Monday, 13 October 2014

PATHER PANCHALI

Pather Panchali (Film - India 1955)


Screenplay & Directed by : Satyajit Ray

Based on "Pather Panchali" by Bibhutibhushan Bandopadhyay

Starring : Subir Banerjee, Kanu Banerjee, Karuna                     Banerjee, Uma Das Gupta

Music : Ravi Shankar

Producer : Government of West Bengal

Genre : Drama

Language : Bengali

Running Time : 119 Minute





     ഇന്ത്യന്‍ സിനിമയെ ലോക സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയ സിനിമ. 1955ല്‍, ഇന്ത്യൻ സിനിമയുടെ പെരുന്തച്ചൻ  മഹാനായ കാലാകാരന്‍ സത്യജിത് റായ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തില്‍ പരിചയപ്പെടുത്തലിന്‍റെ ആവശ്യകത ഇല്ലാത്ത മഹാനായ എഴുത്തുകാരനും ചലച്ചിത്രകാരനും ആണ് സത്യജിത് റായ്. ലോകത്തിലെ തന്നെ മികച്ച ചലച്ചിത്ര സംവിധായകരില്‍ ഒരാളായി അറിയപ്പെടുന്നു. 1921ല്‍ കല്‍ക്കത്തയില്‍ ജനനം. മികച്ചൊരു ചിത്രകാരനായി കലാ ജീവിതം ആരംഭിച്ചു. ലണ്ടനില്‍ വെച്ച് കണ്ട ഇറ്റാലിയന്‍ ചിത്രം "Bicycle Thieves" ചലച്ചിത്ര ലോകത്തേക്ക് അടുപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി 36 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ധാരാളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. Oxford University, Doctorate നല്‍കി ആദരിച്ച രണ്ടാമത്തെ വ്യക്തി. (ചാര്‍ളി ചാപ്ലിന്‍ ആയിരുന്നു ആദ്യം).സിനിമയുടെ ഒട്ടു മിക്ക സാങ്കേതിക മേഖലകളിലും അദ്ദേഹം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.




    ബംഗാളിലെ ഒരു ഉള്‍നാടന്‍ ഗ്രാമ പ്രദേശമാണ് കഥാ പശ്ചാത്തലം. അവിടെ വളരെ ദരിദ്രമായ അവസ്ഥയില്‍ ജീവിക്കുന്ന ഹരിഹരിന്‍റെ കുടുംബം. ഭാര്യ സര്‍ഭജയ, മകള്‍ ദുര്‍ഗ, വീടിനോട് ചേര്‍ന്ന ഉള്ള കൂരയില്‍ താമസിക്കുന്ന പ്രായമേറെയായ വിധവയായ ഹരിഹരിന്‍റെ സഹോദരിയുമാണ് കുടുംബത്തിലെ പ്രധാന അംഗങ്ങള്‍. ദാരിദ്ര്യത്തിന്‍റെ ഈ അവസ്ഥയിലും ഒരു എഴുത്തുകാരനാകുക എന്ന തന്‍റെ മോഹം ഹരിഹര്‍ ഉപേക്ഷിച്ചില്ല. കഷ്ടതകളുടെ ഈ ലോകത്തെക്കാണ് അപ്പു എന്ന പുത്രന്‍ ജനിച്ചു വീഴുന്നത്. വളര്‍ന്നു വരുന്ന അപ്പുവിനു അക്ഷരഭ്യാസം നല്‍കുന്നതിനു ഹരിഹര്‍ മുടക്കം വരുത്താതെ ശ്രമിച്ചു. തൊട്ടടുത്ത്‌ അയല്‍വാസികളും മറ്റും ഇല്ലാത്തതിനാല്‍ ആരും സംസാരിക്കാന്‍ പോലും ഇല്ലാതെ ഒറ്റപ്പെടലിന്‍റെ അവസ്ഥയിലാണ് സര്‍ഭജയ. മെച്ചപ്പെട്ടൊരു ജോലി തേടി ബനാറസിലേക്ക് പോകുന്ന ഹരിഹര്‍ അഞ്ചു മാസത്തോളം തിരികെ വന്നില്ല. ഹരിഹരിനെ കുറിച്ച് യാതൊരു വിവരവും അറിയാനും ഉണ്ടായിരുന്നില്ല. കഷടപ്പാടുകളുടെ പടുകുഴിയിലേക്ക് വീണു കൊണ്ടിരുന്ന ആ കുടുംബത്തിന്‍റെ കഥയാണ് പഥേർ പാഞ്ചാലി പറയുന്നത്. 




      ഗ്രാമത്തിന്‍റെ നിഷ്കളങ്കതയും നാട്യങ്ങളും വളരെ തന്മയത്വത്തോടെ വരച്ചു കാണിക്കുന്നുണ്ട് ഈ സിനിമ. കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു ഓരോ അഭിനേതാക്കളും. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ പുതു മുഖങ്ങള്‍ ആയിരുന്നു ഇതിലെ അഭിനേതാക്കള്‍. മുത്തശ്ശിയായി അഭിനയിച്ച Chunibala Devi (ചിത്രം റിലീസ് ആകുന്നതിനു മുമ്പ് തന്നെ ഈ നടി മരണപ്പെട്ടു) മുതല്‍ ദുര്‍ഗയായി അഭിനയിച്ച Umadas Gupta, അപ്പുവായി അഭിനയിച്ച Subir Banerjee, ഹരിഹര്‍ എന്ന നിസ്സഹായനായ കുടുംബ നാഥനെ അവതരിപ്പിച്ച Kanu Banerjee എല്ലാം എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. എന്നിരുന്നാലും അപ്പുവിന്‍റെയും ദുര്‍ഗയുടെയും അമ്മയായി അഭിനയിച്ച Karuna Banerjee,  ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നായി മാറുകയായിരുന്നു. സിനിമയുടെ മറ്റൊരു പ്രധാന ഘടകം രവി ശങ്കര്‍ നിര്‍വ്വഹിച്ച സംഗീതമായിരുന്നു. ഗ്രാമ പശ്ചാതലത്തിനു അനുയോജ്യമായ തരത്തിലുള്ള പശ്ചാത്തല സംഗീതം ഈ ചിത്രത്തിനെ കൂടുതല്‍ മനോഹരമാക്കി. ഈ ചിത്രത്തിന്‍റെ ഒരു ഭാഗം രണ്ടാമത് ചിത്രീകരിക്കുന്നതിനായി സത്യജിത് റായ് ഒരു വര്‍ഷം വരെ കാത്തിരുന്ന സംഭവം ഉണ്ടായിട്ടുണ്ട് ചിത്രീകരണ വേളയില്‍. അത്ര മാത്രം സൂക്ഷ്മത അദ്ദേഹം ഈ ചിത്രത്തിന് വേണ്ടി പുലര്‍ത്തിയിട്ടുണ്ട്.





   ഈ ചിത്രത്തെ തുടര്‍ന്ന് ഇതിന്‍റെ ആവര്‍ത്തനമായി റായ് സംവിധാനം ചെയ്ത ചിത്രങ്ങളാണ് അപരാജിത (1956), അപുര്‍ സന്‍സാര്‍ (1959) എന്നിവ. Apu Trilogy എന്ന പേരില്‍ പ്രസിദ്ധമാണ് ഈ മൂന്നു ചിത്രങ്ങളും. 

   

     ഇന്ത്യയുടെ അകത്തും പുറത്തുമായി ധാരാളം ബഹുമതികളാണ് പഥേർ പാഞ്ചാലി നേടിയെടുത്തത്. ലോക സിനിമ ക്ലാസിക്കുകളിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ കണക്കാക്കാം. ഭാരതീയനായ ഓരോ സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് പഥേർ പാഞ്ചാലി.




One of the most accomplished narrative films ever made...





1 comment:

  1. ദുർഗയുടെ അകാല മരണം ഇന്നും മായാതെ കിടക്കുന്ന, മനസ്സിന്റെ ഒരു വിങ്ങലാണ് ...അവൾ എന്നെ വലാതെ കരയിച്ചു .കള്ളനായി പിടിക്കപെട്ട antonio വും മകനായ ബ്രുണോയും ..തെരുവിലൂടെ നിരാശരായി മടങ്ങുന്ന കാഴ്ച കണ്ടു സത്യജിത് റായ് പോലും ഇത്ര കരഞ്ഞു കാണില്ല .......

    ReplyDelete