Sunday 14 September 2014

"Le passé" - THE PAST

"Le passé" - The Past (Film Iran /France 2013)
Written & Directed By : Azghar farhadi
Starring : Berenice Bejo, Ali Mosaffa, Tahar Rahim
Genre : Drama / Mystery
Language : French / Persian
Running Time : 130 Minute.




    അസ്ഗര്‍ ഫര്‍ഹാദി - ലോക സിനിമാ പ്രേമികളുടെ മനസ്സില്‍ വ്യക്തമായ ഒരിടം  കണ്ടെത്തിയ ഇറാനിയന്‍ സംവിധായകന്‍. ജനങ്ങള്‍ക്കിടയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിവുള്ള ലോകത്തിലെ 100 പ്രധാന വ്യക്തിത്വങ്ങളില്‍ ഒരാളായി 2012ല്‍ ടൈം മാഗസിന്‍ തിരഞ്ഞെടുത്ത വ്യക്തി. ടെഹ്‌റാന്‍ യൂനിവേഴ്സിടിയില്‍ നിന്നും Stage Directionല്‍ ബിരുദാനന്തര ബിരുദം എടുത്ത ശേഷം നാടക രചനയിലും ഹ്രസ്വ ചിത്രങ്ങളിലും കഴിവ് തെളിയിച്ചു. പിന്നീട് ചലച്ചിത്ര ലോകത്തില്‍ ചുരുങ്ങിയ ഏതാനും സിനിമകള്‍ കൊണ്ട് വ്യക്തി മുദ്ര പതിപിച്ചു. മനുഷ്യബന്ധങ്ങളുടെ ജീവിത ഗന്ധിയായ  ചലച്ചിത്രങ്ങള്‍ തികച്ചും സ്വാഭാവികതയോടെ അവതരിപ്പിക്കുന്നതില്‍ ഇറാനിയന്‍ സിനിമകള്‍ എന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ടാണ് മജീദി മജീദിയും, ജാഫര്‍ പനാഹിയും, മക്ബല്‍ ബഫും, അസ്ഗര്‍ ഫര്‍ഹാദിയും എല്ലാം മലയാളികളുടെ സിനിമ ചര്‍ച്ചകളില്‍ എന്നും സ്ഥാനം പിടിക്കുന്നത്‌. ഫര്‍ഹാദിയുടെ About Elly, A Separation എന്നീ ചിത്രങ്ങള്‍ എന്‍റെ ഇഷ്ട ചിത്രങ്ങളില്‍ വില മതിക്കാനാകാത്ത ശേഖരങ്ങളാണ്. 2013ല്‍ പുറത്തിറങ്ങിയ THE PAST എന്ന ചിത്രവും മുന്നോട്ട് വെക്കുന്നത് കുടുംബ ബന്ധത്തിന്‍റെ മൂല്യങ്ങള്‍ തന്നെയാണ്.




    A Seperation പോലെത്തന്നെ വൈവാഹിക ജീവിതത്തിലെ പൊരുത്തക്കേടുകള്‍ തന്നെയാണ് ഈ ചിത്രത്തിന്‍റെയും പ്രമേയം. പരാജയപ്പെട്ടു പോയ ആദ്യ വിവാഹത്തിനു ശേഷം മേരി അഹമ്മദിനെ വിവാഹം കഴിക്കുന്നു. ആദ്യ വിവാഹത്തിലെ രണ്ടു പെണ്‍കുട്ടികളും അവരോടൊപ്പം ആയിരുന്നു. രണ്ടു കുട്ടികള്‍ക്കും അഹമ്മദ് പിതൃ തുല്യമായ വാത്സല്യമായിരുന്നു നല്‍കിയിരുന്നത്. അമ്മയുടെ ജീവിത രീതികളോട് പൂര്‍ണ്ണമായും പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന മൂത്ത മകള്‍ ലൂസിക്ക് എന്നും ഒരു ആശ്വാസം അഹമ്മദ് ആയിരുന്നു. ആ ദാമ്പത്യത്തിലും പൊരുത്തക്കേടുകള്‍ വന്നു തുടങ്ങിയതോടെ നാല് വര്‍ഷം മുന്‍പ് അഹമ്മദ് ഇറാനിലേക്ക് തിരച്ചു പോയി. 


    അഹമ്മദ് ഇപ്പോള്‍ ഫ്രാന്‍സിലേക്ക് തിരിച്ചു വന്നിരിക്കുന്നത്, വിവാഹമോചനം നിയമപരമാക്കണമെന്ന മേരിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്. മേരി ഇതിനോടകം തന്നെ സമീര്‍ എന്നൊരു യുവാവുമായി പുതിയ ജീവിതം ആരംഭിച്ചു കഴിഞ്ഞു എന്ന് അവിടെയെത്തുന്ന അഹമ്മദ്‌ മനസ്സിലാക്കുന്നു. 10 വയസ്സുള്ള സമീറിന്‍റെ മകനും ഇപ്പോള്‍ അവരോടൊപ്പമാണ്. ആത്മഹത്യ ശ്രമത്തിനു ശേഷം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ആണ് സമീറിന്‍റെ ഭാര്യ. അമ്മയുടെ പുതിയ ബന്ധത്തെ ഉള്‍ക്കൊള്ളാനാകാതെ ലൂസി പലപ്പോഴും നേരം വൈകിയാണ് വീട്ടില്‍ എത്തുന്നത്. ഇത് മേരിയെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഈയൊരവസ്ഥയില്‍ നിന്നും ലൂസിയെ മാറ്റിയെടുക്കാനും അവളുടെ പ്രശ്നങ്ങളെ മനസ്സിലാക്കാനും മേരി അഹമ്മദിനോട് അഭ്യര്‍ഥിക്കുന്നു. ലൂസിയുടെ പ്രശ്നങ്ങളെ കണ്ടെത്താനുള്ള ശ്രമമാണ് The Past എന്ന സിനിമയുടെ ആധാരം. ഉദ്വെകജനകമായ ഒരു കഥാന്ത്യത്തിലേക്കാണ്‌ സിനിമ പിന്നീട് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.



     
     The Past എന്ന ശീര്‍ഷകത്തെ അന്വര്‍ഥമാക്കുന്ന ഫ്ലാഷ് ബാക്കുകളോ ഒന്നും ഈ സിനിമയിലില്ല. വര്‍ത്തമാന കാലത്തില്‍ നിന്നും കൊണ്ട് തന്നെ ഭൂത കാലത്തെ കുറിച്ച് പ്രേക്ഷകന് വ്യക്തമാക്കി കൊടുക്കുന്നു ഈ ചിത്രം. ഇതിലെ ഓരോ കഥാ പാത്രങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വരച്ചു കാണിക്കുന്നത് വത്യസ്തമായ വൈകാരിക തലങ്ങളില്‍ കൂടിയാണ്. സ്വാഭാവികത തീരെ ചോര്‍ന്നു പൊകാതെ അവയെല്ലാം പ്രേക്ഷക മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്നു എന്നിടത്താണ് ഫിലിം മേക്കര്‍ എന്ന നിലയില്‍ ഫര്‍ഹാദിയുടെ വിജയം.



    പല സ്ഥലങ്ങളിലും അനുഭവപ്പെടുന്ന ഇഴച്ചില്‍ അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ട് മറികടക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മേരിയുടെ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച Berenice Bejo എന്ന നടി തന്നെയാണ് അതില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഈ ചിത്രത്തിലൂടെ അവരെ തേടിയെത്തിയ ബഹുമതികളും പ്രേക്ഷക പ്രശംസകളും തികച്ചും അര്‍ഹതപ്പെട്ടത് തന്നെ. കൂടാതെ അഹമ്മദ്, ലൂസി, സമീര്‍ എന്നീ കഥാ പാത്രങ്ങളെ അവതരിപ്പിച്ച  Ali Musaffa, Pauline Burlet, Tahar Rahim  എന്നിവരും കഥ പറച്ചിലിന്‍റെ സ്വാഭാവികത ഒട്ടും നഷ്ട്പ്പെടാതെ അവരുടെ ജോലി ഭംഗിയാക്കി. സമീറിന്‍റെ മകനായി അഭിനയിച്ച കുട്ടിയും ഗംഭീരമാക്കി. പശ്ചാത്തല സംഗീതം ഒരു ചിത്രത്തിനു പാടെ ഒഴിവാക്കാനാകാത്തതാണ് എന്ന ധാരണയെ ഈ ചിത്രം തിരുത്തിക്കുറിക്കുന്നു. ഒരു കുടുംബ ബന്ധത്തിന്‍റെ കഥ പറയുന്നതില്‍ ഒരു ക്യാമറമാന്‍റെയും എഡിറ്ററുടെയും കഴിവ് എന്താണ് എന്നതിന്‍റെ ഉദാഹരണം കൂടിയാകുന്നു  The Past. പലപ്പോഴും കുട്ടികള്‍ ഇറാനിയന്‍ സിനിമകളില്‍ ഒഴിച്ച്കൂട്ടാന്‍ കഴിയാത്ത വിധം അവിഭാജ്യ ഘടകങ്ങളാണ്. ഈ ചിത്രവും കുടുംബ ബന്ധങ്ങളുടെ അസ്വാരസ്യങ്ങള്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്ന് പറഞ്ഞു പോകുന്നു.




The Past തികച്ചും ഒരു സംവിധായകന്റെ കലയാണ്‌. A Seperation, About Elly  എന്നീ ചിത്രങ്ങളെ അപേക്ഷിച്ച് ഒരു പൂര്‍ണ്ണത കൈവരിക്കനായില്ലെങ്കിലും എന്ത് കൊണ്ടും കണ്ടിരിക്കാവുന്ന ഒരു സിനിമയാണിത്.
With its excellent story and heart felt acting....

If you have the patience and time, definitely its worth watching.

Trailer : 


No comments:

Post a Comment