Cairo 678 (Film Egypt 2010)
Written & Directed by Mohamed Diab
Starring : Bushra, Nelly Karim, Nahed El Sebai, Maged El Kedwany
Genre : Drama
Language : Arabic
Running Time : 100 Minute.
ഈജിപ്തിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാക്രമണങ്ങളെന്ന വിഷയത്തെ മുന്‍നിര്‍ത്തി, ഇതിനെതിരെ പോരാടിയ മൂന്നു യുവതികളുടെ കഥ പറയുന്ന കൈറോ 678 (Cairo 678), മുഹമ്മദ് ദിയാബ് 2010ല്‍ സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ സിനിമയാണ്. ഈജിപ്തിലെ പുരുഷന്മാരെ മൊത്തം അവഹേളിക്കുന്ന തരത്തിലുള്ളതാണ് ഈ സിനിമ എന്ന് തുടങ്ങീ ഒട്ടനവധി വിവാദങ്ങളും പ്രദര്‍ശനാനുമതി നിഷേധിക്കലും ഈ സിനിമ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ലോകത്തെല്ലായിടത്തും മിക്കവാറും സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്തും മികച്ചൊരു സ്ത്രീ പക്ഷ സിനിമ എന്ന നിലയിലും ഒരുപാട് ഫിലിം ഫെസ്റ്റിവലുകളില്‍ ഈ സിനിമ ശ്രദ്ധയാകര്‍ഷിച്ചു.
തികച്ചും ഭയ ഭക്തി ബഹുമാനങ്ങളോടെ ജീവിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഫയ്സയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. ഭര്‍ത്താവും രണ്ട് മക്കളും അടങ്ങുന്ന, ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനും കുട്ടികളുടെ ഫീസ് യഥാസമയം അടക്കുവാനും ഓടി നടക്കുന്ന ഒരു സാധാരണ കുടുംബിനി. ബസ്സിലും ടാക്സിയിലും മറ്റും ലൈംഗികമായി മിക്കവാറും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍, ഭര്‍ത്താവടക്കമുള്ള പുരുഷ വര്‍ഗ്ഗത്തെ മുഴുവന്‍ പ്രതിസ്ഥാത്ത് നിറുത്തുന്ന നിലയിലേക്ക് ഫായിസയെ മാറ്റി. ഇതിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് നെല്ലി. ജോലി ചെയ്യുന്ന കോള്‍ സെന്‍ററിലെ മാനസിക പീഡനങ്ങളില്‍ നിന്നും നെല്ലി ആശ്വാസം കണ്ടെത്തിയിരുന്നത് കാമുകനോടോപ്പം അവതരിപ്പിച്ചിരുന്ന സ്റ്റേജ് പെര്‍ഫോമന്‍സുകളിലൂടെയാണ്. നെല്ലിക്കു നേരിടേണ്ടി വരുന്ന ഒരു ലൈംഗിക പീഡന ശ്രമത്തെ, നെല്ലി നിയമപരമായി നേരിടാന്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ ഈജിപ്തില്‍ സമര്‍പ്പിക്കപ്പെട്ട ആദ്യത്തെ പരാതിയായിരുന്നു അത്. എന്നാല്‍ പോലിസ് അധികാരികളും വീട്ടുകാരും കേസില്‍ നിന്നും പിന്മാറാന്‍ നെല്ലിയെ നിര്‍ബന്ധിക്കുന്നു. കൈറോയിലെ ഒരു ഫുട്ബാള്‍ വിജയാഘോഷത്തിനിടെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും അതിനു ശേഷം ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്ത സൈബയാണ് മറ്റൊരു കഥാപാത്രം. സൈബ സാമ്പത്തികമായി മുതിര്‍ന്ന കുടുംബത്തിലെ ഒരു അംഗമാണ്. ഇത്തരത്തില്‍ ലൈംഗികാക്രമണങ്ങള്‍ക്കു ഇരയാകുന്ന സ്ത്രീകളെയും, ഇത്തരം ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സ്ത്രീകളെ പ്രാപ്തരാക്കാനും വേണ്ടിയുള്ള പഠന ക്ലാസ്സുകളും മറ്റും നടത്തുകയാണ് സൈബ.
പിന്നീട്, ഇത്തരം ആക്രമണങ്ങള്‍ക്ക് മുതിരുന്ന പുരുഷന്മാരുടെ ലൈംഗികാവയവം മുറിച്ചെടുക്കുന്നത് കൈറോവില്‍ ഒരു തുടര്‍ക്കഥയാകുന്നു. ഇതിനെ പറ്റി അന്വേഷണം നടത്തുന്ന പോലിസ് ഉദ്യോഗസ്ഥനായ ഇസാം ആണ് മറ്റൊരു കഥാപാത്രം. ചെറുത്തു നില്‍പ്പിന്‍റെ ഒരു ഘട്ടത്തില്‍ ഫായിസ, നെല്ലി, സൈബ എന്നിവര്‍ ഒരുമിച്ചു ചേരുകയും പുരുഷ കേന്ദ്രികൃത നിയമ വ്യവസ്ഥിതിക്കെതിരെ പോരാടുകയും, രാജ്യത്ത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പുതിയ നിയമ നിര്‍മ്മാണം നടപ്പില്‍ വരുത്തുകയും ചെയ്യുന്നു.
കൈറോവില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ഒരു പ്രധാന വിഷയത്തെ മനശാസ്ത്രപരമായ രീതിയില്‍ സമീപിച്ചു കൊണ്ടാണ് ദിയാബ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ദിയാബിന്‍റെ തന്നെ ശക്തമായ തിരക്കഥയും പ്രധാന അഭിനേതാക്കളുടെ തികവാര്‍ന്ന അഭിനയവും ഈ സിനിമയുടെ അടിത്തറ ഉറപ്പിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ഫായിസ എന്ന നടിയെ അവതരിപ്പിച്ച ബുഷ്‌റ എന്ന ഈജിപ്ഷ്യന്‍ നടിക്ക്, 2011ല്‍ ദുബായ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിക്കുകയുണ്ടായി. അഞ്ചോളം സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള ദിയാബിന്‍റെ ആദ്യ സംവിധാന സംരംഭം ആണ് ഈ ചിത്രം. നിശബ്ദതയെ കൂട്ട് പിടിക്കാതെ ആക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സ്ത്രീകളോട് ഈ ചിത്രം ആഹ്വാനം ചെയ്യുന്നു.
I will ask you 3 questions...
Have you been sexually harassed...?
How many times....?
How did you react...?