Tuesday 8 December 2015

THREE COLORS TRILOGY - BLUE, WHITE and RED

    

    Blue, White, Red എന്നീ മൂന്ന് സിനിമകളുടെ ഒരു സംയുക്ത പരമ്പരയാണ് Three Colors എന്ന ഫ്രഞ്ച് ചലച്ചിത്രത്രയം. പോളിഷ് സംവിധായകന് ക്രിസ്റ്റോഫ് കീസ്ലോവ്സ്കി ആണ് ഈ മൂന്ന് ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്. ഒരുപാട് ചലച്ചിത്ര ബഹുമതികള് കരസ്ഥമാക്കിയ വിശ്വപ്രസിദ്ധ സംവിധായകന് ആണ് ഇദ്ദേഹം. Three Colors Trilogy-യിലൂടെ ലോകമെമ്പാടും ഉള്ള സിനിമാ പ്രേമികളുടെ ആരാധനയും പ്രശംസയും കീസ്ലോവ്സ്കി പിടിച്ചുപറ്റി. സംഗീതത്തില് നിന്നും, ചിത്ര രചനയില് നിന്നും കടമെടുത്താണ് കീസ്ലോവ്സ്കി ഓരോ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്.


   ഇതില് ആദ്യത്തെയും മൂന്നാമത്തെയും ചിത്രം ഫ്രഞ്ച് ഭാഷയിലും, രണ്ടാമത്തെ ചിത്രം പോളിഷ് ഭാഷയിലും ആണ്. ഫ്രഞ്ച് പതാകയിലെ നീല, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ചിത്രത്തിന് നാമകരണം ചെയ്തിരിക്കുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്ന് പ്രതീകങ്ങള് ആണ് ഈ വര്ണ്ണങ്ങള്. ഓരോ സിനിമയുടെയും ആശയവും അത് തന്നെ.


Blue

(France - 1993)

Directed by : Krzysztof Kieslowski

Starring : Juliette Binoche, Benoit Regent

Genre : Drama / Mystery / Music

Language : French / Polish

Running Time : 94 Min

      1993-ല് ആണ്  Three Colors Trilogy-ലെ ആദ്യ ചിത്രം "ബ്ലൂ" പുറത്തിറങ്ങുന്നത്. ഈ ത്രയത്തിലെ ഏറ്റവും കൂടുതല് പ്രശംസ നേടിയ ചിത്രമായിരുന്നു ഇത്. സ്വാതന്ത്ര്യം എന്ന ആശയമാണ് ഈ ചിത്രം മുന്നോട്ടു വെക്കുന്നത്. രാഷ്ട്രീയമായ മാനം അല്ല, മറിച്ച് വ്യക്തി സ്വാതന്ത്ര്യം ആണ് ചിത്രം വിഭാവനം ചെയ്യുന്നത്.
       ഒരു കാര് അപകടത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. ആ അപകടത്തില് ഭര്ത്താവും മകളും നഷ്ടപ്പെട്ട ജൂലി എന്ന യുവതിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അപകടത്തില് പരിക്കുകളോടെ ജൂലി രക്ഷപ്പെടുന്നു. ഫ്രാന്സിലെ അറിയപ്പെടുന്ന മ്യൂസിക് കമ്പോസര് ആയിരുന്നു ജൂലിയുടെ ഭര്ത്താവ്. രാജ്യത്തിനു വേണ്ടി ഒരു സംഗീത വിരുന്ന് ഒരുക്കുന്നതിനിടയിലാണ് അദ്ദേഹം മരണപ്പെടുന്നത്. ഈ ഏകാന്തത നല്കുന്ന വിരഹത്തില് നിന്നും രക്ഷ നേടാനായി എല്ലാ ബന്ധങ്ങളില് നിന്നും സ്വതന്ത്രയാകുക എന്ന ലക്ഷ്യത്തോടെ, മറ്റാര്ക്കും തിരിച്ചറിയാന് കഴിയാത്ത ഒരു സ്ഥലത്തേക്ക് ജൂലി താമസം മാറുന്നു. തിരിച്ചറിവുകളുടെ ഘട്ടത്തില് മാനസികമായ സ്വാതന്ത്ര്യം എവിടെയെന്ന് അടയാളപ്പെടുത്തുന്നു "ബ്ലൂ" എന്ന ആദ്യ അദ്ധ്യായം. വികാര മുഹൂര്ത്തങ്ങളിലൂടെ ഈ ചിത്രം മനസ്സിനോട് ചേര്ക്കുമ്പോള് Julliette Binoche എന്ന നടിയുടെ അഭിനയം ഈ ചിത്രത്തിന്റെ മുതല്ക്കൂട്ടാവുകയാണ്.  


White

(France - 1994)

Directed by : Krzysztof Kieslowski

Starring : Zamachowski, Julie Delpy

Genre : Comedy / Drama / Mystery

Language : Polish

Running Time : 87 Min


      1994 ജനുവരിയില് ആണ്  രണ്ടാമത്തെ ചിത്രം "വൈറ്റ്" പുറത്തിറങ്ങുന്നത്. സമത്വം എന്ന ആശയത്തില് ഊന്നിയുള്ളതാണ് ഈ ചിത്രം. ഫ്രാന്സില് ഒരു വിവാഹമോചന കേസിന്റെ അവസാന ഘട്ടത്തില് ആണ് ചിത്രം ആരംഭിക്കുന്നത്. പോളണ്ടുകാരനായ ഭര്ത്താവ് കരോളില് നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഫ്രെഞ്ചുകാരിയായ ഡോമിനിക്യു ആണ് കേസ് കൊടുത്തത്. കരോളിന്റെ സ്വത്തുവകകളും മറ്റും കൈക്കലാക്കിയ ശേഷം ഡോമിനിക്യു, ഭര്ത്താവിനെ വെറുംകയ്യോടെ തെരുവിലേക്ക് ഇറക്കി വിടുന്നു. പാസ്പോര്ട്ടും മറ്റു രേഖകളും ഇല്ലാത്തതിനാല് തിരികെ പോളണ്ടിലേക്ക് പോകുവാന് കഴിയുന്നില്ല. എന്നാല് അവിടെ വെച്ച് പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ സഹായത്തോടെ കരോള് നാട്ടിലെത്തുന്നു. ഡോമിനിക്യുവിനോടുള്ള ഇഷ്ടം ഇപ്പോളും മനസ്സില് സൂക്ഷിക്കുന്ന കരോള്, വീണ്ടും പണം സമ്പാദിക്കുന്നതിനും അതിലൂടെ വീണ്ടും ഭാര്യയെ തിരികെ വരുത്തുന്നതിനും തീരുമാനമെടുക്കുന്നു. സാമ്പത്തിക സമത്വം എന്ന പ്രമേയം നല്ല രീതിയില് തന്നെ അവതരിപ്പിച്ചു. 



Red

(France - 1994)

Directed by : Krzysztof Kieslowski

Starring : Irene Jacob, Jean-Louis Trintignant

Genre : Drama / Mystery / Romance

Language : French

Running Time : 99 Min




    ഈ ശ്രേണിയിലെ അവസാന ചിത്രം പുറത്തിറങ്ങിയത് 1994 മേയില് ആണ്. ഒരുപാട് ബഹുമതികളും, പ്രധാന നോമിനേഷനുകളും ലഭിച്ച ഒരു ചിത്രം കൂടിയാണിത്. അപ്രതീക്ഷിതമായി കണ്ടു മുട്ടുന്ന വാലന്റെയിന് എന്ന ഒരു മോഡലിന്റെയും, ജോസെഫ് കെന് എന്ന റിട്ടയേഡ് ജഡ്ജിയുടെയും ഇടയില് സംഭവിക്കുന്ന ഒരു ആത്മ ബന്ധത്തിന്റെ കഥയാണ് "റെഡ്". സാഹോദര്യം എന്ന ആശയം ഈ ചിത്രം പറയുന്നു.

   ഈ ചിത്രം റിലീസ് ആയി രണ്ട് വര്ഷങ്ങള്ക്കു ശേഷം, തന്റെ 56-ആമത്തെ വയസ്സില് സംവിധായകന് ക്രിസ്റ്റോഫ് കീസ്ലോവ്സ്കി മരണപ്പെട്ടു. അദ്ദേഹത്തിന്റെ അവസാന സിനിമയും ഇതായിരുന്നു. മൂന്ന് ചിത്രങ്ങളും മനുഷ്യ ബന്ധങ്ങളുടെ വൈകാരിക തലങ്ങള് നല്ല രീതിയില് തന്നെ സംവദിച്ചിരിക്കുന്നു.

No comments:

Post a Comment