Los colores de la montaña (The Color of the Mountain)
Columbia - 2010
Directed by : Carlose Cesar Arbelaes
Starring : Hernan Mouricio Ocampo, Nolberto Sanchez, Hernan Mendez
Genre : Drama
Language : Spanish
Running Time : 90 Minutes
സ്വപ്ന തുല്യമായ ഒരു തുടക്കമാണ് Carlose Cesar Arbelaes എന്ന സംവിധായകന് തന്‍റെ ഈ കന്നി ചിത്രത്തിലൂടെ കിട്ടിയത്. അത്ര മാത്രം അംഗീകാരങ്ങളും പ്രേക്ഷക ശ്രദ്ധയും ഈ ചിത്രം പിടിച്ചു പറ്റി. ഒരു സാധാ ഉള്‍നാടന്‍ പ്രദേശത്തെ അസ്വസ്ഥമാക്കുന്ന രാഷ്ട്രീയ പ്രമേയം, മാനുവല്‍ എന്ന ഒരു ബാലന്‍റെ കഥ പറഞ്ഞു കൊണ്ട് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു സംവിധായകന്‍.
കൊളംബിയയിലെ ഒരു ഉള്‍നാടന്‍ പ്രദേശത്ത് ജീവിക്കുന്ന കര്‍ഷകരായ സാധാരണക്കാരുടെ ജീവിതം പറയുകയാണ് ഈ സിനിമ. പര്‍വതങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ഒരു ഗ്രാമം. ഒരു വശത്ത് ഗറില്ല പോരാളികളും, മറു വശത്ത് ഇവരെ നേരിടുന്ന സൈന്യവും ഈ ജനങ്ങളുടെ ജീവിതം ഭയാനകരമാക്കി. തങ്ങളുടെ സംഘത്തില്‍ ചേരാനും മീറ്റിങ്ങുകളില്‍ പങ്കെടുക്കാനും ഗോറില്ലകള്‍ അവിടുത്തെ കര്‍ഷകരെ സ്ഥിരമായി നിര്‍ബന്ധിക്കുന്നു.സൈന്യത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഭവിഷ്യത്തുകള്‍ മൂലം പലരും ഇവരില്‍ നിന്നെല്ലാം ഒളിച്ചാണ് നടപ്പ്. ഭയം മൂലം പലരും വീടും കൃഷിയും എല്ലാം ഉപേക്ഷിച്ചു മറ്റു സ്ഥലങ്ങളിലേക്ക് പാലായനം ചെയ്യുന്നു.
ഒരു ഏകാധ്യാപക സ്കൂള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ജനങ്ങള്‍ ഒഴിഞ്ഞു പോകുന്നത് മൂലം കുട്ടികളുടെ എണ്ണം സ്കൂളില്‍ ദിനം പ്രതി കുറഞ്ഞു വരികയാണ്. അവിടെ പുതുതായി വരുന്ന ടീച്ചറിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. മാനുവലിന്റെ പ്രധാന ഹോബി ചിത്ര രചനയും, ഏറ്റവും അടുത്ത ചങ്ങാതിമാരായ ജൂലിയനോടും പൊക്ക ലൂസിനോടും മറ്റു കൂട്ടുകാരോടും ഒപ്പമുള്ള ഫുട്ബോള്‍ കളിയും ആയിരുന്നു. ജന്മദിന സമ്മാനമായി മാനുവലിന് അച്ഛന്‍ സമ്മാനിച്ച ഫുട്ബാളിന്റെ അമിതാഹ്ലാദം ഏറെ നേരം നീണ്ടു നിന്നില്ല. ആദ്യ ദിവസം തന്നെ കളിക്കിടയില്‍ ബോള്‍, മൈതാനത്തിന്റെ തൊട്ടടുത്തുള്ള മൈന്‍ പ്രദേശത്തേക്ക് തെറിച്ചു പോയി. ആ സമയം അത് വഴി പോയ ഒരു പന്നി മൈന്‍ പൊട്ടി മരണപ്പെടുകയും ചെയ്തതോടെ, മുതിര്‍ന്നവരും സ്കൂള്‍ ടീച്ചറും എല്ലാം, കുട്ടികളെ ബോള്‍ എടുക്കുന്നതില്‍ നിന്നും അവിടേക്ക് പോകുന്നതില്‍ നിന്നും വിലക്കുന്നു. എന്നാല്‍ മാനുവലും ജൂലിയാനും പൊക്ക ലൂസും കൂടി പന്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. കുട്ടികളുടെ ഈ ഒരു ഒത്തൊരുമയും കുസൃതികളും ആണ് ഈ സിനിമയുടെ ബാഹ്യ പ്രമേയം.
ഭരണകൂടത്തിനും വിമതര്‍ക്കും ഇടയില്‍, അപകടങ്ങളെയും മരണത്തെയും മുന്നില്‍ കണ്ട്, അവഗണന നേരിടുന്ന ലോകത്തിലെ എല്ലാ സാധാരണ ജന വിഭാഗത്തിന്റെയും പ്രതീകം തന്നെയാണ് മൈന്‍ പ്രദേശത്ത് അകപ്പെട്ട ആ ഫുട്ബോള്‍. അവഗണനയുടെയും അതിജീവനത്തിന്‍റെയും കൃത്യമായ രാഷ്ട്രീയം ഈ ചിത്രം മുന്നോട്ടു വെക്കുന്നു. 2009ലെ കണക്കു പ്രകാരം 4മില്ല്യന്‍ ജനങ്ങളാണ് ഇത്തരത്തില്‍ കൊളംബിയയില്‍ മാത്രം വീടും കൃഷിയും എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്തു പോയിട്ടുള്ളത് എന്നത് ഈ സിനിമയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
ജൂലിയാന്‍ തന്‍റെ ചങ്ങാതി മാനുവലിന് തന്‍റെ കയ്യിലുള്ള ബുള്ളറ്റുകളുടെ ശേഖരം കാണിച്ചു കൊടുത്ത് കൊണ്ട്, ഓരോ ബുള്ളറ്റിന്റെയും ഉപയോഗത്തെ കുറിച്ച് പറയുന്ന രംഗം സംവിധായകന്‍ വളരെ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗൌരവമാര്‍ന്ന ഒരു സന്ദേശവും വളരെ പ്രധാനപ്പെട്ട ഈ രംഗം മുന്നോട്ടു വെക്കുന്നുണ്ട്. പതിനാറാമത് കേരള ഫിലിം ഫെസ്റ്റിവലില്‍ Golden Pheasant ബഹുമതി നേടുകയുണ്ടായി ഈ ചിത്രം. മികച്ച അന്യഭാഷാ പുരസ്കാരത്തിനുള്ള കൊളംബിയയുടെ ഔദ്യോകിക ചിത്രം ആയിരുന്നു The Colors of Mountain (അവസാന റൌണ്ടില്‍ പുറത്താകുകയായിരുന്നു). കുട്ടികള്‍ കഥാപാത്രമായി വരുന്ന ഇത്തരത്തില്‍ പെട്ട ചിത്രങ്ങളുടെ പ്രധാന ആഘര്‍ഷണം പലപ്പോഴും ഈ കൊച്ചു കലാകാരന്മാരുടെ അഭിനയ മികവു തന്നെയാണ്. ആ തലത്തില്‍ ഈ ചിത്രവും വത്യസ്തമാകുന്നില്ല. മനോഹരമായ ദൃശ്യാനുഭവം നല്‍കുമ്പോളും സാങ്കേതികമായ ചില ന്യൂനതകള്‍ ചിലപ്പോഴെങ്കിലും രസം കൊല്ലിയാകുന്നുണ്ട്. എങ്കിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഒരു മനോഹര ചിത്രം തന്നെയാണ് The Colors of Mountain.
From the Minds of Children....
നന്ദി, ബിജാസിക്കാ.. ടോറന്റ് കിട്ടും എന്ന് കരുതുന്നു. കാണാം
ReplyDeleteതീര്‍ച്ചയായും കാണണം...
ReplyDelete