Sunday 8 December 2013

THE SONG OF SPARROWS

Avaze gonjesk ha – The Song of Sparrows-(Film 2008 – Iran)

Writer, Producer & Director : Majid Majidi
Genre : Drama
Language : Persian
Running Time : 96 minute




     മജീദ്‌ മജീദി - ലോക സിനിമാ പ്രേമികള്‍ക്കിടയില്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത സംവിധായകന്‍. ഇറാനിയന്‍ സിനിമകളെ കേരളത്തിലേക്കടുപ്പിച്ചതിനു ഈ സംവിധായകന്‍റെ സംഭാവന ചെറുതല്ല. അതിനുള്ള ഉദാഹരണങ്ങളാണ് “Children of Heaven”ഉം “Father”ഉം “Color of Paradise”ഉം എല്ലാം. ഒപ്പം “The Song of Sparrows” എന്ന ഈ ചിത്രവും. ഇറാനിലെ മദ്ധ്യവര്‍ഗ കുടുംബത്തില്‍ പിറന്ന മജീദ്‌ മജീദി അമേച്ച്വര്‍ നാടകാഭിനയത്തിലൂടെയാണ് തന്‍റെ കലാപ്രവര്‍ത്തനം ആരംഭിക്കുന്നത്. സിനിമാ അഭിനയത്തിനോടുള്ള അദ്ദേഹത്തിന്‍റെ താല്‍പ്പര്യങ്ങള്‍ തുടങ്ങുന്നത് ഇറാനിയന്‍ വിപ്ലവത്തിന് ശേഷമാണ്. മുഹ്സിന്‍ മഖ്മല്‍ബഫ് സംവിധാനം ചെയ്ത “Boycott” എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായി. പിന്നീട് നിരവധി ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. 1992ല്‍ സംവിധാനം ചെയ്ത “Baduk” ആണ് മജീദ്‌ മജീദിയുടെ ആദ്യ സിനിമ. ഇറാനില്‍ നിന്നും ഓസ്കാറിനു ആദ്യമായി പരിഗണിച്ച സിനിമ ഇദ്ദേഹത്തിന്‍റെ Children of Heaven ആയിരുന്നു. മിക്കവാറും ഇന്ത്യന്‍ ചലച്ചിത്ര മേളകളിലെ നിറ സാനിധ്യമാണ് ഇദ്ദേഹം. ഇന്നും സിനിമയില്‍ സജീവമായിരിക്കുന്ന മജീദിയുടെ അവസാനം റിലീസ്‌ ആയ സിനിമയാണ് “The Song of Sparrows”.  

The Song of Sparrows.


     


   ഗ്രാഫിക്സുകളുടെയും ടെക്നോളജിയുടെയും അതിപ്രസരം ഇല്ലാതെ തന്നെ ജീവിത യാഥാര്‍ത്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമകള്‍ നിര്‍മ്മിക്കാം എന്ന് നമുക്ക് കാണിച്ചു തന്ന ഒരു പാട് സംവിധായകാരുണ്ട്. അതില്‍ ഇറാനിയന്‍ സംവിധായകര്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. അതേ ഗണത്തില്‍ പെടുത്താവുന്ന, കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കണ്ടിരിക്കേണ്ട ഒരു സിനിമയാണ് 2008ല്‍ പുറത്തിറങ്ങിയ The Song of Sparrows എന്ന സിനിമ. ജീവിതത്തില്‍ നാം ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങളെ കുറിച്ച് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു ഈ സിനിമ. 





      ഒരു കുന്നിൻ ചെരിവിൽ ഒട്ടകപ്പക്ഷികളെ വളർത്തുന്ന ഫാമിൽ ജോലി ചെയ്യുന്ന കരീമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. അയാളുടെ പ്രതീക്ഷകളുടെ പ്രതീകമാണ് ഒട്ടകപ്പക്ഷികളും കുരുവികളും. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കരീമിന്‍റെ കുടുംബം. മൂത്ത മകള്‍ ഹനിയ ഒരു ബധിരയാണ്. ബധിരയായ മകളുടെ കേള്‍വിക്ക് വേണ്ടി ചെവിയില്‍ വെക്കുന്ന സെറ്റ്‌ നഷ്ട്ടപ്പെടുന്നിണ്ടത് നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഉപയോഗ ശൂന്യമായാണ് ഈ സെറ്റ്‌ പിന്നീട് തിരിച്ചു കിട്ടുന്നത്. പുതിയത് വാങ്ങുന്നതിന് പട്ടണത്തില്‍ പോകണം. വലിയ വിലയും നല്‍കേണ്ടി വരും. മകളുടെ പരീക്ഷ അടുത്തിരിക്കുന്നതിനാല്‍ എത്രയും പെട്ടെന്ന് വാങ്ങുകയും വേണം. ഒട്ടകപ്പക്ഷികൾ അയാളുടെ കൂട്ടുകാരാണ്. അവയോടയാൾ സംസാരിക്കും. ചിലപ്പോൾ സങ്കടങ്ങൾ വരെ പങ്കുവെക്കും. പട്ടണത്തില്‍ പോകുന്നതിനു 2 ദിവസം മുന്‍പ്‌ ഒരൊട്ടകപ്പക്ഷി ഫാമിൽനിന്ന് രക്ഷപ്പെടുന്നു. കുന്നിൻ മുകളിലേക്ക് ഓടിപ്പോയ അതിനെ ആർക്കും പിടിക്കാനാവുന്നില്ല. വലിയ വിലയുണ്ട് ഒട്ടകപ്പക്ഷിക്ക്. ജോലിയിൽ വീഴ്ച കാട്ടി എന്നു പറഞ്ഞു കരീമിനെ പിരിച്ചുവിടുന്നു. കരീം ബൈക്കില്‍ ടെഹ്റാന്‍ നഗരത്തില്‍ എത്തുന്നു. പട്ടണത്തില്‍ എത്തുന്ന കരീം യാദൃശ്ച്ച്ചികമായി ഇറാനില്‍ പ്രചാരമുള്ള ബൈക്ക് ടാക്സി ജോലിയില്‍ ഏര്‍പ്പെടുന്നു. അതിലൂടെ നല്ലൊരു ജീവിതം കൈവരുമെന്നു കരീം സ്വപ്നം കാണുന്നതിലൂടെ ആ ജോലി സ്ഥിരമാക്കുന്നു. മിണ്ടാപ്രാണികൾക്കിടയിൽനിന്ന് പൊടുന്നനെയാണ് നഗരമെന്ന അപരിചിത ലോകത്തേക്ക് കരീം എടുത്തെറിയപ്പെടുന്നത്. ഇതിനിടയില്‍ ഒരു അപകടത്തില്‍ പെടുന്ന കരീമിന് കുറെ നാളത്തെ വിശ്രമം ആവശ്യമായി വരുന്ന ഘട്ടത്തില്‍ മകന്‍ ഹുസൈന്‍ ജോലി ചെയ്തു പണം സമ്പാദിക്കുന്നു. ഇതെല്ലാം കരീം എന്ന പിതാവിനെ കൂടുതല്‍ വിഷമിപ്പിക്കുന്നു. ഇതാണ് കഥാ സന്ദര്‍ഭം.





     കുരുവികളുടെ പാട്ടുകളുടെ ഓളങ്ങള്‍ പോലെ തന്നെ കരീമിന്‍റെ ജീവിതത്തിലെ കയറ്റിറക്കങ്ങള്‍ ആണ് ഈ സിനിമയുടെ പ്രമേയം.ചെറിയ വരുമാനത്തിനിടയിലും ജീവിതത്തിലെ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നു കരീം. ഗ്രാമത്തിന്റെയും നഗരത്തിന്റെയും ജീവിത വ്യതിയാനങ്ങള്‍ ഭംഗിയായി കാണിച്ചിരിക്കുന്നു സംവിധായകന്‍. അതിനു ഒരു പരിതി വരെ സഹായിച്ച ചായഗ്രഹണം എടുത്തു പറയേണ്ടതാണ്. ഒപ്പം കരീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റെസ നാജി എന്ന നടന്റെയും. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഗണത്തില്‍ പെടുത്താവുന്ന ഒരു സിനിമയാണിത്. പ്രത്യേകിച്ച് കുട്ടികളെ. 




The Song of Sparrows is a beautiful movie with excellent performances all around. A must watch film.



Trailer





No comments:

Post a Comment