Friday 12 December 2014

WADJDA

Wadjda (Film - Soudi Arabia 2012)


Written & Directed By : Haifaa Al Mansour

Starring : Waad Mohammed, Reem Abdulla, Abdul Rahman Al Guhani

Genre : Drama

Language : Arabic

Running Time : 98 Minute




       സിനിമ പോലൊരു മാധ്യമത്തിന് വളരെയധികം പരിമിധികള്‍ ഉള്ള, തിയറ്ററുകള്‍ക്ക് പോലും അനുമതിയില്ലാത്ത സൗദി അറേബ്യ പോലൊരു രാജ്യത്ത് നിന്നും, അതിന്‍റെ പരിമിധികളില്‍ നിന്ന് കൊണ്ട്, എന്നാല്‍ അതത്ര ബാധിക്കാതെ ചിത്രീകരിച്ച മനോഹരമായ ഒരു ചിത്രം ആണ് Wadjda. സൗദി അറേബ്യയില്‍ മുഴുവനായും ചിത്രീകരിച്ച ആദ്യ സിനിമയാണിത്. അതും ഒരു സ്ത്രീ സംവിധായകയുടെ വിരുതില്‍. 2012ല്‍ ഹൈഫാ അല്‍ മന്‍സൂര്‍ സംവിധാനം ചെയ്ത ചിത്രം.


      സൗദി അറേബ്യയിലെ അറിയപ്പെടുന്ന ഫിലിം മേക്കറും   ആദ്യത്തെ വനിത സംവിധായകയും ആണ് ഹൈഫ. കൈറോയിലെ അമേരിക്കന്‍ യുണിവേഴ്സിറ്റിയിലെ പഠനത്തിനു ശേഷം സിഡ്നിയില്‍ ഫിലിം മേക്കിംഗ് പഠനം. പിന്നീട് സാമൂഹിക വിഷയങ്ങളില്‍ ഊന്നിയ അറബ് ഡോക്യുമെണ്ടറികളിലൂടെ പ്രശസ്തയായി. Wadjda, ഹഫയുടെ ആദ്യ സിനിമയായിരുന്നു. 



      കുട്ടികളുടെ ചിത്രം എന്ന പുറംമോടിയില്‍ നിന്ന് കൊണ്ട് ആ രാജ്യത്തെ ജനങ്ങളുടെ ജീവിത രീതിയും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും എടുത്തു പറയുന്നുണ്ട് ഈ ചിത്രം. വളരെ ലളിതമായൊരു കഥയെന്നു തോന്നാമെങ്കിലും ആ രാജ്യത്ത് ഈ കഥയുടെ പ്രസക്തി ചിത്രത്തെ ഗൌരവമേറിയതാക്കുന്നു. 10 വയസ്സുള്ള വജ്ദ (Wadjda) എന്ന കുട്ടിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. സൈക്കിള്‍ സവാരി വളരെയധികം ഇഷ്ട്പ്പെട്ടിരുന്ന കുട്ടിയാണ് വജ്ദ. സ്കൂളിലേക്ക് പോകുന്ന വഴിയിലെ കടയില്‍ നോക്കി വെച്ചിരിക്കുന്ന 800 സൗദി റിയാലോളം വിലയുള്ള സൈക്കിള്‍ സ്വന്തമാക്കുക എന്നതാണ് വജ്ദയുടെ ആഗ്രഹം. അവളുടെ കൂട്ടുകാരനായ അബ്ദുള്ളയുടെ ഇടക്കിടെയുള്ള വെല്ലുവിളികളും ഈ ആഗ്രഹത്തിന് പുറകിലുണ്ട്. പെണ്‍കുട്ടികള്‍ സൈക്കിള്‍ ഓടിക്കാന്‍ പാടില്ല എന്ന കാരണത്താല്‍ വജ്ദയുടെ ഉമ്മ ഈ ആവശ്യം നിരസിക്കുന്നു.



    അടുത്തൊരു സ്കൂളില്‍ ജോലി ചെയ്യുന്ന ഉമ്മയും ആഴ്ചയിലൊരിക്കല്‍ അകലെയുള്ള ജോലി സ്ഥലത്ത് നിന്നും വന്നു പോകുന്ന വജ്ദയുടെ വാപ്പയും സ്നേഹ നിധികള്‍ ആയിരുന്നു. വജ്ദ അവരുടെ ഏക മകള്‍ ആയിരുന്നു. സൈക്കിള്‍ വാങ്ങുന്നതിന് സ്വന്തമായി കാശ് ഉണ്ടാക്കുന്നതിനായി സ്വന്തമായി നെയ്തെടുക്കുന്ന ബ്രേസ് ലെറ്റുകള്‍ സ്കൂളിലെ കുട്ടികള്‍ക്ക് ആരും അറിയാതെ വില്‍പന നടത്തിയിരുന്നു വജ്ദ. കൂടാതെ ആരും അറിയാതെ, മറ്റു രാജ്യങ്ങളിലെ റേഡിയോ സ്റ്റേഷനുകള്‍ ട്യുന്‍ ചെയ്തു പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്ത് സ്വന്തമായി കവര്‍ ഡിസൈന്‍ ചെയ്തു ഒരു ഷോപ്പില്‍ വില്‍ക്കും അവള്‍. ആ കടയില്‍ തന്നെയാണ് വജ്ദ നോക്കി വെച്ചിരിക്കുന്ന സൈക്കിളും. 


   സ്കൂള്‍ പ്രിന്‍സിപ്പാളിന്‍റെ പ്രധാന നോട്ടപ്പുള്ളിയാണ് വജ്ദ. ശരിയായ രീതിയില്‍ സ്കാര്‍ഫ് ധരിക്കണമെന്ന പ്രിന്‍സിപ്പലിന്‍റെ സ്ഥിരമായ നിര്‍ദേശം പലപ്പോഴും വജ്ദ പാലിക്കാറില്ല. ആയിടെയാണ് 1000 റിയാല്‍ സമ്മാന തുക ലഭിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം ആ സ്കൂളില്‍ നടത്തപ്പെടുന്നത്. തന്‍റെ സൈക്കള്‍ വാങ്ങുന്നതിനുള്ള നല്ലൊരു അവസരമായി കണ്ട കൊണ്ട് വജ്ദ ഈ മത്സരത്തില്‍ പങ്കെടുക്കുന്നു. നല്ലൊരു ഗായിക കൂടിയായ വജ്ദയുടെ ഉമ്മ അതിനു സഹായിക്കുകയും ചെയ്യുന്നു.


    സൗദി അറേബ്യയില്‍ ചിത്രീകരിച്ച സിനിമ, വനിതാ സംവിധായക, തുടങ്ങീയുള്ള പ്രത്യേകതകള്‍ക്കിടയിലും ഈ സിനിമയുടെ പ്രധാന ആകര്‍ഷണം വജ്ദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വാദ് മുഹമ്മദ്‌ എന്ന കുട്ടിയാണ്. അഭിനയത്തില്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത സൗദി സ്വദേശിയായ ഈ കുട്ടിയുടെ അനായാസേനയുള്ള അഭിനയം ഈ ചിത്രത്തിനു നല്‍കിയിട്ടുള്ള ജീവന്‍ വളരെ വലുതാണ്‌. പലയിടങ്ങളിലും ചര്‍ച്ചകള്‍ക്ക് പാത്രമാകാറുള്ള ആ രാജ്യത്തെ സ്ത്രീകളുടെ ജീവിതം, നിയമ ചട്ടക്കൂടുകള്‍ എല്ലാം വിഷയമാക്കിയിട്ടുണ്ട് വജ്ദ എന്ന ഈ മനോഹര ചിത്രം. വജ്ദയുടെ അമ്മയായി അഭിനയിച്ചിട്ടുള്ള റീം അബ്ദുള്ള മാത്രമാണ് മുന്‍ പരിചയം ഉള്ള നടി. 


    ഈ ചിത്രത്തിന്‍റെ ചിത്രീകരണത്തിന് സംവിധായക ഒട്ടേറെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതു സ്ഥലങ്ങളിലെ ചിത്രീകരണ സമയത്ത് പലപ്പോഴും വാനിനുള്ളില്‍ ഇരുന്നു കൊണ്ട് മോണിട്ടറുകളുടെയും വാക്കി ടോക്കികളുടെയും സഹായത്തോടെയാണ് ചിത്രീകരിച്ചിരുന്നത്. പൊതു സ്ഥലങ്ങളില്‍ അന്യ പുരുഷന്മാരുമായി പരസ്യമായി സംസാരിക്കുന്നതിനുള്ള കര്‍ശനമായ വിലക്ക് സംവിധായകക്ക് ഉണ്ടായിരുന്നു. ഒരുപാട് ചലച്ചിത്ര മേളകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ചലച്ചിത്ര പ്രദര്‍ശനങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ചിത്രം. 


അംഗീകാരങ്ങള്‍ :
86-മത് ഓസ്ക്കാര്‍ അവാര്‍ഡിന് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള സൗദി അറേബ്യയില്‍ നിന്നുള്ള ആദ്യ എന്‍ട്രി നേടിയ ചിത്രം. (അവസാന തിരഞ്ഞെടുപ്പില്‍ പുറത്തായി).
Nominated for 1 BAFTA award. Another  21 wins and 22 nominations.

Brave and brilliant effort from Soudi Arabia's first female director Haifa Al Mansour. A simple yet delightful story about freedom. 

Trailer :

Tuesday 2 December 2014

RASHOMON

Rashomon (Film - Japan 1950)

Screenplay, Editing & Directed by : Akira Kurosawa

Based on "Rashomon" and "In a Grove" by Ryunosuke Akutagawa

Starring : Toshiro Mifune, Machiko Kyo, Masayuki Mori, Takashi Shimura

Genre : Drama

Language : Japanese

Running Time : 88 Minute



    ക്ലാസ്സിക്കുകളായ ഒരുപാട് സിനിമകളും പുസ്തകങ്ങളും കാല,ഭാഷ ഭേദമന്യേ എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കും. അത്തരത്തില്‍പ്പെട്ട ഒരു ജാപനീസ് സിനിമയാണ് 1950ല്‍ അകിര കുറൊസവ സംവിധാനം ചെയ്ത "റാഷമോണ്‍". സിനിമ എന്ന കലാരൂപത്തെ ജനകീയനാക്കിയ സംവിധായകന്‍ കുറോസാവയുടെ മികച്ച സൃഷ്ട്ടികളില്‍ ഒന്ന്. 


    രണ്ടു ചെറു കഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ഒരു ചിത്രത്തെ സമീപിക്കുന്നതില്‍ നിന്നും മാറി, ഈ ചിത്രത്തിന്‍റെ നാടകീയ സംഭവ വികാസങ്ങളെ വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കേണ്ടതുണ്ട്. ഒരു കൊലപാതകത്തെ നാല് പേരുടെ കാഴ്ചപ്പാടില്‍ വിവരിക്കുന്നതാണ് ഈ സിനിമയുടെ പ്രമേയം. നാലും നാല് രീതിയില്‍ വ്യത്യസ്ഥമാണ്‌.


    നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ഈ കഥ നടക്കുന്നത്. കോരിച്ചൊരിയുന്ന ഒരു മഴയത്ത് മൂന്നു വഴിയാത്രക്കാര്‍ "റാഷമോണ്‍" എന്ന നഗര കവാടത്തില്‍ താല്‍ക്കാലിക അഭയം പ്രാപിക്കുന്നു. പ്രകൃതി ദുരിതങ്ങളും യുദ്ധവും രോഗങ്ങളും മൂലം ജനങ്ങളെല്ലാം അസന്തുഷ്ടരായി കഴിഞ്ഞിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. നഗര കവാടത്തില്‍ ഉണ്ടായിരുന്ന പുരോഹിതനും മരം വെട്ടുകാരനും കൂടി, അവര്‍ സാക്ഷികളായ ഒരു കൊലപാതകത്തിന്‍റെ കോടതി വിചാരണയുടെ കഥ മൂന്നാമനോട് പറയുന്നു. ഒരു കാട്ടില്‍ വെച്ചാണ് കൊലപാതകം നടക്കുന്നത്. ഒരു വ്യാപാരിയും ഭാര്യയും കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു സാമുറായ്‌ അവരെ ആക്രമിക്കുകയും ഭാര്യയെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് വ്യാപാരി കൊല്ലപ്പെടുന്നു. പിന്നീട് കോടതി വിചാരണക്കിടെ മോഷ്ടാവും, വ്യാപാരിയുടെ ഭാര്യയും, ഭാര്യയിലൂടെ വ്യാപാരിയുടെ ആത്മാവും, ദൃസ്സാക്ഷികളായ മരം വെട്ടു കാരനും അവരവരുടെ കാഴ്ചപ്പാടിലൂടെ കൊലപാതകം വിവരിക്കുന്നു. ഒരു സംഭവത്തെ വിവിധ ആളുകള്‍ അവരവരുടെ മാനസിക നിലയനുസരിച്ച് വിവിധ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന മനശാസ്ത്രപരമായ ഒരു സമീപനമാണ് ഈ ചിത്രം ഉയര്‍ത്തിക്കാണിക്കുന്നത്.


    സാങ്കേതികപരമായി വിലയിരുത്തുമ്പോള്‍ ഈ ചിത്രത്തിന്‍റെ ക്യാമറ മികവിനെ എടുത്തു പറയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് കാടുകള്‍ക്കുള്ളിലെ ചിത്രീകരണം. വേഗതയില്‍ ചലിക്കുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം വളരെ അനായാസേന ചലിക്കുന്ന ക്യാമറ , ചിത്രീകരിച്ച കാലഘട്ടം കണക്കിലെടുക്കുമ്പോള്‍ അത്ഭുധമായി തോന്നി. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ പ്രകടനവും ഈ ബ്ലാക്ക്‌ & വൈറ്റ് ചിത്രത്തെ കൂടുതല്‍ വര്‍ണ്ണനീയമാക്കി.


      1951ലെ അക്കാദമി പുരസ്ക്കാരം അടക്കം ഒരുപിടി പുരസ്ക്കാരങ്ങള്‍ ആണ് ഈ ചിത്രത്തെയും കുറോസവയെയും തേടിയെത്തിയത്. ജാപ്പനീസ് സിനിമക്കും കുറോസവക്കും ലോക സിനിമയുടെ  നെറുകയിലേക്കുള്ള ഒരു വാതായനമായിരുന്നു ഈ ചിത്രം. ഒപ്പം അകിര കുറൊസാവയുടെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നും. സിനിമ ക്ലാസിക്കുകളുടെ ലോകത്തെ മറ്റൊരു മാസ്റ്റര്‍ പീസായി "റാഷമോണ്‍" ഇടം പിടിച്ചു നില്‍ക്കുന്നു. കുറസോവയുടെ മറ്റൊരു ചിത്രമായ ദര്‍സു ഉസാലയെ കുറിച്ച് ബ്ലോഗില്‍ മുമ്പ് എഴുതിയിരുന്നു.

Masterclass Story telling.. Must watch..

Wednesday 5 November 2014

KES

Kes (Film - UK 1969)

Directed by Ken Loach

Based on "A Kestrel for a Knave" by Barry Hines

Starring : David Bradley, Freddie Fletcher, Colin Welland

Genre : Drama

Language : English

Running Time : 110 Min.



    A Kestrel for a Knave എന്ന നോവലിനെ ആസ്പദമാക്കി 1969ല്‍ Ken Loach സംവിധാനം ചെയ്ത സിനിമയാണ് KES. നൂറ്റാണ്ടിലെ ഏറ്റവും മികച്ച 10 ബ്രിട്ടീഷ്‌ സിനിമകളില്‍ ഒന്നായി ബ്രിട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്ത ചിത്രം. കുട്ടികള്‍ക്കായുള്ള മികച്ചൊരു ചിത്രമാണിത്. ഇംഗ്ലണ്ടിലെ യോര്‍ക്ക്‌വേര്‍ എന്ന പ്രദേശത്താണ് ഈ ചിത്രം നടക്കുന്നത്. പ്രാദേശിക ഭാഷ ഇംഗ്ലീഷ് തന്നെയാണെങ്കിലും ഉച്ചാരണ രീതിയില്‍ വെത്യാസമുണ്ട്. ആ ഭാഷയാണ്‌ ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള സിനിമാനുഭവം ആദ്യമായാണ്‌. 


          1960 കാലഘട്ടത്തിലെ ബില്ലി കാസ്പര്‍ എന്ന പതിനാലുകാരന്‍റെ വിദ്യാലയ ജീവിതത്തിലെ അവസാനത്തെ ഏതാനും ആഴ്ചകളിലെ സംഭവ വികാസങ്ങളാണ് KES എന്ന ഈ ചലച്ചിത്രം പറയുന്നത്. വടക്കന്‍ ഇംഗ്ലണ്ടിലെ ഒറ്റപ്പെട്ട ഒരു യാഥാസ്ഥിതിക സാമൂഹിക വ്യവസ്ഥിതിയില്‍ ആണ് കാസ്പറും അമ്മയും ചേട്ടനും കൂടി താമസിക്കുന്നത്. അച്ചന്‍റെ അഭാവത്തില്‍ ചേട്ടനായിരുന്നു കുടുംബത്തിന്‍റെ ചിലവുകള്‍ മുഴുവനും നടത്തിയിരുന്നത്. അലസനും ദേഷ്യക്കാരനുമായ ചേട്ടന്‍റെ എല്ലാ ദേഷ്യവും കാസ്പറുടെ അടുത്താണ് തീര്‍ത്തിരുന്നത്‌. അമ്മയുമായി നിരന്തരം വഴക്കും. ഇത്തരം ചുറ്റുപാടില്‍ കാസ്പര്‍ തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. സ്കൂളിലും സ്ഥിതി മറിച്ചായിരുന്നില്ല. ആവശ്യത്തിനും അനാവശ്യത്തിനും പല അച്ചടക്ക രീതികളും പറഞ്ഞു ടീച്ചര്‍മാരുടെ അനിഷ്ട്ത്തിനു കാസ്പര്‍ പലപ്പോഴും പാത്രമാകുകയായിരുന്നു പതിവ്. അങ്ങനെയിരിക്കെ കാസ്പറിനു ഒരു ചെറിയ പരുന്തിനെ കിട്ടുന്നു. കെസ് എന്ന് അവനതിനു പേരിട്ടു. സ്വന്തമായി കാസ്പര്‍ പരുന്തിനു പറക്കാനും മറ്റും ട്രെയിനിംഗ് കൊടുക്കുന്നു. വിരസ നാളുകള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ അവന്‍റെ ജീവിതത്തില്‍ അങ്ങനെ കൈ വരുന്നു. ഇതാണ് ഈ ചിത്രത്തിന്‍റെ പ്രധാന പ്രമേയം. പക്ഷെ ഈ സിനിമയില്‍ ഒരു പ്രേക്ഷകനെ ഏറ്റവും കൂടുതല്‍ ആഘര്‍ഷിക്കുക തൊണ്ണൂറുകള്‍ വരെ ബാല്യം ആസ്വദിക്കാന്‍ കിട്ടിയവരുടെ പഴയ കാലത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് ആയിരിക്കും. 



      മനസ്സില്‍ ആ ബാല്യം വളരെ മനോഹരമായി ഓര്‍മ്മപ്പെടുത്തി തരുന്നു ഈ ചിത്രം. നാട്ടിട വഴികളിലൂടെ നടന്നു പോകുമ്പോള്‍ ഒരു കമ്പേടുത്ത് ചെടികളുടെ ഞെട്ടുകള്‍ വെട്ടി മാറ്റി നടക്കുന്നത് മുതല്‍ ബാല്യത്തില്‍ നമ്മള്‍ പറയുന്ന നിഷ്ക്കളങ്കമായ നുണകള്‍ വരെ ഓരോ ബാല്യ കാല കുസൃതികളും സൂക്ഷ്മതയോടെ അവതരിപ്പിച്ചിരിക്കുന്നു സംവിധായകന്‍. സിനിമയുടെ ലാളിത്യവും അത് നല്‍കുന്ന സന്ദേശവും ആണ് ഈ സിനിമയുടെ മനോഹാരിത.  കായികാധ്യാപകന്‍ നടത്തുന്ന ഫുട്ബോള്‍ മത്സരം ഈ സിനിമയുടെ ഏറ്റവും രസകരമായ രംഗങ്ങളില്‍ ഒന്നാണ്. കാസ്പര്‍ ആയി അഭിനയിച്ച  David Bradley എന്ന കുട്ടിയുടെ അഭിനയം ഈ ചിത്രത്തിന്‍റെ മുതല്‍കൂട്ടാണ്.




    അത്തരത്തില്‍ നമ്മുടെയെല്ലാം ബാല്യത്തിലേക്കും വിദ്യാലയ ജീവിതത്തിലേക്കും മനസ്സിനെ കൊണ്ട് ചെന്നെത്തിക്കുന്നതില്‍ KES എന്ന സിനിമയും Ken Loach  എന്ന സംവിധായകനും വിജയിച്ചു എന്ന് തന്നെ പറയാം. സ്കൂളുകളിലും മറ്റും നടത്തുന്ന കുട്ടികള്‍ക്കായുള്ള ചലച്ചിത്ര പ്രദര്‍ശനങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ചിത്രമാണിത്. 

AWARDS:
Won 2 BAFTA Awards :
    Most Promising Newcomer to Leading Film Roles : David Bradley
    Best supporting Actor : Colin Welland
     
Another 3 awards & 4 nominations.


KES, when childhood is stolen..

Trailer :


Thursday 30 October 2014

THE BAND'S VISIT

Bikur Ha-Tizmoret :- The Band's Visit (Film - Israel 2007)
Written & Directed by : Eran Kolirin

Starring : Sasson Gabai, Ronit Elkabetz, Saleh Bakri

Genre : Drama / Comedy / Music

Language : Arabic, English, Hebrew

Running Time : 87 Minute




       2007ല്‍ ഈജിപ്ഷ്യന്‍ സംവിധായകന്‍ Eran Kolirin സംവിധാനം ചെയ്ത ഇസ്രായേല്‍ സിനിമയാണ് The Band's Visit. 2007ലെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു ഈ സിനിമ. ഇസ്രായേലില്‍ എത്തുന്ന ഒരു ഈജിപ്ഷ്യന്‍ പോലിസ് ബാന്ടിന്‍റെ ഒരു രാത്രിയാണ് ഈ സിനിമയുടെ കഥാതന്തു.


     തൌഫീക്ക് നയിക്കുന്ന എട്ട് അംഗങ്ങള്‍ അടങ്ങിയ Alexandria Ceremonial Police Band, ഇസ്രായേല്‍ അറബ് കള്‍ച്ചറിന്‍റെ പ്രത്യേക ക്ഷണം അനുസരിച്ച് ഇസ്രായേല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നു. അവിടെ അവരെ സ്വീകരിക്കാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. കയ്യിലുണ്ടായിരുന്ന അഡ്രെസ്സ് വെച്ച് അവര്‍ തനിയെ ബസ്സില്‍ യാത്ര ചെയ്യുന്നു. എന്നാല്‍ സ്ഥലത്തിന്‍റെ ഉച്ചാരണത്തിലെ അപാകത മൂലം അവര്‍ എത്തിച്ചേരുന്നത് ജനവാസം താരതമ്യേന കുറവായ ഒരു മരുഭൂമിയുടെ സമീപ സ്ഥലത്താണ്. ഒരു കഫെ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ദിന എന്ന യുവതിയാണ് ആ കഫെയുടെ നടത്തിപ്പുകാരി. ദിനയുടെ രണ്ടു സുഹൃത്തുക്കളും ആണ് അവിടെ ആകെ ഉണ്ടായിരുന്നത്. അവരില്‍ നിന്നാണ് അവര്‍ക്ക് സ്ഥലം മാറിപ്പോയെന്നും തിരിച്ചുള്ള ബസ്‌ പിറ്റെന്നു രാവിലെ മാത്രമേ ഉള്ളൂ എന്നും അറിഞ്ഞത്. താമസിക്കാന്‍ ഒരു ഹോട്ടല്‍ പോലും ഇല്ലാതിരുന്ന ആ സ്ഥലത്ത് ടിനയുടെ കഫെയിലും, വീട്ടിലും, സുഹൃത്തുക്കളുടെ വീട്ടിലും ആയി അവര്‍ക്ക് വേണ്ട താമസ സൌകര്യങ്ങള്‍ ഒരുക്കുന്നു. തൌഫീക്കും ഗ്രൂപ്പിലെ മറ്റൊരു അംഗമായ ഖാലിദും ദിനയുടെ ഒപ്പം വീട്ടില്‍ താമസിക്കുന്നു. മറ്റു അംഗങ്ങള്‍ രണ്ടു പേര്‍ വീതം കഫെയിലും മറ്റു വീടുകളിലും ആയി താമസിക്കുന്നു.





     യുദ്ധങ്ങളും മറ്റു ആഭ്യന്തര പ്രശ്നങ്ങളും അവിടുത്തെ ജനങ്ങളുടെ ഇടയില്‍ യാതൊരു ചലനങ്ങളും ഉണ്ടാക്കിയിട്ടില്ലായിരുന്നു. ആ രാത്രി രണ്ടു രാജ്യങ്ങളിലെ വിവിധ സംസ്കാരങ്ങള്‍ ഒന്നായിത്തീരുകയായിരുന്നു. എല്ലാ വൈവിധ്യങ്ങള്‍ക്കുമപ്പുറം മനുഷ്യത്വം എന്നൊരു വികാരം ഊട്ടിയുറപ്പിക്കുന്നതാണ് ഈ സിനിമ മുന്നോട്ടു വെക്കുന്ന പ്രമേയം. 


     സംഗീതം, പ്രണയം, സൗഹൃദം, കുടുംബ ബന്ധത്തിലെ ഉയര്‍ച്ച താഴ്ചകള്‍ എല്ലാം എല്ലായിടത്തും ഒരുപോലെയാണെന്ന് ഓരോരോ കഥാ പാത്രങ്ങളിലൂടെ ഹൃദ്യമായ ഒരനുഭവമാക്കാന്‍ ഈ ചിത്രത്തിലൂടെ സംവിധായകനും, ഓരോ കഥാ പാത്രങ്ങള്‍ക്കും കഴിഞ്ഞു. അഭിനേതാക്കളുടെ സ്വാഭാവികമായ അഭിനയം തന്നെയാണ് ഈ ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നത്. പ്രത്യേകിച്ച് ദിന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രമുഖ ഇസ്രയേല്‍ നടി Ronit Elkabetzഉം, തൌഫീക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച Sasson Bagain എന്ന നടനും. ഓരോ കഥാ പാത്ര സൃഷ്ടിക്കനുസരിച്ചു രാത്രിയുടെ ഓരോ ഫ്രെയിമും മനോഹരമായി ഒപ്പിയെടുത്ത ചായാഗ്രഹകനും, അതിനു കാവ്യാത്മക ഭാഷ്യം നല്‍കിയ ചിത്ര സംയോജകനും സംവിധായകന് മികച്ച പിന്തുണയാണ് നല്‍കിയിരിക്കുന്നത്. വളരെ ലളിതമായ ഒരു കഥ അതിന്‍റെ ആഖ്യാന രീതി കൊണ്ട് സംവിധായകന്‍ മികച്ചൊരു ദ്രിശ്യാനുഭവമാക്കി മാറ്റുകയായിരുന്നു.



Awards:

      മികച്ച സംവിധായകന്‍, ചിത്രം,നടി, നടന്‍, സഹ നടന്‍, മറ്റു സാങ്കേതിക തലങ്ങളിലും ഒരുപാട് ബഹുമതികള്‍ കരസ്ഥമാക്കിയ ഈ ചിത്രം, ഇതിലെ ഇംഗ്ലീഷ് ഭാഷയുടെ അതിപ്രസരം കൊണ്ട് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡ് നോമിനേഷനില്‍ നിന്നും തഴയുകയുണ്ടായി. 

UNESCO Awarded for Outstanding Contribution to the Promotion and Preservation of Cultural Diversity Through Film at the 2007 Asia Pacific Screen Awards.

46 Wins & 15 Nominations.

"Here we have no culture...Coffee?"
An enjoyable film about a dream of humanity.

Trailer:


Monday 27 October 2014

REAR WINDOW

Rear Window (Film - US 1954)
Produced & Directed by : Alfred Hitchcock

Based on "It Had To Be Murder" by Cornell Woolrich

Starring : James Stewart, Grace Kelly, Wendell Corey

Genre : Mystery / Thriller

Language : English

Running Time : 112 Minute.




      സസ്പെൻസ്ചിത്രങ്ങളുടെ അതികായകൻ ആല്‍ഫ്രെഡ്‌ ഹിച്ച്കോക്ക് 1954ൽ സംവിധാനം ചെയ്ത സിനിമയാണ് Rear Window. സൈക്കോളജിക്കൽ ത്രില്ലർ ശ്രേണിയിലുള്ള അദ്ദേഹത്തിന്‍റെ സിനിമകൾക്ക്‌ വൻ സ്വീകാര്യതയായിരുന്നു കിട്ടിയിരുന്നത്. ഇന്നും ഇത്തരം സിനിമകളുടെ ഒരു പ്രധാന പ്രചോദനം ആണ് ഹിച്ച്കോക്ക് സിനിമകൾ . 6 ദശാബ്ദത്തോളം ചലച്ചിത്ര ലോകത്തെ സാന്നിധ്യമായിരുന്ന ഹിച്ച്കോക്ക് 50-തിലധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അതിൽ പല ചിത്രങ്ങളിലൂടെയും നിരവധി ബഹുമതികൾ ആദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. Psycho (1954), Rear Window (1954), Rebecca (1940), Secret Agent (1936) എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങൾ. അദ്ദേഹത്തിന്‍റെ പല ചിത്രങ്ങളും മലയാളമടക്കം പല ഭാഷകളും കടം കൊണ്ടിട്ടുണ്ട്.


     ഈ ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം ഒരു അപ്പാർട്മെന്‍റ് ആണ്. ജെഫ് എന്ന ഫോട്ടോഗ്രാഫെർ ആണ് പ്രധാന കഥാപാത്രം. ഒരപകടത്തിൽ കാലിനു പരിക്കേറ്റ അദ്ദേഹം വീൽ ചെയറിൽ രണ്ടാഴ്ചയോളം വിശ്രമത്തിൽ ആണ്. ഏകാന്തതയുടെ ഈ ദിനങ്ങളിൽ അദ്ദേഹത്തിന്‍റെ പ്രധാന വിനോദം, തന്‍റെ ജനലിൽ കൂടി ചുറ്റുമുള്ള താമസക്കാരെ നിരീക്ഷിക്കുക എന്നതായിരുന്നു. അവർ ചെയ്യുന്ന പല വിധ ജോലികള്‍, വ്യത്യസ്ത സ്വഭാവങ്ങൾ, ഇണക്കങ്ങള്‍, പിണക്കങ്ങൾ എല്ലാം ആസ്വദിക്കുകയാണ് ജെഫ്. എല്ലാ ദിവസവും വന്നു പോകുന്ന പരിചാരകയും ഇടയ്ക്കിടെ വരുന്ന കാമുകിയും മാത്രമാണ് ജെഫിന്‍റെ പ്രധാന സന്ദർശകർ. അങ്ങനെ അവിടെ ഒരു അപ്പാർട്ടുമെന്റിൽ  മറ്റാരും അറിയാതെ ഒരു കൊലപാതകം നടന്നതായി ജെഫ് മനസ്സിലാക്കുന്നു. തന്‍റെ പരിചാരകയുടെയും കാമുകിയുടെയും സുഹൃത്തായ ഡിറ്റക്ടിവിന്‍റെയും സഹായത്തോടെ അതിന്‍റെ തെളിവുകള്‍ കണ്ടെത്താൻ ജെഫ് ശ്രമിക്കുന്നതാണ് കഥാ സാരം.



    ഈ കുറ്റാന്വേഷണ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത, ചിത്രത്തിന്‍റെ 99% ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ജെഫിന്‍റെ അപർട്ടുമെന്റിൽ തന്നെയാണ് എന്നുള്ളതാണ്. അവിടെയിരുന്നു കൊണ്ട് തന്നെയാണ് ജെഫ് കുറ്റവാളിയെ കണ്ടെത്തുന്നതും. James Stuert ആണ് ജെഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഹിച്ച്കോക്കിന്‍റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി ഈ ചിത്രത്തെ സിനിമാ ലോകം വിലയിരുത്തുന്നു. ഹിച്ച്കോക്ക് സിനിമകളുടെ പ്രധാന അടയാളങ്ങൾ എന്ന് പറയുന്നത് ആകാംക്ഷ, ഭയം തുടങ്ങീ വികാരങ്ങൾ കഥാപാത്രങ്ങളുടെ ക്ലോസപ്പ് ഷോട്ടുകളിലൂടെ അവതരിപ്പിക്കുക എന്നതാണ്. അതിനെ കുറിച്ചുള്ള ചലച്ചിത്ര പഠനങ്ങളും ധാരാളം നടന്നിട്ടുണ്ട്.



One of the greatest Hitchcock film...

Trailer:

BARAN

Baran (Film - Iran 2001)


Written & Directed by : Majid Majidi

Produced by : Majid Majidi & Fouad Navas

Starring : Houssein Abedini, Zahra Bahrami, Mohammad Amir Naji

Genre : Drama / Romance

Language : Persian / Azerbaijani




    വിശ്വപ്രസിദ്ധ ഇറാനിയന് സംവിധായകന് മജിദ് മജീദിയുടെ അഞ്ചാമത്തെ സിനിമയാണ് 2001ല് പുറത്തിറങ്ങിയ ബറാന്. Father, Children of Heaven, The Color of Paradise തുടങ്ങീ സിനിമികള്, സിനിമാ പ്രേമികള്ക്കിടയില്  മജീദ് മജീദിക്ക് നല്കിയ സ്വീകാര്യതയുടെ കൊടുമുടിയില് നില്ക്കുന്ന കാലം. സംവിധായകന്, നിര്മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില് പ്രശസ്തി. നമ്മുടെയെല്ലാം ദൈനം ദിന ജീവിതത്തോടു ചേര്ന്ന് നില്ക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ കഥകളും കഥാ പാത്രങ്ങളും. പതിനാലാമത്തെ വയസ്സില് തന്നെ അദ്ദേഹം അമേച്വര് നാടക സംഘങ്ങളുമായി സഹകരിച്ചു പോന്നു. ആ അനുഭവ സമ്പത്ത് സിനിമാ നടന് എന്ന നിലയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. മൊഹ്സിന് മക്മല് ബഫ് 1985ല് സംവിധാനം ചെയ്ത Boycott എന്ന സിനിമയിലെ അഭിനയം വളരെ ശ്രദ്ധ നേടി. 1992ല് സംവിധാനം ചെയ്ത Baduk ആയിരുന്നു മജീദ് മജീദി സംവിധാനം ചെയ്ത ആദ്യ സിനിമ.  1998ല് അദ്ദേഹം സംവിധാനം ചെയ്ത "Children of Heaven" അക്കാദമി അവാര്ഡിനായി നോമിനേഷന് ലഭിച്ച ആദ്യത്തെ ഇറാനിയന് സിനിമയായിരുന്നു. തുടര്ന്ന് ജീവിത യാഥാര്ത്യങ്ങളോട് വളരെ ചേര്ന്ന് നില്ക്കുന്ന സിനിമകള് അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. കുട്ടികള് ആയിരുന്നു മിക്കവാറും പ്രധാന കഥാ പാത്രങ്ങള്. ഒട്ടനവധി ഫിലിം ഫെസ്റ്റിവലുകളിലെ പ്രധാന അഘര്ഷണമായി മാറി അദ്ദേഹത്തിന്റെ സിനിമകള്. ഡെന്മാര്ക്കില് പ്രവാചകനെ നിന്ദിച്ചു കാര്ട്ടൂണ് പ്രസിദ്ധീകരിച്ചത്തിന്റെ പേരില് ഡാനിഷ് ഫിലിം ഫെസ്റ്റിവലില് നിന്നും തന്റെ ചിത്രങ്ങളെ പിന്വലിച്ചത് വന് വാര്ത്താ പ്രാധാന്യം നേടി. ചെറുതും വലുതുമായ ഒട്ടനവധി പുരസ്ക്കാരങ്ങളാണ് മജീദ് മജീദിയെ തേടിയെത്തിയത്.



   പതിവിനു വിപരീതമായി ഒരു പ്രണയ കഥയായിരുന്നു ബരാനിലൂടെ പറയാന് മജീദ് മജീദി ശ്രമിച്ചത്. 2000 കാലഘട്ടത്തിലെ ഇറാനിലെ സാമൂഹിക വ്യവസ്ഥിതിയില് നിന്നു കൊണ്ട്, ആ രാജ്യത്തെ രാഷ്ട്രീയം പറയാതെ പറഞ്ഞു പോകുന്നുണ്ട് ഈ സിനിമയിലൂടെ സംവിധായകന്. സോവിയറ്റ് റഷ്യയുടെ അഫ്ഗാനിസ്ഥാനിലെ ഇടപെടലുകള്ക്ക് ശേഷം കുറെയേറെ അഫ്ഗാനിസ്ഥാനികള് ഇറാനിലേക്ക് കുടിയേറുകയുണ്ടായി. അത്തരത്തില് 1.5മില്ല്യന് അഫ്ഗാനിസ്ഥാനികള് ആണ് 2000 കാലഘട്ടത്തില് ഇറാനില് ഉണ്ടായിരുന്നത്. മിക്കവരും അവിടെ തന്നെ ജനിച്ചു വളര്ന്നവര്. അവര്ക്ക് അവിടെ നിയമപരമായി ജോലി ചെയ്യുന്നതിന് ഇറാന് സര്ക്കാര് അനുവദിച്ച പ്രത്യേക തിരിച്ചറിയല് കാര്ഡുകള് വേണമായിരുന്നു. മിക്കവര്ക്കും അതുണ്ടായിരുന്നില്ല. അതിനാല് അതിലേറെയും ആളുകള് കുറഞ്ഞ വേതനത്തില് കെട്ടിട നിര്മ്മാണ മേഖലയില് ജോലി ചെയ്യുന്നവരായിരുന്നു. സര്ക്കാര് ഉദ്യോഗസ്ഥര് അന്വേഷണത്തിന് വരുന്ന സമയത്ത് കരാറുകാര് ഇത്തരം ജോലിക്കാരെയെല്ലാം ഒളിപ്പിച്ചു നിറുത്തുക പതിവായിരുന്നു. അത്തരത്തില് പെട്ട ഒരു കെട്ടിട നിര്മ്മാണ സ്ഥലത്തെ ബന്ധപ്പെട്ട ഒരു കഥയാണ് ബാറാന് പറയുന്നത്.



   17 വയസ്സ് പ്രായമായ ലത്തീഫ് എന്ന ചെറുപ്പക്കാരനാണ് അവിടുത്തെ തൊഴിലാളികള്ക്ക് ചായയും ഭക്ഷണവും എല്ലാം പാകം ചെയ്തു നല്കുന്നത്. തൊഴിലാളികളുമായി തര്ക്കത്തില് ഏര്പ്പെടുക ലത്തീഫിന്റെ സ്ഥിരം പരിപാടിയായിരുന്നു. സൈറ്റ് മാനേജര് മാമര്, ലത്തീഫിന്റെ അച്ചന്റെ ഒരു സുഹൃത്തായതു കൊണ്ട് മാത്രമാണ് അവനിപ്പോളും അവിടെ തുടരുന്നത്. നജഫ് എന്ന അഫ്ഗാന് സ്വദേശിയായ ഒരു തൊഴിലാളി ഒരു ദിവസം രണ്ടാം നിലയില് നിന്നും താഴെ വീണു, തുടര്ന്ന് പണിയെടുക്കാനാകാത്ത വിധം കാലിനു പരിക്കേല്ക്കുന്നു. നജഫിന്റെ വീട്ടിലെ ദയനീയാവസ്ഥ കൊണ്ട് സുഹൃത്ത് സുല്ത്താനോടൊപ്പം മകന് റഹമത്തിനെ അവിടേക്ക് ജോലിക്കയക്കുന്നു. എന്നാല് റഹമത്തിന്റെ പ്രായം അവിടുത്തെ ജോലിക്ക് പറ്റിയതായിരുന്നില്ല. അതിനാല് മെമര്, റഹമത്തിനെ ലത്തീഫിന്റെ ജോലികള് ഏല്പ്പിക്കുകയും, പകരം ലത്തീഫിനെ നിര്മ്മാണ ജോലികളിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇതില് അനിഷ്ട്ടം തോന്നിയ ലത്തീഫ് പല മാര്ഗങ്ങളിലൂടെയും റഹമത്തിനെ ഉപദ്രവിക്കാന് ശ്രമിക്കുന്നു. എന്നാല് പിന്നീട് റഹമത് ഒരു പെണ്കുട്ടിയാണെന്ന സത്യം തിരിച്ചറിയുന്നതോടെ ലത്തീഫിനു അനുകമ്പ തോന്നുകയും പിന്നീട് അവളറിയാതെ അവളെ നിരീക്ഷിക്കുകയും ചെയ്യുന്നു. 



    മജീദ് മജീദിയുടെ സാധാരണ ചിത്രങ്ങള് പോലെ തന്നെ ഇതിലെ കഥാപാത്രങ്ങള് ഹൃദയത്തോട് ചേര്ന്ന് നില്ക്കുന്നു. ഒരു സംഭാഷണം പോലും ഇല്ലാതെ റഹമത് പ്രേക്ഷകനുമായി സംവദിക്കുന്നത് വളരെ ഭംഗിയായാണ് സംവിധായകന് ചിത്രീകരിച്ചിരിക്കുന്നത്. ലത്തീഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച Hossein Abedini എന്ന നടന് ഒരു സധാരന് ജോലിക്കാരനായി അസാമാന്യ അഭിനയം ആണ് കാഴ്ച വെച്ചിരിക്കുന്നത്. എങ്കിലും വ്യക്തിപരമായി എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയത് Mohammad Amir Naji അവതരിപ്പിച്ച മെമര് എന്ന സൈറ്റ് മാനേജര് ആണ്. സാധാരണ ഒരു മനുഷ്യന്റെ എല്ലാ നിഷ്ക്കളങ്കതയും കള്ളത്തരങ്ങളും ഉള്ള ഒരു സഹൃദയന്റെ വേഷം അദ്ദേഹം ഭംഗിയാക്കി. 




      എല്ലാത്തിനും ഒടുവില് ഒരു സംവിധായകന്റെ കലയായി ബറാന് മനസ്സോട് ചേര്ന്ന് നില്ക്കുന്നു. ഇറാനിയന് ഗ്രാമഭംഗി വളരെ ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു. മജീദ് മജീദിയുടെ Father, Children of Heaven, Song of Sparrows, The Colour of Paradise എന്നീ ചിത്രങ്ങളുടെ മികവിനോളം ഒപ്പം എത്തിയില്ലെങ്കിലും ഇറാനിയന് സിനിമകള് തരുന്ന ഒരു ആസ്വാദന മികവും മജീദ് മജീദിയെന്ന സംവിധായകനും ഇവിടെയും നിരാശപ്പെടുത്തില്ല.



A beautiful piece of art.


Awards : 2001 Grand Prix of the Americas Award for Best Film at the Montreal World Film Festival.


Trailer :


Monday 13 October 2014

PATHER PANCHALI

Pather Panchali (Film - India 1955)


Screenplay & Directed by : Satyajit Ray

Based on "Pather Panchali" by Bibhutibhushan Bandopadhyay

Starring : Subir Banerjee, Kanu Banerjee, Karuna                     Banerjee, Uma Das Gupta

Music : Ravi Shankar

Producer : Government of West Bengal

Genre : Drama

Language : Bengali

Running Time : 119 Minute





     ഇന്ത്യന്‍ സിനിമയെ ലോക സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയ സിനിമ. 1955ല്‍, ഇന്ത്യൻ സിനിമയുടെ പെരുന്തച്ചൻ  മഹാനായ കാലാകാരന്‍ സത്യജിത് റായ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തില്‍ പരിചയപ്പെടുത്തലിന്‍റെ ആവശ്യകത ഇല്ലാത്ത മഹാനായ എഴുത്തുകാരനും ചലച്ചിത്രകാരനും ആണ് സത്യജിത് റായ്. ലോകത്തിലെ തന്നെ മികച്ച ചലച്ചിത്ര സംവിധായകരില്‍ ഒരാളായി അറിയപ്പെടുന്നു. 1921ല്‍ കല്‍ക്കത്തയില്‍ ജനനം. മികച്ചൊരു ചിത്രകാരനായി കലാ ജീവിതം ആരംഭിച്ചു. ലണ്ടനില്‍ വെച്ച് കണ്ട ഇറ്റാലിയന്‍ ചിത്രം "Bicycle Thieves" ചലച്ചിത്ര ലോകത്തേക്ക് അടുപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി 36 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ധാരാളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. Oxford University, Doctorate നല്‍കി ആദരിച്ച രണ്ടാമത്തെ വ്യക്തി. (ചാര്‍ളി ചാപ്ലിന്‍ ആയിരുന്നു ആദ്യം).സിനിമയുടെ ഒട്ടു മിക്ക സാങ്കേതിക മേഖലകളിലും അദ്ദേഹം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.




    ബംഗാളിലെ ഒരു ഉള്‍നാടന്‍ ഗ്രാമ പ്രദേശമാണ് കഥാ പശ്ചാത്തലം. അവിടെ വളരെ ദരിദ്രമായ അവസ്ഥയില്‍ ജീവിക്കുന്ന ഹരിഹരിന്‍റെ കുടുംബം. ഭാര്യ സര്‍ഭജയ, മകള്‍ ദുര്‍ഗ, വീടിനോട് ചേര്‍ന്ന ഉള്ള കൂരയില്‍ താമസിക്കുന്ന പ്രായമേറെയായ വിധവയായ ഹരിഹരിന്‍റെ സഹോദരിയുമാണ് കുടുംബത്തിലെ പ്രധാന അംഗങ്ങള്‍. ദാരിദ്ര്യത്തിന്‍റെ ഈ അവസ്ഥയിലും ഒരു എഴുത്തുകാരനാകുക എന്ന തന്‍റെ മോഹം ഹരിഹര്‍ ഉപേക്ഷിച്ചില്ല. കഷ്ടതകളുടെ ഈ ലോകത്തെക്കാണ് അപ്പു എന്ന പുത്രന്‍ ജനിച്ചു വീഴുന്നത്. വളര്‍ന്നു വരുന്ന അപ്പുവിനു അക്ഷരഭ്യാസം നല്‍കുന്നതിനു ഹരിഹര്‍ മുടക്കം വരുത്താതെ ശ്രമിച്ചു. തൊട്ടടുത്ത്‌ അയല്‍വാസികളും മറ്റും ഇല്ലാത്തതിനാല്‍ ആരും സംസാരിക്കാന്‍ പോലും ഇല്ലാതെ ഒറ്റപ്പെടലിന്‍റെ അവസ്ഥയിലാണ് സര്‍ഭജയ. മെച്ചപ്പെട്ടൊരു ജോലി തേടി ബനാറസിലേക്ക് പോകുന്ന ഹരിഹര്‍ അഞ്ചു മാസത്തോളം തിരികെ വന്നില്ല. ഹരിഹരിനെ കുറിച്ച് യാതൊരു വിവരവും അറിയാനും ഉണ്ടായിരുന്നില്ല. കഷടപ്പാടുകളുടെ പടുകുഴിയിലേക്ക് വീണു കൊണ്ടിരുന്ന ആ കുടുംബത്തിന്‍റെ കഥയാണ് പഥേർ പാഞ്ചാലി പറയുന്നത്. 




      ഗ്രാമത്തിന്‍റെ നിഷ്കളങ്കതയും നാട്യങ്ങളും വളരെ തന്മയത്വത്തോടെ വരച്ചു കാണിക്കുന്നുണ്ട് ഈ സിനിമ. കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു ഓരോ അഭിനേതാക്കളും. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ പുതു മുഖങ്ങള്‍ ആയിരുന്നു ഇതിലെ അഭിനേതാക്കള്‍. മുത്തശ്ശിയായി അഭിനയിച്ച Chunibala Devi (ചിത്രം റിലീസ് ആകുന്നതിനു മുമ്പ് തന്നെ ഈ നടി മരണപ്പെട്ടു) മുതല്‍ ദുര്‍ഗയായി അഭിനയിച്ച Umadas Gupta, അപ്പുവായി അഭിനയിച്ച Subir Banerjee, ഹരിഹര്‍ എന്ന നിസ്സഹായനായ കുടുംബ നാഥനെ അവതരിപ്പിച്ച Kanu Banerjee എല്ലാം എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. എന്നിരുന്നാലും അപ്പുവിന്‍റെയും ദുര്‍ഗയുടെയും അമ്മയായി അഭിനയിച്ച Karuna Banerjee,  ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നായി മാറുകയായിരുന്നു. സിനിമയുടെ മറ്റൊരു പ്രധാന ഘടകം രവി ശങ്കര്‍ നിര്‍വ്വഹിച്ച സംഗീതമായിരുന്നു. ഗ്രാമ പശ്ചാതലത്തിനു അനുയോജ്യമായ തരത്തിലുള്ള പശ്ചാത്തല സംഗീതം ഈ ചിത്രത്തിനെ കൂടുതല്‍ മനോഹരമാക്കി. ഈ ചിത്രത്തിന്‍റെ ഒരു ഭാഗം രണ്ടാമത് ചിത്രീകരിക്കുന്നതിനായി സത്യജിത് റായ് ഒരു വര്‍ഷം വരെ കാത്തിരുന്ന സംഭവം ഉണ്ടായിട്ടുണ്ട് ചിത്രീകരണ വേളയില്‍. അത്ര മാത്രം സൂക്ഷ്മത അദ്ദേഹം ഈ ചിത്രത്തിന് വേണ്ടി പുലര്‍ത്തിയിട്ടുണ്ട്.





   ഈ ചിത്രത്തെ തുടര്‍ന്ന് ഇതിന്‍റെ ആവര്‍ത്തനമായി റായ് സംവിധാനം ചെയ്ത ചിത്രങ്ങളാണ് അപരാജിത (1956), അപുര്‍ സന്‍സാര്‍ (1959) എന്നിവ. Apu Trilogy എന്ന പേരില്‍ പ്രസിദ്ധമാണ് ഈ മൂന്നു ചിത്രങ്ങളും. 

   

     ഇന്ത്യയുടെ അകത്തും പുറത്തുമായി ധാരാളം ബഹുമതികളാണ് പഥേർ പാഞ്ചാലി നേടിയെടുത്തത്. ലോക സിനിമ ക്ലാസിക്കുകളിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ കണക്കാക്കാം. ഭാരതീയനായ ഓരോ സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് പഥേർ പാഞ്ചാലി.




One of the most accomplished narrative films ever made...





Wednesday 1 October 2014

CASABLANCA

Casablanca (Film USA 1942)
Directed by Michael Curtiz

Based on : Everybody Comes to Rick's by Murray Burnett, Joan Alison

Starring : Humphrey Bogart, Ingrid Bergman, Paul Henreid

Genre : Drama / Romance / War

Language : English

Running Time : 102 Minute.




      Murray Bernett, Joan Alison എന്നിവരുടെ Everybody Comes to Rick's എന്ന നാടക രചനയെ ആസ്പദമാക്കി 1942ല്‍ Michael Curtiz സംവിധാനം ചെയ്ത സിനിമയാണ് കസാബ്ലാങ്ക (Casablanca). ലോക സിനിമാചരിത്രത്തിലെ മികച്ച ക്ലാസിക്കുകളില്‍ ഒന്നായി ഇന്നും കസാബ്ലാങ്ക കണക്കാക്കി പോരുന്നു. വളരെ പ്രഗത്ഭരായിരുന്നു ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍. നൂറിലേറെ സിനിമകള്‍ സംവിധാനം ചെയ്ത പ്രതിഭാശാലിയായിരുന്നു Michael Curtiz. അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം തന്നെ കലാപരമായി മുന്നിട്ടു നില്‍ക്കുന്നവയായിരുന്നു.


               രണ്ടാം ലോക മഹായുദ്ധ കാലത്തെ ഒരു പ്രണയ കഥ പറയുകയാണ്‌ കസാബ്ലാങ്ക. യുദ്ധം മൂലം ഒരു പാട് പേര്‍ ജര്‍മ്മനിയില്‍ നിന്നും അമേരിക്കയിലേക്ക് പലായനം ചെയ്യുന്ന സമയം. മൊറോക്കന്‍ നഗരമായ കസാബ്ലാങ്കയില്‍ എത്തിയ ശേഷം അവിടെ നിന്നും ലഭിക്കുന്ന പാസ് വെച്ച് വേണം അവര്‍ക്ക് അമേരിക്കയിലേക്ക് കടക്കാന്‍. അവിടെ നിന്നും പാസ് സംഘടിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയ ആയിരുന്നു. അത് കൊണ്ട് തന്നെ പലര്‍ക്കും ഏറിയ നാള്‍ അവിടെ തങ്ങേണ്ടി വരും. അങ്ങനെ ഒരു പ്രധാന ഇടത്താവളമായ കാസാബ്ലാങ്ക തിരക്കേറിയ ഒരു നഗരമായി മാറി. അവിടെയെത്തുന്ന സമ്പന്നരുടെയും പാട്ടാള മേധാവികളുടെയും പ്രധാന ഇടത്താവളമായിരുന്നു, റിക്ക് ബ്ലൈന്‍ നടത്തി വന്നിരുന്ന കഫെ. അവിടുത്തെ പ്രധാന മദ്യ ശാലയും ചൂതാട്ട കേന്ദ്രവും കൂടിയായിരുന്നു അത്. റിക്ക് ഒരു അമേരിക്കന്‍ പൗരനാണ്. പലപല കാരണങ്ങളാല്‍ തിരിച്ചു പോകാന്‍ കഴിയാതിരുന്ന റിക്ക് ഇന്ന് തന്‍റെ ബിസിനെസ്സില്‍ സന്തുഷ്ടനാണ്. ഇന്ന് അവിടുത്തെ പ്രധാന പ്രമാണിമാരും പട്ടാള മേധാവികളും റിക്കിന്‍റെ സൗഹൃദ വലയത്തിലാണ്.



        കസാബ്ലാങ്കയിലേക്ക് വരുന്ന രണ്ട് ജര്‍മ്മന്‍ പട്ടാളസന്ദേശ വാഹകര്‍ കൊല്ലപ്പെടുന്നിടത്ത് നിന്നാണ് സിനിമ ആരംഭിക്കുന്നത്. കഫേയിലെ സ്ഥിരം സന്ദര്‍ശകനായ ഉഗാര്‍ട്ടെ, അമേരിക്കയിലേക്ക് കടക്കുന്നതിനായുള്ള ട്രാന്‍സിറ്റ് പാസ് താല്‍ക്കാലികമായി റിക്കിനെ ഏല്‍പ്പിക്കുന്നു. മറ്റൊരാള്‍ക്ക് വില്‍ക്കുവാന്‍ വേണ്ടിയുള്ളതായിരുന്നു ആ പാസ്. എന്നാല്‍ അന്ന് രാത്രി തന്നെ ഉഗാര്‍ട്ടയെ പോലിസ് അറസ്റ്റ്‌ ചെയ്യുകയും ലോക്കപ്പില്‍ വെച്ച് കൊല്ലപ്പെടുകയും ചെയ്യുന്നു. അവിടുത്തെ പോലിസ് ചീഫ്, ക്യാപ്റ്റന്‍ റെനോള്‍ട്ട്, കഫെയില്‍ എത്തിയ ചെക്ലോസാവാക്യന്‍ സ്വദേശിയായ വിക്ടര്‍ ലാസ്ലോയെ ഒരു പാസ്‌ സംഘടിപ്പിച്ചു കൊടുക്കുന്നതിനായി റിക്കിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നു. ലാസ്ലോയെ കസാബ്ലാങ്ക വിടാന്‍ അനുവദിക്കരുതെന്ന് മേജര്‍, റെനോള്‍ട്ടിനു നിര്‍ദേശം കൊടുക്കുന്നു. ഉഗാര്‍ട്ടെ വാഗ്ദാനം ചെയ്ത പാസ് ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ലെസ്ലെയും ഭാര്യയും കഫെയില്‍ എത്തിയത്. ഉഗാര്‍ട്ടയെ അറസ്റ്റു ചെയ്ത കാരണം ലെസ്ലിക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ആരായേണ്ടി വന്നു. ലെസ്ലിയുടെ ഭാര്യ ഇല്‍സക്ക് റിക്കിനെ പാരീസില്‍ വെച്ചുള്ള പരിചയം ഉണ്ടായിരുന്നു. അവിടെ വെച്ച് വീണ്ടും അവര്‍ പരസ്പരം കണ്ടു മുട്ടിയപ്പോള്‍, ആ ബന്ധം റിക്കിന്‍റെ മനസ്സിലേല്‍പ്പിച്ച മുറിപ്പാടുകള്‍ വീണ്ടും ശക്തമായി.



          നാല്‍പ്പതുകളില്‍ സിനിമയില്‍ ഉപയോഗിച്ചിരുന്ന നാടകീയത തീരെ ഉപേക്ഷിച്ചാണ് സംവിധായകന്‍ ഈ സിനിമ അണിയിച്ചോരുക്കിയിക്കുന്നത്. മികച്ച സിനിമ, രചന, സംവിധായകന്‍ തുടങ്ങീ പ്രധാന അക്കാദമി അവാര്‍ഡുകള്‍ ആ വര്‍ഷം ഈ ചിത്രം കരസ്ഥമാക്കുകയുണ്ടായി. ഗാങ്ങ്സ്ടര്‍ സിനിമകളിലൂടെ കരുത്തുറ്റ കഥാ പാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരനായിരുന്ന Humphrey Bogart  എന്ന നടന്‍ പ്രണയാതുരനായ റിക്ക് എന്ന കഥാപാത്രത്തെ മനോഹരമാക്കി.  Ingrid Bergman എന്ന പ്രശസ്ഥ നടിയായിരുന്നു ഇല്‍സയെ അവതരിപ്പിച്ചത്. ഈ സിനിമയുടെ തിരക്കഥയിലെ ചില സംഭാഷണങ്ങള്‍ ഇന്നും പ്രശസ്തമാണ്.
"Play it again Sam...."
"Here's looking at you kid"
"This is begning of a beautiful friendship..."

നൂറ്റാണ്ടിന്‍റെ മികച്ച ക്ലാസ്സിക്കുകളില്‍ ഒന്നായ ഈ സിനിമ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്.

One of the greatest movie ever made....

Trailer:



Monday 29 September 2014

CAIRO 678

Cairo 678 (Film Egypt 2010)


Written & Directed by Mohamed Diab

Starring : Bushra, Nelly Karim, Nahed El Sebai, Maged El Kedwany

Genre : Drama

Language : Arabic

Running Time : 100 Minute.




         ഈജിപ്തിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാക്രമണങ്ങളെന്ന വിഷയത്തെ മുന്‍നിര്‍ത്തി, ഇതിനെതിരെ പോരാടിയ മൂന്നു യുവതികളുടെ കഥ പറയുന്ന കൈറോ 678 (Cairo 678), മുഹമ്മദ്‌ ദിയാബ് 2010ല്‍ സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ സിനിമയാണ്. ഈജിപ്തിലെ പുരുഷന്മാരെ മൊത്തം അവഹേളിക്കുന്ന തരത്തിലുള്ളതാണ് ഈ സിനിമ എന്ന് തുടങ്ങീ ഒട്ടനവധി വിവാദങ്ങളും പ്രദര്‍ശനാനുമതി നിഷേധിക്കലും ഈ സിനിമ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ലോകത്തെല്ലായിടത്തും മിക്കവാറും സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്തും മികച്ചൊരു സ്ത്രീ പക്ഷ സിനിമ എന്ന നിലയിലും ഒരുപാട് ഫിലിം ഫെസ്റ്റിവലുകളില്‍ ഈ സിനിമ ശ്രദ്ധയാകര്‍ഷിച്ചു.




        തികച്ചും ഭയ ഭക്തി ബഹുമാനങ്ങളോടെ ജീവിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഫയ്സയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. ഭര്‍ത്താവും രണ്ട് മക്കളും അടങ്ങുന്ന, ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനും കുട്ടികളുടെ ഫീസ്‌ യഥാസമയം അടക്കുവാനും ഓടി നടക്കുന്ന ഒരു സാധാരണ കുടുംബിനി. ബസ്സിലും ടാക്സിയിലും മറ്റും ലൈംഗികമായി മിക്കവാറും  നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍, ഭര്‍ത്താവടക്കമുള്ള പുരുഷ വര്‍ഗ്ഗത്തെ മുഴുവന്‍ പ്രതിസ്ഥാത്ത് നിറുത്തുന്ന നിലയിലേക്ക് ഫായിസയെ മാറ്റി. ഇതിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് നെല്ലി. ജോലി ചെയ്യുന്ന കോള്‍ സെന്‍ററിലെ മാനസിക പീഡനങ്ങളില്‍ നിന്നും നെല്ലി ആശ്വാസം കണ്ടെത്തിയിരുന്നത് കാമുകനോടോപ്പം അവതരിപ്പിച്ചിരുന്ന സ്റ്റേജ് പെര്‍ഫോമന്‍സുകളിലൂടെയാണ്. നെല്ലിക്കു നേരിടേണ്ടി വരുന്ന ഒരു ലൈംഗിക പീഡന ശ്രമത്തെ, നെല്ലി നിയമപരമായി നേരിടാന്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ ഈജിപ്തില്‍ സമര്‍പ്പിക്കപ്പെട്ട ആദ്യത്തെ പരാതിയായിരുന്നു അത്. എന്നാല്‍ പോലിസ് അധികാരികളും വീട്ടുകാരും കേസില്‍ നിന്നും പിന്മാറാന്‍ നെല്ലിയെ നിര്‍ബന്ധിക്കുന്നു. കൈറോയിലെ ഒരു ഫുട്ബാള്‍ വിജയാഘോഷത്തിനിടെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും അതിനു ശേഷം ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്ത സൈബയാണ് മറ്റൊരു കഥാപാത്രം. സൈബ സാമ്പത്തികമായി മുതിര്‍ന്ന കുടുംബത്തിലെ ഒരു അംഗമാണ്. ഇത്തരത്തില്‍ ലൈംഗികാക്രമണങ്ങള്‍ക്കു ഇരയാകുന്ന സ്ത്രീകളെയും, ഇത്തരം ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സ്ത്രീകളെ പ്രാപ്തരാക്കാനും വേണ്ടിയുള്ള പഠന ക്ലാസ്സുകളും മറ്റും നടത്തുകയാണ് സൈബ.



              പിന്നീട്, ഇത്തരം ആക്രമണങ്ങള്‍ക്ക് മുതിരുന്ന പുരുഷന്മാരുടെ ലൈംഗികാവയവം മുറിച്ചെടുക്കുന്നത്‌ കൈറോവില്‍ ഒരു തുടര്‍ക്കഥയാകുന്നു. ഇതിനെ പറ്റി അന്വേഷണം നടത്തുന്ന പോലിസ് ഉദ്യോഗസ്ഥനായ ഇസാം ആണ് മറ്റൊരു കഥാപാത്രം. ചെറുത്തു നില്‍പ്പിന്‍റെ ഒരു ഘട്ടത്തില്‍ ഫായിസ, നെല്ലി, സൈബ എന്നിവര്‍ ഒരുമിച്ചു ചേരുകയും പുരുഷ കേന്ദ്രികൃത നിയമ വ്യവസ്ഥിതിക്കെതിരെ പോരാടുകയും, രാജ്യത്ത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പുതിയ നിയമ നിര്‍മ്മാണം നടപ്പില്‍ വരുത്തുകയും ചെയ്യുന്നു. 



      കൈറോവില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ഒരു പ്രധാന വിഷയത്തെ മനശാസ്ത്രപരമായ രീതിയില്‍ സമീപിച്ചു കൊണ്ടാണ് ദിയാബ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ദിയാബിന്‍റെ തന്നെ ശക്തമായ തിരക്കഥയും പ്രധാന അഭിനേതാക്കളുടെ തികവാര്‍ന്ന അഭിനയവും ഈ സിനിമയുടെ അടിത്തറ ഉറപ്പിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ഫായിസ എന്ന നടിയെ അവതരിപ്പിച്ച ബുഷ്‌റ എന്ന ഈജിപ്ഷ്യന്‍ നടിക്ക്, 2011ല്‍ ദുബായ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിക്കുകയുണ്ടായി. അഞ്ചോളം സിനിമകള്‍ക്ക്‌ തിരക്കഥ ഒരുക്കിയിട്ടുള്ള ദിയാബിന്‍റെ ആദ്യ സംവിധാന സംരംഭം ആണ് ഈ ചിത്രം. നിശബ്ദതയെ കൂട്ട് പിടിക്കാതെ ആക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സ്ത്രീകളോട് ഈ ചിത്രം ആഹ്വാനം ചെയ്യുന്നു.

I will ask you 3 questions...
Have you been sexually harassed...?
How many times....?
How did you react...?

Kudos Mohamed Diab....



Trailer :