Tuesday 27 May 2014

INCENDIES

Incendies (Film -Canada 2010)

Director : Denis Villeneuve

Starring : Lubana Azabal, Melisa Desormeaux, Maxim Goudatte

Genre : Drama / Mistery / War

Language : French & Arabic

Running Time : 130 Minute.





       Denis Villeneuve, 2010ല്‍ സംവിധാനം ചെയ്ത കനേഡിയന്‍ ചിത്രമാണ് Incendies. ഇതേ പേരില്‍ തന്നെയുള്ള ഒരു നാടകത്തിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. അമ്മയുടെ മരണ ശേഷം ഇരട്ട സഹോദരങ്ങളായ മക്കള്‍ അമ്മയുടെ ഭൂത കാലം അന്വേഷിച്ചുള്ള യാത്രയാണ് ഈ സിനിമ. ഉദ്വേകജനകമായ ഒരു കഥാന്ത്യം പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്യും. ചലച്ചിത്ര നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപാട് പ്രശംസ ഏറ്റു വാങ്ങിയ സിനിമയാണിത്.






    60 വയസ്സായ നവാല്‍ മര്‍വാന്‍ എന്ന മാതാവിന്‍റെ മരണത്തോടെയാണ് ഈ സിനിമ ആരംഭിക്കുന്നത്. ജീനെ മര്‍വാന്‍, സിമന്‍ മര്‍വാന്‍ എന്ന ഇരട്ടക്കുട്ടികളായിരുന്നു നവാലിനുണ്ടായിരുന്നത്. നവാലിന്‍റെ മരണ ശേഷം വക്കീല്‍, അവരുടെ വില്‍പത്രം മക്കളെ വായിച്ചു കേള്‍പ്പിക്കുന്നു. വളരെ വിചിത്രമായിരുന്നു ആ വില്‍പത്രം. ഈ വക്കീലിന്‍റെ സെക്രട്ടറി ആയിട്ടായിരുന്നു നവാല്‍ ജോലി ചെയ്തിരുന്നത്. നവാല്‍ വക്കീലിനെ ഏല്‍പ്പിച്ചിരുന്ന മൂന്നു കവറുകളില്‍ രണ്ടെണ്ണം മക്കളെ ഏല്‍പ്പിക്കുന്നു. അതില്‍ ഒന്ന് പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെ മരണപ്പെട്ടു പോയി എന്ന് അവര്‍ വിശ്വസിക്കുന്ന അവരുടെ അച്ഛനെക്കുറിച്ച് അന്വേഷിക്കുവാനും മറ്റൊന്ന് അവരില്‍ നിന്നും ആ അമ്മ മറച്ചു വെച്ച അവരുടെ മൂത്ത സഹോദരനെ കണ്ടെത്തുവാനും. ഈ രണ്ടു കത്തുകളും അവര്‍ക്ക് അവിചാരിതം ആയിരുന്നു. ഈ രണ്ടു അന്വേഷനങ്ങളുടെയും അവസാനം മൂന്നാമത്തെ കവര്‍ വായിക്കാമെന്നും അത് വരെ അവരുടെ കുഴിമാടത്തില്‍ കല്ലറകളോ പേരോ വെക്കാന്‍ പാടില്ലായെന്നും നവാല്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. സിമണിനു ഇതൊന്നും അംഗീകരിക്കാനാകുന്നതായിരുന്നില്ല. എന്നാല്‍ അമ്മയുടെ അന്ത്യാഭിലാഷം സാധിക്കുന്നതിനായി സഹോദരി ജീനെ പുറപ്പെടുന്നു.




    ജീനെക്ക് അജ്ഞാതമായ ഒരു ഭൂതകാലത്തിലെക്കാണ് യാത്ര. അച്ഛനെയും തന്‍റെ അര്‍ദ്ധ സഹോദരനെയും അന്വേഷിച്ച്. യുദ്ധകലുഷിതമായ പശ്ചിമേഷ്യയിലെ ലെബനോനിലെക്കാണ് യാത്ര.അവര്‍ അത് വരെ അറിയാതിരുന്ന വരുടെ അമ്മയുടെ ഭൂതകാലം ജീനെയെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. പിന്നീട് ഈ യാത്രക്കിടയില്‍ സിമണും വക്കീലും ജീനെയുടെ ഒപ്പം കൂടുന്നു. ആ യാത്ര അവസാനിക്കുന്നത് ഒരു പക്ഷെ സിനിമാ ലോകം ഇന്ന് വരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു കഥാന്ത്യത്തിലെക്കായിരുന്നു.


      ഭൂതകാലവും വര്‍ത്തമാന കാലവും സമന്വയിപ്പിച്ച് കൊണ്ട് വളരെ കൃത്യമായ രീതിയില്‍ പഴുതുകളില്ലാതെ ഈ സിനിമ സഞ്ചരിക്കുന്നു. ശക്തമായ തിരക്കഥയും സംവിധാന മികവും മറ്റു സാങ്കേതിക തികവും ഈ ചിത്രത്തെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നു. യുദ്ധമുഖരിതമായ ഒരു കാലഘട്ടത്തിന്‍റെ കഥ പറയുമ്പോള്‍ യുദ്ധത്തിന്‍റെ ക്രൂരസ്വഭാവം മറന്നു കൊണ്ട് പോകാന്‍ കഴിയില്ല. Villeneuve  തന്‍റെ നിലപാടുകള്‍ അറിയിച്ചു കൊണ്ട് തന്നെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അമ്മയുടെ വേഷം അഭിനയിച്ച ബെല്‍ജിയന്‍ നടിയായ ലുബ്ന അസ്ബാലിന്‍റെ മികച്ച അഭിനയം കൂടുതല്‍ മിഴിവേകുന്നു.


A Brilliant Constructed & Disturbing Mystery.

Trailer :



Thursday 15 May 2014

THE FIRST GRADER

The First Grader (Film - UK,US and Kenya 2010)

Director : Justin Chadwick

Distribution : National Geographic Entertainer, BBC Film & UK Film Council

Starring : Oliver Litondo, Naomie Harris

Genre : Biography / Drama

Language : English

Running Time : 103 minute




    2010ല്‍ Justin Chadwick സംവിധാനം ചെയ്ത വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു സിനിമയാണ്  The First Grader. കിമാനി മറുഗെ എന്ന കെനിയന്‍ വിപ്ലവകാരിയുടെ 84-മത്തെ വയസ്സില്‍ നടന്ന മറ്റൊരു പോരാട്ടത്തിന്‍റെ ചലച്ചിത്രാവിഷ്ക്കാരം. ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരെ തന്‍റെ ജനതയ്ക്ക് വേണ്ടി യൗവ്വനം ത്യജിച്ച മറുഗെ, ജീവിത സായാഹ്നത്തില്‍ എഴുതാനും വായിക്കാനും പഠിക്കാന്‍ തനിക്ക് കിട്ടിയ അവസാന അവസരം പ്രയോജനപ്പെടുത്താന്‍ ഇറങ്ങുമ്പോള്‍ അത് മറ്റൊരു ചരിത്രം ആകുകയായിരുന്നു. വിദ്യാഭ്യാസത്തിന്‍റെ മൂല്ല്യം, നമുക്ക് വേണ്ടി നമുക്ക് മുന്നേ പോരാടിയവരുടെ ചരിത്രം എന്നിവയുടെ പ്രസക്തി ഈ ചിത്രം മുന്നോട്ട് വെക്കുന്നു.



Its Never Too Late to Dream.

      കെനിയയിലെ ഒരു ഉള്‍നാടന്‍ ഗ്രാമവും അവിടുത്തെ ഒരു പ്രൈമറി സ്കൂളുമാണ് കഥാപശ്ചാത്തലം. 2003ല്‍ എല്ലാവര്‍ക്കും സൗജന്യ പ്രൈമറി വിദ്യാഭ്യാസം എന്ന ഗവണ്മെന്‍റ് ഉത്തരവ്‌ പത്രങ്ങളിലൂടെയും റെഡിയോയിലൂടെയും ആണ് ആ ഗ്രാമവാസികള്‍ അറിയുന്നത്. 84 വയസ്സുള്ള മറുഗെയും എഴുത്തും വായനയും അഭ്യസിക്കുന്നതിനായി സ്കൂളിലെ പ്രധാന അധ്യാപിക ജയിനിനെ സമീപിക്കുന്നു. എന്നാല്‍ ചെറിയ കുട്ടികള്‍ക്കൊപ്പം മറുഗെയെ പഠിക്കാന്‍ സഹ അദ്ധ്യാപകന്‍ സമ്മതിക്കുന്നില്ല. പലപല കാരണങ്ങള്‍ പറഞ്ഞു അയാള്‍ മറുഗെയെ പറഞ്ഞു വിടുന്നു. പ്രസിഡണ്ടിന്‍റെ കയ്യില്‍ നിന്നും തനിക്ക് കിട്ടിയ ഒരു പ്രധാന കത്തിന്‍റെ പൂര്‍ണ്ണരൂപം സ്വന്തമായി വായിച്ചു മനസ്സിലാക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ഈ പോരാട്ടത്തിന് പിന്നിലുള്ള പ്രധാന ലക്ഷ്യം. തന്‍റെ ശക്തമായ ആഗ്രഹം ജയിനിനെ പറഞ്ഞു ബോധ്യപ്പെടുത്തി സ്കൂളില്‍ പഠിക്കുന്നതിനുള്ള സമ്മതം നേടിയെടുക്കുന്നു. അങ്ങനെ ബുക്കുകളും യൂണിഫോമും എല്ലാമായി മറുഗെ സ്കൂളില്‍ പോയിത്തുടങ്ങുന്നു. 



             വിശ്രമ വേളകളില്‍ സ്വാതന്ത്രത്തിന്‍റെ വില തന്‍റെ അനുഭവങ്ങളില്‍ നിന്നും മറുഗെ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുന്നു. എന്നാല്‍ പിന്നീട് രക്ഷിതാക്കള്‍ മറുഗെയുടെ സ്കൂള്‍ പ്രവേശനത്തിന്തിരെ തിരിയുന്നു. കാര്യങ്ങള്‍ വഷളാകുകയും മാധ്യമ ശ്രദ്ധ കൈവരികയും ചെയ്യുന്നു.ബ്രിട്ടീഷുകാര്‍ക്കെതിരെ മറുഗെ നടത്തിയ പോരാട്ടത്തിന്‍റെ വില മനസ്സിലാക്കിയ ജെയിന്‍, മറുഗെയുടെ അവകാശത്തിനു വേണ്ടി ഒപ്പം നില്‍ക്കുന്നു. ഇരുവരും പല പ്രതിസന്ധികളെയും നേരിടുന്നു. പേനയാണ് യഥാര്‍ത്ഥ ആയുധം എന്ന് മറുഗെ സമൂഹത്തോട് പ്രഖ്യാപിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ഥിയായി ഗിന്നസ്‌ ബുക്കില്‍ സ്ഥാനം പിടിച്ച മറുഗെ, പ്രത്യേക ക്ഷണിതാവായി വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് UNല്‍ പ്രസംഗിച്ചിട്ടുണ്ട്.



       വിദ്യാഭ്യാസത്തിന്‍റെ യഥാര്‍ത്ഥ മൂല്യം പ്രേക്ഷകനിലേക്ക്  ശരിക്കും പകര്‍ത്തിയെഴുതുന്നതില്‍  സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ഒരു ഡോക്യുമെണ്ടറിയുടെ ശൈലിയാണ് ഈ ചിത്രം സ്വീകരിച്ചിരിക്കുന്നത്. മറുഗെയെ അവതരിപ്പിച്ച ഒലിവര്‍ ലിറ്റാണ്ടോയുടെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്. പ്രധാന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നവോമി ഹാരിസ്‌, "Pirates of Caribbeans" സീരീസുകളിലൂടെ പ്രശസ്തി നേടിയ നടിയാണ്.അതെ പോലെ തന്നെ ഒരു സിനിമയോ ടെലിവിഷനോ പോലും കണ്ടിട്ടില്ലാത്ത കുട്ടികളാണ് ഇതിലെ സ്കൂള്‍ കുട്ടികളുടെ വേഷം വളരെ രസകരമായി അഭിനയിച്ചിരിക്കുന്നത്.



    വളരെ ഹൃദയസ്പര്‍ശിയായ   ഈ ചിത്രം അറിവ് നേടുന്നതിനു വേണ്ടി പോരാടുന്നവര്‍ക്ക് ഒരു പ്രചോദനമാണ്. ജീവിതത്തിലെ ഏറ്റവും മൂല്യമേറിയതിനെ എത്തിപ്പിടിക്കാന്‍ പ്രായവും കാലവും ഒരു തടസ്സമല്ല എന്ന് കാണിച്ചു തരുന്നു ഈ ചിത്രം.വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ആശയം മുന്നോട്ടു വെക്കുന്ന ഈ ചിത്രം കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്.

A Must Watch Film.

Trailer :


Monday 5 May 2014

RAN 乱



Ran (Film - Japan / France 1985)
Writer & Director : Akira Kurosawa
Genre : Action / Drama / War
Language : Japanese
Running Time : 162 minute.





     ലോകം കണ്ട ഏറ്റവും മഹാനായ സംവിധായകൻ അകിര കുറൊസാവ 1985ൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത ജാപ്പനീസ് സിനിമയാണ് റാൻ. വില്ല്യം ഷെക്സ്പ്പിയറുടെ King Lear എന്ന രചനയെ ആസ്പദമാക്കിയാണ് കുറൊസാവ ഈ മനോഹര ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമർഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു




   ഇതൊരു ഇതിഹാസ കഥയാണ്. ഈ ഗണത്തിലെ കുറോസാവയുടെ അവസാന ചിത്രം കൂടിയാണ് റാൻ. ടോക്കിയോ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലാണ് ഈ ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്‌. മനോഹരമായ ദ്രിശ്യ ഭംഗിയും സാങ്കേതിക മികവും പശ്ചാത്തല സംഗീതവും എല്ലാം, കുറോസാവയുടെ സംവിധായക മികവിനൊപ്പം ഈ ചിത്രത്തെ ഒരവിസ്മരണീയ അനുഭവമാക്കി. അദ്ദേഹത്തിന്‍റെ Dersu Uzala എന്ന ചിത്രത്തെ കുറിച്ചുള്ള വിവരണം മുമ്പ്‌ പോസ്റ്റ്‌ ചെയ്തിരുന്നു.


A Masterpiece of War and Greed


     അധികാരത്തോടുള്ള ആർത്തിയും ദുരാഗ്രഹങ്ങളും പ്രതികാരവും എല്ലാമാണ് ഈ സിനിമയുടെ പ്രധാന പ്രമേയം. ഇച്ചിമൊഞ്ചി എന്ന ഗോത്രത്തിന്‍റെ ദൈവ തുല്യനായ തലവനാണ് ഹിടെതോര. അദ്ദേഹത്തിനു ടാരോ, ജിരോ, സബൗരൊ എന്നീ മൂന്നു ആണ്‍ മക്കളാണ് ഉള്ളത്. പ്രായാധിക്യം മൂലം ഹിടെതോര അധികാരം തന്‍റെ മക്കൾക്ക്‌ കൈമാറാൻ തീരുമാനിക്കുന്നു. ശേഷിക്കുന്ന കാലം എല്ലാ ബഹുമതികളോടും കൂടി പുത്രന്മാരോടും കുടുംബത്തിനോടുമൊപ്പം മാറിമാറി താമസിച്ചു മനസ്സമാധാനത്തോടെ മരിക്കണം എന്നതാണ് ഹിടെതോരയുടെ ആഗ്രഹം. മൂത്തവനായ ടാരോയെ ഗോത്രത്തിന്‍റെ അടുത്ത പരമാധികാരിയായി പ്രഖ്യാപിക്കുന്നു. ആയതിനാൽ പ്രധാന കൊട്ടാരവും വസ്തുവകകളും ടാരോക്കുള്ളതാണ്. മറ്റുള്ളവര്‍ക്ക് രണ്ടാമത്തെയും മൂന്നാമത്തെയും കൊട്ടാരങ്ങളുടെ ഉടമസ്ഥാവകാശം ലഭിക്കുന്നു. ഹിടെതോര രാജാവായി തന്നെ നില നില്‍ക്കുകയും ജിരോ, സബൗര എന്നിവർ ടാരോയുടെ പ്രധാന സഹായികളായി തുടരുകയും ചെയ്യും. ഇതിനെത്തുടർന്നുണ്ടാകുന്ന വാക്ക് തർക്കത്തിന്‍റെ പേരില്‍ ഇളയവനായ സബൗരയെയും ചങ്ങാതിയായ ടാങ്കോയെയും രാജാവ് പുറത്താക്കുന്നു. ഇവർക്ക്‌ സൈന്യാധിപതി ഫ്യുജിമാക്കി അഭയം നല്‍കുകയും മകളെ സബൗരക്കു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്യുന്നു.



   ടാരോയുടെ ഭാര്യ കയേതക്കു രാജാവിനോടുള്ള പൂർവ വൈരാഗ്യം വെച്ച് രാജ്യത്തെ പൂർണ്ണാധികാരവും രാജാവെന്ന പദവിയും ടാരോയിലേക്ക് എഴുതി വാങ്ങുന്നു. ക്ഷുഭിതനായ ഹിടെതോരയും പരിവാരങ്ങളും രണ്ടാമത്തെ മകൻ ജീരോയുടെ കൊട്ടാരത്തിലേക്ക് തിരിക്കുന്നു. ടാരോയുടെ സന്ദേശപ്രകാരം അച്ചനു മാത്രം കൊട്ടാരത്തിൽ താമസിക്കാമെന്ന ജീരോയുടെ നിർദേശം തള്ളിക്കളഞ്ഞു ഹിടെതോര കൂട്ടാളികളോടൊപ്പം അവിടെ നിന്നും പടിയിറങ്ങുന്നു. രാജ്യത്തെ ഭക്ഷ്യ ക്ഷാമം മൂലം അവർ ക്ഷീണിതരാകുമ്പോള്‍ സബൌരോയുടെ ചങ്ങാതി ടാങ്കോ അവരുടെ രക്ഷക്കെത്തുന്നു.



   അധികാര ദുരാഗ്രഹം മൂത്ത യുദ്ധത്തിനൊടുവില്‍ ടാരോ കൊല്ലപ്പെടുന്നു. ജീരോ അധികാരം ഏറ്റെടുക്കുന്നു. സ്വന്തം ഭര്‍ത്താവിന്‍റെ ഘാതകനാണെന്നറിഞ്ഞിട്ടും ചേട്ടന്‍റെ ഭാര്യയായ കയേത അധികാരത്തിനു വേണ്ടി ജീരോയോടൊപ്പം കൂടുകയും, ജീരോയുടെ ഭാര്യയെ കൊലപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്നു. രാജ്യത്തിന്‍റെയും മക്കളുടെയും അവസ്ഥ ഹിടോതോരയെ ഭ്രാന്തമായ അവസ്ഥയില്‍ എത്തിക്കുന്നു. ടാങ്കോയുടെയും വിദൂഷകയുടെയുംതണലില്‍ ഹിടോതോര ഒളിവില്‍ താമസിക്കുന്നു. ടാങ്കോ സബൌരയെ വിവരങ്ങള്‍ ധരിപ്പിക്കാനായി പോകുന്നു. അച്ഛനേയും രാജ്യത്തിനേയും രക്ഷിക്കാന്‍ സബൌരയും കൂട്ടാളികളും മുന്നിട്ടിറങ്ങുന്നു.



     അഭിനേതാക്കളുടെ അഭിനന്ദനീയമായ പ്രകടനം ഈ സിനിമയുടെ എടുത്തു പറയേണ്ട ഒരു ഘടകം ആണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രാലങ്കാരവും പശ്ചാത്തല സംഗീതവും എല്ലാം ഒരു ഐതിഹാസിക സിനിമക്ക് പാഠപുസ്തകമാണ്. സാങ്കേതിക വിഭാഗത്തിലെ ഒട്ടു മിക്ക പുരസ്കാരങ്ങള്‍ ആ കാലയളവില്‍ ഈ സിനിമ നേടിയെടുത്തു. കുറൊസാവ, മേഘങ്ങളെ ഒരു പ്രധാന ഘടകമായി ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. സമയ ക്രമങ്ങളുടെ മാറ്റം മാത്രമല്ല, ഓരോ രംഗത്തിന്‍റെയും ഭാവങ്ങള്‍ കൂടി നമ്മളെ കാണിച്ചു തരുന്നു മേഘങ്ങളുടെ വിവിധ രൂപത്തില്‍.



   ലോക സിനിമയിലെ മഹത്തായ സൃഷ്ടികളെ ആസ്വദിക്കുന്ന ഓരോരുത്തരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഇത്. പൂര്‍ണ്ണമായും ഒരു സംവിധായകന്‍റെ ചിത്രം.

Highly Recommended. 

Trailer :