Tuesday 8 December 2015

THREE COLORS TRILOGY - BLUE, WHITE and RED

    

    Blue, White, Red എന്നീ മൂന്ന് സിനിമകളുടെ ഒരു സംയുക്ത പരമ്പരയാണ് Three Colors എന്ന ഫ്രഞ്ച് ചലച്ചിത്രത്രയം. പോളിഷ് സംവിധായകന് ക്രിസ്റ്റോഫ് കീസ്ലോവ്സ്കി ആണ് ഈ മൂന്ന് ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്. ഒരുപാട് ചലച്ചിത്ര ബഹുമതികള് കരസ്ഥമാക്കിയ വിശ്വപ്രസിദ്ധ സംവിധായകന് ആണ് ഇദ്ദേഹം. Three Colors Trilogy-യിലൂടെ ലോകമെമ്പാടും ഉള്ള സിനിമാ പ്രേമികളുടെ ആരാധനയും പ്രശംസയും കീസ്ലോവ്സ്കി പിടിച്ചുപറ്റി. സംഗീതത്തില് നിന്നും, ചിത്ര രചനയില് നിന്നും കടമെടുത്താണ് കീസ്ലോവ്സ്കി ഓരോ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്.


   ഇതില് ആദ്യത്തെയും മൂന്നാമത്തെയും ചിത്രം ഫ്രഞ്ച് ഭാഷയിലും, രണ്ടാമത്തെ ചിത്രം പോളിഷ് ഭാഷയിലും ആണ്. ഫ്രഞ്ച് പതാകയിലെ നീല, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ചിത്രത്തിന് നാമകരണം ചെയ്തിരിക്കുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്ന് പ്രതീകങ്ങള് ആണ് ഈ വര്ണ്ണങ്ങള്. ഓരോ സിനിമയുടെയും ആശയവും അത് തന്നെ.


Blue

(France - 1993)

Directed by : Krzysztof Kieslowski

Starring : Juliette Binoche, Benoit Regent

Genre : Drama / Mystery / Music

Language : French / Polish

Running Time : 94 Min

      1993-ല് ആണ്  Three Colors Trilogy-ലെ ആദ്യ ചിത്രം "ബ്ലൂ" പുറത്തിറങ്ങുന്നത്. ഈ ത്രയത്തിലെ ഏറ്റവും കൂടുതല് പ്രശംസ നേടിയ ചിത്രമായിരുന്നു ഇത്. സ്വാതന്ത്ര്യം എന്ന ആശയമാണ് ഈ ചിത്രം മുന്നോട്ടു വെക്കുന്നത്. രാഷ്ട്രീയമായ മാനം അല്ല, മറിച്ച് വ്യക്തി സ്വാതന്ത്ര്യം ആണ് ചിത്രം വിഭാവനം ചെയ്യുന്നത്.
       ഒരു കാര് അപകടത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. ആ അപകടത്തില് ഭര്ത്താവും മകളും നഷ്ടപ്പെട്ട ജൂലി എന്ന യുവതിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അപകടത്തില് പരിക്കുകളോടെ ജൂലി രക്ഷപ്പെടുന്നു. ഫ്രാന്സിലെ അറിയപ്പെടുന്ന മ്യൂസിക് കമ്പോസര് ആയിരുന്നു ജൂലിയുടെ ഭര്ത്താവ്. രാജ്യത്തിനു വേണ്ടി ഒരു സംഗീത വിരുന്ന് ഒരുക്കുന്നതിനിടയിലാണ് അദ്ദേഹം മരണപ്പെടുന്നത്. ഈ ഏകാന്തത നല്കുന്ന വിരഹത്തില് നിന്നും രക്ഷ നേടാനായി എല്ലാ ബന്ധങ്ങളില് നിന്നും സ്വതന്ത്രയാകുക എന്ന ലക്ഷ്യത്തോടെ, മറ്റാര്ക്കും തിരിച്ചറിയാന് കഴിയാത്ത ഒരു സ്ഥലത്തേക്ക് ജൂലി താമസം മാറുന്നു. തിരിച്ചറിവുകളുടെ ഘട്ടത്തില് മാനസികമായ സ്വാതന്ത്ര്യം എവിടെയെന്ന് അടയാളപ്പെടുത്തുന്നു "ബ്ലൂ" എന്ന ആദ്യ അദ്ധ്യായം. വികാര മുഹൂര്ത്തങ്ങളിലൂടെ ഈ ചിത്രം മനസ്സിനോട് ചേര്ക്കുമ്പോള് Julliette Binoche എന്ന നടിയുടെ അഭിനയം ഈ ചിത്രത്തിന്റെ മുതല്ക്കൂട്ടാവുകയാണ്.  


White

(France - 1994)

Directed by : Krzysztof Kieslowski

Starring : Zamachowski, Julie Delpy

Genre : Comedy / Drama / Mystery

Language : Polish

Running Time : 87 Min


      1994 ജനുവരിയില് ആണ്  രണ്ടാമത്തെ ചിത്രം "വൈറ്റ്" പുറത്തിറങ്ങുന്നത്. സമത്വം എന്ന ആശയത്തില് ഊന്നിയുള്ളതാണ് ഈ ചിത്രം. ഫ്രാന്സില് ഒരു വിവാഹമോചന കേസിന്റെ അവസാന ഘട്ടത്തില് ആണ് ചിത്രം ആരംഭിക്കുന്നത്. പോളണ്ടുകാരനായ ഭര്ത്താവ് കരോളില് നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഫ്രെഞ്ചുകാരിയായ ഡോമിനിക്യു ആണ് കേസ് കൊടുത്തത്. കരോളിന്റെ സ്വത്തുവകകളും മറ്റും കൈക്കലാക്കിയ ശേഷം ഡോമിനിക്യു, ഭര്ത്താവിനെ വെറുംകയ്യോടെ തെരുവിലേക്ക് ഇറക്കി വിടുന്നു. പാസ്പോര്ട്ടും മറ്റു രേഖകളും ഇല്ലാത്തതിനാല് തിരികെ പോളണ്ടിലേക്ക് പോകുവാന് കഴിയുന്നില്ല. എന്നാല് അവിടെ വെച്ച് പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ സഹായത്തോടെ കരോള് നാട്ടിലെത്തുന്നു. ഡോമിനിക്യുവിനോടുള്ള ഇഷ്ടം ഇപ്പോളും മനസ്സില് സൂക്ഷിക്കുന്ന കരോള്, വീണ്ടും പണം സമ്പാദിക്കുന്നതിനും അതിലൂടെ വീണ്ടും ഭാര്യയെ തിരികെ വരുത്തുന്നതിനും തീരുമാനമെടുക്കുന്നു. സാമ്പത്തിക സമത്വം എന്ന പ്രമേയം നല്ല രീതിയില് തന്നെ അവതരിപ്പിച്ചു. 



Red

(France - 1994)

Directed by : Krzysztof Kieslowski

Starring : Irene Jacob, Jean-Louis Trintignant

Genre : Drama / Mystery / Romance

Language : French

Running Time : 99 Min




    ഈ ശ്രേണിയിലെ അവസാന ചിത്രം പുറത്തിറങ്ങിയത് 1994 മേയില് ആണ്. ഒരുപാട് ബഹുമതികളും, പ്രധാന നോമിനേഷനുകളും ലഭിച്ച ഒരു ചിത്രം കൂടിയാണിത്. അപ്രതീക്ഷിതമായി കണ്ടു മുട്ടുന്ന വാലന്റെയിന് എന്ന ഒരു മോഡലിന്റെയും, ജോസെഫ് കെന് എന്ന റിട്ടയേഡ് ജഡ്ജിയുടെയും ഇടയില് സംഭവിക്കുന്ന ഒരു ആത്മ ബന്ധത്തിന്റെ കഥയാണ് "റെഡ്". സാഹോദര്യം എന്ന ആശയം ഈ ചിത്രം പറയുന്നു.

   ഈ ചിത്രം റിലീസ് ആയി രണ്ട് വര്ഷങ്ങള്ക്കു ശേഷം, തന്റെ 56-ആമത്തെ വയസ്സില് സംവിധായകന് ക്രിസ്റ്റോഫ് കീസ്ലോവ്സ്കി മരണപ്പെട്ടു. അദ്ദേഹത്തിന്റെ അവസാന സിനിമയും ഇതായിരുന്നു. മൂന്ന് ചിത്രങ്ങളും മനുഷ്യ ബന്ധങ്ങളുടെ വൈകാരിക തലങ്ങള് നല്ല രീതിയില് തന്നെ സംവദിച്ചിരിക്കുന്നു.

Monday 18 May 2015

RABBIT PROOF FENCE

Rabbit Proof Fence

(Australia - 2002)

Directed by : Phillip Noyce

Based on "Follow the Rabbit-Proof Fence" by Doris Pilkington

Starring : Everlyn Sampi, Kenneth Branagh,David Gulpilil

Genre : Adventure / Biography / Drama

Language : Aboriginal, English

Running Time : 94 Mn



     ഒരു സംഭവകഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ ഫിലിപ്പ് നോയ്സേ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിലെ പ്രധാന കഥാപാത്രമായ മോളിയുടെ ജീവിതത്തിലെ അവിശ്വസനീയമായ ഒരു സംഭവം വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ മകള്‍  പുസ്തക രൂപേണ പുറത്തിറക്കുകയുണ്ടായി. ഈ പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം. 1931ല്‍ കിഴക്കന്‍ ആസ്ട്രേലിയയിലെ Moore River Settlement-ല്‍ നിന്നും രക്ഷപ്പെട്ട്, തിരികെ വീട്ടിലേക്ക് എത്താന്‍ ശ്രമിക്കുന്ന ഗോത്ര വര്‍ഗ്ഗക്കാരായ  3  കുട്ടികളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. 9 ആഴ്ചകളോളം, കാല്‍നടയായി 1500 മൈലുകള്‍ (2400കിമീ) Rabbit Foot Fence-ലൂടെ (Rabbit Foot Fence എന്നായിരുന്നു ആദ്യ നാമം) നദികളും മലകളും മരുഭൂമിയും താണ്ടി അവര്‍ സഞ്ചരിച്ചു.ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കമ്പി വേലികളില്‍ ഒന്നാണ്  Rabbit Foot Fence. കൃഷി സ്ഥലങ്ങളെ മുയലുകളില്‍ നിന്നും മറ്റും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ 1907ല്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ഫെന്‍സ്.


      ആസ്ട്രേലിയയുടെ ചരിത്രത്തിലെ കറുത്ത ഏടുകളില്‍ പ്രധാനപ്പെട്ട ഒന്നായ വംശീയതയാണ് ഈ ചിത്രത്തിന്‍റെ കഥാ പശ്ചാത്തലം. 14 വയസ്സുകാരി മോളി, സഹോദരി 8 വയസ്സുകാരി ഡെയ്സി, 10 വയസ്സായ അവരുടെ ബന്ധു  ഗ്രേസി; ഇവരുടെ ജീവിതമാണ് ഈ സിനിമ. പടിഞ്ഞാറന്‍ ആസ്ട്രേലിയയിലെ ജിഗലോങ്ങ് എന്ന സ്ഥലത്തെ ഗോത്ര വര്‍ഗ്ഗത്തില്‍ പെട്ടവരാണ് ഇവര്‍. Rabbit Proof Fence-നോട്‌ ചേര്‍ന്ന് കിടക്കുന്ന പ്രദേശം. അവിടെയുള്ള മിക്ക കുട്ടികളും വര്‍ണ്ണപരമായി മിശ്ര ജാതിയില്‍ പെട്ടവരായിരുന്നു. ഇവരുടെ ഉന്നമനം ലക്‌ഷ്യം വെച്ച്കൊണ്ട് വിദ്യാഭ്യാസപരമായും മറ്റും ഉയര്‍ന്ന നിലവാരം നല്‍കുക എന്ന പ്രചരണത്തോടെ തികച്ചും വംശീയലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന ഒരു സംരംഭമാണ് Moore River Settlement. ഇത്തരത്തില്‍പ്പെട്ട കുറെ ആദിവാസി കുട്ടികളെ പിടിച്ചെടുത്ത് അവിടെ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ ഇംഗ്ലീഷ് ഭാഷയും, കൃസ്ത്യന്‍ ആചാരങ്ങളും എല്ലാം പഠിപ്പിച്ച് വെളുത്ത വര്‍ഗ്ഗക്കാരുടെ വീടുകളിലും പണിയിടങ്ങളിലും പണിയെടുപ്പിക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം. 

     പ്രത്യേക ഉത്തരവ് പ്രകാരം മോളി, ഡെയ്സി, ഗ്രേസി എന്നിവരെയും ഈ ക്യാമ്പിലേക്ക് പിടിച്ചു കൊണ്ട് വരുന്നു. എന്നാല്‍ ആ ജീവിതം അസഹനീയമായതോടെ മൂത്തവളായ മോളി, മറ്റു രണ്ടു പേരെയും കൂട്ടി അവിടെ നിന്നും രക്ഷപ്പെടുന്നു. Rabbit Proof Fence-ന്‍റെ ഓരം പിടിച്ചു 1300 മൈലുകളോളം യാത്ര ചെയ്താലാണ് തങ്ങളുടെ അമ്മമാരുടെ അടുത്തെത്താന്‍ കഴിയുക എന്ന് മോളിക്കറിയാം. കാല്പാടുകളും മറ്റും നോക്കി ഇത്തരത്തില്‍ രക്ഷപ്പെട്ട കുട്ടികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക കഴിവുള്ള മൂഡോ എന്ന ഗോത്രവര്‍ഗ്ഗക്കാരന്‍ അവിടെ എല്ലാവരുടെയും പേടി സ്വപ്നമായിരുന്നു. അത് കൊണ്ട് തന്നെ, മഴയുള്ള ഒരു ദിവസം ആയിരുന്നു മോളി രക്ഷപ്പെടാന്‍ തിരഞ്ഞെടുത്തത്. പ്രകൃതിയുടെ തനതായ സ്വഭാവങ്ങള്‍ തിരിച്ചറിഞ്ഞാണ്‌ മിടുക്കിയായ മോളി ആ യാത്ര നയിക്കുന്നത്. അവര്‍ക്ക് പുറകെ ക്രൂരതയുടെ മുഖവുമായി മൂഡോ അവരെ പിന്തുടരുന്നുണ്ട്. അവരുടെ അതിജീവനത്തിന്റെ 9  ആഴ്ചകളാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. 1910നും  1970നും ഇടയിലായി ഒരു ലക്ഷത്തോളം ആദിവാസി കുട്ടികളെയാണ് ഇത്തരത്തില്‍ അവരുടെ രക്ഷിതാക്കളില്‍ നിന്നും പിടിച്ചു കൊണ്ട് പോയിട്ടുള്ളത്. വംശീയതയുടെ രാഷ്ട്രീയം ഈ ചിത്രം മുന്നോട്ടു വെക്കുന്നു. വര്‍ണ്ണ വിവേചനത്തിനു പേര് കേട്ട ആസ്ട്രേലിയയുടെ ചരിത്രത്തില്‍ അധികമാരും അറിയാതെ പോകുമായിരുന്ന ഈ സംഭവം വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.
  
      ഇത് പൂര്‍ണ്ണമായും ഒരു സംവിധായകന്റെ സിനിമയാണ്. മോളിയായി അഭിനയിച്ച Everlyn Sampi, മൂഡോ എന്ന കഥാ പാത്രത്തെ അവതരിപ്പിച്ച David Gulpil  എന്നിവരുടെ അഭിനയം ചിത്രത്തിന്റെ ഒരു മുതല്‍കൂട്ടാണ്. സംഗീതവും ക്യാമറ വിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നവര്‍ ഈ ചിത്രം മനോഹരമായ ഒരു അനുഭവമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.  
A heroic true story evocatively told...

Rabbit Proof Fence Trailer

Tuesday 5 May 2015

THE COLOR OF THE MOUNTAIN

Los colores de la montaña (The Color of the Mountain)
Columbia - 2010
Directed by : Carlose Cesar Arbelaes
Starring : Hernan Mouricio Ocampo, Nolberto Sanchez, Hernan Mendez
Genre : Drama
Language : Spanish
Running Time : 90 Minutes


      സ്വപ്ന തുല്യമായ ഒരു തുടക്കമാണ് Carlose Cesar Arbelaes എന്ന സംവിധായകന് തന്‍റെ ഈ കന്നി ചിത്രത്തിലൂടെ കിട്ടിയത്. അത്ര മാത്രം അംഗീകാരങ്ങളും പ്രേക്ഷക ശ്രദ്ധയും ഈ ചിത്രം പിടിച്ചു പറ്റി. ഒരു സാധാ ഉള്‍നാടന്‍ പ്രദേശത്തെ അസ്വസ്ഥമാക്കുന്ന രാഷ്ട്രീയ പ്രമേയം, മാനുവല്‍ എന്ന ഒരു ബാലന്‍റെ കഥ പറഞ്ഞു കൊണ്ട് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു സംവിധായകന്‍. 


     കൊളംബിയയിലെ ഒരു ഉള്‍നാടന്‍ പ്രദേശത്ത് ജീവിക്കുന്ന കര്‍ഷകരായ സാധാരണക്കാരുടെ ജീവിതം പറയുകയാണ്‌ ഈ സിനിമ. പര്‍വതങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ഒരു ഗ്രാമം. ഒരു വശത്ത് ഗറില്ല പോരാളികളും, മറു വശത്ത് ഇവരെ നേരിടുന്ന സൈന്യവും ഈ ജനങ്ങളുടെ ജീവിതം ഭയാനകരമാക്കി. തങ്ങളുടെ സംഘത്തില്‍ ചേരാനും മീറ്റിങ്ങുകളില്‍ പങ്കെടുക്കാനും ഗോറില്ലകള്‍ അവിടുത്തെ കര്‍ഷകരെ സ്ഥിരമായി നിര്‍ബന്ധിക്കുന്നു.സൈന്യത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഭവിഷ്യത്തുകള്‍ മൂലം പലരും ഇവരില്‍ നിന്നെല്ലാം ഒളിച്ചാണ് നടപ്പ്. ഭയം മൂലം പലരും വീടും കൃഷിയും എല്ലാം ഉപേക്ഷിച്ചു മറ്റു സ്ഥലങ്ങളിലേക്ക് പാലായനം ചെയ്യുന്നു. 


    
    ഒരു ഏകാധ്യാപക സ്കൂള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ജനങ്ങള്‍ ഒഴിഞ്ഞു പോകുന്നത് മൂലം കുട്ടികളുടെ എണ്ണം സ്കൂളില്‍ ദിനം പ്രതി കുറഞ്ഞു വരികയാണ്. അവിടെ പുതുതായി വരുന്ന ടീച്ചറിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. മാനുവലിന്റെ പ്രധാന ഹോബി ചിത്ര രചനയും, ഏറ്റവും അടുത്ത ചങ്ങാതിമാരായ ജൂലിയനോടും പൊക്ക ലൂസിനോടും മറ്റു കൂട്ടുകാരോടും ഒപ്പമുള്ള ഫുട്ബോള്‍ കളിയും ആയിരുന്നു. ജന്മദിന സമ്മാനമായി മാനുവലിന് അച്ഛന്‍ സമ്മാനിച്ച ഫുട്ബാളിന്റെ അമിതാഹ്ലാദം ഏറെ നേരം നീണ്ടു നിന്നില്ല. ആദ്യ ദിവസം തന്നെ കളിക്കിടയില്‍ ബോള്‍, മൈതാനത്തിന്റെ തൊട്ടടുത്തുള്ള മൈന്‍ പ്രദേശത്തേക്ക് തെറിച്ചു പോയി. ആ സമയം അത് വഴി പോയ ഒരു പന്നി മൈന്‍ പൊട്ടി മരണപ്പെടുകയും ചെയ്തതോടെ, മുതിര്‍ന്നവരും സ്കൂള്‍ ടീച്ചറും എല്ലാം, കുട്ടികളെ ബോള്‍ എടുക്കുന്നതില്‍ നിന്നും അവിടേക്ക് പോകുന്നതില്‍ നിന്നും വിലക്കുന്നു. എന്നാല്‍ മാനുവലും ജൂലിയാനും പൊക്ക ലൂസും കൂടി പന്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. കുട്ടികളുടെ ഈ ഒരു ഒത്തൊരുമയും കുസൃതികളും ആണ് ഈ സിനിമയുടെ ബാഹ്യ പ്രമേയം. 


       ഭരണകൂടത്തിനും വിമതര്‍ക്കും ഇടയില്‍, അപകടങ്ങളെയും മരണത്തെയും മുന്നില്‍ കണ്ട്, അവഗണന നേരിടുന്ന ലോകത്തിലെ എല്ലാ സാധാരണ ജന വിഭാഗത്തിന്റെയും പ്രതീകം തന്നെയാണ് മൈന്‍ പ്രദേശത്ത് അകപ്പെട്ട ആ ഫുട്ബോള്‍. അവഗണനയുടെയും അതിജീവനത്തിന്‍റെയും കൃത്യമായ രാഷ്ട്രീയം ഈ ചിത്രം മുന്നോട്ടു വെക്കുന്നു. 2009ലെ കണക്കു പ്രകാരം 4മില്ല്യന്‍ ജനങ്ങളാണ് ഇത്തരത്തില്‍ കൊളംബിയയില്‍ മാത്രം വീടും കൃഷിയും എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്തു പോയിട്ടുള്ളത് എന്നത് ഈ സിനിമയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. 

 
        ജൂലിയാന്‍ തന്‍റെ ചങ്ങാതി മാനുവലിന് തന്‍റെ കയ്യിലുള്ള ബുള്ളറ്റുകളുടെ ശേഖരം കാണിച്ചു കൊടുത്ത് കൊണ്ട്, ഓരോ ബുള്ളറ്റിന്റെയും ഉപയോഗത്തെ കുറിച്ച് പറയുന്ന രംഗം സംവിധായകന്‍ വളരെ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗൌരവമാര്‍ന്ന ഒരു സന്ദേശവും വളരെ പ്രധാനപ്പെട്ട ഈ രംഗം മുന്നോട്ടു വെക്കുന്നുണ്ട്.  പതിനാറാമത് കേരള ഫിലിം ഫെസ്റ്റിവലില്‍ Golden Pheasant ബഹുമതി നേടുകയുണ്ടായി ഈ ചിത്രം. മികച്ച അന്യഭാഷാ പുരസ്കാരത്തിനുള്ള കൊളംബിയയുടെ ഔദ്യോകിക ചിത്രം ആയിരുന്നു The Colors of Mountain (അവസാന റൌണ്ടില്‍ പുറത്താകുകയായിരുന്നു). കുട്ടികള്‍ കഥാപാത്രമായി വരുന്ന ഇത്തരത്തില്‍ പെട്ട ചിത്രങ്ങളുടെ പ്രധാന ആഘര്‍ഷണം പലപ്പോഴും ഈ കൊച്ചു കലാകാരന്മാരുടെ അഭിനയ മികവു തന്നെയാണ്. ആ തലത്തില്‍ ഈ ചിത്രവും വത്യസ്തമാകുന്നില്ല. മനോഹരമായ ദൃശ്യാനുഭവം നല്‍കുമ്പോളും സാങ്കേതികമായ ചില ന്യൂനതകള്‍ ചിലപ്പോഴെങ്കിലും രസം കൊല്ലിയാകുന്നുണ്ട്. എങ്കിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഒരു മനോഹര ചിത്രം തന്നെയാണ് The Colors of Mountain.
From the Minds of Children....




Monday 26 January 2015

También la lluvia

"También la lluvia (Even the Rain)
(Spain - 2010)

Directed by : Icíar Bollaín

Written by : Paul Laverty

Based on "2000 Cochabamba Protests"

Starring : Luise Tosar, Gael Garcia Bernal, Juan Carlos Aduviri

Genre : Drama / History

Language : Spanish

Running Time : 104 Minutes



     2010ല്‍ Paul Laverty  എഴുതി പ്രമുഖ സ്പാനിഷ് നടി കൂടിയായ Iciar Bollain സംവിധാനം ചെയ്ത സിനിമയാണ് Even the Rain. ബൊളീവിയയിലെ ജനകീയ പോരാട്ടത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2010 Toronto അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലാണ് ഈ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്.


     മനുഷ്യന്‍റെ അടിസ്ഥാന അവകാശങ്ങളില്‍ ഒന്നാണ് ജലം. എന്നാല്‍ ഇന്നിന്‍റെ രാഷ്ട്രീയം നമ്മോടു പറയുന്നത് ജലത്തിന് വേണ്ടിയുള്ള വിപ്ലവങ്ങള്‍ കൂടിയാണ്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഭരണകൂടത്തിന്‍റെ ഒത്താശയോടെ വന്‍കിട കുത്തക വ്യവസായികള്‍ സാധാരണക്കാരന്റെ കുടിവെള്ളം പോലും കവര്‍ന്നെടുത്ത് പുഴകളും തോടുകളും വരെ സ്വകാര്യവല്‍ക്കരിച്ചു കഴിഞ്ഞു. നമ്മുടെ കേരളത്തിലും സ്ഥിതി വത്യസ്തമാകുന്നില്ല. ലോകത്തിന്‍റെ പലയിടങ്ങളിലും ഇന്ന് പ്രക്ഷോഭങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. അതില്‍ വളരെ ശ്രദ്ധയാകര്‍ഷിച്ച ഒരു പ്രക്ഷോഭമായിരുന്നു ബൊളീവിയയിലെ കൊച്ചബാമ്പ എന്ന സ്ഥലത്ത് 2000ല്‍ അരങ്ങേറിയത്. ഈ ഒരു വിഷയത്തെ ആസ്പദമാക്കിയാണ് "Even the Rain" എന്ന ചിത്രം.


     ക്രിസ്ടഫര്‍ കൊളംബസിന്‍റെ ആദ്യ യാത്രയെ കുറിച്ചുള്ള ഒരു സിനിമ ചിത്രീകരിക്കുന്നതിനു വേണ്ടി സംവിധായകള്‍ സെബാസ്റ്റ്യനും സഹ നിര്‍മ്മാതാവ് കോസ്റ്റയും മറ്റു അഭിനേതാക്കളും യൂണിറ്റ് അംഗങ്ങളുമായി കൊച്ചബാമ്പ എന്ന സ്ഥലത്ത് എത്തുന്നു. വളരെ കുറഞ്ഞ ചിലവില്‍ ചിത്രം നിര്‍മ്മിക്കാം എന്നതായിരുന്നു ഈ സ്ഥലം തിരഞ്ഞെടുക്കാനുള്ള കോസ്റ്റയുടെ പ്രധാന കാരണം. മത പരിവര്‍ത്തനത്തിനായി സ്പാനിയാര്‍ഡ്സ്കള്‍ സ്വദേശികളെ ക്രൂരമായി പീഡിപ്പിക്കുന്നതും അതിനെതിരെ ശബ്ദമുയര്‍ത്തിയ രണ്ട് ക്രിസ്ത്യന്‍ പുരോഹിതരെക്കുറിച്ചും ഉള്ള യഥാര്‍ത്ഥ കഥ തന്നെയായിരുന്നു സെബാസ്റ്റ്യന്‍ പ്ലാന്‍ ചെയ്തിരുന്നത്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഏതാനും ഗ്രാമീണരെ കൂടി ആ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുന്നു. കോസ്റ്റയുടെ എതിര്‍പ്പിനെ മറി കടന്നു ചിത്രത്തിലെ പ്രധാന കഥാ പാത്രമായി ഡാനിയല്‍ എന്ന ചെറുപ്പക്കാരനെ സെബാസ്റ്റ്യന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നു.


     അടിച്ചമര്‍ത്തപ്പെടുന്ന ഒരു ജനതയുടെ സ്വാതന്ത്രത്തിനു വേണ്ടി അവര്‍ക്കിടയില്‍ നിന്ന് കൊണ്ട് ശബ്ദിക്കുന്ന ഒരു നേതാവിന്റെ വേഷമായിരുന്നു ആ ചിത്രത്തില്‍ ഡാനിയലിന്റെത്. ചിത്രീകരണം പുരോഗമിക്കുന്നതിനിടെ സെബാസ്റ്റ്യനും കോസ്റ്റയും മനസ്സിലാക്കുന്നു, ആ സമയത്ത് അവിടെ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ നേതാവാണ്‌ ഡാനിയല്‍ എന്ന്. നാടിനാവശ്യമായ ജലത്തെ സ്വകാര്യവല്‍ക്കരിച്ചു കുത്തക മുതലാളിമാര്‍ക്ക് തീറെഴുതി കൊടുത്ത ഭരണകൂടത്തിനെതിരെ ശക്തമായ ഒരു സമരമാണ് അവിടെ നടന്നു കൊണ്ടിരിക്കുന്നത്.
 

   ഏതു നിമിഷവും പോലിസ് പിടിയില്‍ അകപ്പെടാവുന്ന ഡാനിയലിനെ ചിത്രീകരണം കഴിയുന്നത്‌ വരെ സമരങ്ങളില്‍ നിന്നും പിന്മാറാന്‍ കോസ്റ്റയും സെബാസ്റ്റ്യനും അഭ്യര്‍ത്ഥിക്കുന്നു. ഒരു വേള സിനിമയും പോരാട്ടവും ഒരൊറ്റ ബിന്ദുവില്‍ എത്തിച്ചേരുന്നു.


    ചരിത്രവും സമകാലികവും ഇഴ ചേര്‍ന്ന ജനകീയ പോരാട്ടത്തിന്‍റെ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നു ഈ ചിത്രം. (Rang de Basanti  എന്ന ചിത്രത്തെ ഓര്‍ത്തു പോകുന്നു). 2000ലെ Cohabamba Water War എന്ന പേരില്‍ പ്രസിദ്ധമാണ് ഈ ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്ന പ്രക്ഷോഭം. നൂറ്റാണ്ടുകള്‍ക്കു ശേഷവും ഭരണകൂട വര്‍ഗ്ഗങ്ങളുടെ ചൂഷണം തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു എന്ന് ഈ ചിത്രം അടിവരയിടുന്നു.ഈ ചിത്രത്തിന്റെ പ്രധാന ആഘര്‍ഷണീയത, മനോഹരമായ ദൃശ്യ ഭംഗിയാണ്. ഫെല്ലിനിയോടുള്ള ആദര സൂചകമായി Life is Beautiful എന്ന ചിത്രത്തിലെ മനോഹര ദൃശ്യം പുനരാവിഷ്ക്കരിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത് തന്നെ. ബോളീവിയയുടെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത് ആ ചിത്രീകരണ മികവ് തുടര്‍ന്ന് പോകുന്നു. തന്‍റെ ജോലിയോട് പൂര്‍ണ്ണമായ ആത്മാര്‍ഥത നല്‍കുന്ന സെബാസ്റ്റ്യന്‍ എന്ന സംവിധായകനെ അവതരിപ്പിച്ചിരിക്കുന്നത് The Motorcycle Diaries എന്ന ചിത്രത്തിലൂടെ ചെഗുവേരയെ അനശ്വരനാക്കിയ Gael Garcia Bernal എന്ന നടനാണ്‌. ഒരു സിനിമാ യൂണിറ്റിനെ മൊത്തം, പ്രത്യേകിച്ച് സാധാരണ ജനങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ചു ഒരു സിനിമ നിര്‍മ്മിക്കുന്ന ഒരു സഹ നിര്‍മ്മാതാവിന്റെ കാര്‍ക്കശ്യവും അതിലുപരി ഒരു സഹൃദയ ഭാവവും ഇട കലര്‍ത്തി കോസ്റ്റ എന്ന വേഷം അഭിനയിച്ച Luise Tosar എന്ന നടന്‍; ഡാനിയല്‍ എന്ന നേതാവിനെ അവതരിപ്പിച്ച Juan Carlos Aduviri  തുടങ്ങീ ഇതിലെ അഭിനേതാക്കളുടെ മികച്ച കഴിവ് എടുത്തു പറയേണ്ടത് തന്നെയാണ്. ശക്തമായ തിരക്കഥക്ക് ചലച്ചിത്ര ഭാഷ്യം നല്‍കിയ സംവിധായക Iciar Bollain-ന് അഭിമാനിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഇത്. ഒരു കലാകാരന് തന്‍റെ സമൂഹത്തോടുള്ള പ്രതിബന്ധത, രാഷ്ട്രീയ നിലപാടുകള്‍ എന്നിവ തുറന്നു കാണിക്കുന്ന മികച്ചൊരു ചിത്രം.

Awards :
17 Wins & 15 Nominations. 

Salute Comrades...

Trailer:


MEGHE DHAKA TARA

Meghe Dhaka Tara (The Cloud Crapped Star)

(India - 1960)


Written and Directed by : Ritik Ghatak

Based on a social novel "Meghe Dhaka Tara" by Shathipada Rajguru

Starring : Supriya Choudury, Anil Chatterjee, Niranjan Ray

Genre : Drama / Musical

Language : Bengali

Running Time : 134 Minute.



       ഇതേ ശീര്‍ഷകത്തില്‍ തന്നെയുള്ള ശക്തിപദ രാജ്ഗുരുവിന്‍റെ നോവലിന്‍റെ ചലച്ചിത്രാവിഷ്ക്കാരം, 1960ല്‍ ഋതിക് ഘട്ടക് സംവിധാനം ചെയ്തു. സത്യജിത് റേയ്ക്കും മൃണാള്‍ സെന്നിനും ശേഷം ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ട ബംഗാളി സംവിധായകന്‍. 24 ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം 11 ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുകയും അഞ്ചോളം ചിത്രങ്ങളില്‍ അഭിനയിക്കുകയും  ചെയ്തിട്ടുണ്ട്. 


   കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നും കല്‍ക്കട്ടയിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിന്‍റെ കഥയാണ് Meghe Dhaka Tara. അച്ഛനും അമ്മയും രണ്ട് പെണ്മക്കളും രണ്ട് ആണ്മക്കളും അടങ്ങിയ ആ കുടുംബത്തിന്‍റെ ചുമതല മുഴുവന്‍ നീത എന്ന മൂത്ത മകളില്‍ ആയിരുന്നു. തന്‍റെ ബിരുദാനന്തര ബിരുദ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു. തന്‍റെ സ്വകാര്യ സന്തോഷങ്ങളും ആരോഗ്യവും പണവും എല്ലാം ആ കുടുംബത്തിനു വേണ്ടി ത്യജിച്ചു. മികച്ചൊരു സംഗീതഞ്ജന്‍ എന്ന ഒരേ ഒരു ലക്‌ഷ്യം മാത്രം മുന്നില്‍ കണ്ടു ജീവിക്കുന്ന മൂത്ത സഹോദരനും കോളേജില്‍ പഠിക്കുന്ന രണ്ടാമത്തെ സഹോദരനും സഹോദരിയും നീതയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. അമ്മയുടെ ദാര്‍ഷട്യത്തില്‍ നിന്നും നീതയുടെ ആശ്വാസം അച്ചന്‍റെ സ്നേഹ പൂര്‍ണ്ണമായ വാക്കുകള്‍ ആയിരുന്നു. കൂടാതെ മൂത്ത സഹോദരന്‍റെ സംഗീതവും. അസുഖം ബാധിച്ചു അച്ചന്‍ കൂടി കിടപ്പിലായതോടെ നീതയുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി കൊണ്ടിരുന്നു. 


     ഈ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുപാട് ചിത്രങ്ങള്‍ പല ഭാഷകളിലുമായി പിന്നീട് ഇറങ്ങുകയുണ്ടായി. സംഗീതം ഈ സിനിമയുടെ ഒരു അവിഭാജ്യ ഘടകം ആയിരുന്നു. ആ ഉദ്യമം വളരെ ഭംഗിയായി സംഗീത സംവിധായകന്‍ ജ്യോതീന്ദ്ര മോയിത്ര, ഉസ്താദ് ബഹദൂര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കഥയും തിരക്കഥയും നല്‍കുന്ന സ്വാഭാവികതക്കു പ്രധാന കഥാ പാത്രമായ നീതയെ അവതരിപ്പിച്ച സുപ്രിയ ചൌധരിയും മറ്റുള്ളവരും നല്‍കിയ സംഭാവന ചെറുതല്ല. ഒരു സാധാരണ കുടുംബത്തിന്‍റെ അവസ്ഥ വളരെ ഭംഗിയായാണ് സംവിധായാകന്‍ ഋതിക് ഘട്ടക് അവതരിപ്പിച്ചിരിക്കുന്നത്. ഒരോ കഥാപാത്രത്തിന്‍റെയും സ്വഭാവ രൂപീകരണത്തിനു അദ്ദേഹം നല്‍കിയിട്ടുള്ള സൂക്ഷ്മത പ്രശംസനീയം തന്നെയാണ്. ഇന്ത്യന്‍ സിനിമകളില്‍ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ ഇന്നും പരിഗണിക്കുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണം അദ്ദേഹം തന്നെ സംവിധാനം ചെയ്തു പുറത്ത് വന്ന ചിത്രങ്ങളാണ് "Komal Gandhar (1961), Subarna Lekha ( 1962) എന്നിവ. 

One of the great film in Indian cinema.