INVICTUS (Film 2009 – US)
Producer & Director : Clint Eastwood
Genre: Drama / Biography / History / Sports
Language: English / Afrikaans
Running Time: 135 Minute
ലോകം മുഴുവന്‍ മഡീബ എന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന പോരാളി നെല്‍സണ്‍ മണ്ടേലയുടെ നിര്യാണത്തില്‍ ദുഖിചിരിക്കുന്ന ഈ സമയത്തില്‍ അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഒരു പ്രധാന അദ്ധ്യായം പരാമര്‍ശിച്ചു കൊണ്ട് ഇറങ്ങിയ ഒരു സിനിമയെ കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍.
ക്ലിന്‍സ് ഈസ്റ്റ്‌വുഡ് – നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തന്‍. 1960-70 കാലഘട്ടങ്ങളിലെ പൌരുഷത്തിന്‍റെ പ്രതീകമായിരുന്നു ഈസ്റ്റ്‌വുഡിന്റെ കഥാപാത്രങ്ങള്‍. ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളും ആയിരുന്നു. 30ഓളം ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ ഒരുപാട് അവാര്‍ഡുകള്‍ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. “Million Dollar Baby” എന്ന സിനിമ ഈസ്റ്റ്‌വുഡിനു ഒരുപാട് പ്രശംസ നേടിക്കൊടുത്ത സിനിമയാണ്. 2009ല്‍ നെല്‍സന്‍ മണ്ടേലയെ ജീവിതത്തെ ആസ്പദമാക്കി സ്പോര്‍ട്സ് മുഖ്യവിഷയമാക്കിക്കൊണ്ട് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത സിനിമയാണ് “Invictus”.
ലാറ്റിനില്‍ Invicts എന്നാല്‍ അദൃശ്യന്‍ എന്നാണു അര്‍ഥം. എന്നാല്‍ ജയില്‍വാസക്കാലത്ത് മണ്ടേല ഏറ്റവും ഇഷ്ട്ടപ്പെട്ടിരുന്ന വിശ്വപ്രസിദ്ധമായ ഒരു ഇംഗ്ലീഷ് കവിതയാണ് Invictus. പ്രതിസന്ധികള്‍ തരണം ചെയ്തു ആത്മവിശ്വാസത്തോടെ വിജയത്തിലേക്ക് കുതിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് 1875ല്‍ വില്യം ഏണസ്റ്റ് ഹെന്‍ലി രചിച്ച ഈ കവിത. വര്‍ണ്ണ വിവേചനം ജനങ്ങളുടെ ഹൃദയത്തില്‍ സൃഷ്ട്ടിച്ച മുറിപ്പാടുകള്‍ ഉണക്കാന്‍ റഗ്ബി എന്ന കായിക വിനോദത്തിലൂടെ, മണ്ടേല ശ്രമിക്കുന്നതാണ് പ്രമേയം.
Playing for Something More
27 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം 1990 ഫെബ്രുവരി 11നു മോചിതനാകുന്ന നാള്‍ മുതല്‍ പ്രസിഡണ്ട് പദവിയിലെത്തുന്ന നാള്‍ വരെയുള്ള ഒരു ചെറു വിവരണത്തോടെയാണ് സിനിമ തുടങ്ങുന്നത്. തുടര്‍ന്ന് പ്രസിഡണ്ട് ആയ ശേഷമുള്ള അദ്ദേഹത്തിന്‍റെ നാളുകളിലൂടെ സിനിമ സഞ്ചരിക്കുന്നു. അക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ഇടയില്‍ കിടന്നിരുന്ന നാടിനെ പുനരുജ്ജീവിപ്പിക്കുക എന്നൊരു വലിയ ദൗത്യമായിരുന്നു അദ്ദേഹത്തിന്‍റെ മുന്നില്‍ ഉണ്ടായിരുന്നത്. കറുത്തവനെന്നും വെളുത്തവനെന്നും ഉള്ള വിവേചനം ജനങ്ങളുടെ മനസ്സില്‍ നിന്നും നീക്കം ചെയ്യണം. ഒരിക്കല്‍ തന്‍റെ രാജ്യത്തെ റഗ്ബി ടീമിന്‍റെ കളി കാണുന്ന വേളയില്‍, ഭൂരിഭാഗവും വെളുത്തവര്‍ അംഗങ്ങളായുള്ള സ്വന്തം ടീമിനെതിരെ അവിടുത്തെ ജനങ്ങള്‍ വിളിച്ചു കൂവുന്നത് അദ്ദേഹം കാണുകയുണ്ടായി. 1995ലെ റഗ്ബി ലോക കപ്പിനുള്ള വേദിയായി ദക്ഷിണാഫ്രിക്ക തിരഞ്ഞെടുത്ത സമയം കൂടിയായിരുന്നു അത്.കറുത്ത വര്‍ഗ്ഗക്കാര്‍ കയ്യടക്കിയിരുന്ന അവിടുത്തെ സ്പോര്‍ട്സ് കമ്മിറ്റിയോട് റഗ്ബി ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ മണ്ടേല ഉത്തരവിടുന്നു. ടീമിന്‍റെ ക്യാപ്റ്റന്‍ ആയ ഫ്രാന്‍സിസ് പിയനാറിനോട്, ടീമിന്‍റെ ലോക കപ്പ് വിജയം രാജ്യത്ത് വരുത്താന്‍ പോകുന്ന മാറ്റങ്ങളെ പറ്റി വിശദീകരിക്കുന്നു. അതിനു “Invictus” എന്ന തന്‍റെ പ്രിയപ്പെട്ട കവിതയെ ക്യാപ്റ്റന് പരിചയപ്പെടുത്തിക്കൊടുക്കുന്നു മണ്ടേല. ഈ വിജയം രാജ്യത്ത് ജനങ്ങളുടെ ഏകീകരണത്തിനു വലിയൊരു പങ്കു വഹിക്കാന്‍ കഴിയും എന്ന് മണ്ടേല കണക്ക് കൂട്ടുന്നു. വെള്ളക്കാരുടെ കളിയായി മാത്രം സങ്കല്‍പ്പിച്ചു പോന്നിരുന്ന അവിടുത്തെ ചില കറുത്ത വര്‍ഗ്ഗക്കാരായ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റുന്നതിനായി അവരുടെ ഗ്രാമങ്ങളില്‍ ഒരു സൗഹൃദ സന്ദര്‍ശനം നടത്താന്‍ മണ്ടേല ടീമിനോട് നിര്‍ദ്ദേശിക്കുന്നു. മണ്ടേലയുടെ ഈ ലക്ഷ്യത്തിനു എല്ലാ പിന്തുണയും നല്‍കി ക്യാപ്റ്റന്‍ ലോക കപ്പിന് തയ്യാറാകുന്നതും, ആ വര്‍ഷത്തെ ലോക കപ്പില്‍ ദക്ഷിണാഫ്രിക്ക വിജയികളാകുന്നതുമായ ചരിത്രമാണ് ഈ സിനിമ മുന്നോട്ടു വെക്കുന്നത്.
നമ്മള്‍ കേട്ട് വളര്‍ന്ന ധീര വിപ്ലവകാരിയുടെ മറ്റൊരു മുഖം മാത്രമാണ് ഈ ചിത്രത്തിലൂടെ കാണുന്നത്. ഒരു സ്പോര്‍ട്സ് പ്രേമിയുടെ. പക്ഷെ അതും അദ്ദേഹത്തിന്‍റെ പോരാട്ടങ്ങളുടെ തുടര്‍ച്ചയായിരുന്നു. ഒരു സ്പോര്‍ട്സ് സിനിമ എന്ന ലേബലില്‍ നിറുത്താതെ രാഷ്ട്രീയവും സാമൂഹികവും ആയ വിഷയങ്ങള്‍ ഈ സിനിമയില്‍ വളരെ വ്യക്തമായി കൈകാര്യം ചെയ്തിരിക്കുന്നു. മോര്‍ഗന്‍ ഫ്രീമാന്‍ ആണ് മണ്ടേലയുടെ വേഷം ചെയ്തിരിക്കുന്നത്. ആ അഭിനയ മികവിനെ അഭിനന്ദിക്കാന്‍ ചിലപ്പോള്‍ വാക്കുകള്‍ പോരാതെ വരും. ഇതിനു മുന്നും ഈ നടന്‍ നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മാറ്റ് ഡാമന്‍ എന്ന ഹോളിവുഡ് നടനാണ് ക്യാപ്റ്റന്‍ ആയി അഭിനയിച്ചിരിക്കുന്നത്. രണ്ടു പേര്‍ക്കും മികച്ച നടനും, സപ്പോര്‍ടിംഗ് നടനും ഉള്ള ഒരു പാട് അവാര്‍ഡുകള്‍ ഈ സിനിമയിലൂടെ കരസ്ഥമാക്കി. ഒപ്പം മികച്ച ചിത്രത്തിനും, ക്ലിന്‍സ് ഈസ്റ്റ്‌വുഡ് എന്ന സംവിധായകനും.
No comments:
Post a Comment