര്‍ഗ്ഗത്തില്‍ പെട്ടവരാണ് ഇവര്‍. Rabbit Proof Fence-നോട്‌ ചേര്‍ന്ന് കിടക്കുന്ന പ്രദേശം. അവിടെയുള്ള മിക്ക കുട്ടികളും വര്‍ണ്ണപരമായി മിശ്ര ജാതിയില്‍ പെട്ടവരായിരുന്നു. ഇവരുടെ ഉന്നമനം ലക്‌ഷ്യം വെച്ച്കൊണ്ട് വിദ്യാഭ്യാസപരമായും മറ്റും ഉയര്‍ന്ന നിലവാരം നല്‍കുക എന്ന പ്രചരണത്തോടെ തികച്ചും വംശീയലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന ഒരു സംരംഭമാണ് Moore River Settlement. ഇത്തരത്തില്‍പ്പെട്ട കുറെ ആദിവാസി കുട്ടികളെ പിടിച്ചെടുത്ത് അവിടെ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ ഇംഗ്ലീഷ് ഭാഷയും, കൃസ്ത്യന്‍ ആചാരങ്ങളും എല്ലാം പഠിപ്പിച്ച് വെളുത്ത വര്‍ഗ്ഗക്കാരുടെ വീടുകളിലും പണിയിടങ്ങളിലും പണിയെടുപ്പിക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം. 

     പ്രത്യേക ഉത്തരവ് പ്രകാരം മോളി, ഡെയ്സി, ഗ്രേസി എന്നിവരെയും ഈ ക്യാമ്പിലേക്ക് പിടിച്ചു കൊണ്ട് വരുന്നു. എന്നാല്‍ ആ ജീവിതം അസഹനീയമായതോടെ മൂത്തവളായ മോളി, മറ്റു രണ്ടു പേരെയും കൂട്ടി അവിടെ നിന്നും രക്ഷപ്പെടുന്നു. Rabbit Proof Fence-ന്‍റെ ഓരം പിടിച്ചു 1300 മൈലുകളോളം യാത്ര ചെയ്താലാണ് തങ്ങളുടെ അമ്മമാരുടെ അടുത്തെത്താന്‍ കഴിയുക എന്ന് മോളിക്കറിയാം. കാല്പാടുകളും മറ്റും നോക്കി ഇത്തരത്തില്‍ രക്ഷപ്പെട്ട കുട്ടികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക കഴിവുള്ള മൂഡോ എന്ന ഗോത്രവര്‍ഗ്ഗക്കാരന്‍ അവിടെ എല്ലാവരുടെയും പേടി സ്വപ്നമായിരുന്നു. അത് കൊണ്ട് തന്നെ, മഴയുള്ള ഒരു ദിവസം ആയിരുന്നു മോളി രക്ഷപ്പെടാന്‍ തിരഞ്ഞെടുത്തത്. പ്രകൃതിയുടെ തനതായ സ്വഭാവങ്ങള്‍ തിരിച്ചറിഞ്ഞാണ്‌ മിടുക്കിയായ മോളി ആ യാത്ര നയിക്കുന്നത്. അവര്‍ക്ക് പുറകെ ക്രൂരതയുടെ മുഖവുമായി മൂഡോ അവരെ പിന്തുടരുന്നുണ്ട്. അവരുടെ അതിജീവനത്തിന്റെ 9  ആഴ്ചകളാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. 1910നും  1970നും ഇടയിലായി ഒരു ലക്ഷത്തോളം ആദിവാസി കുട്ടികളെയാണ് ഇത്തരത്തില്‍ അവരുടെ രക്ഷിതാക്കളില്‍ നിന്നും പിടിച്ചു കൊണ്ട് പോയിട്ടുള്ളത്. വംശീയതയുടെ രാഷ്ട്രീയം ഈ ചിത്രം മുന്നോട്ടു വെക്കുന്നു. വര്‍ണ്ണ വിവേചനത്തിനു പേര് കേട്ട ആസ്ട്രേലിയയുടെ ചരിത്രത്തില്‍ അധികമാരും അറിയാതെ പോകുമായിരുന്ന ഈ സംഭവം വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.
  
      ഇത് പൂര്‍ണ്ണമായും ഒരു സംവിധായകന്റെ സിനിമയാണ്. മോളിയായി അഭിനയിച്ച Everlyn Sampi, മൂഡോ എന്ന കഥാ പാത്രത്തെ അവതരിപ്പിച്ച David Gulpil  എന്നിവരുടെ അഭിനയം ചിത്രത്തിന്റെ ഒരു മുതല്‍കൂട്ടാണ്. സംഗീതവും ക്യാമറ വിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നവര്‍ ഈ ചിത്രം മനോഹരമായ ഒരു അനുഭവമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.  
A heroic true story evocatively told...

Rabbit Proof Fence Trailer

No comments:

Post a Comment