Monday 26 January 2015

También la lluvia

"También la lluvia (Even the Rain)
(Spain - 2010)

Directed by : Icíar Bollaín

Written by : Paul Laverty

Based on "2000 Cochabamba Protests"

Starring : Luise Tosar, Gael Garcia Bernal, Juan Carlos Aduviri

Genre : Drama / History

Language : Spanish

Running Time : 104 Minutes



     2010ല്‍ Paul Laverty  എഴുതി പ്രമുഖ സ്പാനിഷ് നടി കൂടിയായ Iciar Bollain സംവിധാനം ചെയ്ത സിനിമയാണ് Even the Rain. ബൊളീവിയയിലെ ജനകീയ പോരാട്ടത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2010 Toronto അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലാണ് ഈ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്.


     മനുഷ്യന്‍റെ അടിസ്ഥാന അവകാശങ്ങളില്‍ ഒന്നാണ് ജലം. എന്നാല്‍ ഇന്നിന്‍റെ രാഷ്ട്രീയം നമ്മോടു പറയുന്നത് ജലത്തിന് വേണ്ടിയുള്ള വിപ്ലവങ്ങള്‍ കൂടിയാണ്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഭരണകൂടത്തിന്‍റെ ഒത്താശയോടെ വന്‍കിട കുത്തക വ്യവസായികള്‍ സാധാരണക്കാരന്റെ കുടിവെള്ളം പോലും കവര്‍ന്നെടുത്ത് പുഴകളും തോടുകളും വരെ സ്വകാര്യവല്‍ക്കരിച്ചു കഴിഞ്ഞു. നമ്മുടെ കേരളത്തിലും സ്ഥിതി വത്യസ്തമാകുന്നില്ല. ലോകത്തിന്‍റെ പലയിടങ്ങളിലും ഇന്ന് പ്രക്ഷോഭങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. അതില്‍ വളരെ ശ്രദ്ധയാകര്‍ഷിച്ച ഒരു പ്രക്ഷോഭമായിരുന്നു ബൊളീവിയയിലെ കൊച്ചബാമ്പ എന്ന സ്ഥലത്ത് 2000ല്‍ അരങ്ങേറിയത്. ഈ ഒരു വിഷയത്തെ ആസ്പദമാക്കിയാണ് "Even the Rain" എന്ന ചിത്രം.


     ക്രിസ്ടഫര്‍ കൊളംബസിന്‍റെ ആദ്യ യാത്രയെ കുറിച്ചുള്ള ഒരു സിനിമ ചിത്രീകരിക്കുന്നതിനു വേണ്ടി സംവിധായകള്‍ സെബാസ്റ്റ്യനും സഹ നിര്‍മ്മാതാവ് കോസ്റ്റയും മറ്റു അഭിനേതാക്കളും യൂണിറ്റ് അംഗങ്ങളുമായി കൊച്ചബാമ്പ എന്ന സ്ഥലത്ത് എത്തുന്നു. വളരെ കുറഞ്ഞ ചിലവില്‍ ചിത്രം നിര്‍മ്മിക്കാം എന്നതായിരുന്നു ഈ സ്ഥലം തിരഞ്ഞെടുക്കാനുള്ള കോസ്റ്റയുടെ പ്രധാന കാരണം. മത പരിവര്‍ത്തനത്തിനായി സ്പാനിയാര്‍ഡ്സ്കള്‍ സ്വദേശികളെ ക്രൂരമായി പീഡിപ്പിക്കുന്നതും അതിനെതിരെ ശബ്ദമുയര്‍ത്തിയ രണ്ട് ക്രിസ്ത്യന്‍ പുരോഹിതരെക്കുറിച്ചും ഉള്ള യഥാര്‍ത്ഥ കഥ തന്നെയായിരുന്നു സെബാസ്റ്റ്യന്‍ പ്ലാന്‍ ചെയ്തിരുന്നത്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഏതാനും ഗ്രാമീണരെ കൂടി ആ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുന്നു. കോസ്റ്റയുടെ എതിര്‍പ്പിനെ മറി കടന്നു ചിത്രത്തിലെ പ്രധാന കഥാ പാത്രമായി ഡാനിയല്‍ എന്ന ചെറുപ്പക്കാരനെ സെബാസ്റ്റ്യന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നു.


     അടിച്ചമര്‍ത്തപ്പെടുന്ന ഒരു ജനതയുടെ സ്വാതന്ത്രത്തിനു വേണ്ടി അവര്‍ക്കിടയില്‍ നിന്ന് കൊണ്ട് ശബ്ദിക്കുന്ന ഒരു നേതാവിന്റെ വേഷമായിരുന്നു ആ ചിത്രത്തില്‍ ഡാനിയലിന്റെത്. ചിത്രീകരണം പുരോഗമിക്കുന്നതിനിടെ സെബാസ്റ്റ്യനും കോസ്റ്റയും മനസ്സിലാക്കുന്നു, ആ സമയത്ത് അവിടെ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ നേതാവാണ്‌ ഡാനിയല്‍ എന്ന്. നാടിനാവശ്യമായ ജലത്തെ സ്വകാര്യവല്‍ക്കരിച്ചു കുത്തക മുതലാളിമാര്‍ക്ക് തീറെഴുതി കൊടുത്ത ഭരണകൂടത്തിനെതിരെ ശക്തമായ ഒരു സമരമാണ് അവിടെ നടന്നു കൊണ്ടിരിക്കുന്നത്.
 

   ഏതു നിമിഷവും പോലിസ് പിടിയില്‍ അകപ്പെടാവുന്ന ഡാനിയലിനെ ചിത്രീകരണം കഴിയുന്നത്‌ വരെ സമരങ്ങളില്‍ നിന്നും പിന്മാറാന്‍ കോസ്റ്റയും സെബാസ്റ്റ്യനും അഭ്യര്‍ത്ഥിക്കുന്നു. ഒരു വേള സിനിമയും പോരാട്ടവും ഒരൊറ്റ ബിന്ദുവില്‍ എത്തിച്ചേരുന്നു.


    ചരിത്രവും സമകാലികവും ഇഴ ചേര്‍ന്ന ജനകീയ പോരാട്ടത്തിന്‍റെ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നു ഈ ചിത്രം. (Rang de Basanti  എന്ന ചിത്രത്തെ ഓര്‍ത്തു പോകുന്നു). 2000ലെ Cohabamba Water War എന്ന പേരില്‍ പ്രസിദ്ധമാണ് ഈ ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്ന പ്രക്ഷോഭം. നൂറ്റാണ്ടുകള്‍ക്കു ശേഷവും ഭരണകൂട വര്‍ഗ്ഗങ്ങളുടെ ചൂഷണം തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു എന്ന് ഈ ചിത്രം അടിവരയിടുന്നു.ഈ ചിത്രത്തിന്റെ പ്രധാന ആഘര്‍ഷണീയത, മനോഹരമായ ദൃശ്യ ഭംഗിയാണ്. ഫെല്ലിനിയോടുള്ള ആദര സൂചകമായി Life is Beautiful എന്ന ചിത്രത്തിലെ മനോഹര ദൃശ്യം പുനരാവിഷ്ക്കരിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത് തന്നെ. ബോളീവിയയുടെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത് ആ ചിത്രീകരണ മികവ് തുടര്‍ന്ന് പോകുന്നു. തന്‍റെ ജോലിയോട് പൂര്‍ണ്ണമായ ആത്മാര്‍ഥത നല്‍കുന്ന സെബാസ്റ്റ്യന്‍ എന്ന സംവിധായകനെ അവതരിപ്പിച്ചിരിക്കുന്നത് The Motorcycle Diaries എന്ന ചിത്രത്തിലൂടെ ചെഗുവേരയെ അനശ്വരനാക്കിയ Gael Garcia Bernal എന്ന നടനാണ്‌. ഒരു സിനിമാ യൂണിറ്റിനെ മൊത്തം, പ്രത്യേകിച്ച് സാധാരണ ജനങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ചു ഒരു സിനിമ നിര്‍മ്മിക്കുന്ന ഒരു സഹ നിര്‍മ്മാതാവിന്റെ കാര്‍ക്കശ്യവും അതിലുപരി ഒരു സഹൃദയ ഭാവവും ഇട കലര്‍ത്തി കോസ്റ്റ എന്ന വേഷം അഭിനയിച്ച Luise Tosar എന്ന നടന്‍; ഡാനിയല്‍ എന്ന നേതാവിനെ അവതരിപ്പിച്ച Juan Carlos Aduviri  തുടങ്ങീ ഇതിലെ അഭിനേതാക്കളുടെ മികച്ച കഴിവ് എടുത്തു പറയേണ്ടത് തന്നെയാണ്. ശക്തമായ തിരക്കഥക്ക് ചലച്ചിത്ര ഭാഷ്യം നല്‍കിയ സംവിധായക Iciar Bollain-ന് അഭിമാനിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഇത്. ഒരു കലാകാരന് തന്‍റെ സമൂഹത്തോടുള്ള പ്രതിബന്ധത, രാഷ്ട്രീയ നിലപാടുകള്‍ എന്നിവ തുറന്നു കാണിക്കുന്ന മികച്ചൊരു ചിത്രം.

Awards :
17 Wins & 15 Nominations. 

Salute Comrades...

Trailer:


No comments:

Post a Comment