Wednesday, 7 January 2015

IDA



Ida (Poland - 2013)
Directed by : Paweł Pawlikowski
Cinematography : Lukasz Zal, Ryszard Lenczewski
Starring : Agata Kulesza, Agata Trzebuchowska, Dawid Ogrodnik
Genre : Drama
Language : Polish
Running Time : 80 Minutes


        Paweł Pawlikowski 2013ല്‍ സംവിധാനം ചെയ്ത സിനിമയാണ് Ida. 87-മത് അക്കാദമി അവാര്‍ഡില്‍ മികച്ച വിദേശ ഭാഷ ചിത്രത്തിന് വേണ്ടിയുള്ള മത്സരത്തില്‍ പോളണ്ടില്‍ നിന്നുള്ള ഔദ്യോഗിക ചിത്രം. 1960 കാലഘട്ടമാണ് കഥാ പശ്ചാത്തലം.



    മനോഹരമായ ഈ ചിത്രം അന്ന എന്ന കന്യാസ്ത്രീയുടെ ജീവിതത്തിലെ വിലപ്പെട്ട കുറച്ചു ദിവസത്തെ കഥ പറയുന്നു. അന്ന വളര്‍ന്നത്‌ ഒരു കോണ്‍വെന്റില്‍ ആണ്.തന്‍റെ ശിഷ്ട കാലം ഒരു കന്യാ സ്ത്രീയായി അവിടെ തന്നെ കഴിയണം എന്നാണു അന്നയുടെ ആഗ്രഹം. സ്ഥാനാരോഹണത്തിനു മുന്നായി അവിടുത്തെ മദര്‍ സുപീരിയര്‍ അന്നയെ, വാന്‍റയുടെ അടുത്തേക്ക് അയക്കുന്നു. അന്നയുടെ ജീവിച്ചിരിക്കുന്ന ഒരേ ഒരു ബന്ധുവാണ് വാന്‍റ.


    അമ്മയുടെ അനുജത്തിയായ ജഡ്ജ് കൂടിയായ അവരില്‍ നിന്നും അന്ന തന്‍റെ ഭൂത കാലത്തെ കുറിച്ച് കൂടുതല്‍ അറിയുന്നു. യഥാര്‍ത്ഥത്തില്‍ അന്നയുടെ ശരിയായ പേര് ഇദ എന്നാണെന്നും അവര്‍ ജൂതന്മാരെണെന്നും ഉള്ള സത്യം വാന്‍റയില്‍ നിന്നും മനസ്സിലാക്കുന്നു. 20 വര്‍ഷം മുന്‍പ് അവരുടെ കുടുംബത്തിനു സംഭവിച്ച അജ്ഞാതമായ രഹസ്യം തേടി അവര്‍ രണ്ടു പേരും നാട്ടിലേക്ക് യാത്ര പോകുന്നു.


    പ്രതിഭകളുടെ സംഗമമായി ഈ ചിത്രത്തെ നമുക്ക് കാണാം. മികച്ച സംവിധാനം, ചായാഗ്രഹണം, ചിത്ര സംയോജനം, അഭിനയം, സംഗീതം എന്നീ എല്ലാ മേഖലകളിലും ഈ ചിത്രം മികച്ചു നില്‍ക്കുന്നു. ബ്ലാക്ക്‌ & വൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയുടെ പ്രധാന ആഘര്‍ഷണം അതി മനോഹരമായ ദൃശ്യ ഭംഗി തന്നെയാണ്. സിനിമാ നിരൂപകരുടെ പ്രശംസകള്‍ക്കും, ഒരു പാട് ബഹുമതികള്‍ക്കും ഈ ചിത്രം അര്‍ഹയായിട്ടുണ്ട്.

Awards: Nominated for 1 Golden Globe. Another 47 wins & 25 nominations.

Literally a feast of visual and content

Trailer :


Friday, 12 December 2014

WADJDA

Wadjda (Film - Soudi Arabia 2012)


Written & Directed By : Haifaa Al Mansour

Starring : Waad Mohammed, Reem Abdulla, Abdul Rahman Al Guhani

Genre : Drama

Language : Arabic

Running Time : 98 Minute




       സിനിമ പോലൊരു മാധ്യമത്തിന് വളരെയധികം പരിമിധികള്‍ ഉള്ള, തിയറ്ററുകള്‍ക്ക് പോലും അനുമതിയില്ലാത്ത സൗദി അറേബ്യ പോലൊരു രാജ്യത്ത് നിന്നും, അതിന്‍റെ പരിമിധികളില്‍ നിന്ന് കൊണ്ട്, എന്നാല്‍ അതത്ര ബാധിക്കാതെ ചിത്രീകരിച്ച മനോഹരമായ ഒരു ചിത്രം ആണ് Wadjda. സൗദി അറേബ്യയില്‍ മുഴുവനായും ചിത്രീകരിച്ച ആദ്യ സിനിമയാണിത്. അതും ഒരു സ്ത്രീ സംവിധായകയുടെ വിരുതില്‍. 2012ല്‍ ഹൈഫാ അല്‍ മന്‍സൂര്‍ സംവിധാനം ചെയ്ത ചിത്രം.


      സൗദി അറേബ്യയിലെ അറിയപ്പെടുന്ന ഫിലിം മേക്കറും   ആദ്യത്തെ വനിത സംവിധായകയും ആണ് ഹൈഫ. കൈറോയിലെ അമേരിക്കന്‍ യുണിവേഴ്സിറ്റിയിലെ പഠനത്തിനു ശേഷം സിഡ്നിയില്‍ ഫിലിം മേക്കിംഗ് പഠനം. പിന്നീട് സാമൂഹിക വിഷയങ്ങളില്‍ ഊന്നിയ അറബ് ഡോക്യുമെണ്ടറികളിലൂടെ പ്രശസ്തയായി. Wadjda, ഹഫയുടെ ആദ്യ സിനിമയായിരുന്നു. 



      കുട്ടികളുടെ ചിത്രം എന്ന പുറംമോടിയില്‍ നിന്ന് കൊണ്ട് ആ രാജ്യത്തെ ജനങ്ങളുടെ ജീവിത രീതിയും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും എടുത്തു പറയുന്നുണ്ട് ഈ ചിത്രം. വളരെ ലളിതമായൊരു കഥയെന്നു തോന്നാമെങ്കിലും ആ രാജ്യത്ത് ഈ കഥയുടെ പ്രസക്തി ചിത്രത്തെ ഗൌരവമേറിയതാക്കുന്നു. 10 വയസ്സുള്ള വജ്ദ (Wadjda) എന്ന കുട്ടിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. സൈക്കിള്‍ സവാരി വളരെയധികം ഇഷ്ട്പ്പെട്ടിരുന്ന കുട്ടിയാണ് വജ്ദ. സ്കൂളിലേക്ക് പോകുന്ന വഴിയിലെ കടയില്‍ നോക്കി വെച്ചിരിക്കുന്ന 800 സൗദി റിയാലോളം വിലയുള്ള സൈക്കിള്‍ സ്വന്തമാക്കുക എന്നതാണ് വജ്ദയുടെ ആഗ്രഹം. അവളുടെ കൂട്ടുകാരനായ അബ്ദുള്ളയുടെ ഇടക്കിടെയുള്ള വെല്ലുവിളികളും ഈ ആഗ്രഹത്തിന് പുറകിലുണ്ട്. പെണ്‍കുട്ടികള്‍ സൈക്കിള്‍ ഓടിക്കാന്‍ പാടില്ല എന്ന കാരണത്താല്‍ വജ്ദയുടെ ഉമ്മ ഈ ആവശ്യം നിരസിക്കുന്നു.



    അടുത്തൊരു സ്കൂളില്‍ ജോലി ചെയ്യുന്ന ഉമ്മയും ആഴ്ചയിലൊരിക്കല്‍ അകലെയുള്ള ജോലി സ്ഥലത്ത് നിന്നും വന്നു പോകുന്ന വജ്ദയുടെ വാപ്പയും സ്നേഹ നിധികള്‍ ആയിരുന്നു. വജ്ദ അവരുടെ ഏക മകള്‍ ആയിരുന്നു. സൈക്കിള്‍ വാങ്ങുന്നതിന് സ്വന്തമായി കാശ് ഉണ്ടാക്കുന്നതിനായി സ്വന്തമായി നെയ്തെടുക്കുന്ന ബ്രേസ് ലെറ്റുകള്‍ സ്കൂളിലെ കുട്ടികള്‍ക്ക് ആരും അറിയാതെ വില്‍പന നടത്തിയിരുന്നു വജ്ദ. കൂടാതെ ആരും അറിയാതെ, മറ്റു രാജ്യങ്ങളിലെ റേഡിയോ സ്റ്റേഷനുകള്‍ ട്യുന്‍ ചെയ്തു പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്ത് സ്വന്തമായി കവര്‍ ഡിസൈന്‍ ചെയ്തു ഒരു ഷോപ്പില്‍ വില്‍ക്കും അവള്‍. ആ കടയില്‍ തന്നെയാണ് വജ്ദ നോക്കി വെച്ചിരിക്കുന്ന സൈക്കിളും. 


   സ്കൂള്‍ പ്രിന്‍സിപ്പാളിന്‍റെ പ്രധാന നോട്ടപ്പുള്ളിയാണ് വജ്ദ. ശരിയായ രീതിയില്‍ സ്കാര്‍ഫ് ധരിക്കണമെന്ന പ്രിന്‍സിപ്പലിന്‍റെ സ്ഥിരമായ നിര്‍ദേശം പലപ്പോഴും വജ്ദ പാലിക്കാറില്ല. ആയിടെയാണ് 1000 റിയാല്‍ സമ്മാന തുക ലഭിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം ആ സ്കൂളില്‍ നടത്തപ്പെടുന്നത്. തന്‍റെ സൈക്കള്‍ വാങ്ങുന്നതിനുള്ള നല്ലൊരു അവസരമായി കണ്ട കൊണ്ട് വജ്ദ ഈ മത്സരത്തില്‍ പങ്കെടുക്കുന്നു. നല്ലൊരു ഗായിക കൂടിയായ വജ്ദയുടെ ഉമ്മ അതിനു സഹായിക്കുകയും ചെയ്യുന്നു.


    സൗദി അറേബ്യയില്‍ ചിത്രീകരിച്ച സിനിമ, വനിതാ സംവിധായക, തുടങ്ങീയുള്ള പ്രത്യേകതകള്‍ക്കിടയിലും ഈ സിനിമയുടെ പ്രധാന ആകര്‍ഷണം വജ്ദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വാദ് മുഹമ്മദ്‌ എന്ന കുട്ടിയാണ്. അഭിനയത്തില്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത സൗദി സ്വദേശിയായ ഈ കുട്ടിയുടെ അനായാസേനയുള്ള അഭിനയം ഈ ചിത്രത്തിനു നല്‍കിയിട്ടുള്ള ജീവന്‍ വളരെ വലുതാണ്‌. പലയിടങ്ങളിലും ചര്‍ച്ചകള്‍ക്ക് പാത്രമാകാറുള്ള ആ രാജ്യത്തെ സ്ത്രീകളുടെ ജീവിതം, നിയമ ചട്ടക്കൂടുകള്‍ എല്ലാം വിഷയമാക്കിയിട്ടുണ്ട് വജ്ദ എന്ന ഈ മനോഹര ചിത്രം. വജ്ദയുടെ അമ്മയായി അഭിനയിച്ചിട്ടുള്ള റീം അബ്ദുള്ള മാത്രമാണ് മുന്‍ പരിചയം ഉള്ള നടി. 


    ഈ ചിത്രത്തിന്‍റെ ചിത്രീകരണത്തിന് സംവിധായക ഒട്ടേറെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതു സ്ഥലങ്ങളിലെ ചിത്രീകരണ സമയത്ത് പലപ്പോഴും വാനിനുള്ളില്‍ ഇരുന്നു കൊണ്ട് മോണിട്ടറുകളുടെയും വാക്കി ടോക്കികളുടെയും സഹായത്തോടെയാണ് ചിത്രീകരിച്ചിരുന്നത്. പൊതു സ്ഥലങ്ങളില്‍ അന്യ പുരുഷന്മാരുമായി പരസ്യമായി സംസാരിക്കുന്നതിനുള്ള കര്‍ശനമായ വിലക്ക് സംവിധായകക്ക് ഉണ്ടായിരുന്നു. ഒരുപാട് ചലച്ചിത്ര മേളകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ചലച്ചിത്ര പ്രദര്‍ശനങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ചിത്രം. 


അംഗീകാരങ്ങള്‍ :
86-മത് ഓസ്ക്കാര്‍ അവാര്‍ഡിന് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള സൗദി അറേബ്യയില്‍ നിന്നുള്ള ആദ്യ എന്‍ട്രി നേടിയ ചിത്രം. (അവസാന തിരഞ്ഞെടുപ്പില്‍ പുറത്തായി).
Nominated for 1 BAFTA award. Another  21 wins and 22 nominations.

Brave and brilliant effort from Soudi Arabia's first female director Haifa Al Mansour. A simple yet delightful story about freedom. 

Trailer :

Tuesday, 2 December 2014

RASHOMON

Rashomon (Film - Japan 1950)

Screenplay, Editing & Directed by : Akira Kurosawa

Based on "Rashomon" and "In a Grove" by Ryunosuke Akutagawa

Starring : Toshiro Mifune, Machiko Kyo, Masayuki Mori, Takashi Shimura

Genre : Drama

Language : Japanese

Running Time : 88 Minute



    ക്ലാസ്സിക്കുകളായ ഒരുപാട് സിനിമകളും പുസ്തകങ്ങളും കാല,ഭാഷ ഭേദമന്യേ എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കും. അത്തരത്തില്‍പ്പെട്ട ഒരു ജാപനീസ് സിനിമയാണ് 1950ല്‍ അകിര കുറൊസവ സംവിധാനം ചെയ്ത "റാഷമോണ്‍". സിനിമ എന്ന കലാരൂപത്തെ ജനകീയനാക്കിയ സംവിധായകന്‍ കുറോസാവയുടെ മികച്ച സൃഷ്ട്ടികളില്‍ ഒന്ന്. 


    രണ്ടു ചെറു കഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ഒരു ചിത്രത്തെ സമീപിക്കുന്നതില്‍ നിന്നും മാറി, ഈ ചിത്രത്തിന്‍റെ നാടകീയ സംഭവ വികാസങ്ങളെ വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കേണ്ടതുണ്ട്. ഒരു കൊലപാതകത്തെ നാല് പേരുടെ കാഴ്ചപ്പാടില്‍ വിവരിക്കുന്നതാണ് ഈ സിനിമയുടെ പ്രമേയം. നാലും നാല് രീതിയില്‍ വ്യത്യസ്ഥമാണ്‌.


    നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ഈ കഥ നടക്കുന്നത്. കോരിച്ചൊരിയുന്ന ഒരു മഴയത്ത് മൂന്നു വഴിയാത്രക്കാര്‍ "റാഷമോണ്‍" എന്ന നഗര കവാടത്തില്‍ താല്‍ക്കാലിക അഭയം പ്രാപിക്കുന്നു. പ്രകൃതി ദുരിതങ്ങളും യുദ്ധവും രോഗങ്ങളും മൂലം ജനങ്ങളെല്ലാം അസന്തുഷ്ടരായി കഴിഞ്ഞിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. നഗര കവാടത്തില്‍ ഉണ്ടായിരുന്ന പുരോഹിതനും മരം വെട്ടുകാരനും കൂടി, അവര്‍ സാക്ഷികളായ ഒരു കൊലപാതകത്തിന്‍റെ കോടതി വിചാരണയുടെ കഥ മൂന്നാമനോട് പറയുന്നു. ഒരു കാട്ടില്‍ വെച്ചാണ് കൊലപാതകം നടക്കുന്നത്. ഒരു വ്യാപാരിയും ഭാര്യയും കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു സാമുറായ്‌ അവരെ ആക്രമിക്കുകയും ഭാര്യയെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് വ്യാപാരി കൊല്ലപ്പെടുന്നു. പിന്നീട് കോടതി വിചാരണക്കിടെ മോഷ്ടാവും, വ്യാപാരിയുടെ ഭാര്യയും, ഭാര്യയിലൂടെ വ്യാപാരിയുടെ ആത്മാവും, ദൃസ്സാക്ഷികളായ മരം വെട്ടു കാരനും അവരവരുടെ കാഴ്ചപ്പാടിലൂടെ കൊലപാതകം വിവരിക്കുന്നു. ഒരു സംഭവത്തെ വിവിധ ആളുകള്‍ അവരവരുടെ മാനസിക നിലയനുസരിച്ച് വിവിധ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന മനശാസ്ത്രപരമായ ഒരു സമീപനമാണ് ഈ ചിത്രം ഉയര്‍ത്തിക്കാണിക്കുന്നത്.


    സാങ്കേതികപരമായി വിലയിരുത്തുമ്പോള്‍ ഈ ചിത്രത്തിന്‍റെ ക്യാമറ മികവിനെ എടുത്തു പറയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് കാടുകള്‍ക്കുള്ളിലെ ചിത്രീകരണം. വേഗതയില്‍ ചലിക്കുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം വളരെ അനായാസേന ചലിക്കുന്ന ക്യാമറ , ചിത്രീകരിച്ച കാലഘട്ടം കണക്കിലെടുക്കുമ്പോള്‍ അത്ഭുധമായി തോന്നി. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ പ്രകടനവും ഈ ബ്ലാക്ക്‌ & വൈറ്റ് ചിത്രത്തെ കൂടുതല്‍ വര്‍ണ്ണനീയമാക്കി.


      1951ലെ അക്കാദമി പുരസ്ക്കാരം അടക്കം ഒരുപിടി പുരസ്ക്കാരങ്ങള്‍ ആണ് ഈ ചിത്രത്തെയും കുറോസവയെയും തേടിയെത്തിയത്. ജാപ്പനീസ് സിനിമക്കും കുറോസവക്കും ലോക സിനിമയുടെ  നെറുകയിലേക്കുള്ള ഒരു വാതായനമായിരുന്നു ഈ ചിത്രം. ഒപ്പം അകിര കുറൊസാവയുടെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നും. സിനിമ ക്ലാസിക്കുകളുടെ ലോകത്തെ മറ്റൊരു മാസ്റ്റര്‍ പീസായി "റാഷമോണ്‍" ഇടം പിടിച്ചു നില്‍ക്കുന്നു. കുറസോവയുടെ മറ്റൊരു ചിത്രമായ ദര്‍സു ഉസാലയെ കുറിച്ച് ബ്ലോഗില്‍ മുമ്പ് എഴുതിയിരുന്നു.

Masterclass Story telling.. Must watch..

Wednesday, 5 November 2014

KES

Kes (Film - UK 1969)

Directed by Ken Loach

Based on "A Kestrel for a Knave" by Barry Hines

Starring : David Bradley, Freddie Fletcher, Colin Welland

Genre : Drama

Language : English

Running Time : 110 Min.



    A Kestrel for a Knave എന്ന നോവലിനെ ആസ്പദമാക്കി 1969ല്‍ Ken Loach സംവിധാനം ചെയ്ത സിനിമയാണ് KES. നൂറ്റാണ്ടിലെ ഏറ്റവും മികച്ച 10 ബ്രിട്ടീഷ്‌ സിനിമകളില്‍ ഒന്നായി ബ്രിട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്ത ചിത്രം. കുട്ടികള്‍ക്കായുള്ള മികച്ചൊരു ചിത്രമാണിത്. ഇംഗ്ലണ്ടിലെ യോര്‍ക്ക്‌വേര്‍ എന്ന പ്രദേശത്താണ് ഈ ചിത്രം നടക്കുന്നത്. പ്രാദേശിക ഭാഷ ഇംഗ്ലീഷ് തന്നെയാണെങ്കിലും ഉച്ചാരണ രീതിയില്‍ വെത്യാസമുണ്ട്. ആ ഭാഷയാണ്‌ ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള സിനിമാനുഭവം ആദ്യമായാണ്‌. 


          1960 കാലഘട്ടത്തിലെ ബില്ലി കാസ്പര്‍ എന്ന പതിനാലുകാരന്‍റെ വിദ്യാലയ ജീവിതത്തിലെ അവസാനത്തെ ഏതാനും ആഴ്ചകളിലെ സംഭവ വികാസങ്ങളാണ് KES എന്ന ഈ ചലച്ചിത്രം പറയുന്നത്. വടക്കന്‍ ഇംഗ്ലണ്ടിലെ ഒറ്റപ്പെട്ട ഒരു യാഥാസ്ഥിതിക സാമൂഹിക വ്യവസ്ഥിതിയില്‍ ആണ് കാസ്പറും അമ്മയും ചേട്ടനും കൂടി താമസിക്കുന്നത്. അച്ചന്‍റെ അഭാവത്തില്‍ ചേട്ടനായിരുന്നു കുടുംബത്തിന്‍റെ ചിലവുകള്‍ മുഴുവനും നടത്തിയിരുന്നത്. അലസനും ദേഷ്യക്കാരനുമായ ചേട്ടന്‍റെ എല്ലാ ദേഷ്യവും കാസ്പറുടെ അടുത്താണ് തീര്‍ത്തിരുന്നത്‌. അമ്മയുമായി നിരന്തരം വഴക്കും. ഇത്തരം ചുറ്റുപാടില്‍ കാസ്പര്‍ തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. സ്കൂളിലും സ്ഥിതി മറിച്ചായിരുന്നില്ല. ആവശ്യത്തിനും അനാവശ്യത്തിനും പല അച്ചടക്ക രീതികളും പറഞ്ഞു ടീച്ചര്‍മാരുടെ അനിഷ്ട്ത്തിനു കാസ്പര്‍ പലപ്പോഴും പാത്രമാകുകയായിരുന്നു പതിവ്. അങ്ങനെയിരിക്കെ കാസ്പറിനു ഒരു ചെറിയ പരുന്തിനെ കിട്ടുന്നു. കെസ് എന്ന് അവനതിനു പേരിട്ടു. സ്വന്തമായി കാസ്പര്‍ പരുന്തിനു പറക്കാനും മറ്റും ട്രെയിനിംഗ് കൊടുക്കുന്നു. വിരസ നാളുകള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ അവന്‍റെ ജീവിതത്തില്‍ അങ്ങനെ കൈ വരുന്നു. ഇതാണ് ഈ ചിത്രത്തിന്‍റെ പ്രധാന പ്രമേയം. പക്ഷെ ഈ സിനിമയില്‍ ഒരു പ്രേക്ഷകനെ ഏറ്റവും കൂടുതല്‍ ആഘര്‍ഷിക്കുക തൊണ്ണൂറുകള്‍ വരെ ബാല്യം ആസ്വദിക്കാന്‍ കിട്ടിയവരുടെ പഴയ കാലത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് ആയിരിക്കും. 



      മനസ്സില്‍ ആ ബാല്യം വളരെ മനോഹരമായി ഓര്‍മ്മപ്പെടുത്തി തരുന്നു ഈ ചിത്രം. നാട്ടിട വഴികളിലൂടെ നടന്നു പോകുമ്പോള്‍ ഒരു കമ്പേടുത്ത് ചെടികളുടെ ഞെട്ടുകള്‍ വെട്ടി മാറ്റി നടക്കുന്നത് മുതല്‍ ബാല്യത്തില്‍ നമ്മള്‍ പറയുന്ന നിഷ്ക്കളങ്കമായ നുണകള്‍ വരെ ഓരോ ബാല്യ കാല കുസൃതികളും സൂക്ഷ്മതയോടെ അവതരിപ്പിച്ചിരിക്കുന്നു സംവിധായകന്‍. സിനിമയുടെ ലാളിത്യവും അത് നല്‍കുന്ന സന്ദേശവും ആണ് ഈ സിനിമയുടെ മനോഹാരിത.  കായികാധ്യാപകന്‍ നടത്തുന്ന ഫുട്ബോള്‍ മത്സരം ഈ സിനിമയുടെ ഏറ്റവും രസകരമായ രംഗങ്ങളില്‍ ഒന്നാണ്. കാസ്പര്‍ ആയി അഭിനയിച്ച  David Bradley എന്ന കുട്ടിയുടെ അഭിനയം ഈ ചിത്രത്തിന്‍റെ മുതല്‍കൂട്ടാണ്.




    അത്തരത്തില്‍ നമ്മുടെയെല്ലാം ബാല്യത്തിലേക്കും വിദ്യാലയ ജീവിതത്തിലേക്കും മനസ്സിനെ കൊണ്ട് ചെന്നെത്തിക്കുന്നതില്‍ KES എന്ന സിനിമയും Ken Loach  എന്ന സംവിധായകനും വിജയിച്ചു എന്ന് തന്നെ പറയാം. സ്കൂളുകളിലും മറ്റും നടത്തുന്ന കുട്ടികള്‍ക്കായുള്ള ചലച്ചിത്ര പ്രദര്‍ശനങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ചിത്രമാണിത്. 

AWARDS:
Won 2 BAFTA Awards :
    Most Promising Newcomer to Leading Film Roles : David Bradley
    Best supporting Actor : Colin Welland
     
Another 3 awards & 4 nominations.


KES, when childhood is stolen..

Trailer :


Thursday, 30 October 2014

THE BAND'S VISIT

Bikur Ha-Tizmoret :- The Band's Visit (Film - Israel 2007)
Written & Directed by : Eran Kolirin

Starring : Sasson Gabai, Ronit Elkabetz, Saleh Bakri

Genre : Drama / Comedy / Music

Language : Arabic, English, Hebrew

Running Time : 87 Minute




       2007ല്‍ ഈജിപ്ഷ്യന്‍ സംവിധായകന്‍ Eran Kolirin സംവിധാനം ചെയ്ത ഇസ്രായേല്‍ സിനിമയാണ് The Band's Visit. 2007ലെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു ഈ സിനിമ. ഇസ്രായേലില്‍ എത്തുന്ന ഒരു ഈജിപ്ഷ്യന്‍ പോലിസ് ബാന്ടിന്‍റെ ഒരു രാത്രിയാണ് ഈ സിനിമയുടെ കഥാതന്തു.


     തൌഫീക്ക് നയിക്കുന്ന എട്ട് അംഗങ്ങള്‍ അടങ്ങിയ Alexandria Ceremonial Police Band, ഇസ്രായേല്‍ അറബ് കള്‍ച്ചറിന്‍റെ പ്രത്യേക ക്ഷണം അനുസരിച്ച് ഇസ്രായേല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നു. അവിടെ അവരെ സ്വീകരിക്കാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. കയ്യിലുണ്ടായിരുന്ന അഡ്രെസ്സ് വെച്ച് അവര്‍ തനിയെ ബസ്സില്‍ യാത്ര ചെയ്യുന്നു. എന്നാല്‍ സ്ഥലത്തിന്‍റെ ഉച്ചാരണത്തിലെ അപാകത മൂലം അവര്‍ എത്തിച്ചേരുന്നത് ജനവാസം താരതമ്യേന കുറവായ ഒരു മരുഭൂമിയുടെ സമീപ സ്ഥലത്താണ്. ഒരു കഫെ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ദിന എന്ന യുവതിയാണ് ആ കഫെയുടെ നടത്തിപ്പുകാരി. ദിനയുടെ രണ്ടു സുഹൃത്തുക്കളും ആണ് അവിടെ ആകെ ഉണ്ടായിരുന്നത്. അവരില്‍ നിന്നാണ് അവര്‍ക്ക് സ്ഥലം മാറിപ്പോയെന്നും തിരിച്ചുള്ള ബസ്‌ പിറ്റെന്നു രാവിലെ മാത്രമേ ഉള്ളൂ എന്നും അറിഞ്ഞത്. താമസിക്കാന്‍ ഒരു ഹോട്ടല്‍ പോലും ഇല്ലാതിരുന്ന ആ സ്ഥലത്ത് ടിനയുടെ കഫെയിലും, വീട്ടിലും, സുഹൃത്തുക്കളുടെ വീട്ടിലും ആയി അവര്‍ക്ക് വേണ്ട താമസ സൌകര്യങ്ങള്‍ ഒരുക്കുന്നു. തൌഫീക്കും ഗ്രൂപ്പിലെ മറ്റൊരു അംഗമായ ഖാലിദും ദിനയുടെ ഒപ്പം വീട്ടില്‍ താമസിക്കുന്നു. മറ്റു അംഗങ്ങള്‍ രണ്ടു പേര്‍ വീതം കഫെയിലും മറ്റു വീടുകളിലും ആയി താമസിക്കുന്നു.





     യുദ്ധങ്ങളും മറ്റു ആഭ്യന്തര പ്രശ്നങ്ങളും അവിടുത്തെ ജനങ്ങളുടെ ഇടയില്‍ യാതൊരു ചലനങ്ങളും ഉണ്ടാക്കിയിട്ടില്ലായിരുന്നു. ആ രാത്രി രണ്ടു രാജ്യങ്ങളിലെ വിവിധ സംസ്കാരങ്ങള്‍ ഒന്നായിത്തീരുകയായിരുന്നു. എല്ലാ വൈവിധ്യങ്ങള്‍ക്കുമപ്പുറം മനുഷ്യത്വം എന്നൊരു വികാരം ഊട്ടിയുറപ്പിക്കുന്നതാണ് ഈ സിനിമ മുന്നോട്ടു വെക്കുന്ന പ്രമേയം. 


     സംഗീതം, പ്രണയം, സൗഹൃദം, കുടുംബ ബന്ധത്തിലെ ഉയര്‍ച്ച താഴ്ചകള്‍ എല്ലാം എല്ലായിടത്തും ഒരുപോലെയാണെന്ന് ഓരോരോ കഥാ പാത്രങ്ങളിലൂടെ ഹൃദ്യമായ ഒരനുഭവമാക്കാന്‍ ഈ ചിത്രത്തിലൂടെ സംവിധായകനും, ഓരോ കഥാ പാത്രങ്ങള്‍ക്കും കഴിഞ്ഞു. അഭിനേതാക്കളുടെ സ്വാഭാവികമായ അഭിനയം തന്നെയാണ് ഈ ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നത്. പ്രത്യേകിച്ച് ദിന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രമുഖ ഇസ്രയേല്‍ നടി Ronit Elkabetzഉം, തൌഫീക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച Sasson Bagain എന്ന നടനും. ഓരോ കഥാ പാത്ര സൃഷ്ടിക്കനുസരിച്ചു രാത്രിയുടെ ഓരോ ഫ്രെയിമും മനോഹരമായി ഒപ്പിയെടുത്ത ചായാഗ്രഹകനും, അതിനു കാവ്യാത്മക ഭാഷ്യം നല്‍കിയ ചിത്ര സംയോജകനും സംവിധായകന് മികച്ച പിന്തുണയാണ് നല്‍കിയിരിക്കുന്നത്. വളരെ ലളിതമായ ഒരു കഥ അതിന്‍റെ ആഖ്യാന രീതി കൊണ്ട് സംവിധായകന്‍ മികച്ചൊരു ദ്രിശ്യാനുഭവമാക്കി മാറ്റുകയായിരുന്നു.



Awards:

      മികച്ച സംവിധായകന്‍, ചിത്രം,നടി, നടന്‍, സഹ നടന്‍, മറ്റു സാങ്കേതിക തലങ്ങളിലും ഒരുപാട് ബഹുമതികള്‍ കരസ്ഥമാക്കിയ ഈ ചിത്രം, ഇതിലെ ഇംഗ്ലീഷ് ഭാഷയുടെ അതിപ്രസരം കൊണ്ട് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡ് നോമിനേഷനില്‍ നിന്നും തഴയുകയുണ്ടായി. 

UNESCO Awarded for Outstanding Contribution to the Promotion and Preservation of Cultural Diversity Through Film at the 2007 Asia Pacific Screen Awards.

46 Wins & 15 Nominations.

"Here we have no culture...Coffee?"
An enjoyable film about a dream of humanity.

Trailer: