Monday, 13 October 2014

PATHER PANCHALI

Pather Panchali (Film - India 1955)


Screenplay & Directed by : Satyajit Ray

Based on "Pather Panchali" by Bibhutibhushan Bandopadhyay

Starring : Subir Banerjee, Kanu Banerjee, Karuna                     Banerjee, Uma Das Gupta

Music : Ravi Shankar

Producer : Government of West Bengal

Genre : Drama

Language : Bengali

Running Time : 119 Minute





     ഇന്ത്യന്‍ സിനിമയെ ലോക സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയ സിനിമ. 1955ല്‍, ഇന്ത്യൻ സിനിമയുടെ പെരുന്തച്ചൻ  മഹാനായ കാലാകാരന്‍ സത്യജിത് റായ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തില്‍ പരിചയപ്പെടുത്തലിന്‍റെ ആവശ്യകത ഇല്ലാത്ത മഹാനായ എഴുത്തുകാരനും ചലച്ചിത്രകാരനും ആണ് സത്യജിത് റായ്. ലോകത്തിലെ തന്നെ മികച്ച ചലച്ചിത്ര സംവിധായകരില്‍ ഒരാളായി അറിയപ്പെടുന്നു. 1921ല്‍ കല്‍ക്കത്തയില്‍ ജനനം. മികച്ചൊരു ചിത്രകാരനായി കലാ ജീവിതം ആരംഭിച്ചു. ലണ്ടനില്‍ വെച്ച് കണ്ട ഇറ്റാലിയന്‍ ചിത്രം "Bicycle Thieves" ചലച്ചിത്ര ലോകത്തേക്ക് അടുപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി 36 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ധാരാളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. Oxford University, Doctorate നല്‍കി ആദരിച്ച രണ്ടാമത്തെ വ്യക്തി. (ചാര്‍ളി ചാപ്ലിന്‍ ആയിരുന്നു ആദ്യം).സിനിമയുടെ ഒട്ടു മിക്ക സാങ്കേതിക മേഖലകളിലും അദ്ദേഹം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.




    ബംഗാളിലെ ഒരു ഉള്‍നാടന്‍ ഗ്രാമ പ്രദേശമാണ് കഥാ പശ്ചാത്തലം. അവിടെ വളരെ ദരിദ്രമായ അവസ്ഥയില്‍ ജീവിക്കുന്ന ഹരിഹരിന്‍റെ കുടുംബം. ഭാര്യ സര്‍ഭജയ, മകള്‍ ദുര്‍ഗ, വീടിനോട് ചേര്‍ന്ന ഉള്ള കൂരയില്‍ താമസിക്കുന്ന പ്രായമേറെയായ വിധവയായ ഹരിഹരിന്‍റെ സഹോദരിയുമാണ് കുടുംബത്തിലെ പ്രധാന അംഗങ്ങള്‍. ദാരിദ്ര്യത്തിന്‍റെ ഈ അവസ്ഥയിലും ഒരു എഴുത്തുകാരനാകുക എന്ന തന്‍റെ മോഹം ഹരിഹര്‍ ഉപേക്ഷിച്ചില്ല. കഷ്ടതകളുടെ ഈ ലോകത്തെക്കാണ് അപ്പു എന്ന പുത്രന്‍ ജനിച്ചു വീഴുന്നത്. വളര്‍ന്നു വരുന്ന അപ്പുവിനു അക്ഷരഭ്യാസം നല്‍കുന്നതിനു ഹരിഹര്‍ മുടക്കം വരുത്താതെ ശ്രമിച്ചു. തൊട്ടടുത്ത്‌ അയല്‍വാസികളും മറ്റും ഇല്ലാത്തതിനാല്‍ ആരും സംസാരിക്കാന്‍ പോലും ഇല്ലാതെ ഒറ്റപ്പെടലിന്‍റെ അവസ്ഥയിലാണ് സര്‍ഭജയ. മെച്ചപ്പെട്ടൊരു ജോലി തേടി ബനാറസിലേക്ക് പോകുന്ന ഹരിഹര്‍ അഞ്ചു മാസത്തോളം തിരികെ വന്നില്ല. ഹരിഹരിനെ കുറിച്ച് യാതൊരു വിവരവും അറിയാനും ഉണ്ടായിരുന്നില്ല. കഷടപ്പാടുകളുടെ പടുകുഴിയിലേക്ക് വീണു കൊണ്ടിരുന്ന ആ കുടുംബത്തിന്‍റെ കഥയാണ് പഥേർ പാഞ്ചാലി പറയുന്നത്. 




      ഗ്രാമത്തിന്‍റെ നിഷ്കളങ്കതയും നാട്യങ്ങളും വളരെ തന്മയത്വത്തോടെ വരച്ചു കാണിക്കുന്നുണ്ട് ഈ സിനിമ. കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു ഓരോ അഭിനേതാക്കളും. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ പുതു മുഖങ്ങള്‍ ആയിരുന്നു ഇതിലെ അഭിനേതാക്കള്‍. മുത്തശ്ശിയായി അഭിനയിച്ച Chunibala Devi (ചിത്രം റിലീസ് ആകുന്നതിനു മുമ്പ് തന്നെ ഈ നടി മരണപ്പെട്ടു) മുതല്‍ ദുര്‍ഗയായി അഭിനയിച്ച Umadas Gupta, അപ്പുവായി അഭിനയിച്ച Subir Banerjee, ഹരിഹര്‍ എന്ന നിസ്സഹായനായ കുടുംബ നാഥനെ അവതരിപ്പിച്ച Kanu Banerjee എല്ലാം എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. എന്നിരുന്നാലും അപ്പുവിന്‍റെയും ദുര്‍ഗയുടെയും അമ്മയായി അഭിനയിച്ച Karuna Banerjee,  ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നായി മാറുകയായിരുന്നു. സിനിമയുടെ മറ്റൊരു പ്രധാന ഘടകം രവി ശങ്കര്‍ നിര്‍വ്വഹിച്ച സംഗീതമായിരുന്നു. ഗ്രാമ പശ്ചാതലത്തിനു അനുയോജ്യമായ തരത്തിലുള്ള പശ്ചാത്തല സംഗീതം ഈ ചിത്രത്തിനെ കൂടുതല്‍ മനോഹരമാക്കി. ഈ ചിത്രത്തിന്‍റെ ഒരു ഭാഗം രണ്ടാമത് ചിത്രീകരിക്കുന്നതിനായി സത്യജിത് റായ് ഒരു വര്‍ഷം വരെ കാത്തിരുന്ന സംഭവം ഉണ്ടായിട്ടുണ്ട് ചിത്രീകരണ വേളയില്‍. അത്ര മാത്രം സൂക്ഷ്മത അദ്ദേഹം ഈ ചിത്രത്തിന് വേണ്ടി പുലര്‍ത്തിയിട്ടുണ്ട്.





   ഈ ചിത്രത്തെ തുടര്‍ന്ന് ഇതിന്‍റെ ആവര്‍ത്തനമായി റായ് സംവിധാനം ചെയ്ത ചിത്രങ്ങളാണ് അപരാജിത (1956), അപുര്‍ സന്‍സാര്‍ (1959) എന്നിവ. Apu Trilogy എന്ന പേരില്‍ പ്രസിദ്ധമാണ് ഈ മൂന്നു ചിത്രങ്ങളും. 

   

     ഇന്ത്യയുടെ അകത്തും പുറത്തുമായി ധാരാളം ബഹുമതികളാണ് പഥേർ പാഞ്ചാലി നേടിയെടുത്തത്. ലോക സിനിമ ക്ലാസിക്കുകളിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ കണക്കാക്കാം. ഭാരതീയനായ ഓരോ സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് പഥേർ പാഞ്ചാലി.




One of the most accomplished narrative films ever made...





Wednesday, 1 October 2014

CASABLANCA

Casablanca (Film USA 1942)
Directed by Michael Curtiz

Based on : Everybody Comes to Rick's by Murray Burnett, Joan Alison

Starring : Humphrey Bogart, Ingrid Bergman, Paul Henreid

Genre : Drama / Romance / War

Language : English

Running Time : 102 Minute.




      Murray Bernett, Joan Alison എന്നിവരുടെ Everybody Comes to Rick's എന്ന നാടക രചനയെ ആസ്പദമാക്കി 1942ല്‍ Michael Curtiz സംവിധാനം ചെയ്ത സിനിമയാണ് കസാബ്ലാങ്ക (Casablanca). ലോക സിനിമാചരിത്രത്തിലെ മികച്ച ക്ലാസിക്കുകളില്‍ ഒന്നായി ഇന്നും കസാബ്ലാങ്ക കണക്കാക്കി പോരുന്നു. വളരെ പ്രഗത്ഭരായിരുന്നു ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍. നൂറിലേറെ സിനിമകള്‍ സംവിധാനം ചെയ്ത പ്രതിഭാശാലിയായിരുന്നു Michael Curtiz. അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം തന്നെ കലാപരമായി മുന്നിട്ടു നില്‍ക്കുന്നവയായിരുന്നു.


               രണ്ടാം ലോക മഹായുദ്ധ കാലത്തെ ഒരു പ്രണയ കഥ പറയുകയാണ്‌ കസാബ്ലാങ്ക. യുദ്ധം മൂലം ഒരു പാട് പേര്‍ ജര്‍മ്മനിയില്‍ നിന്നും അമേരിക്കയിലേക്ക് പലായനം ചെയ്യുന്ന സമയം. മൊറോക്കന്‍ നഗരമായ കസാബ്ലാങ്കയില്‍ എത്തിയ ശേഷം അവിടെ നിന്നും ലഭിക്കുന്ന പാസ് വെച്ച് വേണം അവര്‍ക്ക് അമേരിക്കയിലേക്ക് കടക്കാന്‍. അവിടെ നിന്നും പാസ് സംഘടിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയ ആയിരുന്നു. അത് കൊണ്ട് തന്നെ പലര്‍ക്കും ഏറിയ നാള്‍ അവിടെ തങ്ങേണ്ടി വരും. അങ്ങനെ ഒരു പ്രധാന ഇടത്താവളമായ കാസാബ്ലാങ്ക തിരക്കേറിയ ഒരു നഗരമായി മാറി. അവിടെയെത്തുന്ന സമ്പന്നരുടെയും പാട്ടാള മേധാവികളുടെയും പ്രധാന ഇടത്താവളമായിരുന്നു, റിക്ക് ബ്ലൈന്‍ നടത്തി വന്നിരുന്ന കഫെ. അവിടുത്തെ പ്രധാന മദ്യ ശാലയും ചൂതാട്ട കേന്ദ്രവും കൂടിയായിരുന്നു അത്. റിക്ക് ഒരു അമേരിക്കന്‍ പൗരനാണ്. പലപല കാരണങ്ങളാല്‍ തിരിച്ചു പോകാന്‍ കഴിയാതിരുന്ന റിക്ക് ഇന്ന് തന്‍റെ ബിസിനെസ്സില്‍ സന്തുഷ്ടനാണ്. ഇന്ന് അവിടുത്തെ പ്രധാന പ്രമാണിമാരും പട്ടാള മേധാവികളും റിക്കിന്‍റെ സൗഹൃദ വലയത്തിലാണ്.



        കസാബ്ലാങ്കയിലേക്ക് വരുന്ന രണ്ട് ജര്‍മ്മന്‍ പട്ടാളസന്ദേശ വാഹകര്‍ കൊല്ലപ്പെടുന്നിടത്ത് നിന്നാണ് സിനിമ ആരംഭിക്കുന്നത്. കഫേയിലെ സ്ഥിരം സന്ദര്‍ശകനായ ഉഗാര്‍ട്ടെ, അമേരിക്കയിലേക്ക് കടക്കുന്നതിനായുള്ള ട്രാന്‍സിറ്റ് പാസ് താല്‍ക്കാലികമായി റിക്കിനെ ഏല്‍പ്പിക്കുന്നു. മറ്റൊരാള്‍ക്ക് വില്‍ക്കുവാന്‍ വേണ്ടിയുള്ളതായിരുന്നു ആ പാസ്. എന്നാല്‍ അന്ന് രാത്രി തന്നെ ഉഗാര്‍ട്ടയെ പോലിസ് അറസ്റ്റ്‌ ചെയ്യുകയും ലോക്കപ്പില്‍ വെച്ച് കൊല്ലപ്പെടുകയും ചെയ്യുന്നു. അവിടുത്തെ പോലിസ് ചീഫ്, ക്യാപ്റ്റന്‍ റെനോള്‍ട്ട്, കഫെയില്‍ എത്തിയ ചെക്ലോസാവാക്യന്‍ സ്വദേശിയായ വിക്ടര്‍ ലാസ്ലോയെ ഒരു പാസ്‌ സംഘടിപ്പിച്ചു കൊടുക്കുന്നതിനായി റിക്കിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നു. ലാസ്ലോയെ കസാബ്ലാങ്ക വിടാന്‍ അനുവദിക്കരുതെന്ന് മേജര്‍, റെനോള്‍ട്ടിനു നിര്‍ദേശം കൊടുക്കുന്നു. ഉഗാര്‍ട്ടെ വാഗ്ദാനം ചെയ്ത പാസ് ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ലെസ്ലെയും ഭാര്യയും കഫെയില്‍ എത്തിയത്. ഉഗാര്‍ട്ടയെ അറസ്റ്റു ചെയ്ത കാരണം ലെസ്ലിക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ആരായേണ്ടി വന്നു. ലെസ്ലിയുടെ ഭാര്യ ഇല്‍സക്ക് റിക്കിനെ പാരീസില്‍ വെച്ചുള്ള പരിചയം ഉണ്ടായിരുന്നു. അവിടെ വെച്ച് വീണ്ടും അവര്‍ പരസ്പരം കണ്ടു മുട്ടിയപ്പോള്‍, ആ ബന്ധം റിക്കിന്‍റെ മനസ്സിലേല്‍പ്പിച്ച മുറിപ്പാടുകള്‍ വീണ്ടും ശക്തമായി.



          നാല്‍പ്പതുകളില്‍ സിനിമയില്‍ ഉപയോഗിച്ചിരുന്ന നാടകീയത തീരെ ഉപേക്ഷിച്ചാണ് സംവിധായകന്‍ ഈ സിനിമ അണിയിച്ചോരുക്കിയിക്കുന്നത്. മികച്ച സിനിമ, രചന, സംവിധായകന്‍ തുടങ്ങീ പ്രധാന അക്കാദമി അവാര്‍ഡുകള്‍ ആ വര്‍ഷം ഈ ചിത്രം കരസ്ഥമാക്കുകയുണ്ടായി. ഗാങ്ങ്സ്ടര്‍ സിനിമകളിലൂടെ കരുത്തുറ്റ കഥാ പാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരനായിരുന്ന Humphrey Bogart  എന്ന നടന്‍ പ്രണയാതുരനായ റിക്ക് എന്ന കഥാപാത്രത്തെ മനോഹരമാക്കി.  Ingrid Bergman എന്ന പ്രശസ്ഥ നടിയായിരുന്നു ഇല്‍സയെ അവതരിപ്പിച്ചത്. ഈ സിനിമയുടെ തിരക്കഥയിലെ ചില സംഭാഷണങ്ങള്‍ ഇന്നും പ്രശസ്തമാണ്.
"Play it again Sam...."
"Here's looking at you kid"
"This is begning of a beautiful friendship..."

നൂറ്റാണ്ടിന്‍റെ മികച്ച ക്ലാസ്സിക്കുകളില്‍ ഒന്നായ ഈ സിനിമ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്.

One of the greatest movie ever made....

Trailer:



Monday, 29 September 2014

CAIRO 678

Cairo 678 (Film Egypt 2010)


Written & Directed by Mohamed Diab

Starring : Bushra, Nelly Karim, Nahed El Sebai, Maged El Kedwany

Genre : Drama

Language : Arabic

Running Time : 100 Minute.




         ഈജിപ്തിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാക്രമണങ്ങളെന്ന വിഷയത്തെ മുന്‍നിര്‍ത്തി, ഇതിനെതിരെ പോരാടിയ മൂന്നു യുവതികളുടെ കഥ പറയുന്ന കൈറോ 678 (Cairo 678), മുഹമ്മദ്‌ ദിയാബ് 2010ല്‍ സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ സിനിമയാണ്. ഈജിപ്തിലെ പുരുഷന്മാരെ മൊത്തം അവഹേളിക്കുന്ന തരത്തിലുള്ളതാണ് ഈ സിനിമ എന്ന് തുടങ്ങീ ഒട്ടനവധി വിവാദങ്ങളും പ്രദര്‍ശനാനുമതി നിഷേധിക്കലും ഈ സിനിമ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ലോകത്തെല്ലായിടത്തും മിക്കവാറും സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്തും മികച്ചൊരു സ്ത്രീ പക്ഷ സിനിമ എന്ന നിലയിലും ഒരുപാട് ഫിലിം ഫെസ്റ്റിവലുകളില്‍ ഈ സിനിമ ശ്രദ്ധയാകര്‍ഷിച്ചു.




        തികച്ചും ഭയ ഭക്തി ബഹുമാനങ്ങളോടെ ജീവിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഫയ്സയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. ഭര്‍ത്താവും രണ്ട് മക്കളും അടങ്ങുന്ന, ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനും കുട്ടികളുടെ ഫീസ്‌ യഥാസമയം അടക്കുവാനും ഓടി നടക്കുന്ന ഒരു സാധാരണ കുടുംബിനി. ബസ്സിലും ടാക്സിയിലും മറ്റും ലൈംഗികമായി മിക്കവാറും  നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍, ഭര്‍ത്താവടക്കമുള്ള പുരുഷ വര്‍ഗ്ഗത്തെ മുഴുവന്‍ പ്രതിസ്ഥാത്ത് നിറുത്തുന്ന നിലയിലേക്ക് ഫായിസയെ മാറ്റി. ഇതിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് നെല്ലി. ജോലി ചെയ്യുന്ന കോള്‍ സെന്‍ററിലെ മാനസിക പീഡനങ്ങളില്‍ നിന്നും നെല്ലി ആശ്വാസം കണ്ടെത്തിയിരുന്നത് കാമുകനോടോപ്പം അവതരിപ്പിച്ചിരുന്ന സ്റ്റേജ് പെര്‍ഫോമന്‍സുകളിലൂടെയാണ്. നെല്ലിക്കു നേരിടേണ്ടി വരുന്ന ഒരു ലൈംഗിക പീഡന ശ്രമത്തെ, നെല്ലി നിയമപരമായി നേരിടാന്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ ഈജിപ്തില്‍ സമര്‍പ്പിക്കപ്പെട്ട ആദ്യത്തെ പരാതിയായിരുന്നു അത്. എന്നാല്‍ പോലിസ് അധികാരികളും വീട്ടുകാരും കേസില്‍ നിന്നും പിന്മാറാന്‍ നെല്ലിയെ നിര്‍ബന്ധിക്കുന്നു. കൈറോയിലെ ഒരു ഫുട്ബാള്‍ വിജയാഘോഷത്തിനിടെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും അതിനു ശേഷം ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്ത സൈബയാണ് മറ്റൊരു കഥാപാത്രം. സൈബ സാമ്പത്തികമായി മുതിര്‍ന്ന കുടുംബത്തിലെ ഒരു അംഗമാണ്. ഇത്തരത്തില്‍ ലൈംഗികാക്രമണങ്ങള്‍ക്കു ഇരയാകുന്ന സ്ത്രീകളെയും, ഇത്തരം ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സ്ത്രീകളെ പ്രാപ്തരാക്കാനും വേണ്ടിയുള്ള പഠന ക്ലാസ്സുകളും മറ്റും നടത്തുകയാണ് സൈബ.



              പിന്നീട്, ഇത്തരം ആക്രമണങ്ങള്‍ക്ക് മുതിരുന്ന പുരുഷന്മാരുടെ ലൈംഗികാവയവം മുറിച്ചെടുക്കുന്നത്‌ കൈറോവില്‍ ഒരു തുടര്‍ക്കഥയാകുന്നു. ഇതിനെ പറ്റി അന്വേഷണം നടത്തുന്ന പോലിസ് ഉദ്യോഗസ്ഥനായ ഇസാം ആണ് മറ്റൊരു കഥാപാത്രം. ചെറുത്തു നില്‍പ്പിന്‍റെ ഒരു ഘട്ടത്തില്‍ ഫായിസ, നെല്ലി, സൈബ എന്നിവര്‍ ഒരുമിച്ചു ചേരുകയും പുരുഷ കേന്ദ്രികൃത നിയമ വ്യവസ്ഥിതിക്കെതിരെ പോരാടുകയും, രാജ്യത്ത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പുതിയ നിയമ നിര്‍മ്മാണം നടപ്പില്‍ വരുത്തുകയും ചെയ്യുന്നു. 



      കൈറോവില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ഒരു പ്രധാന വിഷയത്തെ മനശാസ്ത്രപരമായ രീതിയില്‍ സമീപിച്ചു കൊണ്ടാണ് ദിയാബ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ദിയാബിന്‍റെ തന്നെ ശക്തമായ തിരക്കഥയും പ്രധാന അഭിനേതാക്കളുടെ തികവാര്‍ന്ന അഭിനയവും ഈ സിനിമയുടെ അടിത്തറ ഉറപ്പിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ഫായിസ എന്ന നടിയെ അവതരിപ്പിച്ച ബുഷ്‌റ എന്ന ഈജിപ്ഷ്യന്‍ നടിക്ക്, 2011ല്‍ ദുബായ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിക്കുകയുണ്ടായി. അഞ്ചോളം സിനിമകള്‍ക്ക്‌ തിരക്കഥ ഒരുക്കിയിട്ടുള്ള ദിയാബിന്‍റെ ആദ്യ സംവിധാന സംരംഭം ആണ് ഈ ചിത്രം. നിശബ്ദതയെ കൂട്ട് പിടിക്കാതെ ആക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സ്ത്രീകളോട് ഈ ചിത്രം ആഹ്വാനം ചെയ്യുന്നു.

I will ask you 3 questions...
Have you been sexually harassed...?
How many times....?
How did you react...?

Kudos Mohamed Diab....



Trailer :
 


Tuesday, 23 September 2014

ILO ILO

Ilo Ilo (Film Singapore 2013)

Written & Directed by Anthony Chen

Starring : Chen Tianwen, Yeo Yann Yann, Angeli Bayani

Genre : Drama

Language : Tagalog / English

Running Time : 99 minute.




         സിങ്കപ്പൂര്‍ സംവിധായകനായ ആന്‍റണി ചെന്‍ സംവിധാനം 2013ല്‍ ചെയ്ത സിനിമയാണ് ഇലോ ഇലോ. തന്‍റെ ആദ്യ മുഴു നീള ഫീച്ചര്‍ ഫിലിമായ ഈ ചിത്രം സംവിധാനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ വയസ്സ് 30 മാത്രമായിരുന്നു. സിങ്കപ്പൂര്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി കാന്‍സ്‌ ഫിലിം ഫെസ്റ്റിവലില്‍ ഒരു അവാര്‍ഡ്‌ കിട്ടിയ ചിത്രമായിരുന്നു ഇത്. സംവിധാനത്തിന് പുറമേ രചനയും നിര്‍മ്മാണവും ചെന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. പ്രേക്ഷക പ്രശംസകള്‍ ഏറ്റു വാങ്ങിയ ധാരാളം ഹ്രസ്വചിത്രങ്ങളും അദ്ദേഹം മുമ്പ് സംവിധാനം ചെയ്തിട്ടുണ്ട്.



       തൊണ്ണൂറുകളുടെ കാലഘട്ടത്തില്‍ ഏഷ്യയില്‍ സംഭവിച്ച സാമ്പത്തിക ഞെരുക്കം ഒരു സാധാരണ സിങ്കപ്പൂര്‍ കുടുംബത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം. തന്‍റെ തന്നെ ജീവിതത്തിലെ അനുഭവത്തില്‍ നിന്നാണ് സംവിധായകന്‍ ഈ കഥ തിരഞ്ഞെടുത്തത്. ഉദ്യോഗസ്ഥരായ ഭര്‍ത്താവും (ടെക്), ഗര്‍ഭിണിയായ ഭാര്യയും (ലെങ്ങ്), 10 വയസ്സുകാരന്‍ മകനും (ജിയാലെ) മാത്രമുള്ള ലെങ്ങ് കുടുംബത്തിലേക്ക് കടന്നു വരുന്ന ടെറി എന്ന ഫിലിപ്പിനോ വീട്ടു ജോലിക്കാരിയും ആണ് ഇതിലെ പ്രധാന കഥാ പാത്രങ്ങള്‍. വികൃതി കൂടുതലുള്ള ജിയാലിന് തുടക്കത്തില്‍ ടെറിയുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ വീട്ടുകാരില്‍ നിന്നും കിട്ടുന്ന പരിഗണനയും സാഹചര്യവും ടെറിയെ അവിടെ തന്നെ പിടിച്ചു നിറുത്തുന്നു. ആയിടക്കു വന്നുപെട്ട സാമ്പത്തിക മാന്ദ്യം എല്ലാ സാധാരണക്കാരെയും പോലെ ലിങ്ങ് കുടുംബത്തെയും സാരമായി ബാധിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.



        പ്രവചനാതീതമായ ഒരു സാധാരണ കഥ; അതിന്‍റെ ലാളിത്യം കൊണ്ടും സ്വാഭാവികമായ അവതരണ രീതി കൊണ്ടും ഈ ചിത്രം ഹൃദ്യമായ ഒരു അനുഭവമായി മാറുകയായിരുന്നു. തൊണ്ണൂറുകളുടെ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതിനു സാധാരണ അവലംബിക്കാറുള്ള കളര്‍ ടോണുകളിലെ വത്യാസമോ, പ്രത്യേക ടൈറ്റിലുകളോ, വിവരണമോ ഒന്നും നല്‍കിയിട്ടില്ല. ചിത്രത്തില്‍ ഇടയ്ക്കിടെ കാണിക്കുന്ന ഓഡിയോ കാസറ്റ്, ടൈപ്പ് റൈറ്റര്‍, പേജര്‍, വാക്മാന്‍ തുടങ്ങീ ചിഹ്നങ്ങളിലൂടെ കാലത്തെ ഓര്‍മ്മിപ്പിക്കുന്നു. സിങ്കപ്പൂര്‍ ടെലിവിഷന്‍ പരിപാടികളിലൂടെ സുപരിചിതനായ ചെന്‍ തിയാന്‍വെന്‍ ആണ് പ്രധാന നടനെ അവതരിപ്പിച്ചിരിക്കുന്നത്. ഗര്‍ഭിണിയായ ഭാര്യയായി അഭിനയിച്ച പ്രശസ്ത മലേഷ്യന്‍ മോഡലും നടിയും ആയ Yeo Yann Yann,  ഈ ചിത്രത്തില്‍ അഭിനയിക്കുന്ന സമയം 6  മാസം ഗര്‍ഭിണിയായിരുന്നു. (യഥാര്‍ത്ഥ പ്രസവ രംഗവും ഈ ചിത്രത്തിന്‍റെ അവസാനം കാണിക്കുന്നുണ്ട്) ഫിലിപ്പിനോ നടി ആഞ്ചലി ബയാനിയാണ് ടെറിയെ അവതരിപ്പിച്ചിരിക്കുന്നത്. ജിയാലിനു വേണ്ടി 2000ത്തിലധികം കുട്ടികളെ ഇന്‍റെര്‍വ്യു ചെയ്തപ്പോള്‍, ഒരേ സമയം പ്രേക്ഷകന് ഇഷ്ട്പ്പെടുകയും ദേഷ്യം തോന്നുകയും ചെയ്യുന്ന ഒരു മുഖമാണ് സംവിധായകന്‍ അന്വേഷിച്ചത്. കോ ജിയാ ലേര്‍ എന്ന കുട്ടിയിലാണ് ആ അന്വേഷണം ചെന്നെത്തിയത്. ഇത്രയും സമഗ്രമായ ഒരു കാസ്റ്റിംഗ് ഈ ചിത്രത്തെ പരിപൂര്‍ണ്ണതയില്‍ എത്താന്‍ സംവിധായകനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 



     2013 കാന്‍സ്‌ ഫിലിം ഫെസ്റ്റിവലിലാണ് ഈ ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കുന്നത്. പ്രേക്ഷക ശ്രദ്ധയോടൊപ്പം ക്യാമറ ഡിയോണ്‍ അവാര്‍ഡും ഈ ചിത്രം അവിടെ വെച്ച് കരസ്ഥമാക്കുകയുണ്ടായി. കൂടാതെ ഒരുപാട് ഫിലിം ഫെസ്റ്റിവലുകളിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കുകയുണ്ടായി. 

A feel good movie.

Trailer : 


Sunday, 14 September 2014

"Le passé" - THE PAST

"Le passé" - The Past (Film Iran /France 2013)
Written & Directed By : Azghar farhadi
Starring : Berenice Bejo, Ali Mosaffa, Tahar Rahim
Genre : Drama / Mystery
Language : French / Persian
Running Time : 130 Minute.




    അസ്ഗര്‍ ഫര്‍ഹാദി - ലോക സിനിമാ പ്രേമികളുടെ മനസ്സില്‍ വ്യക്തമായ ഒരിടം  കണ്ടെത്തിയ ഇറാനിയന്‍ സംവിധായകന്‍. ജനങ്ങള്‍ക്കിടയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിവുള്ള ലോകത്തിലെ 100 പ്രധാന വ്യക്തിത്വങ്ങളില്‍ ഒരാളായി 2012ല്‍ ടൈം മാഗസിന്‍ തിരഞ്ഞെടുത്ത വ്യക്തി. ടെഹ്‌റാന്‍ യൂനിവേഴ്സിടിയില്‍ നിന്നും Stage Directionല്‍ ബിരുദാനന്തര ബിരുദം എടുത്ത ശേഷം നാടക രചനയിലും ഹ്രസ്വ ചിത്രങ്ങളിലും കഴിവ് തെളിയിച്ചു. പിന്നീട് ചലച്ചിത്ര ലോകത്തില്‍ ചുരുങ്ങിയ ഏതാനും സിനിമകള്‍ കൊണ്ട് വ്യക്തി മുദ്ര പതിപിച്ചു. മനുഷ്യബന്ധങ്ങളുടെ ജീവിത ഗന്ധിയായ  ചലച്ചിത്രങ്ങള്‍ തികച്ചും സ്വാഭാവികതയോടെ അവതരിപ്പിക്കുന്നതില്‍ ഇറാനിയന്‍ സിനിമകള്‍ എന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ടാണ് മജീദി മജീദിയും, ജാഫര്‍ പനാഹിയും, മക്ബല്‍ ബഫും, അസ്ഗര്‍ ഫര്‍ഹാദിയും എല്ലാം മലയാളികളുടെ സിനിമ ചര്‍ച്ചകളില്‍ എന്നും സ്ഥാനം പിടിക്കുന്നത്‌. ഫര്‍ഹാദിയുടെ About Elly, A Separation എന്നീ ചിത്രങ്ങള്‍ എന്‍റെ ഇഷ്ട ചിത്രങ്ങളില്‍ വില മതിക്കാനാകാത്ത ശേഖരങ്ങളാണ്. 2013ല്‍ പുറത്തിറങ്ങിയ THE PAST എന്ന ചിത്രവും മുന്നോട്ട് വെക്കുന്നത് കുടുംബ ബന്ധത്തിന്‍റെ മൂല്യങ്ങള്‍ തന്നെയാണ്.




    A Seperation പോലെത്തന്നെ വൈവാഹിക ജീവിതത്തിലെ പൊരുത്തക്കേടുകള്‍ തന്നെയാണ് ഈ ചിത്രത്തിന്‍റെയും പ്രമേയം. പരാജയപ്പെട്ടു പോയ ആദ്യ വിവാഹത്തിനു ശേഷം മേരി അഹമ്മദിനെ വിവാഹം കഴിക്കുന്നു. ആദ്യ വിവാഹത്തിലെ രണ്ടു പെണ്‍കുട്ടികളും അവരോടൊപ്പം ആയിരുന്നു. രണ്ടു കുട്ടികള്‍ക്കും അഹമ്മദ് പിതൃ തുല്യമായ വാത്സല്യമായിരുന്നു നല്‍കിയിരുന്നത്. അമ്മയുടെ ജീവിത രീതികളോട് പൂര്‍ണ്ണമായും പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന മൂത്ത മകള്‍ ലൂസിക്ക് എന്നും ഒരു ആശ്വാസം അഹമ്മദ് ആയിരുന്നു. ആ ദാമ്പത്യത്തിലും പൊരുത്തക്കേടുകള്‍ വന്നു തുടങ്ങിയതോടെ നാല് വര്‍ഷം മുന്‍പ് അഹമ്മദ് ഇറാനിലേക്ക് തിരച്ചു പോയി. 


    അഹമ്മദ് ഇപ്പോള്‍ ഫ്രാന്‍സിലേക്ക് തിരിച്ചു വന്നിരിക്കുന്നത്, വിവാഹമോചനം നിയമപരമാക്കണമെന്ന മേരിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്. മേരി ഇതിനോടകം തന്നെ സമീര്‍ എന്നൊരു യുവാവുമായി പുതിയ ജീവിതം ആരംഭിച്ചു കഴിഞ്ഞു എന്ന് അവിടെയെത്തുന്ന അഹമ്മദ്‌ മനസ്സിലാക്കുന്നു. 10 വയസ്സുള്ള സമീറിന്‍റെ മകനും ഇപ്പോള്‍ അവരോടൊപ്പമാണ്. ആത്മഹത്യ ശ്രമത്തിനു ശേഷം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ആണ് സമീറിന്‍റെ ഭാര്യ. അമ്മയുടെ പുതിയ ബന്ധത്തെ ഉള്‍ക്കൊള്ളാനാകാതെ ലൂസി പലപ്പോഴും നേരം വൈകിയാണ് വീട്ടില്‍ എത്തുന്നത്. ഇത് മേരിയെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഈയൊരവസ്ഥയില്‍ നിന്നും ലൂസിയെ മാറ്റിയെടുക്കാനും അവളുടെ പ്രശ്നങ്ങളെ മനസ്സിലാക്കാനും മേരി അഹമ്മദിനോട് അഭ്യര്‍ഥിക്കുന്നു. ലൂസിയുടെ പ്രശ്നങ്ങളെ കണ്ടെത്താനുള്ള ശ്രമമാണ് The Past എന്ന സിനിമയുടെ ആധാരം. ഉദ്വെകജനകമായ ഒരു കഥാന്ത്യത്തിലേക്കാണ്‌ സിനിമ പിന്നീട് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.



     
     The Past എന്ന ശീര്‍ഷകത്തെ അന്വര്‍ഥമാക്കുന്ന ഫ്ലാഷ് ബാക്കുകളോ ഒന്നും ഈ സിനിമയിലില്ല. വര്‍ത്തമാന കാലത്തില്‍ നിന്നും കൊണ്ട് തന്നെ ഭൂത കാലത്തെ കുറിച്ച് പ്രേക്ഷകന് വ്യക്തമാക്കി കൊടുക്കുന്നു ഈ ചിത്രം. ഇതിലെ ഓരോ കഥാ പാത്രങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വരച്ചു കാണിക്കുന്നത് വത്യസ്തമായ വൈകാരിക തലങ്ങളില്‍ കൂടിയാണ്. സ്വാഭാവികത തീരെ ചോര്‍ന്നു പൊകാതെ അവയെല്ലാം പ്രേക്ഷക മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്നു എന്നിടത്താണ് ഫിലിം മേക്കര്‍ എന്ന നിലയില്‍ ഫര്‍ഹാദിയുടെ വിജയം.



    പല സ്ഥലങ്ങളിലും അനുഭവപ്പെടുന്ന ഇഴച്ചില്‍ അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ട് മറികടക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മേരിയുടെ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച Berenice Bejo എന്ന നടി തന്നെയാണ് അതില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഈ ചിത്രത്തിലൂടെ അവരെ തേടിയെത്തിയ ബഹുമതികളും പ്രേക്ഷക പ്രശംസകളും തികച്ചും അര്‍ഹതപ്പെട്ടത് തന്നെ. കൂടാതെ അഹമ്മദ്, ലൂസി, സമീര്‍ എന്നീ കഥാ പാത്രങ്ങളെ അവതരിപ്പിച്ച  Ali Musaffa, Pauline Burlet, Tahar Rahim  എന്നിവരും കഥ പറച്ചിലിന്‍റെ സ്വാഭാവികത ഒട്ടും നഷ്ട്പ്പെടാതെ അവരുടെ ജോലി ഭംഗിയാക്കി. സമീറിന്‍റെ മകനായി അഭിനയിച്ച കുട്ടിയും ഗംഭീരമാക്കി. പശ്ചാത്തല സംഗീതം ഒരു ചിത്രത്തിനു പാടെ ഒഴിവാക്കാനാകാത്തതാണ് എന്ന ധാരണയെ ഈ ചിത്രം തിരുത്തിക്കുറിക്കുന്നു. ഒരു കുടുംബ ബന്ധത്തിന്‍റെ കഥ പറയുന്നതില്‍ ഒരു ക്യാമറമാന്‍റെയും എഡിറ്ററുടെയും കഴിവ് എന്താണ് എന്നതിന്‍റെ ഉദാഹരണം കൂടിയാകുന്നു  The Past. പലപ്പോഴും കുട്ടികള്‍ ഇറാനിയന്‍ സിനിമകളില്‍ ഒഴിച്ച്കൂട്ടാന്‍ കഴിയാത്ത വിധം അവിഭാജ്യ ഘടകങ്ങളാണ്. ഈ ചിത്രവും കുടുംബ ബന്ധങ്ങളുടെ അസ്വാരസ്യങ്ങള്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്ന് പറഞ്ഞു പോകുന്നു.




The Past തികച്ചും ഒരു സംവിധായകന്റെ കലയാണ്‌. A Seperation, About Elly  എന്നീ ചിത്രങ്ങളെ അപേക്ഷിച്ച് ഒരു പൂര്‍ണ്ണത കൈവരിക്കനായില്ലെങ്കിലും എന്ത് കൊണ്ടും കണ്ടിരിക്കാവുന്ന ഒരു സിനിമയാണിത്.
With its excellent story and heart felt acting....

If you have the patience and time, definitely its worth watching.

Trailer :