Thursday, 19 December 2013

CHANGELING

CHANGELING (Film 2008 – US)

Producer & Director : Clint Eastwood

Genre: Drama / History / Mystery

Language: English

Running Time: 141 Minute


   ഒരു യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കി ക്ലിന്‍സ് ഈസ്റ്റ്‌വുഡ് 2008ല്‍ സംവിധാനം ചെയ്ത സിനിമയാണ് “Changeling”. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളിയും സംഗീത സംവിധായകനും. ക്ലിന്‍സ് ഈസ്റ്റ്‌വുഡിനെ കുറിച്ച് “Invictus” എന്ന സിനിമയെ കുറിച്ചുള്ള പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.



A film to leave you thinking

    മാതൃത്വം മുഖ്യ വിഷയമായി പറഞ്ഞിരിക്കുന്ന ഒരു സിനിമ. തികച്ചും അപ്രതീക്ഷവും അപരിചിതവുമായ കഥ പറച്ചില്‍ കാണികളെ ആകാംക്ഷഭരിതനാക്കി നിര്‍ത്തുക എന്നത് വേറിട്ടൊരു അനുഭവം. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമ ആകാംക്ഷ സഹിക്കാന്‍ വയ്യാതെ ഒറ്റയിരിപ്പിനു കണ്ടു തീര്‍ക്കുക എന്ന് പറഞ്ഞാല്‍ തന്നെ അതൊരു നല്ല സിനിമയുടെ വിജയം തന്നെയാണ്. 



   1920കളിലെ ലോസ്ആഞ്ചല്‍സിലാണ് കഥ നടക്കുന്നത്. ഉദ്യോഗസ്ഥയായ അമ്മയും മകനും തനിച്ചാണ് താമസം. ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോള്‍ മകനെ കാണാതാകുന്നു. പോലീസില്‍ പരാതിപ്പെട്ടത് പ്രകാരം കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മകനെ കണ്ടെത്തിയതായി പോലിസ്‌ അറിയിപ്പ് കിട്ടുന്നു. എന്നാല്‍ രൂപസാദൃശ്യം ഉണ്ടെങ്കിലും അത് തന്‍റെ മകനല്ല എന്ന് അമ്മ വാദിക്കുന്നു. തെളിവുകള്‍ നിരത്തി അത് തന്നെയാണ് മകന്‍ എന്ന് സ്ഥാപിക്കാന്‍ പോലീസും ശ്രമിക്കുന്നു. അവിടെ നിന്നും കഥയുടെ സഞ്ചാരം വളരെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ്. പോലിസ്‌ ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ കെടുകാര്യസ്ഥതക്കെതിരെയുള്ളപോരാട്ടങ്ങളും യതാര്‍ത്ഥ മകനെ കണ്ടെത്താനുള്ള ഒരമ്മയുടെ അന്വേഷണങ്ങളും ഒരു പള്ളി വികാരിയുടെ സഹായത്തോടെ അവിടെ ആരംഭിക്കുന്നു. അമേരിക്കയില്‍ കോളിളക്കം സൃഷ്ട്ടിച്ച ക്രൂരമായ "Wineville Chicken Coop" എന്ന കേസിലെക്കാണ് ഈ അന്വേഷണം ചെന്നെത്തുന്നത്. വളരെ അപ്രതീക്ഷിതമായ രംഗങ്ങള്‍ അവസാനിക്കുന്നത് മറ്റൊരു പ്രതീക്ഷയിലാണ്. 





    അഞ്ജലീന ജൂലി എന്ന ഹോളിവുഡിലെ മുന്‍ നിര നായികയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതിലെ ക്രിസ്റ്റിന്‍ കോളിൻസണ്‍  എന്ന മാതാവിന്‍റെ കഥാപാത്രം. സിനിമയുടെ തിരക്കഥ ശക്തമായ അടിത്തറയായി നില നില്ക്കുന്നു. ധാരാളം ചലച്ചിത്ര മേളകളിലെ സജീവ സാനിധ്യമായിരുന്ന ഈ സിനിമ മികച്ച സിനിമക്കും നടിക്കും ഉള്ള ഒരുപാട് അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 





     If you are someone with Heart and who believes in the world and humanity you certainly will enjoy CHANGELING.


Trailer





Tuesday, 10 December 2013

THE MOTORCYCLE DIARIES

"Diarios de motocicleta" -The Motorcycle Diaries.

Film 2004 – Spain

Director : Walter Salles

Genre : Biography / Drama / Adventure

Language : Spanish

Country : Spain

Running Time : 126 Minute




    വാൾടർ സെല്ലസ് - ബ്രസീൽ സംവിധായകൻ. പന്ത്രണ്ടോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അതിൽ മിക്കതും പ്രേക്ഷകശ്രദ്ധ നേടിയവയും, ധാരാളം അവാർഡുകൾ വാരിക്കൂട്ടിയവയും. മികച്ച ചിത്രത്തിനും സംവിധായകനും ഉള്ള ഒരുപാട് അവാർഡുകൾ ഇദ്ദേഹം കരസ്ഥമാക്കി. 2004ൽ സെല്ലസ് സംവിധാനം ചെയ്ത സിനിമയാണ് " The Motorcycle Diaries".


Let the world change you...And you can change the world





      1952ല്‍ ഇരുപത്തി മൂന്നാം വയസ്സില്‍ തന്റെ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു ഒരു സെമെസ്റ്റെർ മുൻപ് മെഡിക്കല്‍ വിദ്യാര്‍ഥിയായ എര്‍നെസ്ടോ ചെഗുവേരയും ബയോ കെമിസ്ടായ സുഹൃത്ത്‌ ആല്‍ബെര്‍ടോഗ്രനെടോയും ചേര്‍ന്ന് നടത്തിയ വിശ്വപ്രസിദ്ധമായ ഒരു യാത്രയുടെ ചലച്ചിത്രാവിഷ്കാരം. നാലര മാസം കൊണ്ട് 14,000 കിലോ മീറ്ററുകളോളം സഞ്ചരിച്ചു ലാറ്റിൻ അമേരിക്കയുടെ എല്ലാ ഭാഗങ്ങളും കാണുക എന്നതായിരുന്നു തുടക്കത്തിൽ അവരുടെ ലക്‌ഷ്യം. ഒരു ഉല്ലാസ യാത്രയായി അര്‍ജെന്റീനയില്‍ നിന്ന് തിരിച്ചു ചിലി, പെറു തുടങ്ങീ രാജ്യങ്ങളിലൂടെ നടത്തുന്ന ഒരു യാത്ര. ഗർണാഡോയുടെ പഴയ ഒരു മോട്ടോർ സൈക്കിളിൽ ആണ് ഇവർ യാത്ര തുടങ്ങുന്നത്. ചിലിയുടെ തീരപ്രദേശങ്ങളിലൂടെ സഞ്ചരിച്ചു പെറു ആമസോണ്‍ കടന്നു ഗർണാഡോയുടെ പിറന്നാൾ വെനുസ്വിലായിൽ ആഘോഷിക്കുക എന്നതായിരുന്നു അവരുടെ പ്ലാൻ. എന്നാൽ വഴിക്ക് വെച്ച് മോട്ടോർ സൈക്കിൾ കേടാകുകയും അത് ഉപേക്ഷിച്ചു മറ്റു കാൽ നടയായും മറ്റു വണ്ടികളുടെ സഹായത്തോടെയും യാത്ര തുടരുന്ന അവർക്ക് അവരുടെ ലക്‌ഷ്യം കൂടുതൽ ദുസ്സഹമാക്കുന്നു. ഈ യാത്രയി അവർ ഒരുപാട് ആളുകളെ കണ്ടുമുട്ടുന്നു. ഇവരെല്ലാമായിരുന്നു എർനസ്റ്റൊ ചെഗുവേര എന്ന വിധ്ധ്യാര്ത്തിയെ ഒരു വിപ്ലവകാരനാക്കി മാറ്റിയത്. ഈ യാത്ര കൊളംബിയില്‍ അവസാനിക്കുകയും ഈ സുഹൃത്തുക്കള്‍ അവിടെ വെച്ച് വേര്‍ പിരിയുകയും ചെയ്യുന്നിടത്ത് സിനിമ അവസാനിക്കുന്നു. എന്നാല്‍ അതു ചെഗുവേര എന്ന വിപ്ലവകാരിയുടെ തുടക്കം കൂടി ആകുന്നു. ഈ യാത്രയില്‍ ചെ ഗുവേര കണ്ടത് ലാറ്റിനമേരിക്കയുടെ വൈവിധ്യം മാത്രമല്ല, അതിന്‍റെ ദൈന്യം കൂടിയായിരുന്നു. 



     ഇതൊരു നല്ല രാഷ്ട്രീയ സിനിമയാണ്, നല്ലൊരു സൗഹൃദ സിനിമയാണ്, നല്ലൊരു സാഹസിക യാത്രാ സിനിമയാണ്. പ്രകൃതി രമണീയമായ ഭൂപ്രദേശങ്ങളുടെ മിഴിവുചോരാതെ ഒപ്പിയെടുത്തിരിക്കുന്ന ക്യാമറ. അതിനേക്കാള്‍ മനോഹരമാണ് സംഗീതവും പശ്ചാത്തലസംഗീതവും. കഥയില്ലാത്ത യാത്രാവിവരണത്തെ ഒട്ടും വിരസമാകാത്ത വിധം പ്രേക്ഷകരിലെത്തിക്കുന്ന മികച്ച തിരക്കഥ. ഇവഎല്ലാം ഇഴചേരുമ്പോള്‍ സുന്ദരമായ അനുഭവമായി മാറുന്നു ഈ ചലച്ചിത്രം. ഈ സിനിമയുടെ ഒട്ടുമിക്ക വിഭാഗങ്ങൾക്കും ആ വർഷത്തെ ഒരുപാട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ചെയെ അവിസ്മരണീയമാക്കിയത് ഗയേല്‍ ഗാര്‍സിയ ബര്ണേല്‍ എന്ന മെക്സിക്കന്‍ നടന്‍ ആണ്. 200 ൽ ഫിഡൽ എന്ന ചിത്രത്തിലും ഇദ്ദേഹം ചെയുടെ വേഷം ചെയ്തിട്ടുണ്ട്. ആല്‍ബര്‍ട്ടോയെ അവതരിപ്പിച്ച അര്‍ജന്റീനക്കാരന്‍ റോഡ്രിഗോ ഡി ള സെര്‍ന സാക്ഷാല്‍ ചെഗുവേരയുടെ ബന്ധു തന്നെയായത് യാദൃശ്ചികം.

ചെഗുവേരയുടെ ഓര്‍മ്മക്കുറിപ്പായ മോട്ടോര്‍ സൈക്കിള്‍ ഡയറീസും ആല്‍ബര്‍ട്ടോയുടെ ട്രാവലിംഗ് വിത്ത്‌ ചെഗുവേര (Traveling with Che Guevara: The Making of a Revolutionary) എന്നീ പുസ്തകങ്ങളെ ആധാരമാക്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.


A MUST MUST WATCH FILM.Don`t miss this story which shows the path to becoming a whole person. Not asleep like most youth today!



Trailer



Sunday, 8 December 2013

THE SONG OF SPARROWS

Avaze gonjesk ha – The Song of Sparrows-(Film 2008 – Iran)

Writer, Producer & Director : Majid Majidi
Genre : Drama
Language : Persian
Running Time : 96 minute




     മജീദ്‌ മജീദി - ലോക സിനിമാ പ്രേമികള്‍ക്കിടയില്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത സംവിധായകന്‍. ഇറാനിയന്‍ സിനിമകളെ കേരളത്തിലേക്കടുപ്പിച്ചതിനു ഈ സംവിധായകന്‍റെ സംഭാവന ചെറുതല്ല. അതിനുള്ള ഉദാഹരണങ്ങളാണ് “Children of Heaven”ഉം “Father”ഉം “Color of Paradise”ഉം എല്ലാം. ഒപ്പം “The Song of Sparrows” എന്ന ഈ ചിത്രവും. ഇറാനിലെ മദ്ധ്യവര്‍ഗ കുടുംബത്തില്‍ പിറന്ന മജീദ്‌ മജീദി അമേച്ച്വര്‍ നാടകാഭിനയത്തിലൂടെയാണ് തന്‍റെ കലാപ്രവര്‍ത്തനം ആരംഭിക്കുന്നത്. സിനിമാ അഭിനയത്തിനോടുള്ള അദ്ദേഹത്തിന്‍റെ താല്‍പ്പര്യങ്ങള്‍ തുടങ്ങുന്നത് ഇറാനിയന്‍ വിപ്ലവത്തിന് ശേഷമാണ്. മുഹ്സിന്‍ മഖ്മല്‍ബഫ് സംവിധാനം ചെയ്ത “Boycott” എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായി. പിന്നീട് നിരവധി ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. 1992ല്‍ സംവിധാനം ചെയ്ത “Baduk” ആണ് മജീദ്‌ മജീദിയുടെ ആദ്യ സിനിമ. ഇറാനില്‍ നിന്നും ഓസ്കാറിനു ആദ്യമായി പരിഗണിച്ച സിനിമ ഇദ്ദേഹത്തിന്‍റെ Children of Heaven ആയിരുന്നു. മിക്കവാറും ഇന്ത്യന്‍ ചലച്ചിത്ര മേളകളിലെ നിറ സാനിധ്യമാണ് ഇദ്ദേഹം. ഇന്നും സിനിമയില്‍ സജീവമായിരിക്കുന്ന മജീദിയുടെ അവസാനം റിലീസ്‌ ആയ സിനിമയാണ് “The Song of Sparrows”.  

The Song of Sparrows.


     


   ഗ്രാഫിക്സുകളുടെയും ടെക്നോളജിയുടെയും അതിപ്രസരം ഇല്ലാതെ തന്നെ ജീവിത യാഥാര്‍ത്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമകള്‍ നിര്‍മ്മിക്കാം എന്ന് നമുക്ക് കാണിച്ചു തന്ന ഒരു പാട് സംവിധായകാരുണ്ട്. അതില്‍ ഇറാനിയന്‍ സംവിധായകര്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. അതേ ഗണത്തില്‍ പെടുത്താവുന്ന, കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കണ്ടിരിക്കേണ്ട ഒരു സിനിമയാണ് 2008ല്‍ പുറത്തിറങ്ങിയ The Song of Sparrows എന്ന സിനിമ. ജീവിതത്തില്‍ നാം ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങളെ കുറിച്ച് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു ഈ സിനിമ. 





      ഒരു കുന്നിൻ ചെരിവിൽ ഒട്ടകപ്പക്ഷികളെ വളർത്തുന്ന ഫാമിൽ ജോലി ചെയ്യുന്ന കരീമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. അയാളുടെ പ്രതീക്ഷകളുടെ പ്രതീകമാണ് ഒട്ടകപ്പക്ഷികളും കുരുവികളും. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കരീമിന്‍റെ കുടുംബം. മൂത്ത മകള്‍ ഹനിയ ഒരു ബധിരയാണ്. ബധിരയായ മകളുടെ കേള്‍വിക്ക് വേണ്ടി ചെവിയില്‍ വെക്കുന്ന സെറ്റ്‌ നഷ്ട്ടപ്പെടുന്നിണ്ടത് നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഉപയോഗ ശൂന്യമായാണ് ഈ സെറ്റ്‌ പിന്നീട് തിരിച്ചു കിട്ടുന്നത്. പുതിയത് വാങ്ങുന്നതിന് പട്ടണത്തില്‍ പോകണം. വലിയ വിലയും നല്‍കേണ്ടി വരും. മകളുടെ പരീക്ഷ അടുത്തിരിക്കുന്നതിനാല്‍ എത്രയും പെട്ടെന്ന് വാങ്ങുകയും വേണം. ഒട്ടകപ്പക്ഷികൾ അയാളുടെ കൂട്ടുകാരാണ്. അവയോടയാൾ സംസാരിക്കും. ചിലപ്പോൾ സങ്കടങ്ങൾ വരെ പങ്കുവെക്കും. പട്ടണത്തില്‍ പോകുന്നതിനു 2 ദിവസം മുന്‍പ്‌ ഒരൊട്ടകപ്പക്ഷി ഫാമിൽനിന്ന് രക്ഷപ്പെടുന്നു. കുന്നിൻ മുകളിലേക്ക് ഓടിപ്പോയ അതിനെ ആർക്കും പിടിക്കാനാവുന്നില്ല. വലിയ വിലയുണ്ട് ഒട്ടകപ്പക്ഷിക്ക്. ജോലിയിൽ വീഴ്ച കാട്ടി എന്നു പറഞ്ഞു കരീമിനെ പിരിച്ചുവിടുന്നു. കരീം ബൈക്കില്‍ ടെഹ്റാന്‍ നഗരത്തില്‍ എത്തുന്നു. പട്ടണത്തില്‍ എത്തുന്ന കരീം യാദൃശ്ച്ച്ചികമായി ഇറാനില്‍ പ്രചാരമുള്ള ബൈക്ക് ടാക്സി ജോലിയില്‍ ഏര്‍പ്പെടുന്നു. അതിലൂടെ നല്ലൊരു ജീവിതം കൈവരുമെന്നു കരീം സ്വപ്നം കാണുന്നതിലൂടെ ആ ജോലി സ്ഥിരമാക്കുന്നു. മിണ്ടാപ്രാണികൾക്കിടയിൽനിന്ന് പൊടുന്നനെയാണ് നഗരമെന്ന അപരിചിത ലോകത്തേക്ക് കരീം എടുത്തെറിയപ്പെടുന്നത്. ഇതിനിടയില്‍ ഒരു അപകടത്തില്‍ പെടുന്ന കരീമിന് കുറെ നാളത്തെ വിശ്രമം ആവശ്യമായി വരുന്ന ഘട്ടത്തില്‍ മകന്‍ ഹുസൈന്‍ ജോലി ചെയ്തു പണം സമ്പാദിക്കുന്നു. ഇതെല്ലാം കരീം എന്ന പിതാവിനെ കൂടുതല്‍ വിഷമിപ്പിക്കുന്നു. ഇതാണ് കഥാ സന്ദര്‍ഭം.





     കുരുവികളുടെ പാട്ടുകളുടെ ഓളങ്ങള്‍ പോലെ തന്നെ കരീമിന്‍റെ ജീവിതത്തിലെ കയറ്റിറക്കങ്ങള്‍ ആണ് ഈ സിനിമയുടെ പ്രമേയം.ചെറിയ വരുമാനത്തിനിടയിലും ജീവിതത്തിലെ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നു കരീം. ഗ്രാമത്തിന്റെയും നഗരത്തിന്റെയും ജീവിത വ്യതിയാനങ്ങള്‍ ഭംഗിയായി കാണിച്ചിരിക്കുന്നു സംവിധായകന്‍. അതിനു ഒരു പരിതി വരെ സഹായിച്ച ചായഗ്രഹണം എടുത്തു പറയേണ്ടതാണ്. ഒപ്പം കരീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റെസ നാജി എന്ന നടന്റെയും. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഗണത്തില്‍ പെടുത്താവുന്ന ഒരു സിനിമയാണിത്. പ്രത്യേകിച്ച് കുട്ടികളെ. 




The Song of Sparrows is a beautiful movie with excellent performances all around. A must watch film.



Trailer





Saturday, 7 December 2013

INVICTUS

INVICTUS (Film 2009 – US)
Producer & Director : Clint Eastwood
Genre: Drama / Biography / History / Sports
Language: English / Afrikaans
Running Time: 135 Minute




       ലോകം മുഴുവന്‍ മഡീബ എന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന പോരാളി നെല്‍സണ്‍ മണ്ടേലയുടെ നിര്യാണത്തില്‍ ദുഖിചിരിക്കുന്ന ഈ സമയത്തില്‍ അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഒരു പ്രധാന അദ്ധ്യായം പരാമര്‍ശിച്ചു കൊണ്ട് ഇറങ്ങിയ ഒരു സിനിമയെ കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍. 




       ക്ലിന്‍സ് ഈസ്റ്റ്‌വുഡ് – നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്‌, സംഗീത സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തന്‍. 1960-70 കാലഘട്ടങ്ങളിലെ പൌരുഷത്തിന്‍റെ പ്രതീകമായിരുന്നു ഈസ്റ്റ്‌വുഡിന്റെ കഥാപാത്രങ്ങള്‍. ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളും ആയിരുന്നു. 30ഓളം ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ ഒരുപാട് അവാര്‍ഡുകള്‍ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. “Million Dollar Baby” എന്ന സിനിമ ഈസ്റ്റ്‌വുഡിനു ഒരുപാട് പ്രശംസ നേടിക്കൊടുത്ത സിനിമയാണ്. 2009ല്‍ നെല്‍സന്‍ മണ്ടേലയെ ജീവിതത്തെ ആസ്പദമാക്കി സ്പോര്‍ട്സ്‌ മുഖ്യവിഷയമാക്കിക്കൊണ്ട് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത സിനിമയാണ് “Invictus”




        ലാറ്റിനില്‍ Invicts എന്നാല്‍ അദൃശ്യന്‍ എന്നാണു അര്‍ഥം. എന്നാല്‍ ജയില്‍വാസക്കാലത്ത് മണ്ടേല ഏറ്റവും ഇഷ്ട്ടപ്പെട്ടിരുന്ന വിശ്വപ്രസിദ്ധമായ ഒരു ഇംഗ്ലീഷ് കവിതയാണ് Invictus. പ്രതിസന്ധികള്‍ തരണം ചെയ്തു ആത്മവിശ്വാസത്തോടെ വിജയത്തിലേക്ക് കുതിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് 1875ല്‍ വില്യം ഏണസ്റ്റ് ഹെന്‍ലി രചിച്ച ഈ കവിത. വര്‍ണ്ണ വിവേചനം ജനങ്ങളുടെ ഹൃദയത്തില്‍ സൃഷ്ട്ടിച്ച മുറിപ്പാടുകള്‍ ഉണക്കാന്‍ റഗ്ബി എന്ന കായിക വിനോദത്തിലൂടെ, മണ്ടേല ശ്രമിക്കുന്നതാണ് പ്രമേയം.

Playing for Something More




       27 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം 1990 ഫെബ്രുവരി 11നു മോചിതനാകുന്ന നാള്‍ മുതല്‍ പ്രസിഡണ്ട്‌ പദവിയിലെത്തുന്ന നാള്‍ വരെയുള്ള ഒരു ചെറു വിവരണത്തോടെയാണ് സിനിമ തുടങ്ങുന്നത്. തുടര്‍ന്ന് പ്രസിഡണ്ട്‌ ആയ ശേഷമുള്ള അദ്ദേഹത്തിന്‍റെ നാളുകളിലൂടെ സിനിമ സഞ്ചരിക്കുന്നു. അക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ഇടയില്‍ കിടന്നിരുന്ന നാടിനെ പുനരുജ്ജീവിപ്പിക്കുക എന്നൊരു വലിയ ദൗത്യമായിരുന്നു അദ്ദേഹത്തിന്‍റെ മുന്നില്‍ ഉണ്ടായിരുന്നത്. കറുത്തവനെന്നും വെളുത്തവനെന്നും ഉള്ള വിവേചനം ജനങ്ങളുടെ മനസ്സില്‍ നിന്നും നീക്കം ചെയ്യണം. ഒരിക്കല്‍ തന്‍റെ രാജ്യത്തെ റഗ്ബി ടീമിന്‍റെ കളി കാണുന്ന വേളയില്‍, ഭൂരിഭാഗവും വെളുത്തവര്‍ അംഗങ്ങളായുള്ള സ്വന്തം ടീമിനെതിരെ അവിടുത്തെ ജനങ്ങള്‍  വിളിച്ചു കൂവുന്നത് അദ്ദേഹം കാണുകയുണ്ടായി. 1995ലെ റഗ്ബി ലോക കപ്പിനുള്ള വേദിയായി ദക്ഷിണാഫ്രിക്ക തിരഞ്ഞെടുത്ത സമയം കൂടിയായിരുന്നു അത്.കറുത്ത വര്‍ഗ്ഗക്കാര്‍ കയ്യടക്കിയിരുന്ന അവിടുത്തെ സ്പോര്‍ട്സ്‌ കമ്മിറ്റിയോട് റഗ്ബി ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ മണ്ടേല ഉത്തരവിടുന്നു. ടീമിന്‍റെ ക്യാപ്റ്റന്‍ ആയ ഫ്രാന്‍സിസ്‌ പിയനാറിനോട്, ടീമിന്‍റെ ലോക കപ്പ് വിജയം രാജ്യത്ത് വരുത്താന്‍ പോകുന്ന മാറ്റങ്ങളെ പറ്റി വിശദീകരിക്കുന്നു. അതിനു “Invictus” എന്ന തന്‍റെ പ്രിയപ്പെട്ട കവിതയെ ക്യാപ്റ്റന് പരിചയപ്പെടുത്തിക്കൊടുക്കുന്നു മണ്ടേല. ഈ വിജയം രാജ്യത്ത്‌ ജനങ്ങളുടെ ഏകീകരണത്തിനു വലിയൊരു പങ്കു വഹിക്കാന്‍ കഴിയും എന്ന് മണ്ടേല കണക്ക് കൂട്ടുന്നു. വെള്ളക്കാരുടെ കളിയായി മാത്രം സങ്കല്‍പ്പിച്ചു പോന്നിരുന്ന അവിടുത്തെ ചില കറുത്ത വര്‍ഗ്ഗക്കാരായ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റുന്നതിനായി അവരുടെ ഗ്രാമങ്ങളില്‍ ഒരു സൗഹൃദ സന്ദര്‍ശനം നടത്താന്‍ മണ്ടേല ടീമിനോട് നിര്‍ദ്ദേശിക്കുന്നു. മണ്ടേലയുടെ ഈ ലക്ഷ്യത്തിനു എല്ലാ പിന്തുണയും നല്‍കി ക്യാപ്റ്റന്‍ ലോക കപ്പിന് തയ്യാറാകുന്നതും, ആ വര്‍ഷത്തെ ലോക കപ്പില്‍ ദക്ഷിണാഫ്രിക്ക വിജയികളാകുന്നതുമായ ചരിത്രമാണ് ഈ സിനിമ മുന്നോട്ടു വെക്കുന്നത്.



        നമ്മള്‍ കേട്ട് വളര്‍ന്ന ധീര വിപ്ലവകാരിയുടെ മറ്റൊരു മുഖം മാത്രമാണ് ഈ ചിത്രത്തിലൂടെ കാണുന്നത്. ഒരു സ്പോര്‍ട്സ്‌ പ്രേമിയുടെ. പക്ഷെ അതും അദ്ദേഹത്തിന്‍റെ പോരാട്ടങ്ങളുടെ തുടര്‍ച്ചയായിരുന്നു. ഒരു സ്പോര്‍ട്സ്‌ സിനിമ എന്ന ലേബലില്‍ നിറുത്താതെ രാഷ്ട്രീയവും സാമൂഹികവും ആയ വിഷയങ്ങള്‍ ഈ സിനിമയില്‍ വളരെ വ്യക്തമായി കൈകാര്യം ചെയ്തിരിക്കുന്നു. മോര്‍ഗന്‍ ഫ്രീമാന്‍ ആണ് മണ്ടേലയുടെ വേഷം ചെയ്തിരിക്കുന്നത്. ആ അഭിനയ മികവിനെ അഭിനന്ദിക്കാന്‍ ചിലപ്പോള്‍ വാക്കുകള്‍ പോരാതെ വരും. ഇതിനു മുന്നും ഈ നടന്‍ നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മാറ്റ് ഡാമന്‍ എന്ന ഹോളിവുഡ് നടനാണ് ക്യാപ്റ്റന്‍ ആയി അഭിനയിച്ചിരിക്കുന്നത്. രണ്ടു പേര്‍ക്കും മികച്ച നടനും, സപ്പോര്‍ടിംഗ് നടനും ഉള്ള ഒരു പാട് അവാര്‍ഡുകള്‍ ഈ സിനിമയിലൂടെ കരസ്ഥമാക്കി. ഒപ്പം മികച്ച ചിത്രത്തിനും, ക്ലിന്‍സ് ഈസ്റ്റ്‌വുഡ് എന്ന സംവിധായകനും. 




The Rainbow Nation starts here. Reconciliation starts here.


Trailer


Thursday, 5 December 2013

The Darjeeling Limited

The Darjeeling Limited (Film 2007-US)
Producer, Writer & Director: Wes Anderson
Genre: Adventure / Comedy / Drama
Language: English
Running Time: 91 minute.





     2007ല്‍ വെസ്‌ ആന്‍റെഴ്സണ്‍ സംവിധാനം ചെയ്ത സിനിമയാണ് ദി ഡാര്‍ജിലിംഗ് ലിമിറ്റഡ്. ഈ സിനിമയുടെ നിര്‍മ്മാണത്തിലും തിരക്കഥയിലും അദ്ദേഹം കൂടി പങ്കാളിയാണ്. ഇന്ധ്യയിലെ ഡാര്‍ജിലിംഗ് ആണ് പ്രധാന ലൊക്കേഷന്‍. അമേരിക്കന്‍ സംവിധായകനായ വെസ്‌ ആന്‍റെഴ്സന്‍റെ സിനിമകള്‍ മനോഹരമായ വിഷ്വലുകള്‍ കൊണ്ടും ആഖ്യാന ശൈലി കൊണ്ടും വത്യസ്തമാണ്. “Moonrise Kingdom” എന്ന ചിത്രം ഇദ്ദേഹത്തിന്‍റെ മാസ്റ്റര്‍പീസ്‌ ആയി കണക്കാക്കാം.

Three brothers and a "spiritual" quest






     ഫ്രാന്‍സിസ്‌, പീറ്റര്‍, ജാക്ക് എന്നീ മൂന്ന് അമേരിക്കന്‍ സഹോദരന്മാരുടെ കഥയാണ് ദി ഡാര്‍ജിലിംഗ് ലിമിറ്റഡ്. ഇവരുടെ അമ്മ പെട്രീഷ്യ ഹിമാലത്തിലെ ഒരു താഴ്വാരത്തില്‍ ആത്മീയപ്രവര്‍ത്തനങ്ങളുമായി താമസിക്കുന്നു.. അവരുടെ ഭര്‍ത്താവിന്‍റെ മരണ സമയത്ത് പോലും അവര്‍ തിരിച്ചു പോയില്ല. അച്ചന്‍റെ മരണത്തിനു ശേഷം ഒരു കൊല്ലത്തോളം പരസ്പരം കാണാതിരുന്ന ഫ്രാന്‍സിസും പീറ്ററും ജാക്കും അമ്മയെ കാണുന്നതിനായി ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നു. ഇപ്പോള്‍ അവരുടെ അമ്മ സിസ്റ്റര്‍ പാട്രീഷ്യ ആണ്. ജോധ്പൂരില്‍ നിന്നും ഡാര്‍ജിലിംഗ് ലിമിറ്റഡ് ട്രെയിനില്‍ ആണ് ഇവരുടെ യാത്ര. ഫ്രാന്‍സിസിന്‍റെ സഹായി ഇവരുടെ യാത്രയുടെ എല്ലാ സൗകര്യങ്ങളും പ്ലാനുകളും തയ്യാറാക്കിയിരുന്നു. യാത്രയില്‍ അവര്‍ ശിവ ക്ഷേത്രങ്ങളും ഗുരുധ്വാരയും സന്ദര്‍ശിക്കുന്നു. പിന്നീട് ട്രെയിനില്‍ വെച്ചുണ്ടാകുന്ന ചില സംഭവങ്ങളുടെ പേരില്‍ ഇവരെ ട്രെയിനില്‍ നിന്നും ഇറക്കി വിടുന്നു. അവിടെ നിന്നും കാല്‍ നടയായി സഞ്ചരിക്കുന്ന ഇവര്‍ വഴി മദ്ധ്യേ ഒഴുക്കില്‍ പെട്ട് പോയ മൂന്നു കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. അതില്‍ ഒരു കുട്ടി മരണപ്പെടുന്നു. കുട്ടിയുടെ മരണാന്തര ചടങ്ങുകള്‍ കഴിയുന്നത് വരെ അവര്‍ ആ ഗ്രാമത്തില്‍ താമസിക്കുന്നു. പിന്നീട് റോഡ്‌ മാര്‍ഗ്ഗം സഞ്ചരിച്ചു അവര്‍ ഹിമാലയത്തില്‍ അമ്മയുടെ അടുത്തെത്തുന്നു.




   നയന മനോഹരമായ കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. നല്ലൊരു കോമഡി ട്രാവലിങ്ങ് മൂവി ആയി കണക്കാക്കാം ഈ ചിത്രത്തെ. ഓവന്‍ വില്‍സന്‍, അഡ്രീന്‍ ബ്രോഡി, ജൈസണ്‍ ഷ്വാര്‍ട്സ്മാന്‍ എന്നിവരാണ് യഥാക്രമം ഫ്രാന്‍സിസ്‌, പീറ്റര്‍, ജാക്ക് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ദി പിയാനിസ്റ്റ്‌ എന്ന ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയ നടനാണ് അഡ്രീന്‍ ബ്രോഡി. ബോളിവുഡ് നടന്‍. ഇര്‍ഫാന്‍ഖാന്‍ ഈ ചിത്രത്തില്‍, മരിച്ച കുട്ടിയുടെ അച്ഛനായി അഭിനയിക്കുന്നുണ്ട്. സംഭാഷണങ്ങള്‍ ഒന്നും ഇല്ലാതെ വളരെ ചെറിയ സമയത്തേക്ക് മാത്രം. മഹത്തായ സിനിമകളുടെ ഗണത്തില്‍ അല്ലെങ്കിലും ട്രാവലിങ്ങ് മൂവി ഇഷ്ട്ടപ്പെടുന്നവര്‍ ഈ ചിത്രം രസിക്കും.

Occasionally brilliant, elusive 'travel movie'.


Trailer


Tuesday, 3 December 2013

Mother of Mine


Äideistä parhain (Film 2005-Finland / Sweden)


Director: Klaus Haro

Genre: Drama / War

Language: Swedish

Running Time: 111 minute.



 


        വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രം സംവിധാനം ചെയ്ത് നിരവധി പ്രേക്ഷക പ്രശംസകളും അവാര്‍ഡുകളും വാരിക്കൂട്ടിയ സ്വീഡിഷ്‌ സംവിധായകനാണ് ക്ലോസ് ഹാരോ. 2005ല്‍ അദ്ദേഹം സംവിധാനം ചെയ്ത Mother of Mine അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണ്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച സിനിമയാണിത്. രണ്ടാം ലോക മഹാ യുദ്ധമാണ് കഥയുടെ പശ്ചാത്തലം.



Love and Loss





      ഈറോ എന്ന ഒന്‍പതു വയസ്സുകാരനാണ് ഇതിലെ മുഖ്യ കഥാപാത്രം. ഫിന്നിഷ് പട്ടാളക്കാരനായിരുന്ന ഈറോയുടെ അച്ഛന്‍ രണ്ടാം ലോക മഹായുദ്ധത്തിനിടെ കൊല്ലപ്പെടുന്നു. ഈറോയുടെ അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് കൊല്ലപ്പെടുന്നത്. ഇത് ഈറോയുടെ അമ്മയെ വിഷാദരോഗിയാക്കി മാറ്റുന്നു. സ്വന്തം മക്കളുടെ രക്ഷക്കായി സ്വീഡനിലേക്ക് ആയിരക്കണക്കിന് മറ്റു ഫിന്നിഷ് കുട്ടികളാണ് ആ സമയത്ത് പാലായനം ചെയ്യപ്പെട്ടത്. ഈറോയെ സംരക്ഷിക്കുന്നതിനായി സ്വീഡനിലെ ഒരു വീട്ടിലേക്കു അയക്കുന്നു. അവിടെ ഈറോക്ക്‌ പുതിയ അച്ചനെയും അമ്മയെയും മൂകനും ബധിരനുമായ ഒരു മുത്തച്ചനെയും കിട്ടുന്നു. ഒപ്പം അടുത്ത വീട്ടിലെ സമപ്രായക്കാരിയായ സിവ്‌ എന്ന കൂട്ടുകാരിയേയും. പുതിയെ വീട്ടിലെ അന്തരീക്ഷം ഈറോ എന്ന കുട്ടിക്ക് മടുപ്പുളവാക്കുന്നു. ഈറോയുടെ പുതിയ അച്ഛന്‍ വളരെ ദയാലുവായിരുന്നു. എന്നാല്‍ അമ്മക്ക് ഈറോയെ ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല. കടലില്‍ മുങ്ങി മരിച്ച അവരുടെ മകള്‍ക്ക് പകരമായി അവര്‍ പ്രതീക്ഷിച്ചത് ഒരു പെണ്‍കുട്ടിയെ ആയിരുന്നു. ഒപ്പം ഭാഷ കൈകാര്യം ചെയ്യാനുള്ള അവരുടെ ബുദ്ദിമുട്ടും ഫിന്‍ലാന്ടിലേക്ക് മടങ്ങിപ്പോകണം എന്നുള്ള ഈറോയുടെ വാശിയും. കാലക്രമേണ അവരുടെ ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു. ഒരു അമ്മയുടെ എല്ലാ വാല്‍സല്യവും സ്നേഹവും അവര്‍ ഈറോക്ക്‌ നല്‍കുന്നു. യുദ്ധം അവസാനിക്കുന്നതോടെ കുട്ടികളെല്ലാം ഫിന്‍ലാന്ടിലേക്ക് തിരിച്ചു പോകുന്നു. ഈറോക്കും തിരിച്ചു പോകേണ്ട സമയമായി. എന്നാല്‍ അവര്‍ക്ക് അവനെ തിരിച്ചയക്കാന്‍ മനസ്സ് വരുന്നില്ല. മറ്റു മാര്‍ഗ്ഗളൊന്നും ഇല്ലാതെ മനസ്സില്ലാ മനസ്സോടെ അവര്‍ ഈറോയെ സ്വന്തം അമ്മയുടെ അടുത്തേക്ക് യാത്ര ആക്കുന്നു. രണ്ടു അമ്മമാര്‍ക്കിടയിലുള്ള ഈ സ്നേഹത്തിനിടയില്‍ ഈറോ മനസ്സിലാക്കുന്നു, സ്വന്തം അമ്മയെ പഴയ പോലെ അവനു ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല എന്ന്.



       ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി സൃഷ്ടിച്ച ഈ സിനിമ യുദ്ധത്തിന്‍റെ ഭീകരതയുടെ ഒരു ദുരന്തം നമുക്ക് കാണിച്ചു തരും. വളരെയധികം അവാര്‍ഡുകളാണ് ഈ സിനിമ ആ കാലയളവില്‍ വാരിക്കൂട്ടിയത്. മനോഹരമായ പ്രകൃതി ദ്രിശ്യത നമുക്ക് അനുഭവിക്കാന്‍ കഴിയും എന്നുള്ളത് ഈ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.



The result is a work of art that goes beyond the traditional bounds of cinema. This is film-making at its finest.


Trailer





Sunday, 1 December 2013

Schindler's List



Schindler's List (Film 1993 – US & UK)

Producer & Director: Steven Spielberg

Genre: Biography / Drama / History

Language: English

Running Time: 195 minute.



സ്റ്റീവന്‍ സ്പില്‍ബര്‍ഗ് - ലോക സിനിമയിലെ ജീവിച്ചിരിക്കുന്ന അതികായകന്‍. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തന്‍. ഇദ്ദേഹത്തിന്റെ സയന്‍സ് ഫിക്ഷന്‍ സിനിമകളുടെ വിജയങ്ങള്‍ ഹോളിവുഡ് സിനിമ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി.ലോകത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ളതും ജനപ്രീതിയുള്ളതുമായ സംവിധായകന്‍. ഡ്രീം വര്‍ക്സ് എന്ന ലോകത്തിലെ പ്രധാന സിനിമ നിര്‍മ്മാണ കമ്പനിയുടെ ഉടമസ്ഥരില്‍ ഒരാള്‍. ജുറാസിക്‌ പാര്‍ക്ക്‌ എന്ന സിനിമയിലൂടെയാണ് സാധാരണക്കാരായ മലയാളികള്‍ക്കിടയില്‍ ഈ പേര് സജീവ സാന്നിധ്യമായത്.


Spielberg's timeless masterpiece



   നാസി ചെക്ക്‌ വ്യവസായി ആയ ഓസ്കര്‍ ഷിന്‍ലറുടെ ജീവിത കഥയാണ് 1993ല്‍ സ്പില്‍ബര്‍ഗ് സംവിധാനം ചെയ്ത Schindler’s List എന്ന സിനിമ. 1939ലെ രണ്ടാം ലോക മഹാ യുദ്ധമാണ് ഈ സിനിമയിലെ കഥയുടെ കാലഘട്ടം.നാസി പാര്‍ട്ടി അംഗം കൂടിയായ ഷിന്‍ലര്‍ ജര്‍മന്‍ പട്ടാളത്തിന് വേണ്ടി പളുങ്ക് പാത്രങ്ങളും  മറ്റും നിര്‍മ്മിക്കുന്ന ഒരു ഫാക്ടറി തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് പോളണ്ടിലേക്ക് വരുന്നത്. ഇതിനുള്ള സൌകര്യങ്ങള്‍ക്കായി അവിടെയുള്ള ജര്‍മന്‍ പട്ടാളക്കാര്‍ക്ക് അകമഴിഞ്ഞ് കൈക്കൂലിയും മറ്റും ഷിന്‍ലര്‍ വാഗ്ദാനം ചെയ്യുന്നു. ഒപ്പം ജൂതനായ ഇട്സാക് സ്റ്റെന്‍ എന്ന ഒരു സഹായിയെയും ഒപ്പം കൂട്ടുന്നു. കുറഞ്ഞ കൂലിക്ക് ജൂതന്മാരായ തൊഴിലാളികളെ സംഘടിപ്പിക്കുക, അവിടെയുള്ള ലോക്കല്‍ ജൂത ബിസിനെസ്സുകാരുമായി ചങ്ങാത്തം കൂടുക എന്നതൊക്കെയാണ് സ്റ്റെന്നിനെ കൂടെ കൂട്ടാനുള്ള പ്രധാന കാരണം. ഫാക്ടറിയിലെ തൊഴിലാളികളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നിന്നും മറ്റും സംരക്ഷിക്കുന്നതിനായി സ്റ്റെന്‍, നാസി ബ്യുറോക്രസിക്ക് അത്യാവശ്യമായവര്‍ എന്ന ലിസ്റ്റില്‍ പെടുത്തി സംരക്ഷിക്കുന്നു. അമോന്‍ ഗോത് എന്ന ക്രൂരനായ പട്ടാളക്കാരന്‍ അവിടെ ഒരു ലേബര്‍ ക്യാമ്പ് നിര്‍മ്മിക്കുക എന്ന ദൌത്യമായി വരികയും അതിന്റെ ഭാഗമായി അനേകം ജൂതന്മാരെ കൊന്നൊടുക്കുകയും ചെയ്യുന്നു. ഇതെല്ലാം നേരിട്ട് കാണുന്ന ഷിന്‍ലര്‍ ആകെ അസ്വസ്ഥനാകുന്നു. സ്റ്റെന്‍ മുഖാന്തരം കൈക്കൂലി വാഗ്ദാനം ചെയ്തു ഷിന്‍ലര്‍ ഗോത്തുമായി ചങ്ങാത്തത്തില്‍ ആകുന്നു. അതിലൂടെ തൊഴിലാളികള്‍ക്കായി പട്ടാളക്കാരുടെ കവര്‍ച്ചയില്‍ നിന്നും അവരെ രക്ഷിക്കുന്നതിനായി ഷിന്‍ലര്‍ മറ്റൊരു ക്യാമ്പ് നിര്‍മ്മിക്കുന്നു.  പിന്നീട് അവിടെ നിന്നുള്ള സൈന്യത്തിന്‍റെ പിന്മാറ്റത്തിന്‍റെ ഭാഗമായി ബെര്‍ലിനില്‍ നിന്നുള്ള ആജ്ഞ പ്രകാരം ഗോത്, ചേരിയില്‍ കൊല്ലപ്പെട്ട ആയിരത്തിലധികം ജൂതന്മാരെ അവിടെ തന്നെ കത്തിക്കുകയും  മറ്റുള്ളവരെ ബെര്‍ലിനില്‍ എത്തിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്യുന്നു. എന്നാല്‍ വളരെ പ്രധാനപ്പെട്ട തന്‍റെ ചില തൊഴിലാളികളെ സ്വന്തം ജന്മനാട്ടില്‍ തുടങ്ങുന്ന ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള സമ്മതം ഗോത്തില്‍ നിന്നും കൈക്കൂലിയിലൂടെ ഷിന്‍ലര്‍ സ്വന്തമാക്കുന്നു. അതിന്‍ പ്രകാരം ഷിന്‍ലറും സ്റ്റെന്നും കൂടി ഒരു ലിസ്റ്റ് ഉണ്ടാക്കുന്നു. ഇതാണ് പിന്നീട് Schindler’s list” എന്ന പേരില്‍ അറിയപ്പെട്ടത്. കുറച്ചു പേരെയെങ്കിലും ഈ ക്രൂരതകളില്‍ നിന്നും രക്ഷിക്കുക എന്ന ഉദ്ദേശ്യം കൂടി ഇതിനു പിന്നില്‍ ഉണ്ടായിരുന്നു.



   ലിയാം നീസന്‍ എന്ന ഐറിഷ് നടനാണ് ഷിന്‍ലര്‍ എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അഭിനയിച്ചത്. ഒരുപാട് വിജയ ചിത്രങ്ങളില്‍ നീസന്‍ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് പ്രധാന അവാര്‍ഡുകളും ഈ നടന്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഈ സിനിമയില്‍. കൂടാതെ സ്റ്റെന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗാന്ധി എന്ന സിനിമയിലൂടെ പ്രശസ്തനായ നടന്‍ ബെന്‍ കിങ്സ്ലി ആണ്. പൂര്‍ണ്ണമായും ബ്ലാക്ക്‌ & വൈറ്റ് ആയാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ലോകത്തിലെ മികച്ച 10 സിനിമകളില്‍ ഒന്നായി ഈ സിനിമയെ പരിഗണിക്കുന്നു. സംവിധായക മികവ് കൊണ്ടും സാങ്കേതിക മികവ് കൊണ്ടും അഭിനേതാക്കളുടെ കഴിവ് കൊണ്ടും സമ്പന്നമാണ് ഈ സിനിമ. മിക്കവാറും എല്ലാ വിഭാഗങ്ങളിലുമുള്ള ആ വര്‍ഷത്തെ പ്രധാന അവാര്‍ഡുകള്‍ ഈ സിനിമ നേടിയിട്ടുണ്ട്.



A perfect movie that deserves to be remembered


Trailer