സിനിമ...
ബാല്യത്തില്‍ കൗതുകമായിരുന്നു...
കൗമാരത്തില്‍ ആഘോഷമായി...
യൗവ്വനത്തില്‍ ചിന്തിപ്പിക്കാന്‍ തുടങ്ങി..
അന്ന് മുതല്‍ മനസ്സിലായി ഈ കലാരൂപത്തിന് ഭാഷയോ ദേശമോ ഒന്നും ഒരു തടസ്സമല്ലെന്ന്. അന്യ ദേശ ഭാഷാ സിനിമകളോട് ചങ്ങാത്തം കൂടിയത് അന്നാണ്. മനസ്സില്‍ പതിഞ്ഞത് ഇവിടെ കുറിക്കുന്നു. സലാം സിനിമ. (1995ല്‍ വിശ്വപ്രസിദ്ധ ഇറാനിയന്‍ സംവിധായകന് മൊഹ്സിന്‍ മഖ്ബാല്ബഫ് സംവിധാനം ചെയ്ത സിനിമയാണ് "സലാം സിനിമ")
ബിജാസ് അറക്കല്‍.
Bom yeoreum gaeul gyeoul geurigo bom -Spring, Summer, Fall, Winter... and Spring (Film Korea 2003)
Written and Directed by : Kim Ki-duk Starring : Oh Yeong-su, Kim Young-min Genre : Drama
Language : Korean
Running Time : 103 minute
മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പ്രസിദ്ധിയാർജിച്ച വിശ്വോത്തര സംവിധായകനാണ് കിം കി-ഡുക്. അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ സിനിമകിളിൽ ഒന്നാണ് ഇത്. കേരളത്തിലേതടക്കമുള്ള ചലച്ചിത്ര മേളകളിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ഇഷ്ട്പ്പെടുന്നത് ഇദ്ദേഹത്തിന്‍റെ ചിത്രങ്ങളാണ്. 2003 ൽ കിം കി-ഡുക് തന്നെ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ഈ ചിത്രം ഒരുപാട് പ്രശംസകൾ ഏറ്റു വാങ്ങിയിട്ടുണ്ട്.
(Kim Ki-Duk in the film)
കിം കി-ഡുക് ഉൾപ്പടെ, കൈ വിരലിലെണ്ണാവുന്ന താരങ്ങളും ഒരൊറ്റ ലൊക്കേഷനും മാത്രമായി ഒട്ടും മടുപ്പിക്കാതെ വളരെ മനോഹരമായി ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നു.ഒരു സെൻ ബുദ്ധ സന്യാസിയും അദ്ദേഹത്തിന്‍റെ ശിഷ്യനും ആണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ. ശിഷ്യന്‍റെ ബാല്യ കാലത്തിൽ നിന്ന് കൊണ്ട് തുടങ്ങുന്ന ഈ ചിത്രം പിന്നീട്ഒരു മനുഷ്യന്‍റെ ജീവിത കാലചക്രത്തിൽ സംഭവിക്കുന്ന പല പരിണാമങ്ങളും, ഓരോ കാലാവസ്ഥ വ്യതിയാനങ്ങളെ അടയാളപ്പെടുത്തി 5 അധ്യായങ്ങളിലായി ചിത്രീകരിച്ചിരിക്കുന്നു.
വലിയൊരു കാടിനകത്തുള്ള ഒരു തടാകവും അതിന്‍റെ നടുവിലായി ഒഴുകി നടക്കുന്ന ഒരു ബുദ്ധ ആശ്രമവും ആണ് ഈ സിനിമയുടെ പശ്ചാത്തലം. ആ ആശ്രമവും ഓരോ ഋതുഭേധങ്ങളിൽ അവിടുത്തെ അന്തേവാസികളായി എത്തുന്ന കോഴിയും പൂച്ചയും,അവിടുത്തെ തോണിയും കരയിലെ കവടാവും വലിയ മരവും എല്ലാം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ തന്നെയാണ്. അങ്ങനെ പ്രകൃതി രമണീയമായ കഥാ പശ്ചാത്തലത്തിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധത്തിന്‍റെ കൂടി കഥയാണിത്.
ആദ്യ അധ്യാമായ സ്പ്രിങ്ങിൽ (വസന്തം) ബാല്യത്തിന്‍റെ നിഷ്ക്കളങ്കതയും കുസൃതികളും ആണ് പ്രതിപാതിക്കുന്നത്. രണ്ടാം അധ്യായമായ സമ്മറിൽ (ഹേമന്തം) കൗമാരത്തിന്‍റെ കൗതുകങ്ങളിലൂടെ സഞ്ചരിക്കുന്നു. ആശ്രമത്തിൽ ചികിത്സാർത്ഥം വരുന്ന ഒരു യുവതിയും ഈ അധ്യായത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മൂന്നാം അധ്യായം ഫാൾ (ശിശിരം) മുന്നോട്ടു വെക്കുന്നത് യൗവ്വനത്തിന്‍റെ തീക്ഷണതയും മുൻകോപവും എല്ലാം ആണ്. നഗരത്തിലേക്ക് ഒളിച്ചോടി, തിരികെ വരുന്നതിലൂടെ നാഗരികതയുടെ കേട്ട് കാഴ്ചകളും പ്രകൃതിയിലേക്കുള്ള തിരിച്ചു പോക്കും വരച്ചു കാണിക്കുന്നു ഈ അധായം. തിരിച്ചറിവുകളുടെ ശരത് കാലവും; പിന്നീട് വീണ്ടും വരുന്ന വസന്തം, കാലചക്രത്തിന്‍റെ കറക്കത്തിൽ ഒരു തുടർച്ചയെന്നോണം മുന്നോട്ടുള്ള ജീവിതത്തെയും പ്രേക്ഷകന് മുന്നിലെക്കെത്തിക്കുന്നു.
ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും എന്നും മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്ന വളരെ മനോഹരമായ ചിത്രീകരണ ഭംഗി ഈ സിനിമ സമ്മാനിക്കുന്നു. പ്രകൃതിയെ മനോഹരമായി ചിത്രീകരിച്ച മറ്റൊരു ചലച്ചിത്രം ഉണ്ടോ എന്ന് പോലും സംശയിച്ചു പോകും. ഒരൊറ്റ പശ്ചാത്തലമായിട്ടു പോലും പ്രേക്ഷകന് മടുപ്പോ ആവർത്തന വിരസതയോ നൽകാതെ വത്യസ്തമായ ഷോട്ടുകൾ ഈ ചിത്രത്തിന്‍റെ പ്രധാന ഘടകം തന്നെയാണ്. സംഭാഷണങ്ങളും പശ്ചാത്തല സംഗീതവും പരിമിതമായ തരത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും വളരെ ശക്തമായി പ്രേക്ഷകനുമായി സംവദിക്കുന്നു ഈ സിനിമ. പല രംഗങ്ങളുടെയും നിശബ്ദത ഒരു പാട് കാര്യങ്ങൾ പ്രേക്ഷകനോട് വിളിച്ചോതുന്നുണ്ട്. ചിത്രത്തിന്‍റെ പൂർണ്ണതക്കു സാങ്കേതിക തികവിനോടൊപ്പം അഭിനേതാക്കൾ വലിയ പിന്തുണയാണ് നൽകിയിരിക്കുന്നത്.
ഈ ചിത്രത്തിനു ലോകമെമ്പാടും ലഭിച്ച സ്വീകാര്യതയും അംഗീകാരങ്ങളും അർഹതപ്പെട്ടത് തന്നെയാണ് എന്ന് ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും സമ്മതിക്കും. കിം കി-ഡുക് എന്ന സംവിധായകൻ വീണ്ടും വിസ്മയിപ്പിക്കുന്നു. (അദ്ദേഹത്തിന്‍റെ മറ്റൊരു ചിത്രമായ 3 - Iron നെക്കുറിച്ച് മറ്റൊരു പോസ്റ്റിൽ കുറിച്ചിട്ടുണ്ട്)
Abril Despedaçado - Behind The Sun (Film : Brazil 2001) Director : Walter Salles Based on Broken April by Ismail Kadare Starring : Rodrigo Santoro, Jose Dumond Genre : Drama Language : Portuguese Running Time : 105 Minute
2001ല്‍ വാള്‍ട്ടര്‍ സെല്ലെസ് സംവിധാനം ചെയ്ത പോര്‍ച്ചുഗീസ് ഭാഷയിലുള്ള ബ്രസീല്‍ സിനിമയാണ് Behind The Sun. Broken April എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്ക്കാരം.വാള്‍ട്ടര്‍ സെല്ലസിന്‍റെ Motor Cycle Diaries എന്ന സിനിമയെ കുറിച്ച് മുന്‍പ് ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു.
1910 കാലഘട്ടത്തിലെ ബ്രസീലിന്‍റെ വടക്ക് പ്രദേശത്തെ ഒരു കാര്‍ഷിക ഗ്രാമമാണ് കഥ പശ്ചാത്തലം. 22 വയസ്സുള്ള ടോന്‍ഹൊ എന്ന യുവാവാണ് പ്രധാന കഥാപാത്രം. പഞ്ചസാരക്ക് വേണ്ടിയുള്ള കരിമ്പിന്‍ കൃഷി നടത്തുന്ന ടോന്‍ഹൊയുടെ കുടുംബവും ആ പ്രദേശത്തെ മറ്റൊരു കുടുംബവും കൃഷി ഭൂമിക്ക് വേണ്ടി പ്രതികാര ബുദ്ധിയോടെ വര്‍ഷങ്ങളായി നടത്തുന്ന പ്രതികാരത്തിന്‍റെ കഥയാണ് ഈ സിനിമ. കണ്ണിനു കണ്ണ്, ചോരക്കു ചോര എന്നതാണ് അവരുടെ രീതി. ഇതിന്‍റെ ഏറ്റവും അവസാന ഇരയായിരുന്നു ടോന്‍ഹൊയുടെ മൂത്ത സഹോദരന്‍. സഹോദരന്‍റെ ശവ സംസ്കാര ചടങ്ങുകളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്.
കൊല്ലപ്പെട്ടയാളുടെ വസ്ത്രത്തിലെ ചോരയുടെ നിറം മഞ്ഞയാകുന്നത് വരെ അടുത്ത പ്രതികാരത്തിനായി കാത്തിരിക്കും അവര്‍. മനം മടുപ്പിക്കുന്ന ഈ പ്രതികാര രീതി അവസാനിക്കണമെന്ന ആഗ്രഹക്കാരനായിരുന്നു ടോന്‍ഹൊ. എന്നാല്‍ അച്ഛന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ടോന്‍ഹൊയും ചേട്ടന്‍റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്നു.തുടര്‍ന്ന് രണ്ടാഴ്ചക്കുള്ളില്‍ അവര്‍ പ്രത്യാക്രമണം നടത്തുമെന്നും അത് തന്‍റെ ജീവന് വേണ്ടിയുള്ളതായിരിക്കും എന്ന് മനസ്സിലാക്കുന്ന ടോന്‍ഹൊയുടെ മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ് സിനിമ പറഞ്ഞു പോകുന്നത്. അച്ഛനും അമ്മയും ഇളയ സഹോദരനും അടങ്ങുന്നതാണ് ടോന്‍ഹൊയുടെ കുടുംബം. അതിനിടയില്‍ ടോന്‍ഹൊയുടെയും സഹോദരന്‍റെയും ജീവിതത്തിലേക്ക് കടന്നു വരുന്ന തെരുവ് സര്‍ക്കസ് സംഘം അവരുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്നു.ടോന്‍ഹൊയും സഹോദരനും തമ്മിലുള്ള സ്നേഹബന്ധം പ്രേക്ഷകരുടെ മനസ്സില്‍ ഒരു ഗൃഹാതുരത്വം ഉണര്‍ത്തുന്നുണ്ട്. ഇളയ സഹോദരന്‍റെ വിവരണത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.
തികച്ചും ലളിതമായ ഒരു കഥ, വളരെ ചുരുക്കം കഥാപാത്രങ്ങളിലൂടെ മനോഹരമായ ഒരു ചലച്ചിത്ര കാവ്യമാക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ആ തികവ് സിനിമയുടെ എല്ലാ ഘടകങ്ങളിലും പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്. ചിത്രം അവശേഷിപ്പിക്കുന്ന നൊമ്പരം കുറച്ചു കാലത്തിനെങ്കിലും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കും.
Denis Villeneuve, 2010ല്‍ സംവിധാനം ചെയ്ത കനേഡിയന്‍ ചിത്രമാണ് Incendies. ഇതേ പേരില്‍ തന്നെയുള്ള ഒരു നാടകത്തിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. അമ്മയുടെ മരണ ശേഷം ഇരട്ട സഹോദരങ്ങളായ മക്കള്‍ അമ്മയുടെ ഭൂത കാലം അന്വേഷിച്ചുള്ള യാത്രയാണ് ഈ സിനിമ. ഉദ്വേകജനകമായ ഒരു കഥാന്ത്യം പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്യും. ചലച്ചിത്ര നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപാട് പ്രശംസ ഏറ്റു വാങ്ങിയ സിനിമയാണിത്.
60 വയസ്സായ നവാല്‍ മര്‍വാന്‍ എന്ന മാതാവിന്‍റെ മരണത്തോടെയാണ് ഈ സിനിമ ആരംഭിക്കുന്നത്. ജീനെ മര്‍വാന്‍, സിമന്‍ മര്‍വാന്‍ എന്ന ഇരട്ടക്കുട്ടികളായിരുന്നു നവാലിനുണ്ടായിരുന്നത്. നവാലിന്‍റെ മരണ ശേഷം വക്കീല്‍, അവരുടെ വില്‍പത്രം മക്കളെ വായിച്ചു കേള്‍പ്പിക്കുന്നു. വളരെ വിചിത്രമായിരുന്നു ആ വില്‍പത്രം. ഈ വക്കീലിന്‍റെ സെക്രട്ടറി ആയിട്ടായിരുന്നു നവാല്‍ ജോലി ചെയ്തിരുന്നത്. നവാല്‍ വക്കീലിനെ ഏല്‍പ്പിച്ചിരുന്ന മൂന്നു കവറുകളില്‍ രണ്ടെണ്ണം മക്കളെ ഏല്‍പ്പിക്കുന്നു. അതില്‍ ഒന്ന് പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെ മരണപ്പെട്ടു പോയി എന്ന് അവര്‍ വിശ്വസിക്കുന്ന അവരുടെ അച്ഛനെക്കുറിച്ച് അന്വേഷിക്കുവാനും മറ്റൊന്ന് അവരില്‍ നിന്നും ആ അമ്മ മറച്ചു വെച്ച അവരുടെ മൂത്ത സഹോദരനെ കണ്ടെത്തുവാനും. ഈ രണ്ടു കത്തുകളും അവര്‍ക്ക് അവിചാരിതം ആയിരുന്നു. ഈ രണ്ടു അന്വേഷനങ്ങളുടെയും അവസാനം മൂന്നാമത്തെ കവര്‍ വായിക്കാമെന്നും അത് വരെ അവരുടെ കുഴിമാടത്തില്‍ കല്ലറകളോ പേരോ വെക്കാന്‍ പാടില്ലായെന്നും നവാല്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. സിമണിനു ഇതൊന്നും അംഗീകരിക്കാനാകുന്നതായിരുന്നില്ല. എന്നാല്‍ അമ്മയുടെ അന്ത്യാഭിലാഷം സാധിക്കുന്നതിനായി സഹോദരി ജീനെ പുറപ്പെടുന്നു.
ജീനെക്ക് അജ്ഞാതമായ ഒരു ഭൂതകാലത്തിലെക്കാണ് യാത്ര. അച്ഛനെയും തന്‍റെ അര്‍ദ്ധ സഹോദരനെയും അന്വേഷിച്ച്. യുദ്ധകലുഷിതമായ പശ്ചിമേഷ്യയിലെ ലെബനോനിലെക്കാണ് യാത്ര.അവര്‍ അത് വരെ അറിയാതിരുന്ന വരുടെ അമ്മയുടെ ഭൂതകാലം ജീനെയെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. പിന്നീട് ഈ യാത്രക്കിടയില്‍ സിമണും വക്കീലും ജീനെയുടെ ഒപ്പം കൂടുന്നു. ആ യാത്ര അവസാനിക്കുന്നത് ഒരു പക്ഷെ സിനിമാ ലോകം ഇന്ന് വരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു കഥാന്ത്യത്തിലെക്കായിരുന്നു.
ഭൂതകാലവും വര്‍ത്തമാന കാലവും സമന്വയിപ്പിച്ച് കൊണ്ട് വളരെ കൃത്യമായ രീതിയില്‍ പഴുതുകളില്ലാതെ ഈ സിനിമ സഞ്ചരിക്കുന്നു. ശക്തമായ തിരക്കഥയും സംവിധാന മികവും മറ്റു സാങ്കേതിക തികവും ഈ ചിത്രത്തെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നു. യുദ്ധമുഖരിതമായ ഒരു കാലഘട്ടത്തിന്‍റെ കഥ പറയുമ്പോള്‍ യുദ്ധത്തിന്‍റെ ക്രൂരസ്വഭാവം മറന്നു കൊണ്ട് പോകാന്‍ കഴിയില്ല. Villeneuve തന്‍റെ നിലപാടുകള്‍ അറിയിച്ചു കൊണ്ട് തന്നെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അമ്മയുടെ വേഷം അഭിനയിച്ച ബെല്‍ജിയന്‍ നടിയായ ലുബ്ന അസ്ബാലിന്‍റെ മികച്ച അഭിനയം കൂടുതല്‍ മിഴിവേകുന്നു.
Distribution : National Geographic Entertainer, BBC Film & UK Film Council
Starring : Oliver Litondo, Naomie Harris
Genre : Biography / Drama
Language : English
Running Time : 103 minute
2010ല്‍ Justin Chadwick സംവിധാനം ചെയ്ത വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു സിനിമയാണ് The First Grader. കിമാനി മറുഗെ എന്ന കെനിയന്‍ വിപ്ലവകാരിയുടെ 84-മത്തെ വയസ്സില്‍ നടന്ന മറ്റൊരു പോരാട്ടത്തിന്‍റെ ചലച്ചിത്രാവിഷ്ക്കാരം. ബ്രിട്ടീഷ് പട്ടാളത്തിനെതിരെ തന്‍റെ ജനതയ്ക്ക് വേണ്ടി യൗവ്വനം ത്യജിച്ച മറുഗെ, ജീവിത സായാഹ്നത്തില്‍ എഴുതാനും വായിക്കാനും പഠിക്കാന്‍ തനിക്ക് കിട്ടിയ അവസാന അവസരം പ്രയോജനപ്പെടുത്താന്‍ ഇറങ്ങുമ്പോള്‍ അത് മറ്റൊരു ചരിത്രം ആകുകയായിരുന്നു. വിദ്യാഭ്യാസത്തിന്‍റെ മൂല്ല്യം, നമുക്ക് വേണ്ടി നമുക്ക് മുന്നേ പോരാടിയവരുടെ ചരിത്രം എന്നിവയുടെ പ്രസക്തി ഈ ചിത്രം മുന്നോട്ട് വെക്കുന്നു.
Its Never Too Late to Dream.
കെനിയയിലെ ഒരു ഉള്‍നാടന്‍ ഗ്രാമവും അവിടുത്തെ ഒരു പ്രൈമറി സ്കൂളുമാണ് കഥാപശ്ചാത്തലം. 2003ല്‍ എല്ലാവര്‍ക്കും സൗജന്യ പ്രൈമറി വിദ്യാഭ്യാസം എന്ന ഗവണ്മെന്‍റ് ഉത്തരവ് പത്രങ്ങളിലൂടെയും റെഡിയോയിലൂടെയും ആണ് ആ ഗ്രാമവാസികള്‍ അറിയുന്നത്. 84 വയസ്സുള്ള മറുഗെയും എഴുത്തും വായനയും അഭ്യസിക്കുന്നതിനായി സ്കൂളിലെ പ്രധാന അധ്യാപിക ജയിനിനെ സമീപിക്കുന്നു. എന്നാല്‍ ചെറിയ കുട്ടികള്‍ക്കൊപ്പം മറുഗെയെ പഠിക്കാന്‍ സഹ അദ്ധ്യാപകന്‍ സമ്മതിക്കുന്നില്ല. പലപല കാരണങ്ങള്‍ പറഞ്ഞു അയാള്‍ മറുഗെയെ പറഞ്ഞു വിടുന്നു. പ്രസിഡണ്ടിന്‍റെ കയ്യില്‍ നിന്നും തനിക്ക് കിട്ടിയ ഒരു പ്രധാന കത്തിന്‍റെ പൂര്‍ണ്ണരൂപം സ്വന്തമായി വായിച്ചു മനസ്സിലാക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ഈ പോരാട്ടത്തിന് പിന്നിലുള്ള പ്രധാന ലക്ഷ്യം. തന്‍റെ ശക്തമായ ആഗ്രഹം ജയിനിനെ പറഞ്ഞു ബോധ്യപ്പെടുത്തി സ്കൂളില്‍ പഠിക്കുന്നതിനുള്ള സമ്മതം നേടിയെടുക്കുന്നു. അങ്ങനെ ബുക്കുകളും യൂണിഫോമും എല്ലാമായി മറുഗെ സ്കൂളില്‍ പോയിത്തുടങ്ങുന്നു.
വിശ്രമ വേളകളില്‍ സ്വാതന്ത്രത്തിന്‍റെ വില തന്‍റെ അനുഭവങ്ങളില്‍ നിന്നും മറുഗെ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുന്നു. എന്നാല്‍ പിന്നീട് രക്ഷിതാക്കള്‍ മറുഗെയുടെ സ്കൂള്‍ പ്രവേശനത്തിന്തിരെ തിരിയുന്നു. കാര്യങ്ങള്‍ വഷളാകുകയും മാധ്യമ ശ്രദ്ധ കൈവരികയും ചെയ്യുന്നു.ബ്രിട്ടീഷുകാര്‍ക്കെതിരെ മറുഗെ നടത്തിയ പോരാട്ടത്തിന്‍റെ വില മനസ്സിലാക്കിയ ജെയിന്‍, മറുഗെയുടെ അവകാശത്തിനു വേണ്ടി ഒപ്പം നില്‍ക്കുന്നു. ഇരുവരും പല പ്രതിസന്ധികളെയും നേരിടുന്നു. പേനയാണ് യഥാര്‍ത്ഥ ആയുധം എന്ന് മറുഗെ സമൂഹത്തോട് പ്രഖ്യാപിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ഥിയായി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച മറുഗെ, പ്രത്യേക ക്ഷണിതാവായി വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് UNല്‍ പ്രസംഗിച്ചിട്ടുണ്ട്.
വിദ്യാഭ്യാസത്തിന്‍റെ യഥാര്‍ത്ഥ മൂല്യം പ്രേക്ഷകനിലേക്ക് ശരിക്കും പകര്‍ത്തിയെഴുതുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ഒരു ഡോക്യുമെണ്ടറിയുടെ ശൈലിയാണ് ഈ ചിത്രം സ്വീകരിച്ചിരിക്കുന്നത്. മറുഗെയെ അവതരിപ്പിച്ച ഒലിവര്‍ ലിറ്റാണ്ടോയുടെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്. പ്രധാന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നവോമി ഹാരിസ്, "Pirates of Caribbeans" സീരീസുകളിലൂടെ പ്രശസ്തി നേടിയ നടിയാണ്.അതെ പോലെ തന്നെ ഒരു സിനിമയോ ടെലിവിഷനോ പോലും കണ്ടിട്ടില്ലാത്ത കുട്ടികളാണ് ഇതിലെ സ്കൂള്‍ കുട്ടികളുടെ വേഷം വളരെ രസകരമായി അഭിനയിച്ചിരിക്കുന്നത്.
വളരെ ഹൃദയസ്പര്‍ശിയായ ഈ ചിത്രം അറിവ് നേടുന്നതിനു വേണ്ടി പോരാടുന്നവര്‍ക്ക് ഒരു പ്രചോദനമാണ്. ജീവിതത്തിലെ ഏറ്റവും മൂല്യമേറിയതിനെ എത്തിപ്പിടിക്കാന്‍ പ്രായവും കാലവും ഒരു തടസ്സമല്ല എന്ന് കാണിച്ചു തരുന്നു ഈ ചിത്രം.വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ആശയം മുന്നോട്ടു വെക്കുന്ന ഈ ചിത്രം കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്.
Ran (Film - Japan / France 1985) Writer & Director : Akira Kurosawa Genre : Action / Drama / War Language : Japanese Running Time : 162 minute.
ലോകം കണ്ട ഏറ്റവും മഹാനായ സംവിധായകൻ അകിര കുറൊസാവ 1985ൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത ജാപ്പനീസ് സിനിമയാണ് റാൻ. വില്ല്യം ഷെക്സ്പ്പിയറുടെ King Lear എന്ന രചനയെ ആസ്പദമാക്കിയാണ് കുറൊസാവ ഈ മനോഹര ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമർഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു
ഇതൊരു ഇതിഹാസ കഥയാണ്. ഈ ഗണത്തിലെ കുറോസാവയുടെ അവസാന ചിത്രം കൂടിയാണ് റാൻ. ടോക്കിയോ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലാണ് ഈ ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. മനോഹരമായ ദ്രിശ്യ ഭംഗിയും സാങ്കേതിക മികവും പശ്ചാത്തല സംഗീതവും എല്ലാം, കുറോസാവയുടെ സംവിധായക മികവിനൊപ്പം ഈ ചിത്രത്തെ ഒരവിസ്മരണീയ അനുഭവമാക്കി. അദ്ദേഹത്തിന്‍റെ Dersu Uzala എന്ന ചിത്രത്തെ കുറിച്ചുള്ള വിവരണം മുമ്പ് പോസ്റ്റ് ചെയ്തിരുന്നു.
A Masterpiece of War and Greed
അധികാരത്തോടുള്ള ആർത്തിയും ദുരാഗ്രഹങ്ങളും പ്രതികാരവും എല്ലാമാണ് ഈ സിനിമയുടെ പ്രധാന പ്രമേയം. ഇച്ചിമൊഞ്ചി എന്ന ഗോത്രത്തിന്‍റെ ദൈവ തുല്യനായ തലവനാണ് ഹിടെതോര. അദ്ദേഹത്തിനു ടാരോ, ജിരോ, സബൗരൊ എന്നീ മൂന്നു ആണ്‍ മക്കളാണ് ഉള്ളത്. പ്രായാധിക്യം മൂലം ഹിടെതോര അധികാരം തന്‍റെ മക്കൾക്ക് കൈമാറാൻ തീരുമാനിക്കുന്നു. ശേഷിക്കുന്ന കാലം എല്ലാ ബഹുമതികളോടും കൂടി പുത്രന്മാരോടും കുടുംബത്തിനോടുമൊപ്പം മാറിമാറി താമസിച്ചു മനസ്സമാധാനത്തോടെ മരിക്കണം എന്നതാണ് ഹിടെതോരയുടെ ആഗ്രഹം. മൂത്തവനായ ടാരോയെ ഗോത്രത്തിന്‍റെ അടുത്ത പരമാധികാരിയായി പ്രഖ്യാപിക്കുന്നു. ആയതിനാൽ പ്രധാന കൊട്ടാരവും വസ്തുവകകളും ടാരോക്കുള്ളതാണ്. മറ്റുള്ളവര്‍ക്ക് രണ്ടാമത്തെയും മൂന്നാമത്തെയും കൊട്ടാരങ്ങളുടെ ഉടമസ്ഥാവകാശം ലഭിക്കുന്നു. ഹിടെതോര രാജാവായി തന്നെ നില നില്‍ക്കുകയും ജിരോ, സബൗര എന്നിവർ ടാരോയുടെ പ്രധാന സഹായികളായി തുടരുകയും ചെയ്യും. ഇതിനെത്തുടർന്നുണ്ടാകുന്ന വാക്ക് തർക്കത്തിന്‍റെ പേരില്‍ ഇളയവനായ സബൗരയെയും ചങ്ങാതിയായ ടാങ്കോയെയും രാജാവ് പുറത്താക്കുന്നു. ഇവർക്ക് സൈന്യാധിപതി ഫ്യുജിമാക്കി അഭയം നല്‍കുകയും മകളെ സബൗരക്കു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്യുന്നു.
ടാരോയുടെ ഭാര്യ കയേതക്കു രാജാവിനോടുള്ള പൂർവ വൈരാഗ്യം വെച്ച് രാജ്യത്തെ പൂർണ്ണാധികാരവും രാജാവെന്ന പദവിയും ടാരോയിലേക്ക് എഴുതി വാങ്ങുന്നു. ക്ഷുഭിതനായ ഹിടെതോരയും പരിവാരങ്ങളും രണ്ടാമത്തെ മകൻ ജീരോയുടെ കൊട്ടാരത്തിലേക്ക് തിരിക്കുന്നു. ടാരോയുടെ സന്ദേശപ്രകാരം അച്ചനു മാത്രം കൊട്ടാരത്തിൽ താമസിക്കാമെന്ന ജീരോയുടെ നിർദേശം തള്ളിക്കളഞ്ഞു ഹിടെതോര കൂട്ടാളികളോടൊപ്പം അവിടെ നിന്നും പടിയിറങ്ങുന്നു. രാജ്യത്തെ ഭക്ഷ്യ ക്ഷാമം മൂലം അവർ ക്ഷീണിതരാകുമ്പോള്‍ സബൌരോയുടെ ചങ്ങാതി ടാങ്കോ അവരുടെ രക്ഷക്കെത്തുന്നു.
അധികാര ദുരാഗ്രഹം മൂത്ത യുദ്ധത്തിനൊടുവില്‍ ടാരോ കൊല്ലപ്പെടുന്നു. ജീരോ അധികാരം ഏറ്റെടുക്കുന്നു. സ്വന്തം ഭര്‍ത്താവിന്‍റെ ഘാതകനാണെന്നറിഞ്ഞിട്ടും ചേട്ടന്‍റെ ഭാര്യയായ കയേത അധികാരത്തിനു വേണ്ടി ജീരോയോടൊപ്പം കൂടുകയും, ജീരോയുടെ ഭാര്യയെ കൊലപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്നു. രാജ്യത്തിന്‍റെയും മക്കളുടെയും അവസ്ഥ ഹിടോതോരയെ ഭ്രാന്തമായ അവസ്ഥയില്‍ എത്തിക്കുന്നു. ടാങ്കോയുടെയും വിദൂഷകയുടെയുംതണലില്‍ ഹിടോതോര ഒളിവില്‍ താമസിക്കുന്നു. ടാങ്കോ സബൌരയെ വിവരങ്ങള്‍ ധരിപ്പിക്കാനായി പോകുന്നു. അച്ഛനേയും രാജ്യത്തിനേയും രക്ഷിക്കാന്‍ സബൌരയും കൂട്ടാളികളും മുന്നിട്ടിറങ്ങുന്നു.
അഭിനേതാക്കളുടെ അഭിനന്ദനീയമായ പ്രകടനം ഈ സിനിമയുടെ എടുത്തു പറയേണ്ട ഒരു ഘടകം ആണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രാലങ്കാരവും പശ്ചാത്തല സംഗീതവും എല്ലാം ഒരു ഐതിഹാസിക സിനിമക്ക് പാഠപുസ്തകമാണ്. സാങ്കേതിക വിഭാഗത്തിലെ ഒട്ടു മിക്ക പുരസ്കാരങ്ങള്‍ ആ കാലയളവില്‍ ഈ സിനിമ നേടിയെടുത്തു. കുറൊസാവ, മേഘങ്ങളെ ഒരു പ്രധാന ഘടകമായി ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. സമയ ക്രമങ്ങളുടെ മാറ്റം മാത്രമല്ല, ഓരോ രംഗത്തിന്‍റെയും ഭാവങ്ങള്‍ കൂടി നമ്മളെ കാണിച്ചു തരുന്നു മേഘങ്ങളുടെ വിവിധ രൂപത്തില്‍.
ലോക സിനിമയിലെ മഹത്തായ സൃഷ്ടികളെ ആസ്വദിക്കുന്ന ഓരോരുത്തരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഇത്. പൂര്‍ണ്ണമായും ഒരു സംവിധായകന്‍റെ ചിത്രം.